2017-09-10 13:36:00

ധന്യരായ മെത്രാന്‍ യാരമീലോയും വൈദികന്‍ റമീരെസും വാഴ്ത്തപ്പെട്ടവര്‍


കൊളംബിയന്‍ വിപ്ലവകാലത്തെ നാടിന്‍റെ ആത്മീയപുത്രരും രക്തസാക്ഷികളുമായിരുന്നു
ധന്യരായ മെത്രാന്‍ എമീലീയോ യാരമീലോയും, വൈദികന്‍ പെദ്രോ റമീരെസ് റാമോസും.

രണ്ടും പേരെയും തന്‍റെ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ വിലാവിചേന്‍സിയോയിലെ കതാമാ മൈതാനിയില്‍ സെപ്തംബര്‍ 8-Ɔ൦ തിയതി ബുധനാഴ്ച രാവിലെ അര്‍പ്പിച്ച സമൂഹബലിയര്‍പ്പണമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

ധന്യനായ രക്തസാക്ഷി ബിഷപ്പ് എമീലീയോ യാരമീലോ 1916-1989.   കൊളംബിയയിലെ സാന്‍ ദൊമീങ്കോയില്‍ 1916-ല്‍ ജനിച്ചു. സവേറിയന്‍ മിഷണറി സഭയില്‍ പഠിച്ച് 1940-ല്‍ പൗരോഹിത്യം സ്വീകരിച്ചു. നീണ്ടകാല വൈദികവിദ്യാര്‍ത്ഥികളുടെ അദ്ധ്യാപനവും അജപാലന ശുശ്രൂഷയു കഴിഞ്ഞ് 1970-ല്‍ അരൗകാ അതിരൂപതയുടെ  വികാരി അപ്പസ്തോലിക്കായി നിയമിതനായി. രാജ്യത്തെ അഭ്യന്തരകലാപത്തിന്‍റെ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ദേശീയ സ്വാതന്ത്ര്യ സേനയെന്ന വിമതസഖ്യത്തെ അദ്ദേഹം ആശയപരമായി എതിര്‍ത്തിരുന്നു. ഒപ്പം സമൂഹത്തില്‍ തലപൊക്കിയ മയക്കുമരുന്നു സംഘങ്ങളെയും. നീതിനിഷ്ഠനായ വചനപ്രഘോഷകനും നിസ്വാര്‍ത്ഥനായ അജപാലകനുമായിരുന്നു ബിഷപ്പ് യാരമീലോ. 1989-ല്‍ വിമതപക്ഷത്താല്‍ ബന്ധിയാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഒക്ടോബര്‍ 2-ന് കൊല്ലപ്പെടുകയുംചെയ്തു.

ധന്യനായ രക്തസാക്ഷി വൈദികന്‍ പെദ്രോ റമീരെസ് റാമോസ് 1899-1949.   കൊളംബിയിയിലെ ലാ പ്ലാത്തയില്‍ ജനിച്ചു. 1939-ല്‍ അഭ്യാന്തര വിപ്ലവം പൊട്ടിപ്പുറപ്പെട്ട കാലഘട്ടത്ത് സെമിനരി വിദ്യാര്‍ത്ഥിയായിരുന്നു. 1940-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1946-ല്‍ അര്‍മേരോയിലെ വികാരിയായി. രാഷ്ട്രീയ കലാപത്തില്‍ പൊന്തിവന്ന മതപീഠനമാണ് ഫാദര്‍ റാമോസിന്‍റെ കൊലപാതകത്തിന് കാരണമായത്. രക്ഷപ്പെടാമായിരുന്നെങ്കിലും തന്‍റെ അജഗണങ്ങളുടെ കൂടെയായിരിക്കാനും ക്രിസ്തുവിനുവേണ്ടി വിശ്വാസത്തെപ്രതി രക്തംചിന്തുവാനും അദ്ദേഹം തയ്യാറായിരുന്നുവെന്ന് മരണക്കുറിപ്പു (ഒസ്യത്തു) തെളിയിക്കുന്നു. അര്‍മേരോയിലെ ഇടവകപ്പള്ളിയില്‍വച്ച് 1949 ഏപ്രില്‍ 10-ന് മതവൈരികള്‍ ഫാദര്‍ റോമോസിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി.

കതാമാ മൈതാനിയിലെ ദിവ്യബലിയില്‍ 10 ലക്ഷത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. തങ്ങളുടെ പ്രിയപ്പെട്ട അജപാലകരെ പാപ്പാ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തിയ ചടങ്ങില്‍ അവര്‍ ആവേശത്തോടെ പങ്കെടുത്തു. വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന്‍റെ ഔദ്യോഗിക പ്രാര്‍ത്ഥനയെ തുടര്‍ന്ന് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പഠനങ്ങള്‍ പരിശോധിശേഷം തന്‍റെ അപ്പോസ്തോലിക ആധികാരത്തില്‍ രണ്ടു കൊളംബിയന്‍ രക്ഷക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചു. കതാമാ മൈതാനം നിറഞ്ഞുനിന്ന വിശ്വാസികള്‍ ആത്മനിര്‍വൃതിയോടെ ദൈവത്തെ സ്തുതിച്ചു പാടി.

വാഴ്ത്തപ്പെട്ടവരുടെ ഛായാചിത്രങ്ങള്‍ വേദിയില്‍ അനാച്ഛാദനംചെയ്യപ്പെട്ടു  ജനങ്ങള്‍ ഗ്ലോരിയഗീതം ആലപിച്ചു.








All the contents on this site are copyrighted ©.