2017-09-12 16:46:00

''കൊളൊംബിയയുടെ സാക്ഷ്യം ശ്രേഷ്ഠം'': ഫ്രാന്‍സീസ് പാപ്പാ


കൊളൊംബിയന്‍ അപ്പസ്തോലികപര്യടനം കഴിഞ്ഞു മടങ്ങവേ, വിമാനത്തില്‍ വച്ചു നടത്തിയ പത്രസമ്മേളനത്തില്‍ കൊളൊംബിയന്‍ ജനതയെക്കുറിച്ചുള്ള ചോദ്യത്തില്‍ പാപ്പായുടെ ആദ്യപ്രതികരമായിരുന്നു ഇത്. പാപ്പാ പറഞ്ഞു.  സത്യമായും അവരുടെ ആനന്ദം, വാത്സല്യം, അവിടുത്തെ യുവത, ജനതയുടെ ശ്രേഷ്ഠത എന്നിവയെല്ലാം എന്നെ ഒരുപാടു സ്പര്‍ശിച്ചു.

കൊളൊംബിയയ്ക്ക് ഒരു ഭാവിയുണ്ട്.  അവിടെ വച്ച് അനേകം മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ താന്‍ കടന്നുപോകുന്ന വഴി ആശീര്‍വദിക്കാനായി എടുത്തുയര്‍ത്തിയിരുന്നത് ഹൃദയത്തില്‍ തട്ടിയെന്ന് അനുസ്മരിച്ച പാപ്പാ, അത് കൊളൊംബിയയുടെ പ്രത്യാശാഭരിതമായ ഭാവിയെ സൂചിപ്പിക്കുന്നുവെന്നും, കുട്ടികളെ തങ്ങളുടെ നിധിയായി ജനത കാണുന്നു എന്നതു വ്യക്തമാക്കുന്നുവെന്നും വിശദമാക്കി.

കൊളൊംബിയയിലെ ഗറില്ലാവിപ്ലങ്ങളെക്കുറിച്ചും, അഭയാര്‍ഥി, കുടിയേറ്റ പ്രശ്നങ്ങളെക്കുറിച്ചും യു.എസ്, വെനസ്വേല തുടങ്ങിയ രാജ്യങ്ങളുടെ നയങ്ങളെക്കുറിച്ചുമെല്ലാം ചോദ്യങ്ങളുണ്ടായിരുന്നു.  അഭയാര്‍ഥിപ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി, ഇറ്റലിയും ഗ്രീസും കുടിയേറ്റക്കാര്‍ക്കായി അവരുടെ ഹൃദയം തുറന്നിട്ടിരിക്കുന്നുവെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.   
കൊളൊംബിയയില്‍ നിന്നുള്ള ദീര്‍ഘദൂരയാത്രയില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ഈ പത്രസമ്മേളനത്തിന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഗ്രെഗ് ബര്‍ക്  നേതൃത്വം നല്‍കി. 

 








All the contents on this site are copyrighted ©.