2017-09-18 13:12:00

കൊറിയയുടെ നീക്കത്തില്‍ പരിശുദ്ധസിംഹസനത്തിന് ആശങ്ക


കൊറിയയില്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന പ്രക്ഷുബ്ധാവസ്ഥയില്‍ പരിശുദ്ധസിംഹാസനത്തിന് അതീവ ആശങ്കയുണ്ടെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ  വിദേശബന്ധകാര്യാലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെര്‍.

വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു വെളിപ്പെടുത്തിയത്.

ആക്രമണത്തിന്‍റെ ധാര്‍മ്മികതയിലല്ല പ്രത്യുത സാഹോദര്യത്തിന്‍റെ  ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ ആണവവിമുക്തലോകത്തിനായുള്ള പരിശ്രമം പരിശുദ്ധസിംഹാസനം തു‌ടരുകയാണെന്നും ആര്‍ച്ചുബിഷപ്പ് ഗല്ലോഗര്‍ കൂട്ടിച്ചേര്‍ത്തു.

ആയുധമത്സരത്തില്‍ നിന്ന് പിന്തിരിയുന്നതിന് ഉത്തര കൊറിയയുടെമേല്‍ സമ്മര്‍ദ്ദം  ചെലുത്തുന്നത് അന്താരാഷ്ട്രസമൂഹം തുടരേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തര കൊറിയയുടെ പ്രസിഡന്‍റ് കിം യോഗ് ഉന്‍ കടുംപിടുത്തവുമായി ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം തുടരുകയും യുദ്ധഭീഷണി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നത് സംജാതമാക്കിയിരിക്കുന്ന പിരിമുറുക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ആര്‍ച്ചുബിഷപ്പ് ഗാല്ലെഗര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മ്യന്മാറില്‍ ന്യൂനപക്ഷമായ റൊഹീംഗ്യ മുസ്ലീങ്ങളുടെ പ്രശ്നത്തിലുള്ള ആശങ്ക ഫ്രാന്‍സീസ് പാപ്പാ അന്നാടിന്‍റെ പ്രസിഡന്‍റ് ശ്രീമതി ഔംഗ് സാന്‍ സൂ കിയെ നേരത്തെ അറിയിച്ചിട്ടുള്ളതിനെക്കുറിച്ചും സൂചിപ്പിച്ച അദ്ദേഹം യാതനകളനുഭവിക്കുന്ന ആ ജനതയുടെ അവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിനുവേണ്ടി അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്ന് അറിയിച്ചു.








All the contents on this site are copyrighted ©.