2017-09-02 13:01:00

കര്‍ദ്ദിനാള്‍ കൊര്‍മാക് ഒക്കോണര്‍ കാലം ചെയ്തു, പാപ്പാ അനുശോചിച്ചു


ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതയുടെ മുന്നദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കൊര്‍മാക് മര്‍ഫി ഒക്കോണറിന്‍റെ (CARD.CORMAC MURPHY O’CONNOR) നിര്യാണത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സഭയ്ക്ക് അദ്ദേഹം നല്കിയ സ്തുത്യര്‍ഹ സേവനങ്ങളും സുവിശേഷപ്രഘോഷണത്തിലും പാവപ്പെട്ടവരെ പരിചരിക്കുന്നതിലും അദ്ദേഹം പ്രകടിപ്പിച്ചിരുന്ന ശുഷ്ക്കാന്തിയും ക്രൈസ്തവൈക്യം, മതാന്തരധാരണ എന്നീ മേഖലകളില്‍ അദ്ദേഹം ദീര്‍ഘവീക്ഷണത്തോടുകൂടി നടത്തിയ പരിശ്രമങ്ങളും ഫ്രാന്‍സീസ് പാപ്പാ വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വിന്‍സെന്‍റ് നിക്കോള്‍സിന് അയച്ച അനുശോചന സന്ദേശത്തില്‍ അനുസ്മരിക്കുന്നു.

85 വയസ്സു പ്രായമുണ്ടായിരുന്ന കര്‍ദ്ദിനാള്‍ കൊര്‍മാക് മര്‍ഫി ഒക്കോണറിന് വെള്ളിയാഴ്ച (01/09/17)യാണ് അന്ത്യം സംഭവിച്ചത്.

അദ്ദേഹത്തിന്‍റെ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 222 ആയി താണു. ഇവരി‍ല്‍ 80 വയസ്സില്‍ താഴെ പ്രായമുള്ളവരായ 121 പേര്‍ക്ക് മാര്‍പ്പാപ്പായെ തിരഞ്ഞെടുക്കുന്നതിന് സമ്മതിദാനാവകാശമുണ്ട്. ശേഷിച്ച 101 പേര്‍ക്ക് പ്രായം 80 കഴിഞ്ഞതിനാല്‍ ഈ വോട്ടവകാശം ഇല്ല.

1932 ആഗസ്റ്റ് 24 ന് ബ്രിട്ടനിലെ ബെര്‍ക്ഷയിറില്‍ ആയിരുന്നു കര്‍ദ്ദിനാള്‍ കൊര്‍മാക് മര്‍ഫി ഒക്കോണറിന്‍റെ ജനനനം. 1956 ഒക്ടോബര്‍ 28 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1977 ഡിസംബര്‍ 21 ന് മെത്രാനായി അഭിഷിക്തനാകുകയും 2000-Ͻ൦ ആണ്ടില്‍ ഫെബ്രുവരി 15ന് വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെടുകയും 2001 ഫെബ്രുവരി 21 ന് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാളാക്കുകയും ചെയ്തു.

ഇംഗ്ലാണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ അദ്ധ്യക്ഷന്‍, യൂറോപ്പിലെ കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ ഉപാദ്ധ്യക്ഷന്‍ എന്നീ സ്ഥാനങ്ങളും കര്‍ദ്ദിനാള്‍ കൊര്‍മാക് മര്‍ഫി ഒക്കോണര്‍ വഹിച്ചിട്ടുണ്ട്.

 








All the contents on this site are copyrighted ©.