2017-09-07 15:17:00

ഫ്രാന്‍സീസ് പാപ്പായ്ക്കു ഹൃദ്യമായ സ്വാഗതമോതി, കൊളൊംബിയ


ഫ്രാന്‍സീസ് പാപ്പാ തന്‍റെ ഇരുപതാമത് അപ്പസ്തോലികപര്യടനത്തിനായി തെക്കേ അമേരിക്ക ഭൂഖണ്ഡത്തിലെ ഒരു രാജ്യമായ കൊളൊംബിയയില്‍, സെപ്തംബര്‍ ആറാംതീയതി, ബുധനാഴ്ച പ്രാദേ ശിക സമയം ഉച്ചകഴിഞ്ഞ് 4.30-ന് എത്തിച്ചേര്‍ന്നു. കൊളൊംബിയയിലെ സമയരേഖയില്‍നിന്ന് ഏഴു മണിക്കൂര്‍ വ്യത്യാസത്തിലാണ് റോം എന്നതിനാല്‍ അപ്പോള്‍ റോമില്‍ ബുധനാഴ്ച രാത്രി 11.30 ആ യിരുന്നു.  റോമില്‍ നിന്ന് 9825 കിലോമീറ്റര്‍ അകലെയുള്ള ബൊഗൊത്തോയിലെത്തിച്ചേരാന്‍ പന്ത്ര ണ്ടു മണിക്കൂര്‍ 25 മിനിറ്റു യാത്ര ചെയ്തു. ഈ ദീര്‍ഘദൂരയാത്രയ്ക്കുശേഷം തികച്ചും ഉന്മേഷവാനായിട്ടാണ് പാപ്പാ കാണപ്പെട്ടത്.

പാപ്പായെയും സഹഗാമികളെയും വഹിച്ചുകൊണ്ട് അലിത്താലിയ വിമാനം ബൊഗൊത്താ വിമാനത്താവളത്തില്‍ നിലംതൊട്ടശേഷം സ്വീകരണസ്ഥലത്തേയ്ക്ക് വിമാനം നീങ്ങവേ, മുന്‍ഭാഗത്ത് വത്തിക്കാന്‍റെയും കൊളൊംബിയയുടെയും വര്‍ണപതാകകളുയര്‍ന്നു. സൈനികബാന്‍ഡ് സ്വീകരണസംഗീതമുയര്‍ത്തി.  ജനസമൂഹം ആനന്ദാരവമുയര്‍ത്തി.

ബൊഗൊത്തായിലെ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ റൂബെന്‍ സലാസാര്‍ ഗോമെസ്, വിമാനകവാടത്തിലെത്തി സ്വീകരിച്ചു. വിമാനത്തില്‍ നിന്നിറങ്ങിയ പാപ്പായെ സ്വീകരിക്കാന്‍ രാഷ്ട്രത്തലവന്‍, ഹുവാന്‍ മനുവേല്‍ സാന്തോസ് കാല്‍ദേറോന്‍, പത്നിയോടൊപ്പം ഉണ്ടായിരുന്നു . പരസ്പരം ഹസ്തദാനം നല്‍കി ചുരുങ്ങിയ വാക്കുകളില്‍ അഭിവാദ്യം ചെയ്തുകൊണ്ട് ഇരുവരും പാപ്പായെ ഹാര്‍ദവമായി സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്ര, സഭാ പ്രതിനിധികള്‍ പാപ്പായെ അഭിവാദ്യം ചെയ്തു. രാഷ്ട്രീയനേതാക്കന്മാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും കൊളൊംബിയയിലെ മെത്രാന്മാരും വിശ്വാസികളുമൊപ്പം ഏതാണ്ട് ആയിരത്തോളം പേര്‍ സ്വീകരണച്ചടങ്ങിന് എത്തിയിരുന്നു.

പാപ്പാ രാഷ്ട്രത്തലവനോടൊപ്പം ചുവപ്പുപരവതാനിയിലൂടെ മുന്നോട്ടു നീങ്ങവേ, വശങ്ങളില്‍ നിന്നിരുന്ന കുട്ടികള്‍ക്കും പൗര-സൈനിക നേതൃത്വനിരയിലുള്ളവരെയും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഹസ്തദാനം നല്‍കി ചെറിയ വാക്കുകളില്‍ കുശലം പറയുകയും ചെയ്തു. അവരില്‍ രോഗികളായ വര്‍ക്ക്  ആശീര്‍വാദം നല്‍കുന്നതിനും പാപ്പാ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ശ്വേതവര്‍ണത്തിലുള്ള ഭംഗിയാര്‍ന്ന പരമ്പരാഗതവേഷമണിഞ്ഞ യുവനര്‍ത്തകരുടെ നൃത്തം ആസ്വദിച്ച് വെള്ളനിറത്തിലുള്ള തുറന്ന പാപ്പാമൊബൈലില്‍ ആനീതനായി. അനേക വാഹനങ്ങളിലായി, പ്രസിഡന്‍റും പത്നിയും, മതാധികാരികള്‍, മറ്റു പൗരപ്രമുഖര്‍, സൈനികനേതൃത്വം എന്നിവര്‍ ഫ്രാന്‍സീസ് പാപ്പായുടെ വാഹനത്തെ അകമ്പടി സേവിച്ചു.  ഏതാണ്ട് പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള അപ്പസ്തോലിക് ന്യുണ്‍ഷ്യേച്ചറിയില്‍ എത്തിച്ചേര്‍ന്നു. പരമ്പരാഗതരീതിയിലുള്ള നൃത്തവും പാട്ടുമായി പാപ്പായെ വിശ്വാസികള്‍ അവിടെ സ്വീകരിച്ചു. അത് പ്രാദേശികസമയം വൈകിട്ട് 5.45- നായിരു ന്നു. ഇറ്റലിയിലെ സമയമനുസരിച്ച് അപ്പോള്‍ രാത്രി 12.45-ഉം ഇന്ത്യന്‍ സമയക്രമത്തില്‍ അപ്പോള്‍ ഏഴാംതീയതി, വ്യാഴാഴ്ച രാവിലെ 4.15-ഉം ആയിരുന്നു.

കൊളൊംബിയ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ പാപ്പാ

ലാറ്റിനമേരിക്കയിലേയ്ക്കും അവിടെ കൊളൊംബിയയിലേക്കും അപ്പസ്തോലിക പര്യടനം നടത്തിയ ആദ്യത്തെ മാര്‍പ്പാപ്പ, വാഴ്ത്തപ്പെട്ട പോള്‍ ആറാമനാണ്.  ഏതാണ്ട് അരനൂറ്റാണ്ടുമുമ്പ്, 1968 ഓഗ സ്റ്റ് 22 മുതല്‍ 25 വരെ കൊളൊംബിയയുടെ തലസ്ഥാനമായ ബൊഗൊത്തായില്‍ പാപ്പാ ചെലവഴിച്ചു.  പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള കൂടിക്കാഴ്ചകള്‍ക്കുപുറമെ, വൈദികരും ഡീക്കന്മാരുമായി 200 പേര്‍ക്ക് തിരുപ്പട്ടം നല്‍കല്‍, ലാറ്റിനമേരിക്കന്‍ മെത്രാന്മാരുടെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യല്‍ തുടങ്ങി ഏതാണ്ട് ഇരുപതോളം പരിപാടികളാണ് പാപ്പായ്ക്കുണ്ടായിരുന്നത്.

1979-2004 വരെയുള്ള കാലയളവില്‍ 104 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച ‘തീര്‍ഥാടകനായ പാപ്പാ’ എന്നു വിളിക്കപ്പെടുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍  ആണ് കൊളൊംബിയയില്‍ സന്ദര്‍ശനം നടത്തിയ രണ്ടാമത്തെ മാര്‍പാപ്പാ. 1986 ജൂലൈ 1-8 തീയതികളില്‍ അവിടെ പര്യടനം നടത്തിയ പാപ്പാ, തലസ്ഥാനമായ ബൊഗൊത്താ, ക്വിക്വിന്‍കുയിര, കാര്‍ത്തജേന തുടങ്ങി പന്ത്രണ്ടോളം പട്ടണങ്ങളിലായി മുപ്പതോളം പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി.

ഫ്രാന്‍സീസ് പാപ്പാ, തന്‍റെ ഈ ഇരുപതാമത് അപ്പസ്തോലികപര്യടനത്തിലൂടെ കൊളൊംബിയയിലെത്തുന്ന മൂന്നാമത്തെ പാപ്പായായി മാറുകയാണ്.  ലാറ്റിനമേരിക്കയിലെ അര്‍ജന്‍റീനയില്‍ നിന്നുള്ള ഫ്രാന്‍സീസ് പാപ്പായുടെ മാതൃഭാഷ കൊളൊംബിയന്‍ ജനതയുടെ ഭാഷയായ സ്പാനിഷ് തന്നെ ആയതിനാല്‍ സ്വന്തം ഭാഷയിലാണ് അവിടുത്തെ ജനതയോടു പാപ്പാ സംവദിക്കുക. പന്ത്രണ്ടോളം പൊതുപരിപാടികളിലാണു പാപ്പാ പങ്കെടുക്കുന്നത്.  ഇവയില്‍ പ്രധാനമായത്, രാഷ്ട്രാധികാരികളുമായും മെത്രാന്മാരുമായും, ലാറ്റിനമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രതിനിധികളുമായും ഉള്ള കൂടിക്കാഴ്ച കള്‍, നാലു സ്ഥലങ്ങളിലെ ആഘോഷപൂര്‍വകമായ ദിവ്യബലിയര്‍പ്പണങ്ങള്‍, രണ്ടു ദൈവദാസരുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം, ഒരു പ്രാര്‍ഥനാസമ്മേളനം, വിശുദ്ധരുടെ തീര്‍ഥാ‌ടന കേന്ദ്രങ്ങളിലെ സന്ദര്‍ശനം, വൈദികരുമായും സന്യസ്തരുമായുള്ള കൂടിക്കാഴ്ച എന്നിവയാണ്.

ഫ്രാന്‍സീസ് പാപ്പാ - സമാധാനസംവാഹകന്‍

കൊളൊംബിയയിലേക്കുള്ള യാത്രയില്‍, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഗ്രെഗ് ബര്‍ക്കിന്‍റെ ചോദ്യത്തിനു മറുപടിയായി പാപ്പാ പറഞ്ഞു: ‘‘കൊളൊംബിയയിലേക്കുള്ള ഈ അപ്പസ്തോലിക സ ന്ദര്‍ശനം അല്പം പ്രത്യേകതയോടു കൂടിയതാണ്.  കൊളൊംബിയ സമാധാനവഴിയേ നിങ്ങേണ്ടതിനൊരു സഹായമായിട്ടാണ് ഈ യാത്ര. ഇതിനായി ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന ചോദിക്കുന്നു...’’

കൊളൊംബിയയിലേക്കു സമാധാനദൂതനായി എത്തുകയാണ് പാപ്പാ.  യാത്രയ്ക്കൊരുക്കമായി കൊ ളൊംബിയന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ടു പാപ്പാ നല്‍കിയ വീഡിയോ സന്ദേശത്തില്‍, ആദ്യചുവടു നമ്മുടേതാവട്ടെ, എന്ന പ്രമേയവാക്യം വിശദീകരിച്ചുകൊണ്ടു പാപ്പാ പറഞ്ഞു: ‘‘…ആദ്യ ചുവടുവയ്പ്പ് അപരനെ കണ്ടുമുട്ടുന്നതിനാണ്, അതു സാഹോദര്യത്തോടെ, സമാധാനത്തിന്‍റെ അടയാളം കൈമാറുന്നതിന് കൈകള്‍ വിരിച്ചുകൊണ്ടുള്ളതാണ്. സമാധാനം, നാമെല്ലാവരും നമ്മെ സ്നേഹി ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഏകപിതാവിന്‍റെ മക്കളാണെന്നു നമ്മെ ഓര്‍മിപ്പിക്കുന്നു…’’

പാപ്പായുടെ പ്രഥമദിനപരിപാടികള്‍  അതായത്  സെപ്തംബര്‍ 7 വ്യാഴാഴ്ചയിലെ പരിപാടികള്‍ കൊളംബിയയുടെ തലസ്ഥാന നഗരമായ‍ ബൊഗോത്തായിലാണ്. സെപ്തംബര്‍ 8-Ɔ൦ തിയതി വെള്ളിയാഴ്ച പ്രധാനനഗരമായ വീലാവിചേന്‍സിയോ കേന്ദ്രീകരിച്ചും, 9-Ɔ൦ തിയതി ശനിയാഴ്ച മെദെല്ലീന്‍ പ്രവിശ്യ കേന്ദ്രീകരിച്ചുമാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. 10-Ɔ൦ തിയതി ഞായറാഴ്ച വന്‍നഗ രമായ കര്‍ത്തജേനയില്‍ ആണ് പാപ്പായുടെ സന്ദര്‍ശന പരിപാടികള്‍.  സെപ്തംബര്‍ പതിനൊന്നാം തീയതി ഉച്ചയോടുകൂടി, 12.40-നാണ് പാപ്പാ തിരിച്ചെത്തുന്നത്.

കൊളൊംബിയ - സമാധാനത്തിനായി കേഴുന്ന രാഷ്ട്രം

2017 മാര്‍ച്ച് പത്താംതീയതി പ്രഖ്യാപിച്ച ഈ ഇരുപതാമത് അപ്പസ്തോലിക പര്യടനത്തിന്‍റെ സുപ്ര ധാനലക്ഷ്യം നവംബറില്‍ ക്യൂബയിലെ ഹാവാനയില്‍ വച്ചു കൊളൊംബിയന്‍ ഗവണ്‍മെന്‍റും FARC എന്നറിയപ്പെടുന്ന സായുധവിപ്ലവസേനയും തമ്മിലുള്ള സമാധാനകരാര്‍ ഒപ്പിട്ടതിനു ഒന്‍പതുമാസം പൂര്‍ത്തിയാകുന്ന വേളയില്‍ അനുരഞ്ജനപ്രക്രിയയില്‍ പുതിയൊരധ്യായം എഴുതിച്ചേര്‍ക്കുക എന്നതു കൂടിയാണ്.

കൊളൊംബിയയില്‍ സംഘര്‍ഷം ആരംഭിക്കുന്നത് 1960-കളുടെ മധ്യത്തിലാണെന്നു പറയാം. കൊളൊംബിയന്‍ ഗവണ്‍മെന്‍റിനെതിരായ അര്‍ധസൈനികനീക്കങ്ങളും, കുറ്റവാളി, ഇടതുപക്ഷ ഗറില്ല സംഘങ്ങളുടെ നീക്കങ്ങളും ശക്തമായിരുന്നു.  അവര്‍ പരസ്പരം എതിര്‍ക്കുകയും ഓരോരുത്തരും തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനു ശ്രമിക്കുകയും ചെയ്തിരുന്നു.  പിന്നീട് പലവിധ രാഷ്ട്രീയകാരണങ്ങളാല്‍ ഇവര്‍ REVOLUTIONARY ARMED FORCES OF COLOMBIA എന്ന പേരിലുള്ള അതിശക്തമായ ഒരു സായുധവിപ്ലവപ്രസ്ഥാനമായി പുനഃസംഘടിപ്പിക്കപ്പെട്ടു.

കൊളൊംബിയയുടെ ദേശീയ ചരിത്രാന്വേഷണകേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് തുടര്‍ന്നുണ്ടായ സംഘട്ടനങ്ങളില്‍ 1960 നും 2013-നുമിടയ്ക്ക് ഏതാണ്ട് രണ്ടുലക്ഷത്തിലധികം ആള്‍ക്കാര്‍ വധിക്കപ്പെട്ടിട്ടുണ്ട്. അവരില്‍ ഒരുഭാഗം FARC പോരാളികളാണെന്നു പറയാമെങ്കിലും കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണ പൗരന്മാരാണ്.  ഏതാണ്ട് അഞ്ചു ദശലക്ഷത്തിലധികം ആള്‍ക്കാര്‍ തങ്ങളുടെ വീടുവിട്ടുപോകേണ്ടിയും വന്നിട്ടുണ്ട്. ലക്ഷക്കണക്കിനു കുട്ടികളാണ് കൊല്ലപ്പെടുകയും ചിതറിക്ക പ്പെടുകയും അപ്രത്യക്ഷരാകുകയും ചെയ്തത്.

ഈ ഗറില്ലാഗ്രൂപ്പുമായി സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതിനു പലപ്പോഴും ശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും 2016 നവംബറിലാണ് അത് വിജയം കണ്ടത്.

കൊളൊംബിയന്‍ സഭ

കൊളൊംബിയയിലെ സഭയില്‍ 13 അതിരൂപതകളും 52 രൂപതകളുമാണുള്ളത്. ഏതാണ്ട് 120 കോണ്‍ഗ്രിഗേഷനുകളിലായി അനേക സമര്‍പ്പിതരും, മറ്റു അല്മായ സ്ഥാപനങ്ങളിലും സംഘടനകളിലുമായി അനേകവിശ്വാസികളും സഭയുടെ പ്രേഷിത പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു. 279 ഇടവകകളുള്ള ബൊഗൊത്താ അതിരൂപത 500-ലധികം ഇടവകവൈദികരും, ആയിരത്തിലധികം സന്യാസികളും ആയിരത്തഞ്ഞൂറോളം സന്യാസിനികളുമുള്ള വിശ്വാസിസമൂഹമായി കൊളൊംബിയയിലെ സജീവമായ ക്രിസ്തീയജീവിതത്തിന്‍റെ പരിച്ഛേദമായി നിലകൊള്ളുന്നു.

സമാധാനത്തിന്‍റെ പ്രേഷിതനായെത്തുന്ന ഫ്രാന്‍സീസ് പാപ്പായുടെ ഈ ഇരുപതാമത് അപ്പസ്തോലിക പര്യടനം ഏറ്റവും വിജയകരമാ കട്ടെ എന്നു നമുക്ക് പ്രാര്‍ഥിക്കാം.

 








All the contents on this site are copyrighted ©.