2017-09-07 18:39:00

കൊളംബിയ സന്ദര്‍ശനം സമാധാനപാതയിലെ കാല്‍വെയ്പ്


പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം കൊളംബിയയുടെ സമാധാനപാതയിലെ വലിയ കാല്‍വെയ്പാണെന്ന് പ്രസ്താവിച്ചത് സ്ഥലത്തെ അപ്പസ്തോലിക സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് എതോരെ ബലസ്ട്രേരോയാണ്. വത്തിക്കാന്‍ റേഡിയോ വക്താവ്, ലിന്‍ഡാ ബര്‍ദോണിയ്ക്കു ബഗോട്ടയിലെ വിമാനത്താവളത്തില്‍വച്ചു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ബലസ്ട്രേരോ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ബുധനാഴ്ച, സെപ്തംബര്‍ 6-Ɔ൦ തിയതി കൊളംബിയിയിലെ സമയം വൈകുന്നേരം 4 മണിക്ക് പാപ്പായുടെ വിമാനം ബഗോട്ടയിലെ മിലിട്ടറി വിമാനത്താവളത്തില്‍ ഇറങ്ങി. പ്രസിഡന്‍റ് ജുവാന്‍ സാന്‍റോസും പത്നിയും ഉള്‍പ്പെടെ രാഷ്ട്രപ്രമുഖരും, സഭാപ്രതിനിധികളും, വന്‍ജനാവലിയും പാപ്പായെ വരവേറ്റതോടെ 20-Ɔമത് അപ്പസ്തോലിക യാത്രയ്ക്ക് പ്രത്യാശയാര്‍ന്ന തുടക്കമായി.   പതിറ്റാണ്ടുകള്‍ സംഘട്ടനത്തില്‍ കഴിഞ്ഞ രാഷ്ട്രത്തിന്‍റെ സമാധനവഴികളിലെ വലിയൊരു കാല്‍വെയ്പാണ് പാപ്പായുടെ കൊളംബിയയിലെ സാന്നിദ്ധ്യമെന്ന് വിമാനത്താവളത്തില്‍ സന്നിഹിതനായിരുന്ന ആര്‍ച്ചുബിഷപ്പ് എതോരെ ബലസ്ട്രേരോ പ്രസ്താവിച്ചു.

വിമാനത്താവളത്തിലെ സ്വീകരണം തികച്ചും ഔപചാരികവും ലളിതവും പ്രഭാഷണങ്ങള്‍ ഇല്ലാത്തതുമായിരുന്നെങ്കിലും, ജനസാന്നിദ്ധ്യംകൊണ്ടും പാപ്പാ ഫ്രാന്‍സിസിന്‍റെ ജനമദ്ധ്യേത്തിലേയ്ക്കുള്ള നീക്കവും ഇടപഴകലുംകൊണ്ട് ആഴമായ സൗഹൃദത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും അലകല്‍ വിരിയിച്ചു. 31 വര്‍ഷങ്ങള്‍ക്കുശേഷം കൊളംബിയന്‍ മണ്ണില്‍ കാലുകുത്തുന്ന പത്രോസിന്‍റെ പിന്‍ഗാമിയാണ് പാപ്പാ ഫ്രാന്‍സിസ്. ഇതിനു മുന്‍പ് 1968-ല്‍ പോള്‍ ആറാമന്‍ പാപ്പായും, 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും കൊളംബിയ സന്ദര്‍ശിച്ചിട്ടുണ്ട്.

ബന്ധിയാക്കപ്പെട്ട ദേശീയ സേനയിലെ (FARC) ക്ലാരോ റോജയുടെ കൊച്ചുമകന്‍ ജനക്കൂട്ടത്തില്‍നിന്നും പാപ്പായ്ക്ക് സമ്മാനിച്ച കളിമണ്‍ പ്രാവു സ്വീകരിച്ചുകൊണ്ട് പാപ്പാ അവനെ ചുംബിച്ച് ആശ്ലേഷിച്ചത് ജനമദ്ധ്യത്തില്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെ ഊഷ്മളത പരത്തി.

ബഗോട്ട നഗരമദ്ധ്യത്തിലെ അപ്പോസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തേല്യ്ക്ക് കാറില്‍ യാത്രചെയ്യുമ്പോഴും 15 കി. മി. നീണ്ട നഗരപാതയുടെ ഇരുഭാഗത്തും പാപ്പായ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ആബാലവൃന്ദം ജനങ്ങള്‍ നില്ക്കുന്നുണ്ടായിരുന്നു. കരങ്ങള്‍ ഉയര്‍ത്തി പാപ്പാ ഫ്രാന്‍സിസ് അവരെ ആശീര്‍വദിച്ചുകൊണ്ടും സന്തോഷത്തോടെ ജനാവലിയുടെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടും വിശ്രമത്തിനായി വത്തിക്കാന്‍ സ്ഥാനപതിയുടെ നഗമമദ്ധ്യത്തിലെ ഭവനത്തിലേയ്ക്കു നീങ്ങി.

 








All the contents on this site are copyrighted ©.