സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

സലേഷ്യന്‍ വൈദികന്‍ ടോം ഉഴുന്നാലില്‍ മാര്‍പ്പാപ്പായുടെ ചാരെ

ഐ.എസ് ഭീകരര്‍ ചൊവ്വാഴ്ച (12/09/17) വിട്ടയച്ച സലേഷ്യന്‍ വൈദികന്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പായുടെ പാദങ്ങള്‍ തൊട്ടുവന്ദിക്കുന്നു(13/09/17) - REUTERS

14/09/2017 12:57

യെമെനില്‍ ഐ എസ് ഭീകരര്‍ ചൊവ്വാഴ്ച (12/09/17) വിട്ടയച്ച സലേഷ്യന്‍ വൈദികന്‍ ടോം ഉഴുന്നാലിനെ മാര്‍പ്പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.

ബുധനാഴ്ച (13/09/17)യാണ് വത്തിക്കാനില്‍, തന്‍റെ വാസയിടമായ “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തില്‍ ഫ്രാന്‍സീസ് പാപ്പാ ഫാദര്‍ ടോമുമായി കൂടിക്കാഴ്ച നടത്തിയത്.

നിലത്തുമുട്ടുകുത്തി കുമ്പിട്ട് തന്‍റെ പാദങ്ങള്‍ തൊട്ടുവന്ദിച്ച ഫാദര്‍ ടോമിനെ പിടിച്ചെഴുന്നേല്പിച്ച് പാപ്പാ അദ്ദേഹത്തിന്‍റെ പാണികളില്‍ മുത്തമിട്ടു.

ഐഎസ് ഭീകരരുടെ തടവിലായിരുന്ന കാലമത്രയും താന്‍ പാപ്പായുടെ ശുശ്രൂഷാദൗത്യത്തിനും സഭയുടെ നന്മയ്ക്കും വേണ്ടി തന്‍റെ സഹനങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് ചെയ്തിരുന്നതുപോലെ പാപ്പായ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന താന്‍ തുടരുമെന്ന് വികാരനിര്‍ഭരമായിരുന്ന ഈ കൂടിക്കാഴ്ചാവേളയില്‍ ഫാദര്‍ ടോം പാപ്പായോടു പറഞ്ഞു.

യേശു വലിയവനും നമ്മെ സ്നേഹിക്കുന്നവനുമാണ് എന്നതിന് തെളിവാണ് ഫാദര്‍ ടോം എന്ന് പാപ്പായെ കാണാനെത്തിയ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ബോംബെ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.

വിശുദ്ധ മദര്‍തെരേസ സ്ഥാപിച്ച “ഉപവിയുടെ പ്രേഷിതകള്‍” എന്ന സന്ന്യാസിനിസമൂഹത്തിന് യെമനിലെ ആദെനിലുള്ള ഭവനത്തില്‍ ആദ്ധ്യാത്മിക ശുശ്രൂഷകനായിരുന്ന ഫാദര്‍ ടോമിനെ, ഐഎസ് ഭീകരര്‍ 2016 മാര്‍ച്ച് 4 ന് ആ ഭവനം ആക്രമിച്ച് നാലു കന്യാസ്ത്രികള്‍ ഉള്‍പ്പടെ 16 പേരെ വധിച്ചതിനുശേഷം ബന്ദിയാക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോയതിനുശേഷം ഭീകരര്‍ മൂന്നുതവണ താവളം മാറ്റിയെന്നും തന്നോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പ്രമേഹം നിയന്ത്രിക്കുന്നതിന് തനിക്ക് മരുന്നു നല്കിയിരുന്നെന്നും ഫാദര്‍ ടോം വെളിപ്പെടുത്തി.

തടവുകാലമത്രയും തനിക്ക് വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കാനായിരുന്നില്ലെങ്കിലും താന്‍ അനുദിനം ദിവ്യപൂജാര്‍പ്പണ വചനങ്ങള്‍ ഹൃദയത്തില്‍ ചൊല്ലിയിരുന്നുവെന്നും താന്‍ ഒറ്റയ്ക്കായിരുന്നില്ലെന്നും യേശുവിന്‍റെ സാമീപ്യം എല്ലായ്പ്പോഴും തനിക്കനുഭവവേദ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ മോചനത്തിനു ചുക്കാന്‍ പിടിച്ച ഒമാന്‍റെ സര്‍ക്കാരിനോടുള്ള കൃതജ്ഞതയും ഫാദര്‍ ടോം പ്രകടിപ്പിച്ചു. ഈ മോചനത്തിനുവേണ്ടി പരിശ്രമിച്ച എല്ലാവര്‍ക്കും   വിശിഷ്യ, ഒമാന്‍റെ സുല്‍ത്താനും ഇതര അധികാരികള്‍ക്കും പരിശുദ്ധസിംഹാസനം ഒരു പത്രക്കുറിപ്പിലൂടെ നന്ദി പ്രകടിപ്പിച്ചിരുന്നു.

ചൊവ്വാഴ്ച വിമോചിതനായി മസ്ക്കറ്റില്‍ എത്തിയതിനുശേഷം ഫാദര്‍ ടോം അവിടെ നിന്നാണ് റോമിലേക്കു പുറപ്പെട്ടത്. റോമില്‍ സലേഷ്യന്‍ സമൂഹത്തിന്‍റെ ഭവനത്തില്‍ അദ്ദേഹം, ആരോഗ്യപരമായ കാരണങ്ങളാല്‍, വിശ്രമത്തിലാണ്.

രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമായ ഫാദര്‍ ടോമിന് 57 വയസ്സു പ്രായമുണ്ട്.

14/09/2017 12:57