2017-09-10 08:58:00

കൊളംബിയ അപ്പസ്തോലികയാത്രയിലെ അനുരഞ്ജനത്തിന്‍റെ മൂന്നാംദിനം


മൂന്നാം ദിവസത്തെ റിപ്പോര്‍ട്ടും ശബ്ദരേഖയും താഴെ ചേര്‍ക്കുന്നു:

1. ബഗോട്ടയില്‍നിന്നും വിലാവിചേന്‍സിയോയിലേയ്ക്ക്

തലസ്ഥാനനഗരമായ ബഗോട്ടയില്‍നിന്നും ഏകദേശം 100 കി.മീ. അകലെയുള്ള വിലാവിചേന്‍സിയോ നഗരത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ വെള്ളിയാഴ്ചത്തെ പരിപാടികള്‍. ആമസോണ്‍ ഭൂപ്രദേശത്തെ അതിമനോഹരമായ നഗരങ്ങളിലൊന്നാണ് വിലാവിചേന്‍സിയോ. കൊളംബിയായുടെ നീണ്ടഅഭ്യന്തര കലാപത്തില്‍ ഏറ്റവും അധികംപേര്‍ കൊല്ലപ്പെട്ട നഗരവും ഇതുതന്നെ. വിശ്രമസ്ഥാനമായ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും പുറപ്പെട്ട്,   നഗരമദ്ധ്യത്തിലെ മിലട്ടറി വിമാനത്താവളത്തില്‍നിന്നം വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 7.30-ന് കൊളംബിയയുടെ അവിയാംഗാ എ321 വിമാനത്തില്‍ വിലാവിചേന്‍സിയോ നഗരം ലക്ഷ്യമാക്കി പറന്നുയര്‍ന്നു.  പച്ചപുതച്ച വിലാവിചെന്‍സിയോ നഗരത്തില്‍ പാപ്പാ രാവിലെ 8.30-ന് വിമാനമിറങ്ങിയപ്പോള്‍  നഗരാധിപനും മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ഓസ്കര്‍ ഒര്‍ത്തേഗായും ചേര്‍ന്ന് പാപ്പായെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. നഗരത്തിലെ മറ്റു പ്രമുഖരും ധാരാളം ജനങ്ങളും പാപ്പായെ സ്വീകരിക്കാനുണ്ടായിരുന്നു.

താമസിയാതെ  10-കിമി. അകലെയുള്ള കതാമാ മൈതാനിയിലേയ്ക്ക് പാപ്പാ കാറില്‍ സമൂഹബലിയര്‍പ്പണത്തിനായി പുറപ്പെട്ടു. ഉദ്യാന മൈതാനമാണ് കതാമാ... ഏകദേശം 10 ലക്ഷം വിശ്വാസികളാണ് അവിടെ പാപ്പായുടെ ദിവ്യബലിക്ക് കതാമാ, ആമസോണ് താഴ്വാര മൈതാനിയില്‍ എത്തിയത്. തെക്കെ അമേരിക്കയുടെ ആത്മീയപുത്രരും രക്തസാക്ഷികളുമായ ധന്യരായ മെത്രാന്‍ എമീലീയോ യാരമീലോ, വൈദികന്‍ പെദ്രോ റമീരെസ് റാമോസ് എന്നിവരുടെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനവും വിലാവിചേന്‍സിയോയിലെ ദിവ്യബലിയോടു ചേര്‍ന്നുള്ള ശ്രദ്ധേയമായ പരിപാടിയാണ്. 

2. ദിവ്യബലിക്കായി കതാമാ മൈതാനിയിലെ ദിവ്യബലിയും വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനവും     കതാമാ മൈതാനിയില്‍ എത്തിയ പാപ്പാ പിന്നെ തുറന്ന പേപ്പല്‍ വാഹനത്തിലാണ് സഞ്ചരിച്ചത്. ഹര്‍ഷാരവത്തോടെ പാപ്പായെ ജനങ്ങള്‍ വരവേറ്റു. പേപ്പല്‍ വാഹനത്തില്‍ എഴുന്നേറ്റുനിന്നുകൊണ്ട് ഇരുഭാഗത്തുമുള്ള വിശ്വാസികളെ ആശീര്‍വ്വദിച്ചും അഭിവാദ്യംചെയ്തുകൊണ്ടും പാപ്പാ ബലിവേദിയിലേയ്ക്ക് നീങ്ങി. ഇടയ്ക്ക് നിറുത്തി കുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കാനും രോഗികളെ സമാശ്വസിപ്പിക്കാനും പാപ്പാ സമയംകണ്ടെത്തി. 9.30-ന് പാപ്പാ ബലിവേദിയിലെത്തിച്ചേര്‍ന്നു.

സെപ്തംബര്‍ 8, ദൈവമാതാവിന്‍റെ ജനനത്തിരുനാള്‍ അനുസ്മരിച്ചുകൊണ്ട് വെളുത്തി പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ് 300-ല്‍ അധികം സഹകാര്‍മ്മികര്‍ വിലാവിചെന്‍സിയോയുടെ മെത്രാപ്പീലീത്ത, ആര്‍ച്ചുബിഷപ്പ് ഓസ്കര്‍ ഓര്‍ത്തേഗയാല്‍ ആനീതനായി പാപ്പായ്ക്കൊപ്പം മനോഹരമായി അലങ്കരിച്ച ബലിവേദിയിലേയ്ക്കു നീങ്ങി. ഗായകസംഘം പ്രവേശനഗാനം ആലപിച്ചു. അനുതാപശുശ്രൂഷ ജനപങ്കാളിത്തമുള്ള മനോഹരമായ സംഗീതരൂപമായിരുന്നു.  പ്രാരംഭകര്‍മ്മത്തെ തുടര്‍ന്ന് വാഴ്ത്തപ്പെട്ടപദപ്രഖ്യാപനമായിരുന്നു.

3. രണ്ടു കൊളംബിയന്‍ രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക്      കൊളംബിയയുടെ രക്തസാക്ഷികളായ രണ്ടു ധന്യാത്മാക്കളെ -  മെത്രാന്‍ എമീലീയോ യാരമീലോയുടെയും,  വൈദികന്‍ പെദ്രോ റമീരെസ് റാമോസിന്‍റെയും ജീവചരിത്രം ഹ്രസ്വമായി പരായണംചെയ്യപ്പെട്ടു. 

ധന്യനായ രക്തസാക്ഷി ബിഷപ്പ് എമീലീയോ യാരമീലോ 1916-1989.  കൊളംബിയയിലെ സാന്‍ ദൊമീങ്കോയില്‍ 1916-ല്‍ ജനിച്ചു. സവേറിയന്‍ മിഷണറി സഭയില്‍ പഠിച്ച് 1940-ല്‍ പൗരോഹിത്യം സ്വീകരിച്ചു. നീണ്ടകാല വൈദികവിദ്യാര്‍ത്ഥികളുടെ അദ്ധ്യാപനവും അജപാലന ശുശ്രൂഷയു കഴിഞ്ഞ് 1970-ല്‍ അരൗകായുടെ വികാരി അപ്പസ്തോലിക്കായി നിയമിതനായി. രാജ്യത്തെ അഭ്യന്തരകലാപത്തിന്‍റെ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ദേശീയ സ്വാതന്ത്ര്യ സേനയെന്ന വിമതസഖ്യത്തെ അദ്ദേഹം ആശയപരമായി എതിര്‍ത്തിരുന്നു. ഒപ്പം സമൂഹത്തില്‍ തലപൊക്കിയ മയക്കുമരുന്നു സംഘങ്ങളെയും. നീതിനിഷ്ഠനായ വചനപ്രഘോഷകനായിരുന്ന ബിഷപ്പ് യാരമീലോ 1989-ല്‍ വിമതപക്ഷത്താല്‍ ബന്ധിയാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഒക്ടോബര്‍ 2-ന് കൊല്ലപ്പെടുകയുംചെയ്തു.

ധന്യനായ രക്തസാക്ഷി വൈദികന്‍ പെദ്രോ റമീരെസ് റാമോസ് 1899-1949.    കൊളംബിയിയിലെ ലാ പ്ലാത്തയില്‍ ജനിച്ചു. 1939-ല്‍ അഭ്യാന്തര വിപ്ലവം പൊട്ടിപ്പുറപ്പെട്ട കാലഘട്ടത്തിലാണ് സെമിനരിയില്‍ ചേര്‍ന്നത്. 1940-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1946-ല്‍ അര്‍മേരോയിലെ വികാരിയായി. രാഷ്ട്രീയ കലാപത്തില്‍ പൊന്തിവന്ന മതപീഠനമാണ് ഫാദര്‍ റാമോസിന്‍റെ കൊലപാതകത്തിന് കാരണമായത്. രക്ഷപ്പെടാമായിരുന്നെങ്കിലും തന്‍റെ അജഗണങ്ങളുടെകൂടെ ആയിരിക്കാനും ക്രിസ്തുവിനുവേണ്ടി വിശ്വാസത്തെപ്രതി രക്തംചിന്തുവാനും അദ്ദേഹം തയ്യാറായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ഒസ്യത്ത് തെളിയിക്കുന്നു. അര്‍മേരോയിലെ ഇടവകപ്പള്ളിയില്‍വച്ച് 1949 ഏപ്രില്‍ 10-ന് മതവൈരികള്‍ ഫാദര്‍ റോമോസിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി.

വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന്‍റെ ഔദ്യോഗിക പ്രാര്‍ത്ഥനയെ തുടര്‍ന്ന് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പഠനങ്ങള്‍ പരിശോധിശേഷം തന്‍റെ അപ്പോസ്തോലിക ആധികാരത്തില്‍ രണ്ടു തെക്കെ അമേരിക്കന്‍ രക്ഷക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചപ്പോള്‍ കതാമാ മൈതാനം നിറഞ്ഞുനിന്ന പത്തുലക്ഷത്തോളം വിശ്വാസികള്‍ ആത്മനിര്‍വൃതിയോടെ ദൈവത്തെ സ്തുതിച്ചു പാടി.  വാഴ്ത്തപ്പെട്ടവരുടെ ഛായാചിത്രങ്ങള്‍ വേദിയില്‍ അനാച്ഛാദനംചെയ്യപ്പെട്ടു.  ജനങ്ങള്‍ ഗ്ലോരിയഗീതം ആലപിച്ചു.

4.  വചനശുശ്രൂയും പാപ്പായും ചിന്തകളും    ആമുഖപ്രാര്‍ത്ഥയെ തുടര്‍ന്ന് വചനപാരായണമായിന്നു. സുവിശേഷം
(മത്തായി 1, 1-16..18-23)... മറിയത്തിലൂടെയുള്ള ക്രിസ്തുവിന്‍റെ വംശാവലി പ്രഘോഷിക്കപ്പെട്ടു. തുര്‍ന്ന് പാപ്പാ വചനപ്രഭാഷണം നടത്തി :

മറിയത്തിന്‍റെ ജനനം, ഓ! കന്യാകാനാഥേ, ദൈവമാതാവേ, മനുഷ്യകുലത്തിന്‍റെ ജീവിതചക്രവാളത്തിലെ നവോദയമായിരുന്നു അങ്ങ്. അങ്ങില്‍നിന്നുമാണ് നീതിസൂര്യനായ ക്രിസ്തു ഉദിച്ചുയര്‍ന്നത്.  ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹം ഞങ്ങള്‍ അറിയാന്‍ ഇടയായത് അമ്മയിലൂടെയാണ്. ക്രിസ്തുവിന്‍റെ വംശാവലിയുടെ സുവിശേഷഭാഗം വെറും പേരുകളുടെ പട്ടികയല്ല, അത് രക്ഷണീയ ചരിത്രമാണ്, ജീവിക്കുന്ന ചരിത്രമാണ്. ദൈവം മനുഷ്യരോടൊത്തു വസിക്കുകയും ചരിക്കുകയുംചെയ്ത ജീവചരിത്രമാണ്. രക്ഷണപദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് കാലത്തികവില്‍ കടന്നുവന്ന വിവിധ വംശാവലികളിലൂടെയാണ് – അതില്‍ എല്ലാത്തരക്കാരുമുണ്ട് നന്മയും തിന്മയുമുണ്ട്. ഇന്നു നാം വംശീയതയുടെ പേരില്‍ പോരാടുമ്പോള്‍ യുദ്ധംചെയ്യുമ്പോള്‍, ദൈവം എല്ലാംവംശത്തെയും ജാതിയെയും അംഗീകരിക്കുന്നു എന്നോര്‍ക്കണം. എന്നാല്‍ ദൈവം എല്ലാറ്റിനെയും അംഗീകരിച്ചു വിശുദ്ധീകരിക്കുന്നു. പുതിയ നിയമത്തില്‍ നാം മാതൃകയായി തിരുക്കുടുംബത്തെ കാണുന്നു. നീതിയുള്ള ജോസഫും വിനീതയും സമര്‍പ്പിതയുമായ മറിയവും ദൈവികപദ്ധതികള്‍ ഭൂമിയില്‍ ചുരുളഴിയിക്കുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും പീഡിപ്പിക്കപ്പെടുന്ന കാലത്ത് തെറ്റിദ്ധരിക്കപ്പെട്ട ഒരു സ്ത്രീയെ ആദരിച്ചംഗീകരിച്ച നീതിമാന്‍ ജോസഫ് മാതൃകയാണ്.

കൊളുംബിയന്‍ ജനതയ്ക്കും ഒരു വംശാവലിയുണ്ട്. ഈ ചരിത്ര സന്ധയില്‍ നിങ്ങള്‍ നിരവധി സ്ത്രീ പുരുഷന്മാര്‍, മറിയത്തെയും ജോസഫിനെയുംപോലെ, പകയും വൈരാഗ്യവും കൈവെടിഞ്ഞ് കാരുണ്യത്തിനും നീതിക്കും സമാധാനത്തിനുമുള്ള തുറവു കാണിച്ചിട്ടുണ്ട്.  നമ്മുടെ വികാരതീവ്രതയും അഹങ്കാരവും മാറിവച്ച് നമുക്ക് അനുരഞ്ജിതരാകാം. സത്യത്തോടു നാം തുറവുകാണിച്ചാല്‍ ദൈവം നമ്മില്‍ നന്മ വര്‍ഷിക്കും. നമ്മെ സമാധാനപൂര്‍ണ്ണരാക്കും. നമ്മുടെ പാപത്തിന്‍റെയും അതിക്രമത്തിന്‍റെയും പരിത്യക്തതയുടെയും ചരിത്രത്തെ സുവിശേഷവെളിച്ചത്താല്‍ നിറയക്കാം നവീകരിക്കാം.

അനുരഞ്ജനം അമൂര്‍ത്തമോ അയാഥാര്‍ത്ഥ്യമോ ആയ വാക്കല്ല. അതൊരു വാതില്‍ തുറക്കലാണ്. സംഘട്ടനങ്ങളുടെ ദാരുണ യാഥാര്‍ത്ഥ്യങ്ങളെ നേരിട്ടുള്ളവര്‍ക്കും മുറിപ്പെട്ടവര്‍ക്കുമായി വാതില്‍ തുറന്നുകൊടുക്കുന്നതാണ്. അനുരഞ്ജനം. പ്രതികാരത്തിന്‍റെ പ്രലോഭനത്തെ മറികടന്ന് വിശ്വാസനീയമാം വിധം സമാധാനത്തിന്‍റെ മാര്‍ഗ്ഗത്തിലെ യാത്രികരാകയാണ് നാം.. കാത്തിരിക്കാതെ അനുരഞ്ജനത്തിനുള്ള ആദ്യ ചുവടുവയ്പ് നമുക്ക് ഓരോരുത്തര്‍ക്കും എടുക്കാം.  ഇവിടെ വ്യത്യാസങ്ങളും സംഘട്ടനങ്ങളും മുറിവുകളും ഒളിച്ചുവയ്ക്കുകയോ, ന്യയീകരിക്കുകയോ അല്ല. അനീതിയെ ​അംഗീകരിക്കുകയുമല്ല. സ്വാര്‍ത്ഥതയും അനീതിയും ഉപേക്ഷിച്ച് സഹോദരങ്ങളെ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുന്ന സാഹോദര്യത്തിന്‍റെ സംഗമവേദി ഒരുക്കുകയാണിവിടെ. സമൂഹീകമൂല്യങ്ങളില്‍ അടിയുറച്ച വ്യക്തികള്‍ പരസ്പരമുള്ള ആദരവോടും തുറവോടും, ഔദാര്യത്തോടുംകൂടെ മാന്യവും കെട്ടുറപ്പുള്ളതുമായ സഹവര്‍ത്തിത്വത്തിനായി പരിശ്രമിക്കണം. അങ്ങനെ എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് അനുരഞ്ജനം. അത് ഭാവിയുടെ നിര്‍മ്മിതിയാണ്. അത് ജീവിതത്തില്‍ പ്രത്യാശ വളര്‍ത്തുന്നതാണ്. അനുരഞ്ജനത്തിന്‍റെ വഴികളില്ലെങ്കില്‍ സമാധനശ്രമങ്ങള്‍ പരാജയപ്പെടും. ആകയാല്‍ അനുരഞ്ജിതരാകാം, സമാധാനം കൈവരിക്കാം!  സമാധാനരാജ്ഞിയും മാനവികതയുടെ നവരൂപവുമായ കന്യകാനാഥ നമ്മെ അനുഗ്രഹിക്കട്ടെ!

5.  വിശ്വാസികളുടെ പ്രാര്‍ത്ഥനയോടെ ദിവ്യബലി തുടര്‍ന്നു.  വിവിധ തരക്കാരും വംശക്കാരുമായ കൊളംബിയന്‍ കുടുംബങ്ങളുടെ കാഴ്ചവയ്പായിരുന്നു. സ്തോത്രയാഗപ്രാര്‍ത്ഥന, ആമുഖഗീതം, സ്തോത്രയാഗ കര്‍മ്മം ദിവ്യകാരുണ്യസ്വീകരണകര്‍മ്മം എന്നിവയിലൂടെ ദിവ്യബലി സമാപനഭാഗത്ത് എത്തിച്ചേര്‍ന്നു.  

വിലാവിന്‍ചേന്‍സിയോ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷ് ഓസ്കര്‍ ഒര്‍ത്തേഗാ ദിവ്യകാരുണ്യ സ്വീകരണാനന്തരം പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു.  പാപ്പായുടെ സാന്നിദ്ധ്യത്തെ “അനുരഞ്ജനത്തിന്‍റെ പുളിമാ”വെന്നു വിശേഷിപ്പിച്ചു. പാപ്പാ പ്രത്യുത്തരിച്ചു.  കതാമയിലെ വിശ്വാസസമൂഹത്തിന് നന്ദിപറഞ്ഞു. ഒപ്പം കൊളംബിയന്‍ അഭ്യന്തര കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും അവരുടെ കുടുംബങ്ങളെയും അനുസ്മരിച്ചു. പ്രാര്‍ത്ഥനനേര്‍ന്നു. അതുപോലെ ഈര്‍മിയ ചുഴലിക്കാറ്റിന്‍റെ കെടുതിയില്‍പ്പെട്ട അമേരിക്കന്‍ ജനതയെ അനുസ്മരിക്കുകയും പ്രാര്‍ത്ഥനനേരുകയും ചെയ്തു.

ദിവ്യജനനിയുടെ ജനത്തിരുനാളിന്‍റെ ഓര്‍മ്മ ഉണര്‍ത്തിയ കതാമാ ബലിവേദി വിട്ടിറങ്ങിയ പാപ്പാ ഫ്രാന്‍സിസ് കാറില്‍ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി അടുത്തുള്ള മളോക്കാ യോര്‍പാ Maloca del Jorpo എന്ന സ്വകാര്യകേന്ദ്രത്തിലേയ്ക്കാണ് പോയത്.

6.  അനുരഞ്ജനത്തിന്‍റെ സമ്മേളനം   കൊളംബിയ സന്ദര്‍ശനത്തിന്‍റെ മൂന്നാം ദിവസം, വെള്ളിയാഴ്ചത്തെ രണ്ടാമത്തേതും എന്ന ശ്രദ്ധേയവുമായ പരിപാടിയാണ് വിലാവിചേന്‍സിയോയിലെ ‘സ്ഥാപകരുടെ പാര്‍ക്ക്’ The Founders Park എന്ന പേരില്‍ വിഖ്യാതമായ ദേശീയ പാര്‍ക്കില്‍ നടന്ന അനുരഞ്ജന സമ്മേളനം. ദേശീയ പാര്‍ക്ക് 10 ഏക്കറിലധികം വിസ്തൃതിയും ആമസോണിന്‍റെ പച്ചപ്പും പ്രകൃതിമനോഹാരിതയുമുള്ള ഉദ്യാനമാണ്. പാര്‍ക്കിന്‍റെ ഒരു ഭാഗത്ത് ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു പാപ്പായുടെ സാന്നിദ്ധ്യത്തില്‍ നടന്ന അനുരഞ്ജന പ്രാര്‍ത്ഥനാസംഗമം. 1960-മുതല്‍ കൊളംബിയന്‍ ജനതയുടെ സ്വര്യജീവിതത്തിന്‍റെ ‌തകര്‍ത്ത അഭ്യന്തരകലാപത്തിലും അതിക്രമങ്ങളിലും ഇരകളായ 6000-ല്‍ അധികം പേരുടെയും, അനുരജ്ഞനത്തിന്‍റെ പ്രയോക്താക്കളും സമാധാനവാഹകരുമായവരുടെ വന്‍സംഗമാണ് അവിടെ സംഗമിച്ചത്. അധികംപേരും സകുടുംബ സമാധനത്തിന്‍റെ പ്രതീകമായി വെള്ളയുടുത്തു വന്നതും പ്രത്യാശയുടെ പ്രതീകമായിരുന്നു.

14 കി. അകലെയായിരുന്ന Maloca del Jorpo വിശ്രമകേന്ദ്രത്തില്‍നിന്നും കാറിലാണ് പാപ്പാ ഫ്രാന്‍സിസ് പാര്‍ക്കില്‍ എത്തിയത്. മാര്‍ഗ്ഗമദ്ധ്യേയും ജനാവലി പാപ്പായെ കാത്തുനിന്ന്... അഭിവാദ്യംചെയ്തു.  Clapa and crowd… പാര്‍ക്കിന്‍റെ പ്രധാനകവാടത്തിലെത്തിയ പാപ്പാ, അകത്തേയ്ക്ക് പരിസ്ഥിതി സൗഹൃദമായ ചെറിയ ഇലക്ട്രിക് വാഹനത്തിലാണ് സഞ്ചരിച്ചത്. ആവേശത്തോടും ഏറെ പ്രത്യാശയോടും കൂടെ പഴംതലമുറക്കാരും പുതിയ തലമുറക്കാരുടെയും കൂട്ടായ്മ പാപ്പായെ വേദിയിലേയ്ക്ക് ഹാര്‍ഷാരവത്തോടെ വരവേറ്റു.

വേദിയുടെ കേന്ദ്രസ്ഥാനത്ത് ഉയര്‍ത്തപ്പെട്ടിരുന്നത് കൊളംബിയന്‍ കലാപത്തില്‍ തകര്‍ന്ന ബൊഹയ്യായിലെ കുറുത്ത കുരിശായിരുന്നു. കൈകളും കാലുകലും തകര്‍ക്കപ്പെട്ട ക്രിസ്തുവിന്‍റെ കുരിശുരൂപം സമ്മേളനത്തിന്‍റെ സ്വഭാവവും ലക്ഷ്യവും വിളിച്ചോതി. “സമാധാനവും സ്നേഹവും പ്രഘോഷിക്കാന്‍ നിങ്ങള്‍ ഇനി എന്‍റെ കൈകളും കാലുകളുമായിത്തീരണം!”   അങ്ങേ പാദങ്ങളായി ക്ഷമയും സാന്ത്വനവുമായി വേദനിക്കുന്ന സഹോദരഹങ്ങളുടെ പക്കലേയ്ക്ക് ഞങ്ങള്‍ നടന്ന് അടുക്കട്ടെ! ഞങ്ങള്‍ അങ്ങേ കരങ്ങളായി സഹോദരങ്ങളിലെ പീഡനത്തിന്‍റെ മുറിവുകള്‍ വച്ചുകെട്ടട്ടെ! മൗനമായ പ്രാര്‍ത്ഥനയും പ്രഘോഷണവുമായിരുന്നു ‘തകര്‍ന്ന കുറുത്ത കുരിശ്’! സ്ഥലത്തെ മെത്രാപ്പോളീത്ത ആര്‍ച്ചുബിഷപ്പ് ഓസ്കര്‍ ഓര്‍ത്തേഗ സമ്മേളനത്തിന് ആമുഖ പ്രാഭാഷണം നടത്തി പാപ്പായെ സ്വാഗതംചെയ്തു. പാപ്പാ ഫ്രാന്‍സിസ് മെത്രാന്മാരുടെയും പ്രസിഡന്‍റ് ജുവാന്‍ സാന്‍റോസിന്‍റെയും മറ്റു രാഷ്ട്രപ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ ആമുഖപ്രാര്‍ത്ഥനയോടെ അനുരഞ്ജനസമ്മേളനത്തിന് തുടക്കം കുറിച്ചു.

രാഷ്ട്രീയ സംഘട്ടനത്തിന് ഇരകളായ 4 പേരുടെ - പാസ്തോരാ മീരാ, ലസ് മേരി, ഡെയ്സി, ജുവാന്‍ കാര്‍ലോസ് എന്നിവര്‍ വിപ്ലവകാലത്തെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു. ക്ഷമിക്കാനും, അനുരഞ്ജിതരാകാനും നാട്ടില്‍ സമാധാനം വളര്‍ത്താനുമുള്ള ജനത്തിന്‍റെ ആഗ്രഹങ്ങള്‍ക്ക് ആവേശംപകരുന്നതായിരുന്നു അവരുടെ ജീവിതസാക്ഷ്യങ്ങള്‍. ജീവിത സാക്ഷ്യങ്ങള്‍ക്കിടയില്‍ അരങ്ങേറിയ സംഗീത-നൃത്തങ്ങളും കൊളംബിയന്‍ സംസ്ക്കാരത്തനിമ വിളിച്ചോതി.  ജീവിതാനുഭവങ്ങള്‍ ശ്രവിച്ച പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തെ അഭിസംബോധനചെയ്തു:

7. പാപ്പാ ഫ്രാന്‍സിസിന്‍റെ അനുരഞ്ജന പ്രഭാഷണം   കൊളംബിയ രാജ്യം രക്തപങ്കിലമായെങ്കിലും അനുരഞ്ജനത്തിലൂടെ വിശുദ്ധീകൃതമാവുകയാണ്. നിണഭൂമി സമാധാന ഭൂമിയാകയാണെന്ന് പ്രസ്താവിച്ചു. വേദനയിലും തകര്‍ച്ചിയിലും, കലാപത്തിലും മരണത്തിലും കൊളംബിയന്‍ മക്കളുടെകൂടെ ആയിരിക്കാന്‍ മാത്രമാണ് താന്‍ വന്നത്. പാപ്പാ പ്രസ്താവിച്ചു.  ശ്രവിച്ച ജീവിതസാക്ഷ്യങ്ങള്‍ ഹൃദയസ്പര്‍ശിയാണ്. സഹനത്തിന്‍റെ ജീവിതകഥയില്‍നിന്നും പ്രതിധ്വനിക്കുന്നത് ക്ഷമയുടെയും സ്നേഹത്തിന്‍റെയും ശാന്തിയുടെയും മൂല്യങ്ങളാണ്.    അതിനാല്‍ വെറുപ്പും വൈരാഗ്യവും ഹൃദയത്തില്‍ കെട്ടിക്കിടക്കാതിരിക്കട്ടെ! പാപ്പാ ആഹ്വാനംചെയ്തു.  “കാരുണ്യവും വിശ്വസ്തതയും കൂടിക്കാഴ്ച നടത്തും, നീതിയും സമാധാനവും പരസ്പരം ചുംബിക്കും...” (സങ്കീ. 85, 10) സങ്കീര്‍ത്തനം 85-ന്‍റെ 10-Ɔമത്തെ പദം ഏറ്റുചൊല്ലിയ പാപ്പാ ഫ്രാന്‍സിസ്, പീഡിതരും മുറിപ്പെട്ടവരുമായവരുടെ ഹൃദയങ്ങളെ അവരെ പുനരുത്ഥരിക്കണേ, നവീകരിക്കണേ! പാപ്പാ പ്രാര്‍ത്ഥിച്ചു.

മരണബന്ധനങ്ങളെ തകര്‍ക്കാന്‍ ക്ഷമയ്ക്കും അനുരഞ്ജനത്തിനും സാധിക്കും. വെറുപ്പും വൈരാഗ്യവുമായി ദുഃഖിച്ചു കഴിയുന്നതിലും നല്ലത് ക്ഷമിച്ചും പൊറുത്തും സ്നേഹത്തോടും സ്വാതന്ത്ര്യത്തോടുംകൂടെ ജീവിക്കുന്നതാണ്. ഇരകളായവര്‍ക്കും മുറിപ്പെട്ടവര്‍ക്കും ഇനിയും സമൂഹത്തില്‍ സൗഖ്യദാനത്തിന്‍റെയും സാന്ത്വനത്തിന്‍റെയും പ്രയോക്താക്കളാകാം.. We are wounded healers!  സത്യം നമ്മെ വെല്ലുവിളിക്കും. സത്യം അംഗീകരിക്കാനായാല്‍ അനുരഞ്ജനം സാദ്ധ്യമാണ്.  ക്രൂരമായ പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയരായവര്‍ക്ക് എങ്ങനെ പൊറുക്കാനാകും എന്നു നാം ചിന്തിക്കുമ്പോഴും... മറിച്ചുള്ള ജീവിതസാക്ഷമാണ് സമാധാനത്തിന്‍റെ ഈ സാക്ഷികളും പ്രയോക്താക്കളും നല്കുന്നത്. വിളയും കളയും ഒരുമിച്ചാണ് ഭൂമിയില്‍ വളരുന്നത്. തന്മ തിന്മകള്‍ ഇടകലര്‍ന്നതാണ് ജീവിതം. നല്ലകൃഷിക്കാരന്‍ ക്ഷമയോടെ കാത്തിരിക്കും. നീതി പൂവണിയും, നന്മ വേര്‍തിരിക്കപ്പെടും. നീതിയുടെ നിത്യസമ്മാനം നീതിനിഷ്ഠര്‍ക്കു ലഭിക്കും.

പിതാവിനെയും സഹോദരനെയുംപോലെയാണ് താന്‍ കൊളംബിയയില്‍ വന്നിരിക്കുന്നത്. ദൈവജനം എന്ന നിലയില്‍ ഹൃദയം തുറക്കാം, അനുരഞ്ജിതരാകാം. ക്ഷമ യാചിക്കാനും, ക്ഷമ നല്കാനുമുള്ള തുറവു കാണിക്കാം. മുറിവുണക്കാം, സ്നേഹത്തിന്‍റെ ചെറിയ പാലങ്ങള്‍ പണിയാം. അനുരഞ്ജിതരാകാം. നീതിയിലും സത്യത്തിലും അധിഷ്ഠിതമായ സമാധാനം വളര്‍ത്താം. ബൊഹയ്യായിലെ കറുത്ത കുരിശ് 2002-ല്‍ കരിദിനത്തിന്‍റെ സ്മരണയാണെങ്കിലും... സ്നേഹം മരണത്തെക്കാള്‍ ശക്തമാണെന്ന പഠിപ്പിക്കുന്നു. ത്യാഗത്തിലുള്ള അനുദിന ജീവിതസമര്‍പ്പണത്തിലൂടെ അനുരഞ്ജിതരായി ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റെ സമാധാനവും സന്തോഷവും ഉള്‍ക്കൊള്ളാന്‍ സാധിക്കും.  കൊളംബിയന്‍ ജനതയുടെ നിയോഗങ്ങളെല്ലാം ബൊഹയ്യായിലെ കറുത്ത ക്രിസ്തുവനു സമര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

തുടര്‍ന്ന് ഏവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കിയതോടെ ദേശീയ പാര്‍ക്കിലെ അനുരഞ്ജന പ്രാര്‍ത്ഥനാസംഗമം സമാപിച്ചു.

8. അനുരഞ്ജനത്തിന്‍റെ വെളുത്ത കുരിശ്    അനുരഞ്ജനവേദിയില്‍നിന്നം പാപ്പാ പ്രസിഡന്‍റ് ജുവാന്‍ സാന്‍റോസിനാല്‍ ആനീതനായത് വേദിക്കു സമീപത്തുള്ള കുരിശിന്‍റെ സ്മാരക ശില്പത്തിലേയ്ക്കായിരുന്നു. 400-ഓളം കുട്ടികളും, ഒരു സംഘം തദ്ദേശവര്‍ഗ്ഗക്കാരും പാപ്പായെ അനുഗമിച്ചു. സ്പാനിഷ് പരമ്പരാഗത ഈണംപാടി കുരിശിന്‍ ചുവട്ടില്‍നിന്നപ്പോള്‍ പാര്‍ക്കിലെ ഭീമന്‍ വെള്ളക്കുരിശ് വിപ്ലവത്തിന്‍റെ ഓര്‍മ്മ ഉയര്‍ത്തിയെങ്കിലും, എതാനും മാസങ്ങള്‍ക്കുമുന്‍പ് സര്‍ക്കാരും വിമതസേനയും തമ്മിലുണ്ടായ അനുരഞ്ജന കരാറിന്‍റെയും കൊളിംബിയ ജനത സ്വപ്നംകാണുന്ന ഭാവി സമാധാനനാളുകളുടെയും പ്രത്യാശയാര്‍ന്ന പ്രഭപരത്തിക്കൊണ്ട് ഉയര്‍ന്നുനിന്നു. പാപ്പാ ഫ്രാന്‍സിസ് രാഷ്ട്രത്തലവാനായ പ്രസിഡന്‍റ് ജുവാന്‍ കാര്‍ളോസിനോടു ചേര്‍ന്നുനിന്ന് മൗമനായി പ്രാര്‍ത്ഥിച്ചു. ചുറ്റുമുണ്ടാ സകലരും ആ മൗനപ്രാര്‍ത്ഥനയില്‍  പങ്കുചേര്‍ന്നു. സ്മാരകക്കുരിശ്ശില്‍നിന്നും അകലെയല്ലാതെ ഒരു സ്ഥാനത്ത് പാപ്പാ ഫ്രാന്‍സിസ് ചിരഞ്‌ജീവിയായ വൃക്ഷത്തൈ നട്ടപ്പോള്‍ ഇളംതലമുറയെ പ്രതിനിധീകരിച്ച് കുട്ടികളും അതില്‍ പങ്കുചേര്‍ന്നു മണ്ണിടുകയും വെള്ളമൊഴിക്കുകയും ചെയ്തു. ആമസോണ്‍ താഴ്വാരത്തിന്‍റെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ വര്‍ണ്ണാഭവിരിച്ചു തെളിഞ്ഞുനിന്നു!

തുടര്‍ന്ന് പാര്‍ക്കില്‍നിന്നു 10 കി.മി. അകലെ വിലാവിചെന്‍സിയോയിലെ മിലിട്ടറി വിമാനത്താവളത്തിലേയ്ക്കാണ് പാപ്പാ കാറില്‍ പുറപ്പെട്ടു. പ്രാദേശിക സമയം വൈകുന്നേരം  7 മണിയോടെ വിമാനത്തില്‍ ബഗോട്ടയിലേയ്ക്കും, അവിടെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്ക് വിശ്രമത്തിനായി പറന്നുയര്‍ന്നതോടെ... കൊളംബിയ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ മൂന്നാംദിന പരിപാടികള്‍ക്ക് സമാപ്തിയായി.

സെപ്തംബര്‍ 6, ബുധനാഴ്ച ആരംഭിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ 20-മാത് പ്രേഷിതയാത്ര 11-Ɔ൦ തിയതി തിങ്കളാഴ്ചവരെ നീണ്ടുനില്ക്കും.








All the contents on this site are copyrighted ©.