2017-09-14 11:56:00

DOCAT ​XXXV: ''സഹായതത്വം''


പൊതുനന്മ എങ്ങനെ കൈവരിക്കാമെന്നും അതിനനുസരിച്ച് ഭൗമികവസ്തുക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സ്വകാര്യസ്വത്ത് ഈ ലക്ഷ്യം സാധിക്കുന്നതിനു യുക്തമാണോ എന്നും പരിശോധിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഡുക്യാറ്റ് ഗ്രന്ഥത്തിലെ 88 മുതല്‍ 91 വരെയുള്ള ചോദ്യോത്തരങ്ങളായിരുന്നു നാം കഴിഞ്ഞ ദിനത്തില്‍ വിചിന്തനത്തിനെടുത്തത്.

 92 മുതല്‍ 96 വരെയുള്ള ചോദ്യങ്ങളില്‍ സ്വകാര്യസ്വത്തിനെക്കുറിച്ച്, അതിലൂടെ പൊതുനന്മ എങ്ങനെ കൈവരിക്കാമെന്നതിനെക്കുറിച്ച് സഭ തന്‍റെ പരമാധ്യക്ഷന്മാരിലൂടെ നല്‍കുന്ന പ്രബോധനങ്ങള്‍ വ്യക്തവും സമകാലീനലോകത്തെ അതിജീവിക്കുന്നതുമാണ്.  തൊണ്ണൂറ്റിരണ്ടാമത്തെ ചോദ്യത്തില്‍, സ്വകാര്യസ്വത്ത് പൊതുനന്മയെ ലക്ഷ്യമാക്കുമ്പോള്‍, അതു വരും തലമുറകളുടെ നന്മയെക്കൂടി കണക്കിലെടുക്കണം എന്ന ദൂരവ്യാപകമായ വീക്ഷണം നല്‍കുന്നുണ്ട്. വസ്തുക്കളുടെ സാംഘടികമായ ഉപയോഗത്തിനാണ് സ്വകാര്യസ്വത്ത് എന്നു പറയുന്നതിന് സഭ ഒരിക്കലും മടിക്കുന്നില്ല.  വസ്തുക്കളെ സംബന്ധിച്ച സാംഘടിക ഉപയോഗത്തിന്‍റെ അതിരുകള്‍ ഏവയാണ്? എന്ന ഈ ചോദ്യത്തിനുത്തരം ഇങ്ങനെയാണ്.

ഒരുവന്‍ സ്വകാര്യസ്വത്തുള്ളവനായിരിക്കുന്നത്, ആ സ്വത്ത് സംഘടിതമായി ഉപയോഗിക്കാനാണ്.  ഇ വിടെ ഒരുവന്‍ ജീവിച്ചിരിക്കുന്ന സ്വന്തം സഹജീവികളായ മനുഷ്യരെപ്പറ്റിമാത്രം ചിന്തിച്ചാല്‍ പോരാ.  വരുംതലമുറകളെക്കുറിച്ചുകൂടി ചിന്തിക്കണം.  ഇതാണ് ചിരസ്ഥായിത്വമെന്ന തത്വമുണ്ടായിരിക്കുന്ന തിന്‍റെ കാരണം. ചിരസ്ഥായിയായ സാമ്പത്തിക പ്രവര്‍ത്തനം നടത്തുകയെന്നതിന്‍റെ അര്‍ഥം, എങ്ങനെ യെങ്കിലും പുനഃസ്ഥാപിക്കാനോ പുനരുല്‍പ്പാദിപ്പിക്കാനോ സാധിക്കുന്നതിലേറെ വിഭവങ്ങള്‍ സമൂഹം ഉപയോഗിക്കരുതെന്നാണ്.  അതുകൊണ്ട് ഒരു വിഭവം ഉപയോഗിക്കുന്നവന്‍ സ്വന്തം നേട്ടം മാത്രം ഓര്‍ത്താല്‍ പോരാ, എല്ലാ മനുഷ്യരുടെയും ക്ഷേമംകൂടി ഓര്‍മിച്ചിരിക്കണം. മറ്റു വാക്കുകളില്‍ പറ ഞ്ഞാല്‍, പൊതുനന്മയെക്കുറിച്ച് ഓര്‍മിക്കണം.  സ്വത്തിന്‍റെ ഉടമയ്ക്ക് തന്‍റെ സ്വത്ത് ഉല്‍പ്പാദനക്ഷമമായ വിധത്തില്‍ ഉപയോഗിക്കാന്‍ കടമയുണ്ട്.  അല്ലെങ്കില്‍ ഉല്‍പ്പാദനക്ഷമമായി പ്രയോഗിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് - അതായത് എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന പുതിയൊരു വസ്തു ഉല്‍പ്പാദിപ്പി ക്കാന്‍ കഴിയുന്ന ഒരാള്‍ക്കു ലഭ്യമാക്കാന്‍ കടമയുണ്ട്.

''ജീവിക്കാന്‍ ആവശ്യമായവ യാചിച്ചാലോ ജോലി ചെയ്താലോ ലഭിക്കാത്ത സാഹചര്യത്തില്‍ തന്‍റെ ആ രോഗ്യവും ജീവനും നിലനിര്‍ത്താന്‍ ആവശ്യമായവ ഒരുവന്‍ എടുക്കുന്നതില്‍ തെറ്റില്ലാത്ത ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്'' (1946-ലെ പുതുവര്‍ഷരാത്രി സന്ദേശം, കര്‍ദിനാള്‍ ജോ സഫ് ഫ്രിങ്സ്, 1887-1978).

കഠിനമായ ശൈത്യകാലത്ത് കല്‍ക്കരി വിതരണം കുറച്ചപ്പോള്‍ ട്രെയിനുകളില്‍ നിന്ന് കല്‍ക്കരി മോഷ്ടിക്കുന്നതിനെ അംഗീകരിച്ചുകൊണ്ട് കൊളോണിലെ കര്‍ദിനാളായിരുന്ന അദ്ദേഹം ഇങ്ങനെ പറഞ്ഞി ട്ടുണ്ട് എന്നതിനാല്‍, യുദ്ധാനന്തര ജര്‍മനിയില്‍ ഭക്ഷണവും ഇന്ധനവും മോഷ്ടിക്കുന്നതിന് ഫ്രിങ്സന്‍ എന്നൊരു വാക്കുപോലും ഉണ്ടായിരുന്നു.

സ്വകാര്യസ്വത്ത് എന്ന സങ്കല്പം പൊതുനന്മയ്ക്കെതിരാകാതെ വരുന്നതിനുള്ള ശ്രദ്ധ ആവശ്യമാണെന്ന് ഇതു സൂചിപ്പിക്കുന്നു.  അതിന്‍റെ മറ്റൊരു വശവും ഇവിടെ പ്രസ്താവ്യമാണ്. സ്വത്ത് ഉപ കാരപ്രദമാണെന്നു മാത്രമല്ല ഉത്പാദനക്ഷമവുമാണ്. സ്വത്ത് പലവിധത്തില്‍ പല രൂപത്തില്‍ വീണ്ടും വര്‍ധിപ്പിക്കാം. ഇത് പലപ്പോഴും ശാസ്ത്ര, സാങ്കേതിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതായതുകൊണ്ട്, ഈ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത ചിലപ്പോള്‍ കുത്തകാവകാശമാക്കുകയും അതിന്‍റെ സാര്‍വത്രികത നഷ്ടപ്പെടുകയും ചെയ്തേക്കാം. അതു ഇന്നത്തെ പശ്ചാത്തലത്തില്‍ നഷ്ടമാകുന്നുമുണ്ട്. പൊതു നന്മ അവിടെ നഷ്ടമാകുന്നു. അതേക്കുറിച്ചാണ് അടുത്ത ചോദ്യോത്തരം വിശദീകരിക്കുക.

ചോദ്യം 93.  ആളുകള്‍ക്ക് തങ്ങളുടെ സ്വത്ത് ഉത്പാദനക്ഷമതയുള്ളവരായിരിക്കുവാന്‍ എന്തെല്ലാം വസ്തുക്കള്‍ വേണം?

ഇന്ന് സ്വത്ത് ഉപകാരപ്രദവും ഉത്പാദനക്ഷമവുമാക്കിത്തീര്‍ക്കുന്നതിനുള്ള കടമ ഭൂമിയോ ടും മൂലധനത്തോടും മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത്. പിന്നെയോ വര്‍ധമാനമായതോതില്‍ സാങ്കേതിക വിദ്യയോടും, മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ബൗദ്ധികസ്വത്തിനോടും ബന്ധപ്പെട്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ വ്യാവസായിക രാഷ്ട്രങ്ങളുടെ സമൃദ്ധി വര്‍ധമാനമായ തോതില്‍ ഇത്തരം സ്വത്തിനെ ആശ്രയി ച്ചിരിക്കുന്നു. അതേസമയം സമൃദ്ധിയെ സംബന്ധിച്ചിടത്തോളെ ഭൂമിയുടെയും അസംസ്കൃത വസ്തു ക്കളുടെയും ഉടമസ്ഥതയും വര്‍ധമാനമായ തോതില്‍ അപ്രധാനമായിക്കൊണ്ടിരിക്കുന്നു (ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ CA 32). ഉയര്‍ന്ന ഉത്പ്പാദനശേഷിയുള്ള സവിശേഷതരം വിത്തുകളുടെ ലഭ്യത ഇ തിന് ഒരുദാഹരണമാണ്.  അവ വലിയ കോര്‍പ്പറേഷനുകളുടെ നിയന്ത്രണത്തിലായിരിക്കുന്നുവെന്ന അപകടമുണ്ട്.  ഈ വസ്തുക്കളുടെ ലഭ്യതയ്ക്കുള്ള സാര്‍വത്രികാവകാശം ഇല്ലാതിരുന്നാല്‍ പൊതു നന്മ നേടാന്‍ സാധിക്കുകയില്ല. കൂടുതല്‍ ദാരിദ്ര്യമനുഭവിക്കുന്ന രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്കും പുതിയ കണ്ടെത്തലുകളില്‍ പങ്കുണ്ടായിരിക്കുകയെന്നത് ആഗോള പൊതുനന്മയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.

ഇക്കാര്യം യുക്യാറ്റ് 429 വിശദീകരിക്കുന്നുണ്ട്. കൂടാതെ, ആശയ ചോരണം, മറ്റുള്ളവരുടെ രചനകള്‍ കോപ്പിയടിക്കുക, ഇന്‍റര്‍ നെറ്റില്‍ നിന്നു വിഭവങ്ങള്‍ നിയമവിരുദ്ധമായി സ്വന്തമാക്കുക തുടങ്ങി എത്രയോ കാര്യങ്ങളാണ് സാധാരണകാര്യമായി മാറിയിരിക്കുന്നത്.  ഇത് സാര്‍വത്രികതയുടെ പരിധിയില്‍ വരുന്നതല്ല എന്നു നാം മനസ്സിലാക്കേണ്ടതാണ്.

ചില ഭൂസ്വത്തുക്കള്‍, അവ വളരെ വിപുലമായതുകൊണ്ടോ, ഉപയോഗിക്കാതിരിക്കുന്നതുകൊണ്ടോ, വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ടോ, ജനങ്ങള്‍ക്കു പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതുകൊ ണ്ടോ, രാജ്യത്തിന്‍റെ താല്പര്യങ്ങള്‍ക്കു നാശകരമായതുകൊണ്ടോ, പൊതുവെ, ഐശ്വര്യം തടയുന്നുവെങ്കില്‍ അവയുടെ ഉടമസ്ഥാവകാശം എടുത്തുകളയല്‍ പൊതുനന്മയ്ക്കു ചിലപ്പോള്‍ ആവശ്യമായി വരാം (പോള്‍ ആറാമന്‍ പാപ്പാ, പോപ്പുളോരും പ്രോഗ്രെസിയോ, 24).

പൊതുനന്മ ദരിദ്രരെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. കതിരിടേണ്ട ചെടിയോടൊപ്പം കളകളും വളരും എന്നു സുവിശേഷം ഉദ്ബോധിപ്പിക്കുന്നതുപോലെ, ലോകത്തില്‍ നന്മയോടൊപ്പം തിന്മയുമു ണ്ട്. അത് വളരുന്നുമുണ്ട്. ഒരു തരത്തില്‍, തിന്മയെന്നു പറയാവുന്ന ദാരിദ്ര്യവും തുടച്ചുനീക്കുക സാധ്യമല്ല. ലോകത്തില്‍ പൂര്‍ണത അസാധ്യമാണ്.  എന്നാല്‍ പൂര്‍ണതയ്ക്കായുള്ള ശ്രമം അത് നമ്മുടെ ഭാഗത്തുനിന്ന് എപ്പോഴുമുണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു.  അതുകൊണ്ട് പൊതുനന്മയ്ക്കായുള്ള ശ്രമത്തിന്‍റെ ഭാഗമായി ദാരിദ്ര്യത്തിനെതിരായി പോരാടുക സഭയുടെ ധര്‍മമാണ്.  ഇതു വിശദീകരിക്കുകയാണ് അടുത്ത ചോദ്യത്തില്‍.

ചോദ്യം 94. ദരിദ്രരെ സംബന്ധിച്ചിടത്തോളം പൊതുനന്മയ്ക്ക് എന്ത് അര്‍ഥമാണുള്ളത്?

ദരിദ്രര്‍ സഭയുടെ ഹൃദയത്തിലുണ്ടായിരിക്കണം. അല്ലെങ്കില്‍ സഭ തന്‍റെ ദൗത്യത്തെ ഒറ്റി ക്കൊടുക്കുകയാണു ചെയ്യുന്നത്.  ദരിദ്രരോടുള്ള പ്രത്യേക പരിഗണനാപരമായ സ്നേഹത്തെക്കുറിച്ചു രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഗാവുദിയം എത് സ്പെസ് എന്ന പ്രമാണരേഖയില്‍ പറയു ന്നുണ്ട്.  അതില്‍ നിന്ന് വ്യക്തിക്കും മുഴുവന്‍ സഭയ്ക്കുമുള്ള കേന്ദ്രസ്ഥമായ ഒരു സാമൂഹിക കടമ ഉദ്ഭവിക്കുന്നു.  മനുഷ്യരുടെ, പ്രത്യേകിച്ച് സമൂഹത്തിന്‍റെ അതിരുകളിലുള്ളവരുടെ ആവശ്യങ്ങള്‍ നിറ വേ റ്റുകയെന്ന കടമയാണത്.  ഗിരിപ്രഭാഷണത്തില്‍ പറയുന്ന സൗഭാഗ്യങ്ങളും യേശുവിന്‍റെ ത ന്നെ ദാരിദ്ര്യവും ദരിദ്രരോട് അവിടുന്നു കാണിച്ച സ്നേഹപൂര്‍ണമായ പരിഗണനയും നമുക്ക് വഴി കാണിച്ചു തരുന്നു.  പാര്‍ശ്വവത്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുകയെന്നത് യേശു നല്‍കിയ നേരിട്ടുള്ള കല്‍പ്പനയാണ്: ''എന്‍റെ ഏറ്റവും എളിയ ഈ സഹോദരരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത്'' (മത്താ 25:40).  ലോകത്തില്‍ നിന്നു ദാരിദ്ര്യം പൂര്‍ണമായി തുടച്ചുമാറ്റാമെന്ന പ്രത്യയശാസ്ത്രപരമായ ആശയത്തിനെതിരെ ക്രിസ്തു മുന്നറിയിപ്പു നല്‍കുന്നുമുണ്ട്.  ക്രിസ്തുവിന്‍റെ രണ്ടാംവരവില്‍ മാത്രമേ അതു സാധ്യമാകുകയുള്ളു.

ലോകത്തില്‍ എല്ലാ മനുഷ്യരുടെയും ആവശ്യത്തിനുള്ളത് ഉണ്ട്.  എന്നാല്‍ അത്യാഗ്രഹത്തിനുള്ളത് ഇല്ല (മഹാത്മാഗാന്ധി, 1869-1948, ഭാരതത്തിന്‍റെ രാഷ്ട്രപിതാവ്).

ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ, ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍, നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക, തീ കായുക, വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം?  പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജീവമാണ് (യാക്കാബ് 2,15-17).

സാമൂഹികമായ ഒരു തത്വമാണ് പിന്താങ്ങലിന്‍റെ തത്വം അല്ലെങ്കില്‍ സഹായതത്വം എന്നത്. ഓരോരുത്തര്‍ക്കും വഹിക്കാന്‍ കഴിയുന്നത് ഏല്പിക്കപ്പെടണം.  കഴിയാതെ വരുമ്പോള്‍ അവിടെ സഹായം അഥവാ പിന്താങ്ങല്‍ ലഭിക്കുന്നതിനുള്ള അവസ്ഥ ഉണ്ടായിരിക്കുകയും വേണം.  ഇതിനെക്കുറിച്ചാണ് തുടര്‍ന്നുള്ള പ്രബോധനം.

ചോദ്യം 95. സഹായതത്വം അഥവാ പിന്താങ്ങല്‍ (SUBSIDIARITY) എന്ന തത്വത്തില്‍ എന്താണ് ഉള്‍ക്കൊണ്ടിരിക്കുന്നത്?

ഓരോ സാമൂഹികധര്‍മവും അതു നിര്‍വഹിക്കാന്‍കഴിയുന്ന സാധ്യമായ ഏറ്റവും ചെറിയ ഗ്രൂപ്പിനെയാണ് എപ്പോഴും ആദ്യം ഏല്‍പ്പിക്കുന്നത്.  ഒരു ചെറിയ സംഘത്തിതന് സാധിക്കുകയില്ലെ ങ്കില്‍ മാത്രമേ, ഉയര്‍ന്ന തലത്തിലുള്ള സംഘം അതിനെ സംബന്ധിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാടുള്ളു. എന്നാല്‍ ചെറിയ സംഘത്തിനു സഹായം ആവശ്യമുണ്ടെങ്കില്‍ ഉയര്‍ന്ന തലത്തിലുള്ള സം ഘം സഹായംചെയ്യണം. ഈ ക്രമവത്ക്കരണമാണ് - സഹായകതത്വം അഥവാ പിന്താങ്ങലിന്‍റെ തത്വം.  ഉദാഹരണമായി, ഒരു കുടുംബത്തിനു പ്രശ്നങ്ങളുണ്ടായാല്‍ കുടുംബം അല്ലെങ്കില്‍ മാതാപിതാക്കള്‍ അമിതഭാരം ചുമക്കുകയും ആ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്കു കഴിവില്ലാതിരിക്കുകയും ചെയ്യുന്നെങ്കില്‍ മാത്രമേ രാഷ്ട്രം ഇടപെടാന്‍ പാടുള്ളു.  ഈ പിന്താങ്ങല്‍ തത്വം കൊണ്ട് ഉദ്ദേശിക്കു ന്നത് വ്യക്തിയുടെയും ഗ്രൂപ്പുകളുടെയും സംഘടനകളുടെയും സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തുകയും അമിതമായ കേന്ദ്രീകരണം തടയുകയും ചെയ്യുക എന്നതാണ്.  സ്വകാര്യസംരംഭങ്ങള്‍ പ്രോത്സാഹിപ്പി ക്കപ്പെടണം.  കാരണം, അത് സ്വയം സഹായകമായിരിക്കുന്നതുപോലെ തന്നെ മനുഷ്യവ്യക്തിയുടെ മഹത്വത്തിന്‍റെ ഒരു സുപ്രധാനഘടകം കൂടിയായിരിക്കുന്നു. പതിനൊന്നാം പീയൂസ്മാര്‍പ്പാപ്പ ക്വാദ്രോ ജെസിമോ അന്നോ (നാല്‍പ്പതാം വര്‍ഷത്തില്‍) എന്ന ചാക്രികലേഖനത്തില്‍ 1931-ല്‍ ആദ്യമായി സഹായകതത്വം അഥവാ പിന്താങ്ങല്‍ തത്വം ക്രോഡീകരിച്ചു.

വ്യക്തികളും സമൂഹങ്ങളും മാത്രം ഈ തത്വം പ്രായോഗികമാക്കിയാല്‍ പോരാ എന്നും സഭ പ്രബോധിപ്പിക്കുന്നു.  അത് ആഗോളതലത്തിലും പ്രായോഗികമാക്കപ്പെടണം.  അതിനെക്കുറിച്ച് കൂടുതല്‍ വിചിന്തനം നല്‍കുന്ന 96-ാമത്തെ ചോദ്യം ഇതാണ്.

ചോദ്യം 96.  സഹായതത്വം രാഷ്ട്രീയത്തിലും പ്രായോഗികമാണോ?

അതെ.  പ്രാദേശിക ഗവണ്‍മെന്‍റുകളും ഫെഡറല്‍ ഗവണ്‍മെന്‍റും തമ്മിലുള്ള ബന്ധം നിശ്ച യിക്കുന്നതുപോലുള്ള പ്രശ്നത്തില്‍ സഹായതത്വം പ്രയോഗിക്കുക അനുപേക്ഷണീയമാണ്.  പ്രാദേശികസര്‍ക്കാരിനു പരിഹരിക്കാനാവാത്ത പ്രശ്നങ്ങളില്‍ മാത്രമേ ഫെഡറല്‍ ഗവണ്‍മെന്‍റിന് ഇട പെടാന്‍ അവകാശമുണ്ടെന്നു പറയാന്‍ കഴിയുകയുള്ളു.  എന്നാലും തത്വത്തില്‍ ഉയര്‍ന്ന തലത്തി ലുള്ള ശക്തി ഇടപെടേണ്ട സാഹചര്യങ്ങളുണ്ടാകാം.  ഉദാഹരണമായി വലിയ പ്രകൃതിക്ഷോഭങ്ങളിലും മനുഷ്യാവകാശലംഘനങ്ങളിലും ഇടപെടണം.

ഇക്കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം നല്‍കുന്നുണ്ട് യുക്യാറ്റിന്‍റെ 323, 447 നമ്പറുകളില്‍.

ഒരു അല്‍മായന് ഒരു വൈദികനെപ്പോലെയോ, അതിലും മെച്ചമായോ ചെയ്യുവാന്‍ സാധിക്കുന്ന കാര്യങ്ങള്‍ (സഭാധികാരികള്‍) അയാളെ ഏല്‍പ്പിക്കണം. കൂടാതെ സഭയുടെ പൊതുനന്മയ്ക്കായി സ്വ ന്തം ചുമതലയുടെ പരിധിയ്ക്കുള്ളില്‍ നിന്നുകൊണ്ട് വ്യക്തിപരമായ ഉത്തരവാദിത്വത്തോടെ സ്വതന്ത്ര മായി പ്രവര്‍ത്തിക്കാന്‍ അയാളെ അനുവദിക്കുകയുംവേണം (12-ാം പീയൂസ് പാപ്പാ, 05-10-1957).

വ്യക്തിപരമായി നമ്മെ സ്നേഹിക്കുന്ന ദൈവം സമൂഹത്തിലാണ് നമുക്കു ജീവിതം നല്‍കിയത്. ആരും തനിയെ സ്വര്‍ഗത്തിലെത്തുകയില്ല എന്നു നാം പഠിച്ചിട്ടുള്ള ഒരു സത്യമാണ്. രക്ഷ സാമൂഹികമാണ് എന്നു നമുക്കോര്‍മിക്കാം. അതു ത്രിയേക ദൈവത്തിന്‍റെ പദ്ധതിയാണ്.  വ്യക്തിപരമായി നാം സ്വീകരിച്ച ദാനം വ്യക്തിയിലൊതുങ്ങിത്തീരാനുള്ളതല്ല, പൊതുനന്മയ്ക്കായി വിനിയോഗിക്കാനും കൂടുതല്‍ മഹത്വപ്പെടാനുമുള്ളതാണ്.  








All the contents on this site are copyrighted ©.