2017-09-15 12:20:00

ശുദ്ധജല ദൗര്‍ല്ലഭ്യം മൗലിക പ്രശ്നം-കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍


കുടിജലപ്രശ്നം പ്രാന്തീയമല്ല പ്രത്യുത മൗലികമാണെന്ന് സമഗ്ര മാനവവികസനത്തിനായുള്ള റോമന്‍ കൂരിയാവഭാഗത്തിന്‍റെ മേധാവി കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതി കുടിവെള്ളത്തിനും ശുചിത്വത്തിനുമുള്ള അവകാശത്തെ അധികരിച്ച് സ്വിറ്റസര്‍ലണ്ടിലെ ജനീവപട്ടണത്തില്‍ ചര്‍ച്ചചെയ്യുന്നതിന് സമാന്തരമായി ജനീവയില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തില്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയുടെ സ്ഥിരം നിരീക്ഷക സംഘവും, കാരിത്താസ്‍ ഇന്‍ വെരിത്താത്തെ ഫൗണ്ടേഷനും സംയുക്തമായി വ്യാഴാഴ്ച(14/09/17) സംഘടിപ്പിച്ച ചര്‍ച്ചായോഗത്തെ സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

ജലം എവിടെയുണ്ടോ അവിടെ ജീവനുണ്ട് എന്നതും അങ്ങനെ സമൂഹങ്ങള്‍ക്ക്   പൊട്ടിമുളയ്ക്കാനും വളരാനും അത് വഴിയൊരുക്കുന്നു എന്നതും ആണ് ഈ മൗലികതയ്ക്ക് കാരണമെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ പറഞ്ഞു.

ജീവനപരമായ പ്രകൃതിദത്ത ഘടകമാണ് ജലമെങ്കിലും എല്ലാ ജലവും ജീവദായകമല്ലെന്നും ശുദ്ധവും ഗുണനിലവാരമുള്ളതുമായ ജലത്തിനു മാത്രമെ ജീവന്‍ നല്കാന്‍ കഴിയുകയുള്ളുവെന്നും മലിനജലം ജനങ്ങളുടെയും സമൂത്തിന്‍റെയും ജീവജാലങ്ങളുടെയും ജീവനെയും ജൈവക്രമത്തെയും അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ആകയാല്‍ ശുദ്ധജലം ഉറപ്പുവരുത്തേണ്ടത് സമഗ്രമാനവപുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ഓര്‍മ്മിപ്പിച്ചു.  








All the contents on this site are copyrighted ©.