2017-09-11 17:17:00

പാപ്പായുടെ കൊളൊംബിയന്‍ പര്യടനം: സമാപനദിന പരിപാടികള്‍


മെദെല്ലീന്‍ നഗരത്തിലെ പരിപാടികള്‍ക്കുശേഷം ബൊഗൊത്തായിലെ അപ്പസ്തോലിക സ്ഥാനപതിമന്ദിരത്തില്‍ തിരിച്ചെത്തി വിശ്രമിച്ച പാപ്പാ, സെപ്തംബര്‍ പത്താം തീയതി, ഞായറാഴ്ച ബൊഗൊത്തായില്‍ നിന്നും വിടപറഞ്ഞുകൊണ്ടാണ് കാര്‍ത്തജേനയിലേക്കു യാത്രയായത്. പ്രാദേശികസമയം രാവി ലെ 7.50-ന് ബൊഗൊത്താ വിമാനത്താവളത്തിലേക്കു യാത്രയായി. 8.30-ന് പറന്നുയര്‍ന്ന അവിയാങ്ക വിമാനം പത്തുമണിക്ക് കാര്‍ത്താജേന വിമാനത്താവളത്തിലെത്തി. 

പാപ്പാ കാര്‍ത്തജേനയില്‍

കാര്‍ത്താജേന:  കൊളൊംബിയയുടെ വടക്കുഭാഗത്ത് കരീബിയന്‍കടലിനോടു ചേര്‍ന്നുള്ള തുറമുഖനഗരമാണ് കാര്‍ത്തജേന. മുഴുവന്‍ പേര് കാര്‍ത്തജേന ദെ ഇന്ത്യാസ്. അമേരിക്കന്‍ തുറമുഖങ്ങളില്‍ മുഖ്യ വും കലാസാംസ്ക്കാരിക കേന്ദ്രവുമായി നിലകൊളളുന്ന 1533-ല്‍ സ്ഥാപിതമായ ഈ നഗരം ഇന്നൊ രു സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്ന അതിമനോഹരപ്രദേശമാണ്. 16-ാം നൂറ്റാണ്ടില്‍ തന്നെ ഒരു രൂപതയായിരുന്ന കാര്‍ത്തജേന അതിരൂപതയാകുന്നത് 1900-ലാണ്. നിവാസികളില്‍ 90% കത്തോലിക്കരായ ഇവിടെ 103 ഇടവകകളാണുള്ളത്. ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ ഹിമെനെസ് കര്‍വഹാള്‍ ആണ് അതിരൂപതാധ്യക്ഷന്‍.

കാര്‍ത്തജേന വിമാനത്താവളത്തില്‍ ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ, കാര്‍ത്തജേന ഗവര്‍ണര്‍, മേയര്‍, സൈനികാധികാരികള്‍ എന്നിവര്‍ ചേര്‍ന്ന് പാപ്പായെ സ്വീകരിച്ചു. മുന്നൂറോളം യുവജ നങ്ങളുടെ ഒരു സംഘം അവതരിപ്പിച്ച നൃത്തം വീക്ഷിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ വാഹനത്തിലേ ക്കു നീങ്ങിയത്. അവിടെ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരത്തിലുള്ള വി. ഫ്രാന്‍സീസ് അസ്സീസ്സിയുടെ പേരിലുള്ള അങ്കണത്തിലേക്ക് എത്തി. വീഥിക്കരികില്‍ അങ്ങോളമിങ്ങോളം നിന്നിരുന്ന അനേകായിരങ്ങള്‍ ഫ്രഞ്ചീസ്ക്കോ വിളികളോടെ ആരവമുയര്‍ത്തി. ഇടയ്ക്ക് പാപ്പായുടെ വാഹനത്തിനരികിലേയ്ക്ക് എത്തിച്ചിരുന്ന കുഞ്ഞുങ്ങളെ പാപ്പാ പ്രത്യേകമായി ആശീര്‍വദിക്കുന്നുണ്ടായിരുന്നു.

മനുഷ്യക്കടത്തിനിരയാകുന്നവരെ പാര്‍പ്പിക്കുന്നതിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന തലീത്താ ഖൂം എന്ന പേരിലുള്ള സ്ഥാപനത്തിനും ഭവനരഹിതര്‍ക്കുവേണ്ടിയുള്ള മറ്റൊരു ഭവനത്തിനുംവേണ്ടിയുള്ള തറക്കല്ലുകള്‍ ആശീര്‍വദിക്കുക എന്നതാണ് ഇവിടെ പാപ്പായുടെ നിശ്ചിതപരിപാടി. ആവശ്യത്തിലായിരിക്കുന്നവരെ സഹായിക്കുന്നതിനു സന്നദ്ധരായിരിക്കുന്ന ഈ സഹോദരങ്ങളെ ആശീര്‍വദിക്കണമേ എന്ന പ്രാര്‍ഥനയോടുകൂടിയാണ് പാപ്പാ ഈ ആശീര്‍വാദകര്‍മം നിര്‍വഹിച്ചത്. ഭവനരഹിതരും ഇവി ടെ സംരക്ഷിക്കപ്പെടുന്ന ചില ബാലികമാരുമുള്‍പ്പെടെ അനേകര്‍ ഇവിടെ സന്നിഹിതരായിരുന്നു.

തലീത്താ ഖൂം (Mark 5:41) എന്ന അറമായിക് പ്രയോഗത്തിന്‍റെ അര്‍ഥം ബാലികേ എഴുന്നേല്‍ക്കൂ എ ന്നാണ്. ഇത് മനുഷ്യക്കടത്തിനിരയാകുന്നവരെ സംരക്ഷിക്കുന്നതിനായുള്ള ഒരു സമര്‍പ്പിതജീവിതസമൂ ഹങ്ങളുടെ ഉപവിശൃംഖലയാണ്. സന്യാസമൂഹങ്ങളുടെ സുപ്പീരിയര്‍ ജനറല്‍മാരുടെ 2009-ല്‍ സ്ഥാപി ക്കപ്പെട്ട ഈ ഉപവിശൃംഖല ഇന്ന് മനുഷ്യക്കടത്തിനും, ചൂഷണത്തിനും വേശ്യാവൃത്തിക്കുമെതിരായി ഏതാണ് എഴുപതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്നു.

ഈ ആശീര്‍വാദകര്‍മത്തിനുശേഷം പാപ്പാ, മിസ്സിസ് ലൊരേന്‍സയുടെ വീട്ടില്‍ ഒരു ഹ്രസ്വസന്ദര്‍ശനത്തിനെത്തി. ഏതാണ്ട് അമ്പതുവര്‍ഷത്തോളം പാവപ്പെട്ടവര്‍ക്കുവേണ്ടി ഭക്ഷണംതയ്യാറാക്കുന്ന സന്നദ്ധ സേവനത്തിലേര്‍പ്പെട്ടിരിക്കുന്ന 77-കാരിയാണ് ലൊരേന്‍സ. വാഹനത്തില്‍ നിന്നിറങ്ങി ചെറിയ വഴിയിലൂടെ ഇത്തിരി നടന്നാണ് പാപ്പാ ആ ഭവനത്തിലെത്തിയത്. അവിടെ ഒരുമിച്ചുകൂടിയ ജനം താളമേളങ്ങളോടെ പാപ്പായ്ക്കു സ്വാഗതമോതി.

പിന്നീട് വി. പീറ്റര്‍ ക്ലാവറിന്‍റെ നാമത്തിലുള്ള ദേവാലയം സന്ദര്‍ശിക്കുകയും  ത്രികാലജപത്തോടനുബന്ധിച്ചുള്ള സന്ദേശം നല്‍കുകയും ജപം ചൊല്ലി അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.

വി. പീറ്റര്‍ ക്ലാവറിന്‍റെ നാമത്തിലുള്ള ദേവാലയത്തില്‍

വി. പീറ്റര്‍ ക്ലാവര്‍ (1581-1654) തിരുശേഷിപ്പു സൂക്ഷിച്ചിട്ടുള്ള ദേവാലയമാണിത്.  അടിമകളുടെ അവകാശങ്ങള്‍ക്കായി ഏറെ പ്രവര്‍ത്തിച്ച, ‘കറുത്തവര്‍ഗക്കാരുടെ അപ്പസ്തോലന്‍’ എന്നു വിളിക്കപ്പെ ടുന്ന പീറ്റര്‍ ക്ലാവര്‍ എന്ന ഈശോസഭാവൈദികനെ ലെയോ പതിമൂന്നാമന്‍ പാപ്പായാണ് വിശുദ്ധ പ ദവിയിലേയ്ക്കുയര്‍ത്തിയത്. ഇതിനോടു ചേര്‍ന്നുള്ള ആശ്രമം കൊളോണിയല്‍, ആഫ്രോ-അമേരിക്കന്‍ പുരാതനകലകളുടെയും വിവിധ കാലഘട്ടങ്ങളിലെ മതപരമായ കലകളുടെയും ശേഖരങ്ങളടങ്ങിയിട്ടു ള്ള ഒരു മ്യൂസിയവും സംരക്ഷിച്ചുപോരുന്നു.

ത്രികാലജപസന്ദേശം, പ്രാര്‍ഥന, ആശീര്‍വാദം: മധ്യാഹ്നത്തില്‍ അവിടെ എത്തിച്ചേര്‍ന്ന പാപ്പാ ത്രികാ ലജപം നയിക്കുന്നതിനു തയ്യാറാക്കിയിരുന്ന വേദിയിലേക്കാണ് പോയത്. സന്ദേശം നല്കിയശേഷം പ്രാര്‍ഥന നയിക്കുകയും ആശീര്‍വാദം നല്‍കുകയും ചെയ്തു. പാവപ്പെട്ടവര്‍ക്കും ഏറ്റവും ആവശ്യ ത്തിലിരിക്കുന്നവര്‍ക്കുമായി നിര്‍മിക്കുന്ന രണ്ടുസദനങ്ങള്‍ക്കായി തറക്കല്ലുവെഞ്ചരിച്ചതും ലൊരേന്‍സ എന്ന സ്ത്രീയുടെ വീട്ടിലെത്തിയതും സൂചിപ്പിച്ചുകൊണ്ടാണ് ത്രികാലജപത്തിനുമുമ്പുള്ള സന്ദേശം ആ രംഭിച്ചത്. കിക്വിന്‍കുയിര നാഥ എ ന്ന പേരിലാണ് വണങ്ങുന്ന മാതാവിന്‍റെ ചിത്രം അവിടെ വന്ന തിന്‍റെ പശ്ചാത്തലത്തെക്കുറിച്ചും ആ ചരിത്രത്തിലൂടെ വെളിവാക്കപ്പെടുന്ന ദൈവികസത്യങ്ങളെക്കുറി ച്ചും പാപ്പാ വിവരിച്ചു. വി. പീറ്റര്‍ ക്ലാവറിന്‍റെ അസാധാരണധീരതയോടെയുള്ള ഉപവിപ്രവര്‍ത്തന ത്തെയും അതിന് അദ്ദേഹം ഏറ്റെടുത്ത സഹനങ്ങളെയും പാപ്പാ അനുസ്മരിച്ചു.

നാമെല്ലാവരും ദൈവികഛായിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണെന്നും, അതിനാല്‍ പരിശു ദ്ധ കന്യക നമ്മെ ഓരോരുത്തരെയും അവളുടെ പ്രിയപ്പെട്ട മക്കളായി തന്‍റെ കരങ്ങളില്‍ വഹിക്കു ന്നുവെന്നും അനുസ്മരിപ്പിച്ച പാപ്പാ  ഓരോരുത്തരിലും ദൈവത്തിന്‍റെ മുഖം ദര്‍ശിക്കാന്‍ നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ഥനാശംസയോടെ കര്‍ത്താവിന്‍റെ മാലാഖ എന്ന ജപം ചൊല്ലി.

ത്രികാലജപത്തിനു ശേഷം പാപ്പാ അവിടെ കൂടിയിരുന്ന എല്ലാവരെയും പ്രത്യേകമായി അഭിവാദ്യം ചെയ്തു.  തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്‍കുന്നതിനുമുമ്പ്, ഏറ്റവുമധികം സ്നേഹിക്കുന്നവരെ, നാമൊട്ടും സ്നേഹിക്കാത്തവരെ എല്ലാവരെയും മനസ്സില്‍ കൊണ്ടുവരാനും അവരുടെ പേരുകളോര്‍ക്കാനും പാപ്പാ ആവശ്യപ്പെട്ടു.  അവര്‍ക്കെല്ലാവര്‍ക്കുംവേണ്ടി ആശീര്‍വാദം ചോദിക്കാമെന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്‍റെ അപ്പസ്തോലികാശീര്‍വാദം നല്‍കിയത്.

ഫ്രാന്‍സീസ് പാപ്പാ ദേവാലയത്തില്‍ പ്രവേശിച്ച് മൗനപ്രാര്‍ഥനയില്‍ ചില നിമിഷങ്ങള്‍ ചെലവഴിച്ചു. ക്രിസ്റ്റലിലുള്ള ഒരു ക്രൂശിതരൂപം ആ തീര്‍ഥാടനകേന്ദ്രത്തിലെ റെക്ടറിന് സമ്മാനമായി നല്‍കി.  അവിടെ തന്‍റെ സഹസന്യാസികളായ ഏതാണ്ട് അറുപത്തഞ്ചോളം വരുന്ന സഹോദരങ്ങളുമായി ഹ്രസ്വമായ ഒരു സ്വകാര്യകൂടിക്കാഴ്ച നടത്തുകയും ചെയ്തു പാപ്പാ.

സമാപന ദിവ്യബലിയര്‍പ്പിക്കുന്നതിന് എത്തുന്നതിനുമുമ്പ് വി. പീറ്റര്‍ ക്ലാവറിന്‍റെ നാമത്തിലുള്ള ദേവാലയത്തില്‍ നിന്ന് ഏതാണ്ട് 400 മീറ്റര്‍ അകലെയുള്ള സാന്തോ ദൊമീങ്കോയിലെത്തി.  വി. ഡൊമി നിക്കിന്‍റെ നാമത്തിലുള്ള ദേവാലയവും ഡൊമിനിക്കന്‍ സന്യാസികളുടെ ആശ്രമവുമാണുള്ളത്. ഉച്ചഭക്ഷണം കഴിച്ചശേഷം പാപ്പാ അതിരൂപതാമന്ദിരത്തിലെത്തി. 1896-ല്‍ നിര്‍മിതമായ അതിമെത്രാസന മന്ദിരം സന്ദര്‍ശിച്ച ശേഷം ഉച്ചകഴിഞ്ഞ് മൂന്നരയോടുകൂടി പാപ്പാ ഒരു കിലോമീറ്റര്‍ അകലെയുള്ള നാവികസേനയുടെ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. അവിടെനിന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗം പാപ്പായ്ക്കു സമാപനദിനത്തിലെ ദിവ്യബലിയര്‍പ്പണത്തിനു വേദിയൊരുക്കിയിരിക്കുന്ന കോന്തെകാര്‍ എന്ന സ്ഥലത്തെത്തിയത്.  കാര്‍ത്തജേനയില്‍ നിന്നു പതിനഞ്ചുകിലോമീറ്ററോളം അകലെയുള്ള കോ ന്തെകാര്‍ ഒരു തുറമുഖമാണ്. ലാറ്റിനമേരിക്കയിലെ നാലു പ്രധാന തുറമുഖങ്ങളിലൊന്നാണിത്. 

സമാപന ദിവ്യബലിയര്‍പ്പണം, സന്ദേശം

വൈകിട്ട് നാലുമണിയോടുകൂടി എത്തിയ പാപ്പാ പതിവുപോലെ, ആഹ്ലാദാരവം മുഴക്കുന്ന വിശ്വാസികള്‍ക്കിടയിലൂടെ നീങ്ങി. ശിശുക്കളെയും രോഗികളെയും പ്രത്യേകമായി ആശീര്‍വദിച്ചു. നാലര യോടുകൂടി വിശുദ്ധ കുര്‍ബാന ആരംഭിച്ചു. വിശുദ്ധബലിയിലെ സുവിശേഷവായന, വി. മത്തായി യുടെ സുവിശേഷം പതിനെട്ടാമധ്യായത്തില്‍ നിന്നുള്ള വായനയെ ആസ്പദമാക്കി പാപ്പാ സുവിശേഷ സന്ദേശം നല്കി. അന്നേദിവസം പാപ്പാ നടത്തിയ സന്ദര്‍ശനങ്ങളെ അനുസ്മരിച്ചുകൊണ്ട് സുവിശേഷ വ്യാഖ്യാനത്തിലേക്കു പാപ്പാ കടന്നു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹനിര്‍മിതിയെക്കുറിച്ചാണ് യേശു ഇവിടെ നമ്മോടു പറ യുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട്, തൊണ്ണൂറ്റൊന്‍പതിനെയും ഉപേക്ഷിച്ച്, നഷ്ടപ്പെട്ടതിനുപിന്നാലെ പോകുന്ന ഇടയനെക്കുറിച്ച് പറയുന്ന ഭാഗമാണ് ഇന്നത്തെ വായനയ്ക്കുള്ള സുവിശേഷഭാഗത്തിനു മുമ്പിലുള്ളതെന്ന് അനുസ്മരിപ്പി ച്ചുകൊണ്ട് പാപ്പാ നല്‍കിയ സന്ദേശത്തില്‍ സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനം വളരെ പ്രത്യേകമായി നല്‍കി.  സൗഖ്യദായകമായ കൂടിക്കാഴ്ചയ്ക്കു പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്നും, ആ കൂടിക്കാഴ്ചയിലൂടെ നാം നമ്മുടെ അവകാശങ്ങളെ കണ്ടെത്തുകയാണെന്നും, ഓരോ മനുഷ്യജീവന്‍റെ യും പാവനതയെക്കുറിച്ചു മനസ്സിലാക്കുകയാണെന്നും പാപ്പാ പറഞ്ഞു.

ഒരുമിച്ചുപ്രാര്‍ഥിച്ചുകൊണ്ട് ആദ്യചുവടുവയ്ക്കുന്നതിന് അഭ്യര്‍ഥിച്ച പാപ്പാ, നമുക്കു അസാധ്യമെന്നു തോന്നുന്ന ഐക്യം സാധിതമാക്കാന്‍ കര്‍ത്താവിനു കഴിയും എന്നും അവിടുന്നു ലോകാവസാനം വരെ നമ്മോടൊത്തുണ്ടെന്നും ഉള്ള വാക്കുകളോടെയാണ് സന്ദേശം അവസാനിപ്പിച്ചത്.

അവസാന ആശീര്‍വാദപ്രാര്‍ഥനയ്ക്കുമുമ്പ്, ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ എന്റീക് കര്‍വഹാള്‍ പാപ്പായെ അഭിസംബോധനചെയ്ത് കൃതജ്ഞതയര്‍പ്പിച്ചു. തുടര്‍ന്ന് പാപ്പാ സമാപനസന്ദേശം നല്‍കി. അതി രൂപതാധ്യക്ഷനും, കൊളൊംബിയന്‍ പ്രസിഡന്‍റി നും മറ്റ് അധികാരികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് വി. പീറ്റര്‍ ക്ലാവറിന്‍റെ മാതൃകയെ അവര്‍ക്കു നല്‍കിക്കൊണ്ട്,  സമാധാനത്തിനുവേണ്ടി യുള്ള ആഹ്വാനം ആവര്‍ത്തിച്ചു: ‘‘അക്രമത്തില്‍ നിന്നു സ്വതന്ത്രരായി എല്ലായ്പോഴും സമാധാനത്തിന്‍റെ അടിമകളായിരിക്കുക’’,

വൈകിട്ട് ആറേമുക്കാലോടുകൂടി പാപ്പാ മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലെത്തിച്ചേര്‍ന്നു. അതിമനോഹരമായ യാത്രയയപ്പുചടങ്ങില്‍ പ്രസിഡന്‍റ് ഹുവാന്‍ മനുവേല്‍ സാന്തോസ്, മറ്റ് രാഷ്ട്രാധികാരികള്‍, സഭാമേലധ്യക്ഷന്മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  സൈനിക ബഹുമതിയുടെയും, പരമ്പരാഗത കലാരൂപങ്ങളുടെയും അകമ്പടിയോടെയുമുള്ള സ്നേഹപൂര്‍വമായ യാത്രയയപ്പ് സ്വീകരിച്ച കരുണയുടെ പ്രവാചകനായ പാപ്പാ സുവിശേഷസന്തോഷത്തിന്‍റെ ആനന്ദാരവം ഏറ്റുവാങ്ങി വിമാനത്തിന്‍റെ പടികള്‍ കയറി. ആശീര്‍വാദം നല്‍കി, കൈകള്‍വീശി കൊളൊംബിയയോടു വിടചൊല്ലി. 

തന്‍റെ ഇരുപതാമത് അപ്പസ്തോലിക പര്യടനം കഴിഞ്ഞ് സെപ്തംബര്‍ 11, തിങ്കളാഴ്ചയില്‍ 12.55-ന് റോമിലെ ചംപീനോ വിമാനത്താവളത്തിലിറങ്ങി. തുടര്‍ന്ന്, പതിവുപോലെ, സാന്ത മരിയ മജ്ജോറെ ദേവാലയത്തില്‍ പരിശുദ്ധ അമ്മയെ കൃതജ്ഞതാപൂര്‍വം വണങ്ങി. 








All the contents on this site are copyrighted ©.