2017-08-31 12:38:00

“പശുക്കളെക്കാള്‍ വിലപ്പെട്ടവരാണല്ലോ മനുഷ്യര്‍!”


ഇന്ത്യയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രതിനിധികള്‍ വൈസ് പ്രസിഡന്‍റ് വെങ്കൈയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി.

ഭാരതത്തില്‍ അങ്ങുമിങ്ങും ഉയരുന്ന ക്രൈസ്തവ പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അനില്‍ കൂത്തോയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ചയ്ക്കെത്തിയ കത്തോലിക്ക മെത്രാന്മാരോടും സംഘത്തോടുമാണ് വൈസ് പ്രസിഡന്‍റ് വെങ്കൈയ്യ നായിഡു ഇങ്ങനെ ആശ്ചര്യപ്പെട്ടത്. ‌ദേശീയ മെത്രാന്‍ സമിതിയുടെ (CBCI) സെക്രട്ടറി ജനറലും, റാഞ്ചിയുടെ സഹായമെത്രാനുമായ ബിഷപ്പ് തിയദോര്‍ മസ്ക്കെരേനസും ഏതാനും അല്‍മായ പ്രതിനിധികളും നേര്‍ക്കാഴ്ചയ്ക്കുണ്ടായിരുന്നു.  ആഗസ്റ്റ് 28-Ɔ൦ തിങ്കളാഴ്ചയാണ് മെത്രാന്മാര്‍ വൈസ് പ്രസിഡന്‍റ് നായിഡുവുമായി കൂടിക്കാഴ്ചയ്ക്കെത്തിയത്.

ഗോവ, തമിഴ്നാട്, മുമ്പൈ, ഒറീസ എന്നിവിടങ്ങളില്‍ ഇനിയും ഉയരുന്ന ക്രൈസ്തവ പീഡനക്കേസുകളെക്കുറിച്ചും, ആരാധനസമൂഹത്തെ തടസ്സപ്പെടുത്തുന്ന മതമൗലികവാദികളുടെ പ്രകടനങ്ങളെക്കുറിച്ചും മെത്രാന്മാര്‍ വൈസ് പ്രസിഡന്‍റിനോട് ആശങ്ക രേഖപ്പെടുത്തി.  മതവൈവിധ്യങ്ങളുള്ള രാജ്യത്ത് സഹിഷ്ണുതയുടെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ വൈസ് പ്രസിഡന്‍റ് നായിഡു, ഭാരതത്തിലെ കത്തോലിക്കാ സഭയുടെ സേവനങ്ങളെ ശ്ലാഘിച്ചു.

പൂജ്യമെന്നു പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പശുക്കളുടെ പേരില്‍ നടക്കുന്ന ക്രമക്കേടുകളെ അപലപിക്കുകയും ഭാരതത്തില്‍ അങ്ങനെയുള്ള പ്രവൃത്തികള്‍ക്ക് ജനായത്ത പിന്‍തുണയോ നിയമബലമോ ഇല്ലെന്നു ഇന്ത്യന്‍ വൈസ് പ്രസി‍‍ഡന്‍റ് പ്രസ്താവിച്ചതായും വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.  രാജ്യത്ത് മതപ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതും അക്രമങ്ങള്‍ അഴിച്ചുവിടുന്നതും ചെറിയ രാഷ്ട്രീയ ചേരികളാണ്. തുകലിനും മാംസത്തിനുംവേണ്ടി പശുക്കളെ കൊല്ലുന്നത് ദൈവനിന്ദയായി വ്യാഖ്യാനിക്കുന്നത് മതമൗലികവാദികളുടെ പക്ഷംചേര്‍ന്നു നില്ക്കുന്ന ഏതാനും ചില രാഷ്ട്രീയക്കാരാണ്. പശുക്കളുടെ രക്ഷകരായി അവതരിക്കുന്നവര്‍ രാഷ്ട്രീയക്കാരുടെ പിന്‍ബലത്തിലാണ് പ്രശ്നങ്ങള്‍ക്കിറങ്ങുന്നത്. പശുക്കളെക്കാള്‍ വിലപ്പെട്ടവരാണല്ലോ മനുഷ്യര്‍...!  പ്രസിഡന്‍റ് നായിഡു കൂട്ടിച്ചേര്‍ത്തു. 

അടുത്ത കാലത്ത് ഭാരതത്തിലെ മെത്രാന്മാര്‍ പ്രധാനമന്ത്രി മോഡിയെ ആവര്‍ത്തിച്ച് സമീപിച്ചത് ആഗോള സഭാദ്ധ്യക്ഷനായ പാപ്പാ ഫ്രാന്‍സിസിന്‍റെ ഭാരത സന്ദര്‍ശനത്തിനുള്ള അനുമതിക്കുവേണ്ടിയായിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് സര്‍ക്കാര്‍ പക്ഷത്തുനിന്നും കാര്യമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ മ്യാന്മറിലേയ്ക്കും ബാംഗ്ലാദേശിലേയ്ക്കുമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശന പരിപാടികള്‍ (ഈ വര്‍ഷം 27-30 നവംബര്‍, 30 നവംബര്‍-2 ഡിസംബര്‍) നിജപ്പെടുത്തിയതില്‍പ്പിന്നെയാണ് ദേശീയ മെത്രാന്‍ സമിതിയുടെ പേരില്‍ ക്രൈസ്തവ പീഡനക്കേസുകളുമായി മെത്രാന്മാര്‍ വൈസ് പ്രസിഡന്‍റിനെ സമീപിച്ചതെന്നും വാര്‍ത്താ ഏജെന്‍സികള്‍ നിരീക്ഷിച്ചു. 








All the contents on this site are copyrighted ©.