സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

പരസ്പരം തെറ്റുതിരുത്താം കൂട്ടായ്മ വളര്‍ത്താം

ദൈവത്തോടും സഹോദരങ്ങളോടും - അനുരഞ്ജിതരാകാം - AP

10/09/2017 14:16

ആണ്ടുവട്ടം 23-Ɔ൦ വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍ :

ക്ഷമിക്കാം തെറ്റുതിരുത്താം    സാഹോദര്യത്തിലുള്ള തെറ്റുതിരുത്തിലിനെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷഭാഗം പ്രതിപാദിക്കുന്നത്. തെറ്റുചെയ്യുന്നവനെ തിരുത്തുന്നത് ഒരു സഹോദരദൗത്യമാണ്, ഉത്തരവാദിത്ത്വമാണ്. അത് ക്രൈസ്തജീവിതത്തിന്‍റെ ശൈലിയുമാണ്. സഹോദരന് വീഴ്ചയുണ്ടാമ്പോള്‍ അതു നമ്മെയും വേദനിപ്പിക്കുന്നു. സാഹോദര്യത്തിലും ഉപവിയിലും അവനെ തിരുത്താന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്. ആദ്യം വ്യക്തിപരമായി അവനോട് ക്ഷമയോടെ സംസാരിക്കണം. ചെയ്ത-തെറ്റ് മനസ്സിലാക്കിക്കൊടുക്കാന്‍ പരിശ്രമിക്കണം. ഇന്നത്തെ ആദ്യവായനയില്‍ എസേക്കിയേല്‍ പ്രവാചകന്‍ പറയുന്നത്, “ദുഷ്ടരെ ദുര്‍വൃത്തിയില്‍നിന്ന് പിന്തിരിപ്പിക്കാത്തവന്‍ ദുര്‍വൃത്തിയില്‍ മുങ്ങിമരിക്കുമെന്നാണ്” (എസേക്കി. 33, 9).

തെറ്റു തിരുത്താന്‍ സഹോദരന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, ക്രിസ്തു പഠിപ്പിക്കുന്ന അടുത്ത പടി, ഒന്നോ രണ്ടോപേരെ കൂട്ടിക്കൊണ്ടുവന്ന് അവനോടു സംസാരിക്കുക. മാദ്ധ്യസ്ഥ്യം പറയുക! എന്നിട്ടും ശരിപ്പെടുന്നില്ലെങ്കില്‍ മൂന്നാമത്തെ നടപടിയായി സമൂഹത്തെ അറിയിക്കുക. ഈ ക്രമങ്ങള്‍ വ്യക്തമാക്കുന്നത് സഹോദരങ്ങളെ സഹായിക്കുന്നതിലും, അവരുടെ തെറ്റുതിരുത്തുന്നതിലും നാം എത്രത്തോളം ദത്തശ്രദ്ധരായിരിക്കണം എന്നാണ്. ഒരുവന്‍ നമുക്ക് നഷ്ടമായിപ്പോകരുത് എന്ന ലക്ഷൃത്തോടെയാണ് ഇതെല്ലാം ചെയ്യേണ്ടത്. അങ്ങനെ കൂട്ടായ്മയും സമാധാനവും കുടുംബത്തിലും സമൂഹത്തിലും നിലനിര്‍ത്തുകയാണ് ഈ സാഹോദര്യ-തിരുത്തലിന്‍റെ ലക്ഷ്യം. സഹോദരന്‍റെ തെറ്റുകള്‍ കൊട്ടിഘോഷിച്ച്, അത് വാര്‍ത്തയാക്കുക, പറഞ്ഞുപരത്തുക, ഉദ്വോഗജനകമാക്കുക എന്നതായിരിക്കരുത് ലക്ഷൃം. മറിച്ച് മാന്യത, വിവേകം, എളിമ, ജാഗ്രത എന്നിവയോടെ തെറ്റുകാരനായ സഹോദരനെ സമീപിക്കാനും സഹായിക്കുവാനും തിരുത്തുവാനും, അങ്ങനെ കുടുംബത്തിലും സമൂഹത്തിലും സമാധാനം വളര്‍ത്താനുമാണ് പരിശ്രമിക്കേണ്ടത്.

തിന്മയുടെ സാമൂഹികമാനം   അന്യായമായൊരു വിമര്‍ശനം സഹോദരന് എതിരെ ഞാന്‍ അഴിച്ചുവിടുമ്പോള്‍, അത് അവനെ നശിപ്പിക്കുകയാണ്. അത് തേജോവധം ചെയ്യുന്നതാണ്. അവനോട് ആദ്യംതന്നെ സ്വകാര്യമായി സംസാരിക്കണമെന്ന് ക്രിസ്തു ആവശ്യപ്പെട്ടത്. വ്യക്തിപരമായ തിരുത്തലുകള്‍ ‍പരാജയപ്പെടുമ്പോള്‍ മാത്രമാണ്, സാക്ഷികളുടെയും സമൂഹത്തിന്‍റെയും സാന്നിദ്ധ്യത്തിലുള്ള ചര്‍ച്ച നടത്തേണ്ടത്. തെറ്റ് വ്യക്തിപരമാണെങ്കിലും, അതിന് സാമൂഹീകമാനമുണ്ട്. വ്യക്തിയുടെ മോശമായ സംസാരം സമൂഹത്തിലും കുടുംബത്തിലും നിഷേധാത്മകമായ ചലനങ്ങള്‍ ഉണ്ടാക്കും, സംശയമില്ല.

സാഹോദര്യത്തിലെ ദൈവികസാന്നിദ്ധ്യം   തെറ്റുതിരുത്താന്‍ പൊതുവെ എല്ലാവര്‍ക്കും ഇഷ്ടക്കുറവാണ്. എന്തിന് തെറ്റും കള്ളത്തരവും അംഗീകരിക്കാത്ത കാലഘട്ടം. തെറ്റു തിരുത്താനും, സമൂഹത്തിലോ സഭയിലോ നവീനതയോ, നവോത്ഥാരണമോ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരെ മാറ്റാനും, ഇല്ലായ്മചെയ്യാനുമുള്ള   പ്രവണതയാണ് പൊതുവെ കാണുന്നത്. തെറ്റു ചൂണ്ടിക്കാട്ടിയാല്‍ പ്രശ്നമായി. തെറ്റ് അംഗീകരിക്കില്ലെന്നു മാത്രമല്ല. അതു ചൂണ്ടിക്കാട്ടിയയവനെ തരിച്ചടിക്കാനാണ് അടുത്ത നീക്കം. തെറ്റുതിരുത്താന്‍ തുറവും, ഉള്‍ക്കൊള്ളാന്‍ എളിമയും ക്ഷമയുമുള്ളവര്‍ സമൂഹത്തില്‍ നന്മയുടെ പ്രയോക്താക്കളായിരിക്കും. അവര്‍ വളരും, നന്മചെയ്യും.

ക്രിസ്തു പഠിപ്പിക്കുന്ന തെറ്റുതിരുത്തലിന്‍റെ അടിസ്ഥാന ലക്ഷ്യം കൂട്ടായ്മയാണ്. “നിങ്ങള്‍ നന്മയിലേയ്ക്കും സാഹോദര്യത്തിലേയ്ക്കും തിരിഞ്ഞാല്‍.. ഭൂമിയില്‍ കെട്ടുന്നത് സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടും... ഇവിടെ അഴിക്കുന്നത് സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടും..” അതിനാല്‍  ഈ കൂട്ടായ്മ സ്വര്‍ഗ്ഗീയമാണ്, ദൈവമാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. കാരണം, എവിടെ സ്നേഹവും സാഹോദര്യവുമുണ്ടോ അവിടെ ദൈവമുണ്ട്. ദൈവികതയില്‍ ഐക്യവും കൂട്ടായ്മയും നിലനില്‍ക്കും. “എന്‍റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നവരുടെമദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും.” (മത്തായി 18, 19-20).

യുക്തിക്കിണങ്ങാത്ത സുവിശേഷകാരുണ്യം   തെറ്റ് തിരുത്തേണ്ട വിധത്തെക്കുറിച്ച് ക്രിസ്തു നമ്മെ പഠിപ്പിക്കുന്ന വചനഭാഗം ലോകത്തിന്‍റെ യുക്തിക്ക് ഇണങ്ങാത്ത സുവിശേഷ കാരുണ്യമാണ്. ശത്രുവിനെ സ്നേഹിക്കുന്നതും, നന്മചെയ്യുന്നതും, ആശീര്‍വ്വദിക്കുന്നതും, പ്രാര്‍ത്ഥിക്കുന്നതും, അന്യോന്യം സഹകരിക്കുന്നതുമായ സ്വപരിത്യാഗത്തിന്‍റെ മൗലികമായ യുക്തിയാണ് ക്രിസ്തു പഠിപ്പിക്കുന്നത്. സര്‍വ്വോപരി, ശത്രുസ്നേഹത്തിന്‍റെയും ക്ഷമയുടെയും ക്രിസ്തു മാര്‍ഗ്ഗത്തിന് ആധാരം ദൈവിക കാരുണ്യമാണ്. അത് ലോകത്തിന്‍റെ യുക്തിക്ക് ഇണങ്ങാത്തതാണ്. അതിരുകളില്ലാതെ സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ശൈലിയാണിത്. ഇത് സുവിശേഷരീതിയും, ക്രിസ്തു ശൈലിയുമാണ്! ഇതുതന്നെയാണ് സുവിശേഷത്തിന്‍റെ നവീനതയും മൗലികവീക്ഷണവും. ഇതാണ് ക്രൈസ്തവജീവിതത്തിന്‍റെ വെല്ലുവിളി, ക്രൈസ്തവജീവിതത്തിന്‍റെ എളുപ്പമല്ലാത്ത വെല്ലുവിളി!. അതിനാല്‍ ക്രൈസ്തവനായിരിക്കുകയെന്നതും അത്ര എളുപ്പമല്ല! അത് നമ്മുടെ കരുത്തോ കഴിവോ അല്ല, മറിച്ച് ദൈവകൃപയാണ്.

ക്രിസ്തു സ്വീകരിച്ച നിലപാട് കാരുണ്യത്തിന്‍റേതാണ്, മറിച്ച് ന്യായവിധിയുടെതോ, കാര്‍ക്കശ്യത്തിന്‍റേതോ മാനുഷിക യുക്തിയുടേതോ അല്ല. ക്ഷമിക്കാന്‍ കഴിവുള്ളത് മനുഷ്യര്‍ക്കാണ്. ക്ഷമിക്കാന്‍ കഴിവില്ലാത്തതും മനുഷ്യര്‍ക്കു തന്നെയാണ്! എന്നാല്‍ ക്രിസ്തുശിഷ്യര്‍ക്ക് അതു കഴിയേണ്ടതാണ്! അനുദിനം ഉരുവിടുന്ന “സ്വര്‍ഗ്ഗസ്ഥനായ  പിതാവേ,” എന്ന പ്രാര്‍ത്ഥനയിലെ, “ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ...” എന്ന പ്രയോഗത്തോട് യുക്തിഭദ്രമായും, ആത്മീയ അവബോധത്തോടുംകൂടെ ജീവിക്കാന്‍ നമുക്ക് സാധിക്കണം, നാം അതിന് അനുദിനം പരിശ്രമിക്കണം.

ക്ഷമിക്കുന്ന സ്നേഹം ദൈവികഭാവം     ജീവിതത്തില്‍ നമുക്കു ലഭിക്കുന്ന ദുഃഖാനുഭവങ്ങള്‍ നമ്മുടെ നിലപാടുകളെ നിഷേധാത്മകമാക്കരുത്, വിപരീതാത്മകമാക്കാന്‍ ഇടയാകരുത്. നമുക്ക ലഭിച്ചിട്ടുള്ള പീഠനത്തിന്‍റെയും ശത്രുതയുടെയും സമാനമായ അനുഭവങ്ങള്‍ മറ്റുള്ളവരുടെമേല്‍ നാം അടിച്ചേല്പിക്കരുത്. ഇത് ക്രിസ്തു പകര്‍ന്നുനല്കുന്ന ശത്രുസ്നേഹമാണ്. ശത്രുവിനെ സ്നേഹിക്കുന്ന, സഹോദരനോട് അളവില്ലാതെ ക്ഷമിക്കുന്ന, പകരംവീട്ടാത്ത സ്നേഹശാഠ്യം, ഒരു മുത്തശ്ശിക്കഥയായി തോന്നാമെങ്കിലും, ഇത് ക്രിസ്തീയ മൂല്യമാണ്. സുവിശേഷമൂല്യമാണ്. ജീവിതത്തിന്‍റെ മുറിപ്പാടുകളെ സൗഖ്യപ്പെടുത്താനുള്ള ഏറ്റവും നല്ല മാധ്യമം സാഹോദര്യത്തിലുള്ള തെറ്റുതിരുത്തിലിന്‍റെയും, ക്ഷമിക്കുന്ന സ്നേഹത്തിന്‍റെയും ശൈലിയാണ്. ക്ഷമിക്കുന്ന സ്നേഹം ദൈവികദാനവും ദൈവികഭാവവുമാണ്.

മറ്റൊരാളുടെ ശകാരമോ, നല്ലവാക്കോ ഒന്നും ഇന്നത്തെ ലോകത്ത് ആരെയും സൗഖ്യപ്പെടുത്തണമെന്നില്ല. നിസ്സംഗത ലോകത്തിന്‍റെ മുഖമുദ്രയായിട്ടുണ്ട്. എന്നാല്‍ നമ്മുടെ മുറിപ്പാടുകളെ സുഖപ്പെടുത്താന്‍ ക്രിസ്തുവിന് സാധിക്കും. ക്രിസ്തുപഠിപ്പിക്കുന്ന ക്ഷമയുള്ള സ്നേഹത്തിനു സാധിക്കും. കാരണം മനുഷ്യന്‍ കടന്നു പോകേണ്ടിയിരിക്കുന്ന എല്ലാ ദുരന്താനുഭവങ്ങളുടെയും ആഴം ക്രിസ്തു കണ്ടുകഴിഞ്ഞു. അതിനാല്‍ അവിടുത്തേയ്ക്കു നമ്മുടെ മുറിവുകളെ സുഖപ്പെടുത്താനാകും. ആണിപ്പാടുകളുടെ പഞ്ചക്ഷതമുള്ള അവിടുത്തെയ്ക്ക് മനുഷ്യന്‍റെ മുറിവുണക്കാനാകും. ക്ഷമയുടെയും ശത്രുസ്നേഹത്തിന്‍റെയും പാഠം തന്നെയാണ് അതിനുള്ള മാര്‍ഗ്ഗം – ക്ഷമിക്കുക, പരസ്പരം തിരുത്തുക. അന്യോന്യം സഹായിക്കുക!

സകലരെയും ഉള്‍ക്കൊള്ളുന്ന  വിരുന്നു മേശ     ദൈവത്തിന്‍റെ മുന്‍പില്‍ നാം ബലഹീനരും, മാപ്പിരക്കുന്ന പാപികളാണ്. ഞാന്‍ ആരുമല്ല  നി‍ന്‍റെ മുന്നില്‍ എന്‍റെ ദൈവമേ! അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്, നാം ആരെയും വിധിക്കരുത്. മറിച്ച്, സാഹോദര്യത്തില്‍ തെറ്റുകള്‍ ക്ഷമിച്ചും തിരുത്തിയും കൂട്ടായ്മയില്‍ ജീവിക്കാന്‍ പരിശ്രമിക്കാം. സഹോദരന്‍റെ ബലഹീനത തിരിച്ചറിയുന്നതിനു മുന്‍പേ, എന്നിലും കുറവുകളുണ്ട് എന്ന അവബോധം ഉണ്ടായിരിക്കണം. ബലഹീനതകള്‍ മനസ്സിലാക്കിത്തരുന്നതും നമ്മെ അനുതാപത്തിലേയ്ക്കും അനുരഞ്ജനത്തിലേയ്ക്കും ക്ഷണിക്കുന്നതും പരിശുദ്ധാത്മാവാണ്. നാല്ക്കവലയില്‍നിന്നും ദുഷ്ടരെയും ശിഷ്ടരെയും ഒരുപോലെ വിരുന്നുമേശയിലേയ്ക്ക് ക്ഷണിക്കുന്ന സുവിശേഷത്തിലെ ആതിഥേയന്‍, ക്രിസ്തുവിനെയാണ് നാം എന്നും ഓര്‍ക്കേണ്ടത്, മാതൃകയാക്കേണ്ടത്.

പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ “ദൈവകല്പനയും നമ്മുടെ കടമയുമാണ്  പരസ്പരം സ്നേഹിക്കുകയെന്നത്. എന്തെന്നാല്‍ നിയമം സ്നേഹത്തിന്‍റെ പൂര്‍ത്തീകരണമാണ്” (റോമാ. 13, 10). ദൈവത്തിന്‍റെ കാരുണ്യ സമൃദ്ധിയാണ് ഇവിടെ കാണേണ്ടത്! ഈ ദൈവികകാരുണ്യം അനുദിന ജീവിതത്തില്‍ സഹോദരങ്ങളോടു പങ്കുവച്ചു ജീവിക്കാം. സകലരെയും ഉള്‍ക്കൊള്ളാനും, എല്ലാമനുഷ്യരെയും സോദരത്വേന കാണുവാനും, തെറ്റുക്ഷിമിക്കാനും കുറവുകള്‍ ഉള്‍ക്കൊള്ളാനുമുള്ള പ്രകാശം ദൈവമേ, ഞങ്ങള്‍ക്കു  തരണേ, എന്നും പ്രാ‍ര്‍ത്ഥിക്കാം, അതിനായി പരിശ്രമിക്കാം! 


(William Nellikkal)

10/09/2017 14:16