2017-09-13 12:47:00

അനുരഞ്ജനപ്രക്രിയയ്ക്ക് പ്രചോദനം പാപ്പായുടെ കൊളൊംബിയ സന്ദര്‍ശനം


ഈ മാസം 6 മുതല്‍ 11 വരെ തെക്കെ അമേരിക്കന്‍ നാടായ കൊളൊംബിയായില്‍ ഇടയസന്ദര്‍ശനം നടത്തിയ ഫ്രാന്‍സീസ് പാപ്പാ ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഈ ബുധനാഴ്ച (13/09/17) പ്രതിവാരപൊതുകൂടിക്കാഴ്ചാ പരിപാടി വത്തിക്കാനില്‍ പുനരാരംഭിച്ചു. പൊതുകൂടിക്കാഴ്ചയുടെ വേദി, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണമായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ നിരവധിപ്പേര്‍ കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നു. ഫ്രാന്‍സീസ് പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍  അങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍ ജനങ്ങള്‍ കരഘോഷത്തോടും ആനന്ദാരവങ്ങളോടുംകൂടെ പാപ്പായെ വരവേറ്റു.

പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നിരുന്ന കുഞ്ഞുങ്ങളെ പാപ്പാ തലോടുകയും ആശീര്‍വ്വദിക്കുകയും മുത്തം നല്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയ്ക്കരികില്‍ വാഹനം എത്തിയപ്പോള്‍ പാപ്പാ അതില്‍നിന്നിറങ്ങി നടന്ന് വേദിയിലേക്കു കയറി. റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ന് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, തന്‍റെ കൊളോംബിയ സന്ദര്‍ശനം പുനരവലോകനം ചെയ്തു.

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഇക്കഴിഞ്ഞ ദിനങ്ങളില്‍ കൊളൊംബിയായില്‍ ഞാന്‍ അപ്പസ്തോലികസന്ദര്‍ശനം നടത്തി. ഈ മഹാ ദാനത്തിന് ഞാന്‍ കര്‍ത്താവിനോടു മുഴുവന്‍ഹൃദയത്തോടെ നന്ദി പറയുന്നു. ഏറെ ആദരവോടെ എന്നെ സ്വീകരിച്ച അന്നാടിന്‍റെ പ്രസിഡന്‍റിനോടും അന്നാട്ടിലെ മെത്രാന്മാരോടും, അവര്‍ ഈ ഇടയസന്ദര്‍ശനത്തിനുവേണ്ടി ഒത്തിരിയെറെ പ്രയത്നിച്ചു, ഇല്ലേ! അതുപോലെതന്നെ അന്നാടിന്‍റെ ഇതരഅധികാരികളോടും ഈ സന്ദര്‍ശനത്തിന്‍റെ സാക്ഷാത്ക്കാരത്തിനായി പരിശ്രമിച്ച സകലരോടുമുള്ള എന്‍റെ കൃതജ്ഞത ഞാന്‍ നവീകരിക്കാന്‍ ആഗ്രഹിക്കുന്നു.

ഏറെ സ്നേഹത്തോടും സന്തോഷത്തോടും കൂടെ എന്നെ സ്വീകരിച്ച കൊളൊംബിയായിലെ ജനങ്ങള്‍ക്ക് എന്‍റെ പ്രത്യേക നന്ദി. നിരവധിയായ സഹനങ്ങള്‍ക്കിടയിലും സന്തോഷിക്കുന്ന ഒരു ജനത, പ്രത്യാശയുടെ ഒരു ജനത. ജനസഞ്ചയത്തിനിയില്‍ തിരക്കിനിടയില്‍ എവിടെയും സ്വന്തം മക്കളെ പാപ്പായുടെ ആശീര്‍വ്വാദം ലഭിക്കുന്നതിനായി മാതാപിതാക്കള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്  എന്നെ സ്പര്‍ശിച്ച സംഭവങ്ങളില്‍ ഒന്നാണ്. അഭിമാനത്തോടെയാണ് അവര്‍ മക്കളെ ഉയര്‍ത്തിപ്പിടിച്ചത്. ഈ കുഞ്ഞുങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ്, ഞങ്ങളുടെ പ്രത്യാശയാണ് എന്ന് വിളിച്ചുപറയുന്നതുപോലെയായിരുന്നു അത്. അത് എനിക്കേറേ ഇഷ്ടപ്പെട്ടു

ഈ യാത്ര, വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 1968ലും വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ 1986ലും കൊളൊംബിയായില്‍ നടത്തിയ സന്ദര്‍ശനത്തിന്‍റെ   തുടര്‍ച്ചയായി സവിശേഷമാംവിധം എനിക്കനുഭവപ്പെട്ടു. ചരിത്രത്തിന്‍റെ  സരണികളിലൂടെ ദൈവജനത്തിന്‍റെ ചുവടുകളെ നയിക്കുന്ന പരിശുദ്ധാരൂപിയാല്‍ അതിശക്തമാംവിധം സചേതനമായ ഒരു തുടര്‍ച്ചയാണിത്.

“ദെമോസ് എല്‍ പ്രീമെര്‍ പാസൊ”, അതായത്, “നമുക്ക് ആദ്യചുവടു വയ്ക്കാം” എന്ന ഈ സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം കൊളൊംബിയായില്‍ നടക്കുന്ന അനുരഞ്ജന പ്രക്രിയയെ സൂചിപ്പിക്കുന്നു. സൗഖ്യമാക്കാന്‍ പ്രയാസമേറിയ നിരവധിയായ മുറിവുകളേല്‍പ്പിച്ചുകൊണ്ട് യാതനകളും ശത്രുതകളും വിതച്ച അരനൂറ്റാണ്ടു ദീര്‍ഘിച്ച ആഭ്യന്തരകലാപത്തില്‍ നിന്നു പുറത്തുകടക്കാന്‍ കൊളംബിയ ശ്രമിക്കുന്നതാണ് ഈ അനുരഞ്ജന പ്രക്രിയ. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെയും വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെയും ചുവടുപിടിച്ച് എന്‍റെ ഈ അപ്പസ്തോലികയാത്ര, അന്നാട്ടിലെ അനുരഞ്ജനപ്രക്രിയയ്ക്ക് പ്രചോദനമേകാന്‍ ശ്രമിച്ചു. സൗഖ്യമേകുന്നിനും പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള പ്രവര്‍ത്തനത്തില്‍ മുന്നേറുന്നതിനാവശ്യമായ ആദ്ധ്യാത്മിക വിഭവങ്ങള്‍ കൊളൊംബിയായുടെ അഗാധമായ ക്രിസ്തീയവേരുകളില്‍ കണ്ടെത്താന്‍ അന്നാടിനുള്ള ഒരാഹ്വാനം കൂടിയാണ് “നമുക്കു ആദ്യ ചുവടുവയ്ക്കാം” എന്ന മുദ്രാവാക്യം.

ബൊഗൊട്ടായില്‍ എനിക്ക് ഊഷ്മളമായ വരവേല്‍പ്പാണ്, പ്രത്യേകിച്ച് നാടിന്‍റെ   ഭാവിയായ യുവജനത്തില്‍ നിന്ന്, ലഭിച്ചത്. രണ്ടു നിണസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചതും വില്ലവിസേന്‍സിയോയില്‍ നടത്തപ്പെട്ട അനുരഞ്ജന ശുശ്രൂഷയും, സവിശേഷമാംവിധം, ഹൃദയത്തെ സ്പര്‍ശിച്ചു. മെദെലിനില്‍ ഊന്നല്‍ നല്കപ്പെട്ടത് ക്രിസ്തീയ ശിഷ്യത്വത്തിനും ദൗത്യത്തിനുമാണ്. ഹൊഗാര്‍ ഭവനം യുവജനത്തിനേകുന്ന സഹായത്തിലും പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കുമുള്ള യേശവിന്‍റെ വിളിയോടു പ്രത്യുത്തരിക്കുന്ന അനേകം യുവതീയുവാക്കളിലും ഇത് ദൃഷ്ടാന്തീകരിക്കപ്പെട്ടു. വിശുദ്ധരായ പീറ്റര്‍ ക്ലാവെറിന്‍റെയും മരിയ ബെര്‍ണ്ണാര്‍ദ ബ്യുട്ലെറിന്‍റെയും ജീവിതം മാതൃകയാക്കി, മാനവപുരോഗതിക്കും മനുഷ്യാവകാശസംരക്ഷണത്തിനും വേണ്ടി പരിശ്രമിക്കുകയെന്ന നമ്മുടെ സുവിശേഷധര്‍മ്മം കര്‍ത്തഹേനയില്‍ എടുത്തുകാട്ടപ്പെട്ടു. അടിമകളുടെ അപ്പസ്തോലനായ വിശുദ്ധ പീറ്റര്‍ ക്ലാവെറും വിശുദ്ധ മരിയ ബെര്‍ണാര്‍ദ ബ്യുട്ലെറും ദരിദ്രര്‍ക്കും പരിത്യക്തര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണ്. അങ്ങനെ അവര്‍ യഥാര്‍ത്ഥ സുവിശേഷവിപ്ലവം എന്താണെന്നു കാട്ടിത്തന്നു.

കൊളൊംബിയായെയും അന്നാട്ടിലെ പ്രിയപ്പെട്ട ജനങ്ങളെയും ചിക്കിന്‍കിറായിലെ നാഥയ്ക്ക് ഒരിക്കല്‍കൂടി സമര്‍പ്പിക്കുകയാണ്. ബൊഗൊട്ടായില്‍ കത്തീദ്രലില്‍ ആ നാഥയെ വണങ്ങാന്‍ എനിക്കു സാധിച്ചു. സഹോദരീസഹദോരന്മാരുടെ പക്കലേക്ക് അനുദിനം ആദ്യചുവടുവയ്ക്കാന്‍ കൊളൊംബിയായിലെ ഓരോ പൗരനും സാധിക്കട്ടെ. അങ്ങനെ അവര്‍ക്ക് ദിനംപ്രതി ഒത്തൊരുമിച്ച് സ്നേഹത്തിലും നീതിയിലും സത്യത്തിലും സമാധാനം കെട്ടിപ്പടുക്കാന്‍ കഴിയട്ടെ. നന്ദി.     പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്തതിനെ തുടര്‍ന്ന് പാപ്പാ ഇറ്റലിയുടെ വടക്കുപടിഞ്ഞാറെ തീരപ്രദേശമായ ലിവോര്‍ണൊയില്‍ പേമാരിമൂലമുണ്ടായ ജലപ്രളയക്കെടുതി അനുഭവിക്കുന്നവരെ പ്രത്യേകം അനുസ്മരിക്കുകയും ആ ദുരന്തത്തില്‍ മരണമ‌ടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രളയത്തിന്‍റെ  ദുരിതം അനുഭവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം മാര്‍പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

                   








All the contents on this site are copyrighted ©.