2017-09-06 09:04:00

''തീര്‍ഥാടനകേന്ദ്രങ്ങളിലൂടെ സഭൈക്യപ്രോത്സാഹനം'': പാത്രിയര്‍ക്കീസ് കിറില്‍


 

കത്തോലിക്കാസഭയുടെയും ഓര്‍ത്തൊഡോക്സ് സഭകളുടെയും വിശ്വാസികള്‍ക്കു തമ്മിലുണ്ടാകുന്ന പരസ്പരബന്ധം സഭകളുടെ ബന്ധത്തെ പ്രോത്സാഹിപ്പിക്കുമെന്നതിനാല്‍ സഭകളിലെ പുരോഹിതരും വിശ്വാസികളും ഇരുസഭകളുടെയും ദേവാലയങ്ങള്‍, തീര്‍ഥാടനകേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് കൂടുതല്‍ അവസരങ്ങളുണ്ടാകണമെന്ന് മോസ്ക്കോയിലെ ഓര്‍ത്തൊഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് കിറില്‍ അഭിപ്രായപ്പെട്ടു.  സഭൈക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും ഓര്‍ത്തൊഡോക്സ് സഭയുടെ വിശുദ്ധ സിറിലിന്‍റെയും മെതോഡിയൂസിന്‍റെയും നാമത്തിലുള്ള ദൈവശാസ്ത്രപഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കത്തോലിക്കാ പുരോഹിതരുടെ ഒരു ഗ്രൂപ്പുമായുള്ള കൂടിക്കാഴ്ചയിലാണ് നല്‍കിയ പാത്രിയര്‍ക്കീസ് ഈ ആശയം പങ്കുവച്ചത്. 

2016 ഫെബ്രുവരിയില്‍ ഹാവാനയില്‍വച്ച് ഫ്രാന്‍സീസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയും സഭകളുടെ പരസ്പരബന്ധത്തിന് അതു നല്‍കിയ പ്രോത്സാഹനവും, വി. നിക്കോളാസിന്‍റെ തിരുശേഷിപ്പ് കൈമാറിയതുവഴി ലഭിച്ച ശക്തമായ ആത്മീയബന്ധവും സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘കത്തോലിക്കാസഭയിലെ പുരോഹിതര്‍ മോസ്ക്കോയിലെ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അവസരമൊരുങ്ങണം.  ഒപ്പം, ഞങ്ങളുടെ സഭയിലെ പ്രതിനിധികള്‍ക്ക് റോമും വത്തിക്കാനും കത്തോലിക്കാ പാരമ്പര്യങ്ങളും പരിചയപ്പെടാനിടയാകുകയും  വേണം…’’  യുവജനങ്ങളുടെ പരിശീലനവേദികളും പ്രവര്‍ത്തന മേഖലകളും ഇപ്രകാരമുള്ള പരസ്പരബന്ധത്തിനുള്ള അവസരമൊരുക്കണമെന്നുള്ള അഭിപ്രായവും പാത്രിയര്‍ക്കീസ് പങ്കുവച്ചു.

സഭൈക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രതിനിധിയായി റവ. ഫാ. ഹയസിന്ത്  (Rev. P. Hyacinthe Destivelle)  കത്തോലിക്കാ പുരോഹിതരുടെ ഗ്രൂപ്പിനോടൊത്തുണ്ടായിരുന്നു.








All the contents on this site are copyrighted ©.