2017-09-14 13:14:00

കുരിശുരഹിതക്രിസ്തുവിനെ ദര്‍ശിക്കാനുള്ള പ്രലോഭനത്തെ ജയിക്കുക


കുരിശുരഹിതക്രിസ്തുവിനെയും ക്രിസ്തുരഹിത കുരിശിനെയും ദര്‍ശിക്കാനുള്ള ഇന്നത്തെ പ്രലോഭനത്തിനെതിരെ പാപ്പാ മുന്നറിയിപ്പേകുന്നു.

ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ ഇടവേളയ്ക്കു ശേഷം വത്തിക്കാനില്‍, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മര്‍ത്തെ” മന്ദരത്തിലെ കപ്പേളയില്‍ പ്രഭാത ദിവ്യപൂജാര്‍പ്പണം “കുരിശിന്‍റെ പുകഴ്ച”യുടെ തിരുന്നാള്‍ ദിനത്തില്‍, അതായത്, ഈ വ്യാഴാഴ്ച (14/09/17) പുനരാരംഭിച്ച ഫ്രാന്‍സീസ് പാപ്പാ വചന സമീക്ഷയിലാണ് ഈ മുന്നറിയിപ്പു നല്കിയത്.

കുരിശില്ലാത്ത ഒരു ക്രിസ്തുവിനെ കാണാന്‍, അതായത്, ക്രിസ്തുവിനെ വെറും ഒരു ആദ്ധ്യാത്മിക ഗുരുവായി കാണാന്‍ എന്ന പോലെതന്നെ ക്രിസ്തുവില്ലാത്ത കുരിശിനെക്കുറിച്ച് ചിന്തിക്കാന്‍, അതായത് പ്രത്യാശയറ്റവരായിരിക്കാന്‍ ഉള്ള പ്രലോഭനം ഉണ്ടന്ന് പാപ്പാ വിശദീകരിച്ചു.

കുരിശില്‍ സ്നേഹത്തിന്‍റെ രഹസ്യം കണ്ടെത്താന്‍ ശ്രമിക്കണമെന്നും ധ്യാനത്തിലൂടെ മാത്രമെ കുരിശിന്‍റെ ഈ സ്നേഹത്തിന്‍റെ രഹസ്യത്തില്‍ മുന്നേറാന്‍ കഴിയുകയുള്ളുവെന്നും പാപ്പാ യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം അവതരിപ്പിക്കുന്ന സുവിശേഷഭാഗം, യോഹന്നാന്‍റെ സുവിശേഷം  മൂന്നാം അദ്ധ്യായം 13 മുതല്‍ 17 വരെയുള്ള വാക്യങ്ങള്‍ അവലംബമാക്കി ഓര്‍മ്മിപ്പിച്ചു.  

ഈ സംഭാഷണത്തില്‍ കയറുക, ഇറങ്ങുക എന്നീ രണ്ടു ക്രിയാപദങ്ങള്‍ യേശു ഉപയോഗിച്ചിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ അവിടന്ന് വിണ്ണില്‍ നിന്ന് മന്നിലേക്കിറങ്ങിയത് നമ്മെ വിണ്ണിലേക്കുയര്‍ത്തുന്നതിനാണെന്നും അതിനായി കുരിശുമരണം വരെ അനുസരണയുള്ളവനായി എന്നും വിശദീകരിച്ചു.

യേശുവിന്‍റെ ഈ “ ഇറങ്ങിവരലില്‍,  നിന്ദിക്കപ്പെടുന്നതുവരെയുള്ള ഈ സ്വയം താഴ്ത്തലില്‍, അവിടന്ന്, സ്വയം ശൂന്യവല്‍ക്കരിക്കുകയും അതുകൊണ്ടുതന്നെ ദൈവം അവിടത്തെ ഉയര്‍ത്തുകയും ചെയ്തുവെന്നു പാപ്പാ പറഞ്ഞു.

 








All the contents on this site are copyrighted ©.