2017-09-06 20:05:00

ജനായത്ത രീതികള്‍ക്ക് വഴിതുറക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം


കൊളംബിയ അപ്പസ്തോലിക സന്ദര്‍ശനത്തെക്കുറിച്ച്  ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റെ ആര്‍ച്ചുബിഷപ്പ് ഓസ്കര്‍ ഒര്‍ത്തേഗയുമായി വത്തിക്കാന്‍ റേഡിയോ നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍...

പതിറ്റാണ്ടുകള്‍ നീണ്ട സംഘട്ടനങ്ങള്‍ ശമിച്ച് ജനായത്ത രീതികള്‍ക്ക് വഴിതെളിയുന്ന ചരിത്ര സന്ധിയിലാണ് പാപ്പാ ഫ്രാന്‍സിസ് കൊളംബിയ സന്ദര്‍ശിക്കുന്നത്. ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും വിലാവിചേന്‍സിയോ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ ഓര്‍ത്തേഗാ പ്രസ്താവിച്ചു. അതുകൊണ്ട് രാജ്യത്തിന്‍റെ നാലു പ്രധാന കേന്ദ്രങ്ങളില്‍നിന്നുമാണ് പാപ്പാ ഫ്രാന്‍സിസ് അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും ചിന്തകള്‍ ജനങ്ങളുമായി പങ്കുവയ്ക്കാന്‍ പോകുന്നത് – ബഗോട്ട, വിലാവിചേന്‍സിയ, മെദലീനും പിന്നെ കര്‍ത്തെഹേനയും...! കൊളംബിയയിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള അപ്പസ്തോലിക സന്ദര്‍ശനമാണിത്. വത്തിക്കാന്‍ റേഡിയോയ്ക്ക് സെപ്തംബര്‍ 5-Ɔ൦ തിയതി ചൊവ്വാഴ്ച നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഒര്‍ത്തേഗാ ഇങ്ങനെ പ്രസ്താവിച്ചത്.

മനുഷ്യാന്തസ്സു മാനിക്കപ്പെടുകയും അത് വളര്‍ത്തിയെടുക്കാന്‍ സാധിക്കത്തക്കവിധത്തില്‍ സമൂഹത്തെ ക്രമപ്പെടുത്തിയെടുക്കുകയും ചെയ്യണമെങ്കില്‍ ജീവനും കുടുംബവും സംരക്ഷിക്കപ്പെടണം. കൊളംബിയന്‍ ജനത ദൈവത്തോടും പ്രകൃതിയോടും സഹോദരങ്ങളോടും അനുരഞ്ജിതരാകണം.  പാപ്പായുടെ സന്ദര്‍ശനവും സാന്നിദ്ധ്യവും ഈ ലക്ഷ്യങ്ങള്‍ പ്രാപിക്കാന്‍ പ്രചോദനമേകുന്നതാണ്.   എന്നാല്‍ സന്ദര്‍ശനം ലക്ഷ്യംവയ്ക്കുന്നത് രാഷ്ട്രീയ നേട്ടമല്ല. രാഷ്ട്രത്തിന്‍റെ പൊതുനന്മയാണ്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യം പൊതുനന്മയുമായിരിക്കണം!

പാപ്പാ ഫ്രാന്‍സിസ് നവീകരണത്തിന് ഉപയോഗിക്കുന്ന ബലതന്ത്രം സുവിശേഷാധിഷ്ഠിതമായ കൂട്ടായ്മയുടേതാണ്. പൊതുനന്മയ്ക്കായി മെനഞ്ഞെടുക്കേണ്ട സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും കാഴ്ചപ്പാടാണിത്. ക്രിസ്തീയ കാഴ്ചപ്പാടിലുള്ള രാജ്യത്ത് കൂട്ടായ്മ യാതാര്‍ത്ഥ്യമാക്കാന്‍ ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും പാതിയിലൂടെ സമാധാനത്തിലേയ്ക്ക് കൊളംബിയ ഇനിയും നടന്നടുക്കും. ആര്‍ച്ചുബിഷപ്പ് സമര്‍ത്ഥിച്ചു. ദൈവിക ദാനമായ സമാധാനം നേടിയെടുക്കാന്‍ കൊളംബിയ ദൈവത്തിലേയ്ക്കും ഒപ്പം സഹോദരങ്ങളിലേയ്ക്കും തിരിഞ്ഞ് മാപ്പിനായി കേഴുകയും, അനുരഞ്ജനത്തിലൂടെ യാഥാര്‍ത്ഥമായ സമാധാനം നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. കൊളംബിയന്‍ ജനത പാപ്പാ ഫ്രാന്‍സിസിനോടു ചേര്‍ന്ന് അതിനുള്ള ചുവടുവയ്പുകള്‍ നടത്തും, തീര്‍ച്ച! ആര്‍ച്ചുബിഷപ്പ് ഓര്‍ത്തേഗ പ്രത്യശ പ്രകടിപ്പിച്ചു.

 








All the contents on this site are copyrighted ©.