സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

സഹനത്തില്‍നിന്നും ക്ഷമയുടെയും സ്നേഹത്തിന്‍റെയും മൂല്യങ്ങള്‍

പീഡനത്തന് ഇരകളായ 6000 പേര്‍ ക്ഷമയോടെ... വിലാവിചേന്‍സിയോയുടെ അനുരഞ്ജനവേദി - RV

10/09/2017 13:04

കൊളംബിയ, സെപ്തംബര്‍ 8. 

ദേശീയ പാര്‍ക്കിലെ അനുരഞ്ജന സമ്മേളനം  കൊളംബിയ സന്ദര്‍ശനത്തിന്‍റെ മൂന്നാം ദിവസം, വെള്ളിയാഴ്ചത്തെ രണ്ടാമത്തേതും എന്ന ശ്രദ്ധേയവുമായ പരിപാടിയായിരുന്നു വിലാവിചേന്‍സിയോയിലെ ദേശീയ പാര്‍ക്കില്‍ നടത്തപ്പെട്ട അനുരഞ്ജന സമ്മേളനം. 1960-മുതല്‍ കൊളംബിയന്‍ ജനതയുടെ സ്വര്യജീവിതം ‌തകര്‍ത്ത അഭ്യന്തര കലാപത്തിലും അതിക്രമങ്ങളിലും ഇരകളായ 6000-ല്‍ അധികം സ്ത്രീ പുരുഷന്മാരുടെയും, അനുരജ്ഞനത്തിന്‍റെ പ്രയോക്താക്കളുടെയും സമാധാന വാഹകരുടെയും പാപ്പായ്ക്കൊപ്പമുള്ള വന്‍കൂടിക്കാഴ്ചയും പ്രാര്‍ത്ഥനാ സംഗമവുമായിരുന്നു അത്. അധികംപേരും സകുടുംബ സമാധനത്തിന്‍റെ പ്രതീകമായി വെള്ളയുടുത്തു വന്നത് പ്രത്യാശയുടെ പ്രതീകമായിരുന്നു.

നിങ്ങളെന്‍റെ കൈകാലുകള്‍!   വേദിയുടെ കേന്ദ്രസ്ഥാനത്ത് ഉയര്‍ത്തപ്പെട്ടത് കൊളംബിയന്‍ കലാപത്തില്‍ തകര്‍ന്ന ബൊഹയ്യായിലെ കുറുത്ത കുരിശായിരുന്നു. കൈകാലുകള്‍ ഉടഞ്ഞ ക്രിസ്തുവിന്‍റെ കുരിശുരൂപം! അത് സമ്മേളനത്തിന്‍റെ സ്വഭാവവും ലക്ഷ്യവും വിളിച്ചോതി. “സമാധാനവും സ്നേഹവും പ്രഘോഷിക്കാന്‍ നിങ്ങള്‍ ഇനി എന്‍റെ കൈകളും കാലുകളുമായിത്തീരണം!”  അങ്ങേ പാദങ്ങളായി ഞങ്ങള്‍ വേദനിക്കുന്ന സഹോദരഹങ്ങളുടെ പക്കലേയ്ക്ക് നടന്നടുക്കട്ടെ! അങ്ങേ കരങ്ങളായി സഹോദരങ്ങളു‌ടെ പീഡനത്തിന്‍റെ മുറിവുകള്‍ ഞങ്ങള്‍ വെച്ചുകെട്ടട്ടെ! അങ്ങനെ മൗനമായൊരു പ്രാര്‍ത്ഥനയും പ്രഘോഷണവുമായിരുന്നു ആ ‘തകര്‍ന്ന കുറുത്ത കുരിശ്!’   

വിപ്ലവത്തില്‍ പീഡിപ്പിക്കപ്പെട്ട 4 പേരുടെ ജീവിതാനുഭവങ്ങള്‍ ശ്രവിച്ചത് വിലയിരുത്തിക്കൊണ്ടാണ് പാപ്പാ സന്ദേശം നല്കിയത്. സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു :

സഹനത്തില്‍നിന്നും ഉയരുന്ന ജീവിതമൂല്യങ്ങള്‍    കൊളംബിയ രാജ്യം രക്തപങ്കിലമായെങ്കിലും അനുരഞ്ജനത്തിലൂടെ വിശുദ്ധീകൃതമാവുകയാണ്. നിണഭൂമി സമാധാന ഭൂമിയാവുകയാണ്! വേദനയിലും തകര്‍ച്ചിയിലും, കലാപത്തിലും മരണത്തിലും കൊളംബിയന്‍ മക്കളുടെകൂടെ ആയിരിക്കാന്‍ മാത്രമാണ് താന്‍ വന്നത്. പാപ്പാ പ്രസ്താവിച്ചു.   ശ്രവിച്ച ജീവിതസാക്ഷ്യങ്ങള്‍ ഹൃദയസ്പര്‍ശിയാണ്. സഹനത്തിന്‍റെ ജീവിതകഥയില്‍നിന്നും പ്രതിധ്വനിക്കുന്നത് ക്ഷമയുടെയും സ്നേഹത്തിന്‍റെയും ശാന്തിയുടെയും മൂല്യങ്ങളാണ്.  അതിനാല്‍ വെറുപ്പും വൈരാഗ്യവും ഹൃദയത്തില്‍ കെട്ടിക്കിടക്കാതിരിക്കട്ടെ! പാപ്പാ ആഹ്വാനംചെയ്തു.  “കാരുണ്യവും വിശ്വസ്തതയും കൂടിക്കാഴ്ച നടത്തും, നീതിയും സമാധാനവും പരസ്പരം ചുംബിക്കും..!” സങ്കീര്‍ത്തനം 85-ന്‍റെ 10-Ɔമത്തെ പദം ഏറ്റുചൊല്ലിയ പാപ്പാ ഫ്രാന്‍സിസ്, പീഡിതരും മുറിപ്പെട്ടവരുമായവരുടെ ഹൃദയങ്ങളെ പുനരുത്ഥരിക്കണേ, നവീകരിക്കണേ! പാപ്പാ പ്രാര്‍ത്ഥിച്ചു.

ബന്ധനം തകര്‍ക്കാന്‍ പോരുന്ന ക്ഷമ!   മരണബന്ധനങ്ങളെ തകര്‍ക്കാന്‍ ക്ഷമയ്ക്കും അനുരഞ്ജനത്തിനും സാധിക്കും.
വെറുപ്പും വൈരാഗ്യവുമായി ദുഃഖിച്ചു കഴിയുന്നതിലും നല്ലത് ക്ഷമിച്ചും പൊറുത്തും സ്നേഹത്തോടും സ്വാതന്ത്ര്യത്തോടുംകൂടെ ജീവിക്കുന്നതാണ്. ഇരകളായവര്‍ക്കും മുറിപ്പെട്ടവര്‍ക്കും ഇനിയും സമൂഹത്തില്‍ സൗഖ്യദാനത്തിന്‍റെയും സാന്ത്വനത്തിന്‍റെയും പ്രയോക്താക്കളാകാം.. We are wounded, and yet healers!  സത്യം നമ്മെ വെല്ലുവിളിക്കും. സത്യം അംഗീകരിക്കാനായാല്‍ അനുരഞ്ജനം സാദ്ധ്യമാണ്. ക്രൂരമായ പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയരായവര്‍ക്ക് എങ്ങനെ പൊറുക്കാനാകും എന്നു ചിന്തിക്കുമ്പോഴും, മറിച്ചുള്ള ജീവിതസാക്ഷമാണ് സമാധാനത്തിന്‍റെ  ഈ സാക്ഷികളും പ്രയോക്താക്കളും നല്കുന്നത്. വിളയും കളയും ഒരുമിച്ചാണ് ഭൂമിയില്‍ വളരുന്നത്. നന്മ തിന്മകള്‍ ഇടകലര്‍ന്നതാണ് ജീവിതം. നല്ലകൃഷിക്കാരന്‍ ക്ഷമയോടെ കാത്തിരിക്കും. നീതി പൂവണിയും, നന്മ വേര്‍തിരിക്കപ്പെടും. നീതിയുടെ നിത്യസമ്മാനം നീതിനിഷ്ഠര്‍ക്കു ലഭിക്കും.

മരണത്തെക്കാള്‍ ശക്തമായ സ്നേഹം    പിതാവിനെയും സഹോദരനെയുംപോലെയാണ് കൊളംബിയയില്‍ താന്‍ വന്നിരിക്കുന്നത്. വേദനിക്കുന്നവരുടെ കൂടെയായിരിക്കാന്‍! പാപ്പാ പറഞ്ഞു. ദൈവജനം എന്ന നിലയില്‍ ഹൃദയം തുറക്കാം, അനുരഞ്ജിതരാകാം. ക്ഷമ യാചിക്കാനും, ക്ഷമ നല്കാനുമുള്ള തുറവു കാണിക്കാം. മുറിവുണക്കാം, സ്നേഹത്തിന്‍റെ ചെറിയ പാലങ്ങള്‍ പണിയാം. അനുരഞ്ജിതരാകാം. നീതിയിലും സത്യത്തിലും അധിഷ്ഠിതമായ സമാധാനം വളര്‍ത്താം.

ബൊഹയ്യായിലെ കറുത്ത കുരിശ് 2002-ലെ കരിദിനത്തിന്‍റെ – കൂട്ടക്കൊലയുടെ വേദനിക്കുന്ന സ്മരണയാണെങ്കിലും, സ്നേഹം മരണത്തെക്കാള്‍ ശക്തമാണെന്ന് അതു പഠിപ്പിക്കുന്നു. ത്യാഗത്തിലുള്ള അനുദിന ജീവിത സമര്‍പ്പണത്തിലൂടെ അനുരഞ്ജിതരായി ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റെ സമാധാനവും സന്തോഷവും ഉള്‍ക്കൊള്ളാന്‍ സാധിക്കട്ടെ!.  വേദനിക്കുന്ന കൊളംബിയന്‍ ജനതയുടെ നിയോഗങ്ങളെല്ലാം ബൊഹയ്യായിലെ കറുത്ത ക്രിസ്തുവിനു സമര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. 


(William Nellikkal)

10/09/2017 13:04