സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

''നമ്മുടെ ക്ഷമ, ദൈവികക്ഷമയുടെ അവശ്യവ്യവസ്ഥ'': പാപ്പാ

പാപ്പാ ത്രികാലജപസന്ദേശം നല്‍കുന്നു, 17-09-2017

18/09/2017 12:31

ത്രികാലജപ സന്ദേശം  വി. മത്തായിയുടെ സുവിശേഷം പതിനെട്ടാമധ്യായത്തില്‍ നിന്നുള്ള, ഞായറാഴ്ചയിലെ സുവിശേഷവായനയെ ആധാരമാക്കിയുള്ളതായിരുന്നു (Mt 18: 21-35). സഹോദരരോടു ക്ഷമിക്കുക, ദൈവികക്ഷമയ്ക്ക് നാം അര്‍ഹരാകേണ്ടതിന്‍റെ അവശ്യ വ്യവസ്ഥയാണെന്ന്, ദൈവപുത്രനായ യേശു ഒരു ഉപമയിലൂടെ നല്‍കുന്ന പ്രബോധനത്തെ വിശ്വാസികള്‍ക്കായി പാപ്പാ വിശദീകരിക്കുകയാണിവിടെ. വചന സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു

പ്രിയ സഹോദരീസഹോദരന്മാരെ സുപ്രഭാതം!

ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം  (Mt 18: 21-35) ക്ഷമയെക്കുറിച്ചുള്ള ഒരു പ്രബോധനമാണ് നമുക്കായി നല്‍കുന്നത്.  അത് ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ, അവന്‍ ചെയ്യുന്ന തിന്മയെക്കാളും അവനെ എല്ലായ്പോഴും ഉയര്‍ത്തിനിര്‍ത്തുന്ന അവന്‍റെ മഹത്വത്തെ വെളിപ്പെടു ത്തുന്നു. ''എന്‍റെ സഹോദരന്‍ എനിക്കെതിരെ പാപം ചെയ്താല്‍ എത്രപ്രാവശ്യം ഞാനവനോടു ക്ഷമിക്കണം ഏഴു പ്രാവശ്യമോ?'' (വാ. 21) എന്ന പത്രോസ് ശ്ലീഹാ യേശുവിനോടു ചോദിക്കുന്നു.  പത്രോസ് ശ്ലീഹാ മനസ്സിലാക്കിയിരിക്കുന്നത്, ക്ഷമയുടെ പരമാവധിയെന്നത് ഒരേ വ്യക്തിയോടുതന്നെ ഏഴുപ്രാവശ്യം ക്ഷമിക്കുകയാണ് എന്നായിരുന്നു. നാമിത് രണ്ടാവര്‍ത്തിതന്നെ ചെയ്തിട്ടുണ്ടാകാം. എന്നാല്‍, യേശു പറയുന്നു: ''ഞാന്‍ നിന്നോടു പറയുന്നത്, ഏഴെന്നല്ല, ഏഴ് എഴുപതുപ്രാവശ്യം എന്നാണ്'' (വാ 22). എന്നുപറഞ്ഞാല്‍ എല്ലായ്പോഴും ക്ഷമിക്കുക എന്നാണ്. ഇക്കാര്യം കാരുണ്യവാനായ ഒരു രാജാവിന്‍റെയും കാരുണയില്ലാത്ത ഒരു സേവകന്‍റെയും ഉപമ പറഞ്ഞുകൊണ്ട്, നല്‍കിയ ക്ഷമയെ പിന്‍വലിക്കുന്ന വൈരുധ്യത്തിലൂടെ യേശു സ്ഥിരീകരിക്കുന്നു.

ഉപമയിലെ രാജാവ് ഔദാര്യമുള്ളവനും അനുകമ്പയാല്‍ നിറഞ്ഞവനുമായി തന്‍റെ സേവകന് ഒരു വലിയ കടം ഇളച്ചുകൊടുക്കുകയുമാണ്.  പതിനായിരം താലന്ത് - അതൊരു വലിയ തുകയാണ് -  തന്നോടു യാചിച്ച സേവകന് രാജാവ് ഇളച്ചുകൊടുക്കുന്നു.  എന്നാല്‍, അതേ സേവകന്‍തന്നെ നൂറു താലന്ത് - അതു വളരെ ചെറിയ തുകയാണ് - തന്നില്‍ നിന്നു കടം വാങ്ങിയിരുന്ന മറ്റൊരു സേവകനെ കണ്ടപ്പോള്‍, കരുണയില്ലാതെ പെരുമാറുകയാണ്, അവനെ കാരാഗൃഹത്തിലടച്ചുകൊണ്ട്.  ഈ സേവകന്‍റെ മനോഭാവം പൊരുത്തമില്ലാത്തതാണ്, നാമും മറ്റുള്ളവരോടു ക്ഷമിക്കാതിരിക്കുമ്പോള്‍, അതേ പൊരുത്തമില്ലാത്ത മനോഭാവത്തിനുടമകളാണ് എന്നതുപോലെ.   ഈ ഉപമയിലെ രാജാവ്, നിറഞ്ഞ കാരുണ്യത്തോടെ, നമ്മെ സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന, നമ്മെ സ്നേഹിക്കുകയും നിരന്തരം നമ്മോടു ക്ഷമിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ പ്രതീകമാണ്.

പരിഹരിക്കാനാവാത്ത, ജന്മപാപത്തെ ഇളവുചെയ്യുന്ന മാമ്മോദീസായിലൂടെ നമ്മോടു ക്ഷമിച്ച ദൈവം, അതിനുശേഷം അതിരില്ലാത്ത കാരുണ്യത്താല്‍ നമ്മുടെ എല്ലാ പാപങ്ങളെയും എപ്പോഴൊക്കെ നാം മനസ്താപത്തിന്‍റെ ഒരു ചെറിയ കണിക പ്രകടിപ്പിക്കുന്നുവോ, അപ്പോഴെല്ലാം ക്ഷമിക്കുകയാണ്.  നമുക്കെതിരായി തെറ്റു ചെയ്യുകയും നമ്മോടു ക്ഷമയാചിക്കുകയും ചെയ്യുന്ന സഹോദരരോട് നമ്മുടെ ഹൃദയം അടയ്ക്കുന്നതിനു നാം എപ്പോഴൊക്കെ പ്രലോഭിതരാകുന്നുവോ, അപ്പോഴൊക്കെ  സ്വര്‍ഗപിതാവിന്‍റെ വാക്കുകളെ നമുക്കോര്‍ക്കാം.  ''നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ട് നിന്‍റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു.  ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്‍റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ?'' (വാ 32-33). ക്ഷമിക്കപ്പെട്ടതിന്‍റെ ഫലമായി ആരെങ്കിലും ആനന്ദവും സമാധാനവും ആന്തരികസ്വാതന്ത്ര്യവും അനുഭവിക്കുന്നുണ്ടെങ്കില്‍, അവര്‍ ആ ക്ഷമ മറ്റുള്ളവരോടും യഥാസമയം പ്രകടിപ്പിക്കുന്നതിന്‍റെ സാധ്യതയിലേക്കു തുറവിയുള്ളവരായിരിക്കേണ്ടതുണ്ട്.

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, എന്ന പ്രാര്‍ഥനയില്‍, ഈ ഉപമയിലുള്ള പ്രബോധനം ഉള്‍ച്ചേര്‍ക്കുന്നതിന് യേശു ആഗ്രഹിച്ചു.  അവിടുന്ന് നാം ചോദിക്കുന്ന ക്ഷമയെ, നാം നമ്മുടെ സഹോദരരോടു ക്ഷമിക്കുന്നതിനോടു നേരിട്ടു ബന്ധിപ്പിക്കുകയും ചെയ്തു: ''ഞങ്ങളുടെ സഹോദരുടെ കടങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ, ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ'' (മത്താ 6:12).  ദൈവത്തിന്‍റെ ക്ഷമ  നാമോരോരുത്തരോടും അവിടുത്തേയ്ക്കുള്ള കരകവിഞ്ഞൊഴുകുന്ന സ്നേഹത്തിന്‍റെ അടയാളമാണ്.  അത് നമ്മെ സ്വാതന്ത്ര്യത്തോടെ നീങ്ങുന്നതിന് നമുക്കു സാധ്യതയേ കുന്ന സ്നേഹമാണ്, ധൂര്‍ത്തപുത്രനെയെന്നപോലെ, നമ്മുടെ അനുദിനവും നമ്മുടെ തിരിച്ചുവരവു കാത്തിരിക്കുന്ന സ്നേഹമാണ്, നഷ്ടപ്പെട്ട ആടിനുവേണ്ടി തിരയുന്ന ഇടയന്‍റെ സ്നേഹമാണത്.  അവി ടുത്ത വാതിലില്‍ മുട്ടിവിളിക്കുന്ന ഓരോ പാപിയെയും സ്വീകരിക്കുന്ന വാത്സല്യമാണത്.  സ്വര്‍ഗ സ്ഥനായ പിതാവ് - നമ്മുടെ പിതാവ് - മുഴുവന്‍, മുഴുവന്‍ സ്നേഹമാണ്, ആ സ്നേഹം നമുക്കു നല്‍കാനാഗ്രഹിക്കുന്നു, എന്നാല്‍ നാം നമ്മുടെ ഹൃദയം മറ്റുള്ളവരെ സ്നേഹിക്കാതെ അടച്ചു കളഞ്ഞാല്‍ അവിടുത്തേയ്ക്ക് ഒന്നും ചെയ്യാനാവുകയില്ല.

പരിശുദ്ധ കന്യകാമറിയം, ദൈവത്തില്‍ നിന്നു നാം സ്വീകരിച്ച ക്ഷമയുടെ ഉദാരതയും മഹത്വവും കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനു നമ്മെ സഹായിക്കട്ടെ! നമ്മുടെ നല്ല പിതാവിനെപ്പോലെ, കാരുണ്യമുള്ളവരായിത്തീരുവാന്‍, കോപിക്കുന്നതില്‍ മന്ദഗതിക്കാരും, സ്നേഹത്തില്‍ അഭിവൃദ്ധി പ്രാപിച്ചവരുമായിത്തീരുവാന്‍ അവള്‍ നമ്മെ സഹായിക്കട്ടെ!

ഈ പ്രാര്‍ഥനാശംസയോടെ മാര്‍പ്പാപ്പ കര്‍ത്താവിന്‍റെ മാലാഖ എന്ന ജപം ചൊല്ലുകയും തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.

 

18/09/2017 12:31