സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പായുടെ കൊളൊംബിയന്‍ പര്യടനം - നാലാംദിനം

ഫ്രാന്‍സീസ് പാപ്പാ മെദെല്ലീന്‍ നഗരത്തിലെ ഹൊഗാര്‍ സാന്‍ ഹൊസെ സദനത്തിലെ അന്തേവാസികളോടൊപ്പം - REUTERS

10/09/2017 17:04

പാപ്പായുടെ കൊളൊംബിയന്‍ പര്യടനം  നാലാംദിനം

വില്ലാവിന്‍സേന്‍സിയോയിലെ പരിപാടികള്‍ക്കുശേഷം ബൊഗൊത്തായില്‍ തിരിച്ചെത്തി അപ്പസ്തോലിക സ്ഥാനപതിമന്ദിരത്തില്‍ വിശ്രമിച്ച പാപ്പാ, ഒന്‍പതാം തീയതി, ശനിയാഴ്ച ബൊഗൊത്തായില്‍ നിന്നും വിമാനമാര്‍ഗം, റിയോനേഗ്രോയിലെത്തിച്ചേര്‍ന്നു. കനത്ത മഴയായിരുന്നതിനാല്‍ അവിടെനിന്നു നിശ്ചയിച്ചിരുന്നപ്രകാരം ഹെലികോപ്റ്റര്‍ യാത്ര മാറ്റിവയ്ക്കപ്പെട്ടു.  മെദെല്ലീന്‍ നഗരത്തിലേയ്ക്ക്  ഇരുപതു കിലോമീറ്റര്‍ ദൂരം സുരക്ഷാസേനയുടെ അകമ്പടിയോടെ പാപ്പാ, കാറില്‍ യാത്ര ചെയ്തപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ബസില്‍ പാപ്പായെ അനുഗമിച്ചു. അല്പം മഞ്ഞുണ്ടായിരുന്നെങ്കിലും മലനിരകള്‍ക്കിടയിലൂടെയുള്ള മനോഹര യാത്രയ്ക്കിടെ വഴിയരികില്‍ പതാകകള്‍ വീശി വിശ്വാസികള്‍ പാപ്പായെ അഭിവാദ്യം ചെയ്യുന്നു ണ്ടായിരുന്നു.  മെദെല്ലീന്‍ നഗരത്തിലെത്തിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിനു നന്നേ പാടുപെടേണ്ടിവന്നു. ജനങ്ങളുടെ അത്യാഹ്ലാദത്തോടെയുള്ള ഫ്രഞ്ചീസ്കോ,  ഫ്രഞ്ചീസ്കോ എന്ന വിളികള്‍ വികാരഭരിതമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഹെലികോപ്റ്റര്‍ യാത്രാപരിപാടിയനുസരിച്ച് 9.30-ന് എത്തേണ്ടിയിരുന്ന പാപ്പാ നാല്‍പ്പത്തഞ്ചുമിനിട്ടു താമസിച്ചാണ് എത്തിയത്.

കൊളൊംബിയന്‍ സമയത്തെക്കാള്‍ പത്തു മണിക്കൂര്‍ മുന്നോട്ടായതിനാല്‍ ഇന്ത്യയിലപ്പോള്‍ സമയം ശനിയാഴ്ച വൈകുന്നേരം 7.45.  നമ്മുടെ സമയക്രമമനുസരിച്ച്, ശനിയാഴ്ച വൈകുന്നേരം തുടങ്ങി, ഞായറാഴ്ച രാവിലെ വരെ നടന്ന അപ്പസ്തോലിക സന്ദര്‍ശന പരിപാടികളിലൂടെ നമുക്കു പാപ്പായെ അനുഗമിക്കാം.

മെദെല്ലീന്‍

നിത്യവസന്തത്തിന്‍റെ നഗരം എന്നറിയപ്പെടുന്ന മെദെല്ലീന്‍ സ്പാനിഷ് കുടിയേറ്റക്കാരുടെ കാലമായ പതിനാറാം നൂറ്റാണ്ടുവരെ, ആദിവാസിജനതകള്‍ പാര്‍ത്തിരുന്ന പ്രദേശമായിരുന്നു. നഗരം ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടത് 1616-ലാണ്.  കൊളൊംബിയയുടെ സാംസ്ക്കാരികകേന്ദ്രങ്ങളിലൊന്നായ ഈ നഗരം ആഘോഷങ്ങളുടെ നഗരമാണ്.  ഒപ്പം അനേക ശാസ്ത്രീയ പഠനകേന്ദ്രങ്ങളും, സര്‍വകലാശാലകളും നഗരത്തിനു സ്വന്തമായുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1986-ല്‍ കൊളൊംബിയ സന്ദര്‍ശിച്ചപ്പോള്‍ ഈ നഗരവും പാപ്പായുടെ പര്യടനകേന്ദ്രങ്ങളിലൊന്നായിരുന്നു എന്നതും ശ്രദ്ധേയമാണ്.  1868-ല്‍ രൂപതയായി സ്ഥാപിക്കപ്പെട്ട് 1902-ല്‍ അതിരൂപതയായി വളര്‍ന്ന മെദെല്ലീനില്‍, അതിന്‍റെ നിവാസികളില്‍ 76% കത്തോലിക്കരാണ്.  ആര്‍ച്ചുബിഷപ്പ് റിക്കാര്‍ദോ അന്തോണിയോ തൊബോണ്‍ റെസ്ത്രേപോ, 2010 മുതല്‍ അതിരൂപതയെ നയിക്കുന്നു. അതിരൂപതയ്ക്ക് 332 ഇടവകകളും 737 വൈദികരുമുണ്ട്. അനേകം സന്യാസസമൂഹങ്ങളുള്ള അതിരൂപതയില്‍ വിവിധ ശുശ്രൂഷാമേഖലകളി ലായി അനേകം സന്യാസിനീസന്യാസികളും സേവനമനുഷ്ഠിക്കുന്നുണ്ട്.

സെപ്തംബര്‍ ഒന്‍പതാംതീയതി ശനിയാഴ്ചയിലെ മെദെല്ലീന്‍ സന്ദര്‍ശനത്തിന്‍റെ പ്രമേയവാക്യം ക്രൈസ്തവ ജീവിതവും ക്രിസ്തുവിലുള്ള ശിഷ്യത്വവും എന്നതാണ്

ഏതാണ്ട് ഒരു ദശലക്ഷംപേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മെദെല്ലീന്‍ എയര്‍പോര്‍ട്ട് മൈതാനത്തൊരുക്കിയ ബലിവേദിയിലാണ് പാപ്പാ ദിവ്യബലിയര്‍പ്പിച്ചത്. 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്കും ബലിയര്‍പ്പണത്തിനു വേദിയൊരുങ്ങിയത് ഇതേ സ്ഥലത്താണ്.   തുറന്ന വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ അവരെ ആശീര്‍വദിച്ചും അഭിവാദ്യം ചെയ്തും പാപ്പാ  ബലിയര്‍പ്പണവേദിയിലേക്കു നീങ്ങി. അപ്പോള്‍ ഗായക സംഘം പ്രവേശനഗാനം ആലപിച്ചു.

അനേകം മെത്രാന്മാരും നൂറുകണക്കിനു വൈദികരും ബലിയര്‍പ്പണത്തില്‍ പങ്കെടുത്തു.  മഴമൂലം അല്പം വൈകിയെത്തുന്ന തിനിടയായതില്‍ ക്ഷമാപണവും അവരുടെ കാത്തിരിപ്പിനു നന്ദിയും പറഞ്ഞശേഷമാണ് പാപ്പാ ബലിയര്‍പ്പണമാരംഭിച്ചത്.

ഈശോസഭക്കാരനായ വി. പീറ്റര്‍ ക്ലാവറിന്‍റെ ഓര്‍മദിനമായിരുന്നു സെപ്തംബര്‍ ഒന്‍പതാംതീയതി.  മെദെല്ലീന്‍റെ മധ്യസ്ഥയായ കാന്ദെലാറിയ നാഥയുടെ തിരുസ്വരൂപത്തിനുമുമ്പില്‍ ധൂപമര്‍പ്പിച്ചുകൊണ്ട് ദിവ്യബലിയാരംഭിച്ചു.  ദിവ്യബലിയിലെ വായനകളില്‍ ആദ്യവായന കൊളൊസ്സോസ്സുകാര്‍ക്കുള്ള ലേഖനത്തില്‍ നിന്നും സുവിശേഷവായന വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുമുള്ളതായിരുന്നു.

വായനകളെത്തുടര്‍ന്ന് പാപ്പാ വചനസന്ദേശം നല്‍കി.  കഴിഞ്ഞ ദിനത്തിലെ സുവിശേഷവായനയോടു ബന്ധപ്പെടുത്തിയും ക്രിസ്തു വിന്‍റെ ശിഷ്യത്വം സ്വീകരിക്കുന്നതിന്‍റെ സവിശേഷതകളെ വിശദീകരിച്ചും പാപ്പാ നല്‍കിയ വചനസന്ദേശത്തില്‍ നിന്ന്:

ബൊഗൊത്തായില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ നാം ശ്രവിച്ച സുവിശേഷവായന യേശു തന്‍റെ ആദ്യ ശിഷ്യരെ വിളിക്കുന്നതിനെ ക്കുറിച്ചുള്ളതായിരുന്നു. അത് ലൂക്കാസുവിശേഷത്തിലെ ഈ പ്രത്യേകഭാഗം ആരംഭിക്കുകയും പന്ത്രണ്ടുപേരുടെ വിളിയോടുകൂടി അത് അവസാനിക്കുകയും ചെയ്യുന്നു. ഈ രണ്ടു സംഭവങ്ങള്‍ക്കിടയില്‍ സുവിശേഷകന്‍ നമ്മെ ഓര്‍മിപ്പിക്കുന്നതെന്താണ്?  യേശുവിനെ അനുഗമിക്കുന്ന ഈ യാത്രയില്‍ അവിടുത്തെ ആദ്യശിഷ്യന്മാരുടെ വിശുദ്ധീകരണമെന്ന മഹത്തായ കൃത്യം ഉള്‍ക്കൊള്ളുന്നുവെന്നതാണ്... ശിഷ്യന്മാര്‍ ക്രമേണ മനസ്സിലാക്കുന്നു യേശുവിനെ അനുഗമിക്കുക എന്നത് മറ്റു മുന്‍ഗണനകളെയും പരിഗണനകളെയും കണക്കിലെടുത്തുകൊണ്ടുള്ള ഒരു യാത്രയാണെന്ന്.  അവിടുന്ന്, പുറമെ ശരിയെന്നു കാണപ്പെടുന്നത് അനുസരിച്ചു ജീവിക്കുകയായിരുന്നില്ല, നിയമത്തിന്‍റെ പൂര്‍ണത ജീവിക്കുകയായിരുന്നു.  അതാണ് നമ്മില്‍ നിന്നും യേശു ആവശ്യപ്പെടുന്നത്, സത്തയായിട്ടുള്ളതിനെ അന്വേഷിച്ചുകൊണ്ട്  സ്വയം നവീകരിക്കുകയും, സമൂഹത്തിന്‍റെ ജീവിതത്തിലുള്‍ച്ചേരുകയും ചെയ്യാന്‍ കഴിയുന്ന തരത്തി ലുള്ള ഒരു അനുഗമനം അതാണ് യേശു ആവശ്യപ്പെടുന്നത്. നമ്മുടെ ജീവിതങ്ങളെ ശിഷ്യര്‍ എന്ന രീതിയില്‍ രൂപപ്പെടുത്തുന്നത് ഈ മൂന്ന് കാര്യങ്ങളിലൂടെയാണ്.

(പ്രഭാഷണഭാഗം)

ആദ്യമായി, സത്തയായിട്ടുള്ളതിനെയാണ് നാം അന്വേഷിക്കേണ്ടത്.  എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുക എന്ന് ഇത് അര്‍ഥമാക്കുന്നില്ല, അതു നമുക്കു ചേരുകയില്ല.. കാരണം, യേശു വന്നിരിക്കുന്നത്, നിയമത്തെ ഇല്ലാതാക്കുന്നതിനല്ല, പൂര്‍ത്തിയാക്കുന്നതിനാണ് (മത്താ 5,17).  ഈ അന്വേഷണം ആഴത്തിലേക്കു നീങ്ങുന്നതാണ്, അത് ജീവിതത്തെ സാരവത്തും മൂല്യമുള്ളതും ആക്കുന്നതെന്തോ അതിലേക്കു പോകുന്നതാണ്.  യേശു അവരെ പഠിപ്പിക്കുന്നത്, ദൈവവുമായി ബന്ധത്തിലായിരിക്കുക എന്നത് നിയമങ്ങളോടും ചട്ടങ്ങളോടുമുള്ള തണുത്തുറഞ്ഞ ഒരു മമതയല്ല എന്നാണ്.  ജീവിതത്തില്‍ ഒരു യഥാര്‍ഥമാറ്റം വരുത്താന്‍ കഴിയാത്ത ബാഹ്യപ്രകടനങ്ങളുമല്ല ഈ ബന്ധം.  നമുക്കൊരു മാമ്മോദീസ സര്‍ട്ടിഫിക്കറ്റ് ഉണ്ട് എന്നതി നാല്‍ ചില ആചാരങ്ങള്‍ പതിവാക്കുന്നതുമല്ല അത്.  ശിഷ്യത്വം, സജീവ ദൈവാനുഭവത്തില്‍നിന്ന് അവിടുത്തെ സ്നേഹാനുഭവത്തില്‍ നിന്ന് ആരംഭിക്കുന്ന ഒന്നാണ്...

രണ്ടാമതായി, ശിഷ്യന്‍ നവീകരിക്കപ്പെടുന്നവനാണ്.  യേശു നിയമജ്ഞരെ അവരുടെ കാര്‍ക്കശ്യത്തില്‍ നിന്ന് സ്വതന്ത്രരാക്കുന്നതിനു വേണ്ടി ഒന്നു ചലിപ്പിച്ചതുപോലെ, പരിശുദ്ധാത്മാവിനാല്‍ ഇന്ന് സഭയും ചലിപ്പിക്കപ്പെടുകയാണ്, അതിന്‍റെ സുരക്ഷിതത്വങ്ങളെയും മമതകളെയും മാറ്റിക്കളയുന്നതിന്.  നവീകരിക്കപ്പെടുന്നതിന് നാമൊരിക്കലും ഭയപ്പെടരുത്.  എപ്പോഴും നവീകരിക്കപ്പെടുക എന്നത് സഭയ്ക്ക് ആവശ്യമാണ് - എക്ലേസിയ സേംപെര്‍ റെഫൊര്‍മാന്‍ദ (Ecclesia semper reformanda) - അവള്‍ ഒരിക്കലും തന്‍റെ തന്നെ ചാട്ട യാല്‍ നവീകരിക്കപ്പെടുകയല്ല, മറിച്ച്,  അവള്‍ നവീകരിക്കപ്പെടുന്നത്, സ്ഥിരതയോടെ, സുവിശേഷത്തിന്‍റെ പ്രത്യാശയില്‍ നിന്നും വ്യതിചലിക്കാതെ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് (കൊളോ 1,23)... നമുക്ക് കൊളൊംബിയയില്‍ യേശുവിന്‍റെ ജീവിത വഴികളെ പുണരാനുള്ള ധാരാളം സാഹചര്യങ്ങളുണ്ട് . ശിഷ്യരാകുന്നതിന് സാധ്യത നല്‍കുന്ന, പ്രത്യേകിച്ചും സ്നേഹത്തെ അക്രമരഹിത പ്രവര്‍ത്തനങ്ങളായി, അനുരഞ്ജനമായി, സമാധാനമായി നിശ്ചയമായും രൂപാന്തരപ്പെടുത്തേണ്ട സാഹചര്യങ്ങള്‍...

... മൂന്നാമതായി, സമൂഹത്തിലുള്‍ച്ചേരുന്ന മനോഭാവമാണ് ശിഷ്യര്‍ക്കുണ്ടായിരിക്കേണ്ടത്.  നിങ്ങള്‍ക്ക് അഴുക്കു പുരളുമെങ്കിലും, നിങ്ങള്‍ ചെയ്യേണ്ടതു ചെയ്യുക... വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും ദേവാലയത്തില്‍ കയറിയതുപോലെ, യേശുവിന്‍റെ ശിഷ്യന്മാര്‍ വിശന്നപ്പോള്‍ ധാന്യക്കതിരുകള്‍ പറിച്ചെടുത്തു ഭക്ഷിച്ചതുപോലെ, ധൈര്യമുള്ളവരായിരിക്കുവിന്‍...  ‘ഇവിടെ പ്രവേശിക്കരുത്’ എന്ന ബോര്‍ഡുകള്‍ നിരന്തരം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് ക്രിസ്ത്യാനിയായിരിക്കാന്‍ കഴിയുകയില്ല... സഭ ഒരിക്കലും നമ്മുടേതല്ല, അത് ദൈവത്തിന്‍റേതാണ്... എല്ലാവരും അവിടേയ്ക്കു ക്ഷണിക്കപ്പെടുകയാണ്... നാം അതിലെ എളിയ സേവകര്‍ മാത്രം (കൊളോ 1, 23)...

ഞാനിവിടെ വന്നിരിക്കുന്നത് നിശ്ചയമായും നിങ്ങളെ സുവിശേഷ നല്‍കുന്ന വിശ്വാസത്തിലും പ്രത്യാ ശയിലും ഉറപ്പിക്കുന്നതിനാണ്.. ക്രിസ്തുവില്‍ നിങ്ങള്‍ സ്വാതന്ത്ര്യത്തോടെ ഉറച്ചുനില്ക്കുക...

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം, കാന്ദെലാറിയ നാഥയുടെ മാധ്യസ്ഥം യാചിക്കാമെന്നുള്ള ആശംസ യോടെ, സുവിശേഷത്തിന്‍റെ ആനന്ദവും പ്രകാശവും സംവഹിക്കുന്ന മിഷനറിമാരായിരിക്കാനുള്ള ആഹ്വാനത്തോടെയാണ് പാപ്പാ തന്‍റെ വചനസന്ദേശം അവസാനിപ്പിച്ചത്.

വചനസന്ദേശത്തിനുശേഷം ദിവ്യബലി തുടര്‍ന്നു. 

അവസാനാശീര്‍വാദത്തിനുമുമ്പ് മെദെല്ലിന്‍ അതിരൂപതാ മേലധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് റിക്കാര്‍ദോ തൊബോണ് പാപ്പായ്ക്ക് കൃതജ്ഞതയര്‍പ്പിച്ചു.  പ്രാദേശികസമയം പന്ത്രണ്ടു മണിയോടുകൂടിയാണ് ദിവ്യബലി സമാപിച്ചത്. തുടര്‍ന്ന് പന്ത്രണ്ടേകാലോടുകൂടി കൊണ്‍സീലിയാര്‍ സെമിനാരിയിലേക്കു പുറപ്പെട്ടു. ഏതാണ്ട് എട്ടു കിലോമീറ്റര്‍ ദൂരമാണ് ഈ സെമിനാരിയിലേക്കുള്ളത്.  തനിയെ ഉള്ള ഉച്ചഭക്ഷണത്തിനുശേഷം അല്പസമയം വിശ്രമിച്ച പാപ്പാ ഉച്ചകഴിഞ്ഞ് 2.45-ഓടുകൂടി അവിടെനിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള ഹോഗാര്‍ ദേ സാന്‍ ഹൊസേ (Hogar de San Jose) എന്ന പേരി ലുള്ള കുട്ടികള്‍ക്കായുള്ള സദനത്തിലേയ്ക്കാണു പോയത്. 

 അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയായ കുട്ടികള്‍ക്കുവേണ്ടി മെദെല്ലീന്‍ അതിരൂപത സ്ഥാപിച്ചിട്ടുള്ള സദനമാണിത്.  മെദെല്ലീനിലുള്ളതുകൂടാതെ മറ്റു സ്ഥലങ്ങലിലും ഇത്തരത്തിലുള്ള അനാഥമന്ദിരങ്ങള്‍ അതിരൂപതയ്ക്കുണ്ട്.  മെദെല്ലീനിലെ 1942-ല്‍ ഈശോസഭക്കാര്‍ സ്ഥാപിച്ച ഈ ഹോഗാര്‍ ദേ സാന്‍ ഹൊസേ , സ്പെയിനില്‍ 1941-ല്‍ ഇതേ പേരില്‍ ആരം ഭിച്ച ഫൗണ്ടേഷന്‍റെ ആസ്ഥാനമാണ്. വിശുദ്ധ യൗസേപ്പിന്‍റെ നാമത്തിലുള്ള ഈ സദനം സ്ഥാപിക്കപ്പെട്ടതിന്‍റെ പ്ലാറ്റിനം ജൂബിലിവര്‍ഷത്തിലാണ് പാപ്പായുടെ ഈ സന്ദര്‍ശനം എന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.

ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് പാപ്പാ ഹോഗാര്‍ ദേ സാന്‍ ഹൊസേയിലെത്തിച്ചേര്‍ന്നത്.  അന്തേവാസികളായ കുട്ടികള്‍ പ്രവേശനകവാടത്തില്‍ പാപ്പായെ എതിരേല്‍ക്കുന്നതിനു ഡയറക്ടറായ സിസ്റ്ററി നോടൊപ്പം നിന്നിരുന്നു.  രണ്ടു കുഞ്ഞുങ്ങള്‍ പൂക്കള്‍ സമര്‍പ്പിച്ചുകൊണ്ട് പാപ്പായെ സ്വീകരിച്ചു. വരാന്തയിലൂടെ നീങ്ങുമ്പോള്‍ കൈയിലേന്തിയിരുന്ന പൂക്കള്‍ അവിടെ മധ്യഭാഗത്തുണ്ടായിരുന്ന വി. യൗസേപ്പിന്‍റെ തിരുസ്വരൂപത്തിനു മുമ്പില്‍ സമര്‍പ്പിച്ചു.  ഏതാണ്ട് മൂന്നൂറോളം കുട്ടികളാണ് ശാല യില്‍ സമ്മേളിച്ചിരുന്നത്. സദനത്തിന്‍റെ ഡയറക്ടര്‍ പാപ്പായ്ക്കു സ്വാഗതമോതി. അതിനുശേഷം ക്ലാവുദിയ യെസേനിയ എന്ന ഒരു കുട്ടി തന്‍റെ ജീവിതകഥ വിവരിച്ചു. തുടര്‍ന്ന് കുട്ടികളുടെ സംഗീത വിരുന്നുമുണ്ടായിരുന്നു.

അവര്‍ക്കായി പാപ്പാ നല്‍കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങളുടെ പരിഭാഷ കേള്‍ക്കാം:

വി. യൗസേപ്പിന്‍റെ സദനത്തിലായിരിക്കുന്ന നിങ്ങളോടൊത്ത് ഇവിടെയായിരിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ സന്തോഷവാനാണ്.  എനിക്കു നല്‍കിയ സ്വാഗതത്തിനു ഞാന്‍ നന്ദി പറയുന്നു...

ക്ലാവുദിയ യെസേനിയ, നിന്‍റെ ധീരമായ സാക്ഷ്യത്തിനു എന്‍റെ നന്ദി അറിയിക്കുന്നതിനു ഞാനാഗ്രഹിക്കുന്നു.  നീ അനുഭവിച്ച ദുരിതങ്ങള്‍ കേള്‍ക്കുമ്പോള്‍, അനേകം ബാലികാബാലന്മാര്‍ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഇന്നും മറ്റുള്ളവരുടെ തിന്മയുടെ നിഷ്ക്കളങ്ക ഇരകളായി സഹിക്കുന്നതിനെ ഞാനോര്‍മിക്കുന്നു.

ശിശുവായിരുന്ന യേശുവും വെറുപ്പിന്‍റെയും പീഡനത്തിന്‍റെയും ഇരയായിരുന്നു. കുടുംബത്തോടൊ പ്പം, മരണത്തില്‍ നിന്നു രക്ഷപ്പെടാന്‍ സ്വദേശവും ഭവനവുംവിട്ടു പലായനം ചെയ്യേണ്ടിവന്നവനാണ് അവനും. കുട്ടികള്‍ സഹിക്കുന്നതു കാണുമ്പോള്‍, നമ്മുടെ ഹൃദയം മുറിയുന്നു, കാരണം, കുട്ടികള്‍ യേശുവിന് ഏറ്റം പ്രിയപ്പെട്ടവരായിരുന്നു... നമുക്കൊരിക്കലും, അവരെ ചൂഷണം ചെയ്യുന്ന, സമാധാ നത്തോടെയും ആനന്ദത്തോടെയും ജീവിക്കേണ്ട അവരുടെ അവകാശങ്ങള്‍, അവരുടെ ഭാവി നിഷേധി ക്കപ്പെടുന്ന അവസ്ഥയെ അംഗീകരിക്കാനാവില്ല... യേശു ഒരിക്കലും, സഹിക്കുന്നവരെ ഉപേക്ഷിക്കുകയില്ല... യേശുവിന്‍റെ അരുമകളായ നിങ്ങളെ ഒരിക്കലും അവിടുന്ന് ഉപേക്ഷിക്കുകയില്ല...

സമര്‍പ്പിതരും അല്മായരുമായ പ്രിയ സഹോദരീസഹോദരന്മാരേ, ഇവിടെയും മറ്റു ഭവനങ്ങളിലുമായി അവരുടെ ശൈശവകാലം മുതല്‍ സഹനത്തിലും സങ്കടത്തിലുമായിരുന്ന ഈ കുട്ടികളെ സ്നേഹത്തോടെ സ്വാഗതം ചെയ്ത് ശുശ്രൂഷിക്കുന്ന നിങ്ങളെ, ക്രിസ്തീയ തനിമയുടെ രണ്ടു യാഥാര്‍ഥ്യങ്ങളെ നിങ്ങളെ ഓര്‍മിപ്പിക്കുന്നതിനു ഞാന്‍ ആഗ്രഹിക്കുന്നു:  സ്നേഹം ഏറ്റം ചെറിയവരിലും ബലഹീനരിലും യേശുവിന്‍റെ സാന്നിധ്യം കാണുന്നു എന്നതും കുട്ടികളെ യേശുവിലേക്കു കൊണ്ടുവരുന്നത് ഏറ്റം പരിശുദ്ധമായ പ്രവൃത്തിയാണ് എന്നതും ആണവ...

കുടുംബസ്നേഹം നിലനില്‍ക്കുന്ന ഈ സ്ഥലത്ത്, നിങ്ങള്‍ സ്നേഹത്തിലും, സമാധാനത്തിലും സന്തോഷത്തിലും വളരുന്നതിനായി നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുമെന്നു വാഗ്ദാനം ചെയ്യുന്നു...

തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനു മറക്കരുതേ എന്ന അഭ്യര്‍ഥനയോടെയാണ് പാപ്പാ അവരോടുള്ള വാത്സല്യപൂര്‍വമായ വാക്കുകള്‍ അവസാനിപ്പിച്ചത്. അത്ഭുതകരമായ മീന്‍പിടുത്തത്തിന്‍റെ പെയിന്‍റിംഗ് പാപ്പാ അവര്‍ക്കു സമ്മാനിച്ചു.

തുടര്‍ന്ന് പാപ്പാ അവിടെ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള ലാ മകരേന എന്ന പേരിലുള്ള വലിയ മന്ദിരത്തിലേക്കാണു പോയത്.  1945-ല്‍ സ്ഥാപിക്കപ്പെട്ട ഈ വൃത്താകൃതിയിലുള്ള ഈ മന്ദി രം 2003 -ഓടുകൂടി കലാസാസ്ക്കാരികകേന്ദ്രമായി രൂപാന്തരപ്പെടുത്തുകയായിരുന്നു. ഏതാണ്ട് പതി നാലായിരം പേര്‍ക്കു സമ്മേളിക്കാവുന്ന ശാലയാണിതിനുള്ളത്. 3.45-ഓടുകൂടി അവിടെയെത്തിച്ചേര്‍ന്ന പാപ്പാ  വിശ്വാസകള്‍ക്കിടയിലൂടെ നീങ്ങി.  വൈദികരും സന്യസ്തരും സെമിനാരിക്കാരും അവരുടെ കുടുംബാംഗങ്ങളുമടങ്ങിയ ഏതാണ്ട് പന്തീരായിരത്തോളംപേര്‍ അവിടെ സന്നിഹിതരായിരുന്നു. 2013 മെയ്മാസത്തില്‍ ഫ്രാന്‍സീസ് പാപ്പാതന്നെ, വിശുദ്ധ പദത്തിലേക്കുയര്‍ത്തിയ കൊളൊംബിയന്‍ വിശുദ്ധ മദര്‍ ലൗറയുടെ തിരുശ്ശേഷിപ്പ് അവിടെ പ്രതിഷ്ഠിച്ചിരുന്നു.

ആരാധനാക്രമപരമായ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ദൈവവിളിപ്രോത്സാഹനത്തിന്‍റെ ചുമതലയുള്ള മെദല്ലീന്‍ അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ് എല്‍ക്കിന്‍ ഫെര്‍ണാന്ദോ സ്വാഗതമോതി. പിന്നീട് ഒരു വൈദികനും, സന്യാസിനിയും ഒരു കുടുംബസ്ഥയും തങ്ങളുടെ സാക്ഷ്യം അവതരിപ്പിച്ചു.

വി. യോഹന്നാന്‍റെ സുവിശേഷം പതിനഞ്ചാം അധ്യായത്തില്‍ നിന്ന് 1-15 വാക്യങ്ങള്‍ പാരായണം ചെയ്യപ്പെട്ടു. യേശുവിന്‍റെ അവസാന അത്താഴത്തിന്‍റെ അവസരം മരണത്തിനൊരുങ്ങുന്ന മാനസികവ്യഥയുടെ അവസരമാണ്. എന്നാല്‍ ആത്മാര്‍ഥസ്നേഹത്തിന്‍റെ നിമിഷങ്ങളാണവിടെ യേശു നല്‍കുന്നത്.  യോഹന്നാന്‍റെ സുവിശേഷം അവതരിപ്പിക്കുന്ന, യേശു പറയുന്നു യഥാര്‍ഥമുന്തിരിച്ചെടിയുടെ ഉപമയെ വ്യാഖ്യാനിച്ചു കൊണ്ട് പാപ്പാ ദൈവവിളിയെക്കുറിച്ച് അവര്‍ക്കു സന്ദേശം നല്‍കി. അതില്‍ നിന്നു പ്രസക്തഭാഗങ്ങളുടെ പരിഭാഷ ചേര്‍ക്കുന്നു:

 മാനസികപിരിമുറുക്കം അനുഭവപ്പെടുന്നതെങ്കിലും, ഈ പൂര്‍ണസ്നേഹത്തിന്‍റെ, ആത്മ സൗഹൃദത്തിന്‍റെ നിമിഷങ്ങളില്‍, കര്‍ത്താവ് തന്‍റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി.  അവിടുത്തെ ഓര്‍മ അപ്പത്തിലും വീഞ്ഞിലുമായി നിത്യംനിലനിര്‍ത്താന്‍ ആഗ്രഹിച്ചുകൊണ്ട്  ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നിന്ന് താന്‍ ഏറ്റവും അധികമായി സ്നേഹിച്ചവരോടുള്ള തന്‍റെ വാക്കുകള്‍ ഉരുവിടുന്നതാണ് ഈ സുവിശേഷഭാഗം.

ആ ദിവ്യകാരുണ്യത്തിന്‍റെ നിശയില്‍, അവിടുത്തെ എളിയ ശുശ്രൂഷയുടെ മാതൃകയേകി.  അന്ന് അസ്തമയനേരത്ത്, യേശു സ്വഹൃദയം തുറക്കുകയാണ്. അവിടുത്തെ ഉടമ്പടി അവരെ ഭരമേല്‍പ്പി ക്കുകയാണ്.  അപ്പസ്തോലന്മാരു, ചില സ്ത്രീകളും, യേശുവിന്‍റെ അമ്മയായ മറിയവും ഒരുമി ച്ചുകൂടിയ മുകളിലത്തെ മുറിയില്‍ എന്നപോലെ നാമും ഇവിടെ ഒരുമിച്ചുകൂടിയിരിക്കുകയാണ്, അവനെ കേള്‍ക്കാന്‍, പരസ്പരം കേള്‍ക്കാന്‍.  സിസ്റ്റര്‍ ലെയ്ദിയെ, മരിയ ഇസബെല്‍, ഫാ. ഹു വാന്‍ ഫെലിപ്പെ എന്നിവര്‍ അവരുടെ സാക്ഷ്യങ്ങള്‍ നല്കി.  അതുപോലെ, നമുക്കും നമ്മുടെ ദൈവവിളിയുടെ കഥകള്‍ പറയാന്‍ കഴിയും...

...എവിടെ ജീവനുണ്ടോ, തീക്ഷ്ണതയുണ്ടോ, യേശവിനെ മറ്റുള്ളവര്‍ക്കു കൊടുക്കുവാനുള്ള ആഗ്രഹ മുണ്ടോ, അവിടെയെല്ലാം യഥാര്‍ഥ ദൈവവിളികള്‍ ഉയര്‍ന്നുവരും... എവിടെ സാഹോദര്യവും തീ ക്ഷ്ണതയുമുള്ള ജീവിതങ്ങളുള്ള സമൂഹങ്ങളുണ്ടോ അവിടെ സുവിശേഷപ്രഘോഷണത്തിനും, ദൈവ ത്തിനു പരിപൂര്‍ണമായി സമര്‍പ്പിക്കുന്നതിനുമുള്ള അത്യാശ ഉണരും...

യേശുവിന്‍റെ മനുഷ്യത്വത്താല്‍ സ്പര്‍ശിക്കപ്പെട്ടു വസിക്കുമ്പോള്‍, അതായത് യേശുവിന്‍റെ വീക്ഷണ വും മനോഭാവവും ഉള്ള വ്യക്തി യാഥാര്‍ഥ്യത്തെ ധ്യാനിക്കുന്നു.  വിധിയാളനാവുകല്ല, നല്ല സമറായനാകുകയാണ് അയാള്‍.. അയാള്‍ തന്‍റെ കൂടെ നടക്കുന്നവരുടെ മൂല്യം അറിയും, അവരുടെ മുറിവുകളും പാപങ്ങളും അറിയും, അവരുടെ നിശ്ശബ്ദ സഹനങ്ങള്‍ കണ്ടെത്തും, അവരുടെ ആവശ്യങ്ങളാല്‍ ചലിപ്പിക്കപ്പെടും...

വിശുദ്ധഗ്രന്ഥത്തെ കണ്ടുമുട്ടുന്നതിലൂടെ യേശുവിന്‍റെ ദൈവികതയെ ധ്യാനിച്ചുകൊണ്ട്, അനുരഞ്ജനപ്പെട്ടവരായും അനുരഞ്ജിപ്പിക്കുന്നവരായും അവിടുന്നില്‍ വസിക്കുന്നതിന് പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. ക്രിസ്തുവില്‍ വസിക്കുകയെന്നാല്‍ ആനന്ദത്തോടെ ജീവിക്കുകയാണ്... എന്ന് ഉപസംഹാരമായി പറഞ്ഞുകൊണ്ട്, തനിക്കുവേണ്ടി പ്രാര്‍ഥിക്കുവാന്‍ മറക്കരുതേ എന്ന അപേക്ഷയോടെ പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചു.

എല്ലാവരുമൊരുമിച്ച് സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥന ചൊല്ലി. തുടര്‍ന്ന് പാപ്പാ അവര്‍ക്ക് ആശീര്‍വാദം നല്‍കി. അപ്പോള്‍ അവിടെ സമയം വൈകിട്ട് അഞ്ചുമണിയായിരുന്നു. തുടര്‍ന്ന് പാപ്പാ മെദെല്ലീന്‍ എയര്‍പോര്‍ട്ടിലേക്കും അവിടുന്ന റിയോനേഗ്രോയിലെക്കും യാത്രയായി.  പാപ്പായ്ക്കു രാത്രിവിശ്രമം നിശ്ചയിച്ചിരിക്കുന്ന ബൊഗൊത്തായിലേക്ക് വിമാനമാര്‍ഗം എത്തിച്ചേര്‍ന്നു. അവിടുത്തെ അപ്പസ്തോലിക സ്ഥാനപതി മന്ദിരത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമയം വൈകിട്ട് ഏഴുമണിയോടടു ത്തിരുന്നു.  ഇന്ത്യന്‍ സമയമനുസരിച്ച് അപ്പോള്‍ ഞായറാഴ്ച രാവിലെ അ‍ഞ്ചരയായിരുന്നു.  തനിയെ അത്താഴം കഴിച്ച് പതിവു പ്രാര്‍ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ നീങ്ങവേ, കൊളൊംബിയയിലെ അപ്പസ്തോലികസന്ദര്‍ശനത്തിന്‍റെ നാലാം ദിവസത്തിനു സമാപനമായി.

10/09/2017 17:04