2017-09-06 19:23:00

ആതിഥ്യം - മനുഷ്യന്‍ ഏറ്റവുമാദ്യം സ്വീകരിച്ച ദൈവികദാനം


ബ്രദര്‍ എന്‍സോ ബിയാംഗി തുടക്കമിട്ട വടക്കെ ഇറ്റലിയിലെ ബൊസ്സെയിലുള്ള സഭൈക്യ ആശ്രമസമൂഹം സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തിനാണ് കൊളംബിയ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായി പാപ്പാ സന്ദേശം അയച്ചു. ഓര്‍ത്തഡോക്സ് സഭകളുടെ ആദ്ധ്യാത്മികത സംബന്ധിച്ചാണ് ബോസെ സഭൈക്യ ആശ്രമത്തില്‍ 25-Ɔമത് രാജ്യാന്തര സമ്മേളനം നടക്കുന്നത്. സെപ്തംബര്‍ 6-ന് തുടങ്ങിയ സംഗമം 9-വരെ നീണ്ടുനില്ക്കും.

ആതിഥ്യം എന്ന ദാനത്തെക്കുറിച്ചു പാപ്പാ നല്കിയ  സന്ദേശത്തിന്‍റെ  പ്രസക്തഭാഗങ്ങള്‍  :

ദൈവമാണ് മനുഷ്യനെ ആദ്യം ഈ ഭൂമിയില്‍ അതിഥിയായി സ്വീകരിച്ചത്. അതിനാല്‍ ദൈവിക ദാനമായ ആതിഥ്യം സഹോദരങ്ങളുമായി പങ്കുവയ്ക്കാനും അവരെ ഉള്‍ക്കൊള്ളാനും അങ്ങനെ നമ്മുടെ ലോകത്ത് സാഹോദര്യക്കൂട്ടായ്മ വളര്‍ത്താനും നാം കടപ്പെട്ടിരിക്കുന്നു. ആദ്യം ആതിഥ്യം സ്വീകരിച്ചവര്‍, അതിനാല്‍ ഭൂമിയിലെ അതിഥികളും ഭൗമിക ജീവിതത്തില്‍നിന്നും സ്വര്‍ഗ്ഗീയ ജീവനിലേയ്ക്ക് കടന്നുപോകേണ്ടവരുമാണ്. കാരണം, മനുഷ്യരായ നമ്മുടെ യഥാര്‍ത്ഥ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്. പാപ്പാ അനുസ്മരിപ്പിച്ചു (ഫിലി. 3, 20). അതിനാല്‍ ഒരിക്കലും അവസാനിക്കാത്തതും നശിക്കാത്തതുമായ സ്നേഹത്തില്‍ അടിയുറ്റച്ചു ജീവിക്കണം (1കൊറി. 13,8). നാം പരസ്പരം സഹോദരങ്ങളും ദൈവികദാനവുമായി അംഗീകരിക്കണമെന്നും പാപ്പാ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

എല്ലാവരെയും ആശ്ലേഷിക്കുന്ന, വിശിഷ്യാ പാവങ്ങളെയും എളിയവരെയും കരുണയോടെ സ്വീകരിക്കുന്ന ഒരു സമഗ്രമായ സാകല്യസംസ്കൃതിയാണ് ഇന്നിന്‍റെ ആവശ്യം. അതു വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതാവട്ടെ ഈ സഭൈക്യസംഗമം. ബൊസ്സെയുടെ ആത്മീയ ചിന്തയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാനും സ്വീകരിക്കാനുമുള്ള മനോഭാവം വളരട്ടെ! അങ്ങനെ ഹൃദയത്തിലെ ആതിഥ്യം പക്വതയാര്‍ജ്ജിച്ച് ഇന്ന് ലോകം നേരിടുന്ന അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും സാമൂഹിക ചുറ്റുപാടുകളെ ധൈര്യത്തോടും, പ്രായോഗികമായ തീരുമാനങ്ങളോടുംകൂടെ നേരിടാന്‍ സാധിക്കട്ടെ! പാപ്പാ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.

ക്രിസ്തുവിലുള്ള സ്നേഹത്തില്‍ ഒരു സമ്പൂര്‍ണ്ണ കൂട്ടയ്മയായി ഇന്നിന്‍റെ മാനവികതയുടെ യാതനകളെയും ജീവിതക്ലേശങ്ങളെയും അഭിമുഖീകരിക്കാനും, ക്രിസ്തുവിന്‍റെ കരുണാര്‍ദ്രമായ സ്നേഹം പങ്കുവച്ചു ജീവിക്കാനും ഓര്‍ത്തഡോക്സ് ആത്മീയ കൂട്ടായ്മയ്ക്ക് ഇടവരട്ടെ!  ആശംസയോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

കിഴക്കിന്‍റെ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍, കോപ്റ്റിക് പാത്രിയര്‍ക്കിസ് തവാദ്രോസ് ദ്വിതീയന്‍, ബൊസ്സെ സമൂഹത്തിന്‍റെ ആത്മീയാചാര്യന്‍ എന്‍സോ ബിയാംഗി എന്നിവരാണ് സെപ്തംബര്‍ 6-മുതല്‍ 9-വരെ നീളുന്ന സംഗമത്തിന് നേതൃത്വംനല്കിയത്.   








All the contents on this site are copyrighted ©.