സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ദൈവം അറിയാത്ത വംശങ്ങളും ജാതികളുമുണ്ടോ? പാപ്പായുടെ ചോദ്യം

കൊളംബിയന്‍ ഗോത്രവംശജര്‍ക്കൊപ്പം - വിലാവിചേന്‍സിയോയിലെ ദിവ്യബലിക്കുശേഷം - REUTERS

10/09/2017 11:01

കൊളംബിയയിലെ വിലാവിചേന്‍സിയ നഗരം, സെപ്തംബര്‍ 8.

പാപ്പാ ഫ്രാന്‍സിസിന്‍റെ കൊളംബിയയിലെ മൂന്നാം ദിവസം തലസ്ഥാനത്തുനിന്നും 100 കി. അകലെയുള്ള വിലാവിചേന്‍സിയോ നഗരത്തിലായിരുന്നു. നഗരത്തിന്‍റെ പ്രാന്തത്തിലുള്ള ഉദ്യാന മൈതാനമാണ് കതാമാ. അവിടെയായിരുന്ന സെപ്തംബര്‍ 8 ബുധനാഴ്ച ദൈവമാതാവിന്‍റെ ജനനത്തിരുനാളില്‍ ഏകദേശം 10 ലക്ഷം വിശ്വാസികള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിച്ചത്.

വിശുദ്ധ മത്തായിയുടെ സുവിശേഷഭാഗത്തെ (1, 1-16..18-23) ആധാരമാക്കി പാപ്പാ വചനപ്രഭാഷണം നടത്തി :

എല്ലാജാതികളെയും വംശങ്ങളെയും ദൈവം അംഗീകരിക്കുന്നു.   
ഓ! കന്യാകാനാഥേ, ദൈവമാതാവേ, അങ്ങേ ജനനം, മനുഷ്യകുലത്തിന്‍റെ ജീവിതചക്രവാളത്തിലെ നവോദയമായിരുന്നു അങ്ങ്. അങ്ങില്‍നിന്നുമാണ് നീതിസൂര്യനായ ക്രിസ്തു ഉദിച്ചുയര്‍ന്നത്.  ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹം ഞങ്ങള്‍ അറിയാന്‍ ഇടയായത് അമ്മയിലൂടെയാണ്.  ക്രിസ്തുവിന്‍റെ വംശാവലിയുടെ സുവിശേഷഭാഗം വെറും പേരുകളുടെ പട്ടികയല്ല,  അത് രക്ഷണീയ ചരിത്രമാണ്. ജീവിക്കുന്ന ചരിത്രമാണ്. ദൈവം മനുഷ്യരോടൊത്തു വസിക്കുകയും ചരിക്കുകയുംചെയ്ത ജീവചരിത്രമാണത്. രക്ഷണപദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് കാലത്തികവില്‍ കടന്നുവന്ന വിവിധ വംശാവലികളിലൂടെയാണ്. അതില്‍ സമൂഹത്തിലും നമ്മുടെ ലോകത്തും എല്ലാത്തരക്കാരുമുണ്ട്, ഇവിടെ നന്മയും തിന്മയുമുണ്ട്. വംശീയതയുടെ പേരില്‍ ഇന്നു നാം കലഹിക്കുകയും യുദ്ധംചെയ്യുകയുംചെയ്യുമ്പോള്‍ എല്ലാവംശങ്ങളെയും ജാതികളെയും ദൈവം അംഗീകരിക്കുകയും അറിയുകയും ചെയ്യുന്നുണ്ട് എന്നോര്‍ക്കണം. ദൈവം എല്ലാറ്റിനെയും അംഗീകരിച്ചു വിശുദ്ധീകരിക്കുന്നു. ആരെയും ദൈവം തള്ളിക്കളയുന്നില്ല.

മാതൃയായി നസ്രത്തിലെ ജോസഫും മേരിയും    
നസ്രത്തിലെ തിരുക്കുടുംബം നമുക്ക് കൂട്ടായ്മയുടെ മാതൃകയാണ്.
നീതിയുള്ള ജോസഫും വിനീതയും സമര്‍പ്പിതയുമായ മറിയവും ദൈവികപദ്ധതികള്‍ ഭൂമിയില്‍ ചുരുളഴിയിച്ചവരാണ്. സ്ത്രീകളും കുഞ്ഞുങ്ങളും പീഡിപ്പിക്കപ്പെടുന്ന കാലത്ത് തെറ്റിദ്ധരിക്കപ്പെട്ട ഒരു സ്ത്രീയെ ആദരിക്കുകയും അംഗീകരിക്കുകയുംചെയ്ത നീതിമാനായ ജോസഫിനെ നമുക്ക് മാതൃകയാക്കാവുന്നതാണ്.  കൊളംബിയന്‍ ജനതയ്ക്കും ഒരു വംശാവലിയുണ്ട്. ആകയാല്‍, അനുരഞ്ജനത്തിന്‍റെ ഈ ചരിത്രസന്ധയില്‍ നിങ്ങളില്‍ നിരവധി സ്ത്രീ പുരുഷന്മാര്‍, മറിയത്തെയും ജോസഫിനെയുംപോലെ പകയും വൈരാഗ്യവും കൈവെടിഞ്ഞ് കാരുണ്യത്തിനും നീതിക്കും സമാധാനത്തിനുമുള്ള തുറവു കാണിച്ചിട്ടുണ്ട്. നമ്മുടെ വികാരതീവ്രതയും അഹങ്കാരവും മാറ്റിവച്ച് നമുക്ക് അനുരഞ്ജിതരാകാം.

അനുരഞ്ജനം ഒരു  തുറന്നിട്ട വാതില്‍ 
സത്യത്തോടു നാം തുറവു കാണിച്ചാല്‍ ദൈവം നമ്മില്‍ നന്മ വര്‍ഷിക്കും. നമ്മെ സമാധാന പൂര്‍ണ്ണരാക്കും. നമ്മുടെ പാപത്തിന്‍റെയും അതിക്രമത്തിന്‍റെയും പരിത്യക്തതയുടെയും ചരിത്രത്തെ സുവിശേഷവെളിച്ചത്താല്‍ നിറയ്ക്കാം, നവീകരിക്കാം. അനുരഞ്ജനം അമൂര്‍ത്തമോ അയാഥാര്‍ത്ഥ്യമോ ആയ വാക്കല്ല. അതൊരു വാതില്‍ തുറക്കലാണ്. സംഘട്ടനങ്ങളുടെ ദാരുണ യാഥാര്‍ത്ഥ്യങ്ങളെ നേരിട്ടിട്ടുള്ളവര്‍ക്കും മുറിപ്പെട്ടവര്‍ക്കുമായി വാതില്‍ തുറന്നുകൊടുക്കുന്നതാണ് അനുരഞ്ജനം. പ്രതികാരത്തിന്‍റെ പ്രലോഭനത്തെ മറികടന്ന് വിശ്വാസനീയമാം വിധം സമാധാനത്തിന്‍റെ മാര്‍ഗ്ഗത്തിലെ യാത്രികരാകാം നമുക്ക്. കാത്തിരിക്കാതെ അനുരഞ്ജനത്തിനുള്ള ആദ്യ ചുവടുവയ്പ് നമുക്ക് ഓരോരുത്തര്‍ക്കും എടുക്കാം.

അനുരഞ്ജനം ഭാവിയുടെ നിര്‍മ്മിതി 
ഇവിടെ വ്യത്യാസങ്ങളും സംഘട്ടനങ്ങളും മുറിവുകളും ഒളിച്ചുവയ്ക്കുകയോ ന്യായീകരിക്കുകയോ അല്ല. അനീതിയെ ​അംഗീകരിക്കുകയുമല്ല. സ്വാര്‍ത്ഥതയും അനീതിയും ഉപേക്ഷിച്ച് സഹോദരങ്ങളെ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സാഹോദര്യത്തിന്‍റെ സംഗമവേദി ഒരുക്കുകയാണിവിടെ. സമൂഹീകമൂല്യങ്ങളില്‍ അടിയുറച്ച വ്യക്തികള്‍ പരസ്പരമുള്ള ആദരവോടും തുറവോടും, ഔദാര്യത്തോടുംകൂടെ മാന്യവും കെട്ടുറപ്പുള്ളതുമായ സഹവര്‍ത്തിത്വത്തിനായി പരിശ്രമിക്കണം. അങ്ങനെ എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് അനുരഞ്ജനം. അത് ഭാവിയുടെ നിര്‍മ്മിതിയാണ്. അത് ജീവിതത്തില്‍ പ്രത്യാശ വളര്‍ത്തുന്നതാണ്. അനുരഞ്ജനത്തിന്‍റെ വഴികളില്ലെങ്കില്‍ സമാധനശ്രമങ്ങള്‍ പരാജയപ്പെടും. ആകയാല്‍ അനുരഞ്ജിതരാകാം,  സമാധാനം കൈവരിക്കാം!

സമാധാനരാജ്ഞിയും മാനവികതയുടെ നവരൂപവുമായ കന്യകാനാഥ നമ്മെ അനുഗ്രഹിക്കട്ടെ!


(William Nellikkal)

10/09/2017 11:01