2017-09-12 17:03:00

''ശുദ്ധജലം വിപണനവസ്തുവാക്കരുത്'': ബിഷപ്പ് ഐവാന്‍ ജുര്‍ക്കോവിസ്


ശുദ്ധജലവും ആരോഗ്യസംരക്ഷണവും തമ്മിലുള്ള പ്രത്യേക ബന്ധത്തെക്കുറിച്ചുള്ള വിഷയത്തെ അധികരിച്ച്, സെപ്തംബര്‍ 11-ന് ജനീവയിലെ മനുഷ്യാവകാശകൗണ്‍സിലിന്‍റെ മുപ്പത്താറാമത് സെഷനില്‍ അവതരിപ്പിച്ച പ്രസ്താവനയിലാണ് ഇങ്ങനെ ആഹ്വാനം ചെയ്തത്. ജനീവയിലെ ഐക്യരാഷട്രസംഘടനയ്ക്കും മറ്റ് അന്താരാഷ്ട്രസംഘടനകള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകനാണ് ബിഷപ്പ് ഐവാന്‍ ജുര്‍ക്കോവിസ്.

''കുടിവെള്ളത്തിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, അതാണ് ആനുകാലികലോകത്തിലെ അടിസ്ഥാന മനുഷ്യാവകാശവും കേന്ദ്രപ്രശ്നവും'' എന്ന ഫ്രാന്‍സീസ് പാപ്പായുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് ബിഷപ്പ്  ജുര്‍ക്കോവിസ് അതൊരിക്കലും വ്യാപാരവസ്തുവാക്കരുത് എന്ന് അഭ്യര്‍ഥിച്ചു.  ഒഴിച്ചുകൂടാനാവാത്ത പ്രകൃതിവിഭവങ്ങള്‍ക്കായുള്ള അടിസ്ഥാനാ വകാശം മനുഷ്യാവകാശസംരക്ഷണത്തിന് അവശ്യമായ വ്യവസ്ഥയാണ് (ലവുദാത്തോ സീ, 185).  സാമൂഹ്യവികസനത്തിലും സാമ്പത്തികവികസനത്തിലും  ജലത്തിന് എപ്പോഴുമുള്ള കേന്ദ്രസ്ഥാനം, ആരോഗ്യസംരക്ഷണത്തിനും, കൃഷിക്കും ഊര്‍ജോല്പാദനത്തിനും, തൊഴില്‍മേഖലയ്ക്കും അതിപ്രധാനമാണെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചു.  ശുദ്ധജലത്തിനായുളള നമ്മുടെ അവകാശം അവിഭാജ്യമായവിധത്തില്‍ ഇക്കാര്യത്തിലുള്ള നമ്മുടെ കടമയെയും ഓര്‍മിപ്പിക്കുന്നു. എല്ലാവരുടെയും അവകാശമായ ശുദ്ധജലലഭ്യതയ്ക്ക് സ്വാര്‍ഥലക്ഷ്യ പരിഗണനകളെ അതിജീവിക്കത്തക്കവിധം പ്രായോഗികമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് അന്താരാഷ്ട്രസമൂഹം വിളിക്കപ്പെടുന്നു എന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു.








All the contents on this site are copyrighted ©.