2017-09-01 11:01:00

റഷ്യയിലെ ഓര്‍ത്തഡോക്സ് സഭയുടെ കാലം മറന്ന സംവാദശൈലി


റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരു അനുരഞ്ജന ഭാവമുണ്ടെന്ന് സഭാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കിസ് കിരില്‍ പ്രഥമന്‍ പ്രഖ്യാപിച്ചു.

ആഗസ്റ്റ് 31-Ɔ൦ തിയതി വ്യാഴാഴ്ച മോസ്കൊയിലെ സഭാകേന്ദ്രത്തില്‍നിന്നും പുറത്തുവിട്ട പ്രസ്താവനയിലാണ് ഇനിയും പലരും മനസ്സിലാക്കാത്തതും അംഗീകരിക്കാത്തതുമായ സഭയ്ക്കുള്ള അനുരഞ്ജനത്തിന്‍റെ രീതിയെക്കുറിച്ച് പാത്രിയര്‍ക്കിസ് കിരില്‍ വെളിപ്പെടുത്തിയത്.

1917-ല്‍ മോസ്കോയില്‍ സംഗമിച്ച റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ കൗണ്‍സിലിന്‍റെ ശതാബ്ദി അനുസ്മരിച്ചുകൊണ്ട് പുറത്തുവിട്ട പ്രസ്താവനയിലാണ് സഭയുടെ ഒളിഞ്ഞുകിടക്കുന്ന അനുരഞ്ജനത്തിന്‍റെയും സംവാദത്തിന്‍റെയും ആത്മീയ പൈതൃകത്തെക്കുറിച്ച് പാത്രിയര്‍ക്കിസ് കിരില്‍ പരാമര്‍ശിച്ചത്. ഗൗരവാവഹമായി പഠിച്ചു മസ്സിലാക്കുകയും, കാലികമായ സഭാനീക്കങ്ങളിലും ഇതര സഭകളോടുള്ള ബന്ധത്തിലും സംവാദത്തിന്‍റെ ഈ വഴി ഉപകാരപ്പെടുത്തണമെന്ന് പാത്രിയര്‍ക്കിസ് കിരില്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

റഷ്യയില്‍ ഒരു ശതാബ്ദം മുന്‍പു സമ്മേളിച്ച സഭാകൗണ്‍സിലിന് നീണ്ട തയ്യാറെടുപ്പും ശാസ്ത്രീയ രീതികളും ഉണ്ടായിരുന്നു. സാംസ്ക്കാരിക പ്രബുദ്ധരും, ദൈവശാസ്ത്ര വിദഗ്ദ്ധരും, നിയമപണ്ഡിതന്മാരും ചരിത്രകാരന്മാരും സിനഡിന്‍റെ ഭാഗമായിരുന്നു. അതിനാല്‍ അന്ന് അവലംബിച്ച അനുരഞ്ജനത്തിന്‍റെ അരൂപി (Spirit of conciliarity) കണക്കിലെടുക്കുമ്പോള്‍ ചരിത്രത്തില്‍ അനിഷേധ്യമായ പ്രാമുഖ്യവും, ഏറെ ആനുകാലിക പ്രസക്തിയും റഷ്യന്‍ ഓര്‍ത്തഡോക്സ് സിനഡിന് ഉണ്ടെന്ന് പാത്രിയാര്‍ക്കിസ് കിരിള്‍ പ്രസ്താവനയില്‍ വിവരിച്ചു.

1918-ല്‍ സമാപിച്ച സിനഡിനെ തുടര്‍ന്ന് റഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട കമ്യൂണിസ്റ്റ് വിപ്ലവവും തുടര്‍ന്നുള്ള രാഷ്ട്രീയ നീക്കങ്ങളും റഷ്യന്‍ സഭയെ ഇതര സഭകളില്‍നിന്നും അകറ്റുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് റഷ്യന്‍ സഭയുടെ പ്രേഷിതദൗത്യം വളരെ വ്യത്യസ്തവും രാഷ്ട്രീയ സ്ഥിതിഗതികളുടെ ചരിത്ര ഗതിവിഗതികള്‍ക്കൊപ്പം നീങ്ങുകയുമുണ്ടായത്. പാത്രിയര്‍ക്കിസ് കിരിള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പിന്നീട് ചരിത്രത്തിലുണ്ടായ സഭൈക്യ സംരംഭത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ആധുനിക കാലത്തെ നവമായ നീക്കമായിരുന്നു 2003-ല്‍ കിയെവില്‍ സംഗമിച്ച രാജ്യാന്തര ഓര്‍ത്തഡോക്സ് ആത്മീയ സഭൈക്യസമ്മേളനം.

സാര്‍ ചക്രവര്‍ത്തിമാരുടെ അധഃപതനത്തെ തുടര്‍ന്ന് റഷ്യയിലെ ക്രൈസ്തവര്‍ അനുഭവിച്ച പീഡനവും ക്ലേശങ്ങളും പാത്രിയാര്‍ക്കിസ് പ്രസ്താവനയില്‍ അനുസ്മരിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ പാരമ്പര്യത്തിലുള്ള തുറവിന്‍റെ സംഗ്രഹമാണ് നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുനടന്ന മോസ്ക്കോ ഓര്‍ത്തഡോക്സ് സിനഡ്. സംവാദത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും നവമായ പാതയിലേയ്ക്ക് റഷ്യന്‍ സഭയെ നായിക്കാനുള്ള കരുത്ത് അതിനുണ്ടെന്ന് ആഹ്വാനംചെയ്തുകൊണ്ടാണ് പാത്രിയര്‍ക്കിസ് കിരില്‍ പ്രസ്താവന ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.