സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

പൊതുഭവനമായ ഭൂമിയെ തുണയ്ക്കാനാകുമോ?

കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ - എക്സ്പോ 2017. - AP

31/08/2017 20:13

തളരുന്ന ഭൂമിയെയും ശുഷ്ക്കിക്കുന്ന അതിന്‍റെ ഉപായസാദ്ധ്യതകളെയും പരിരക്ഷിക്കണമെന്ന്
സമഗ്രമാനവ വികസനത്തിനായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.

ഭൂമിയിലെ ഭാവി ഊര്‍ജ്ജം – രാജ്യാന്തര പ്രദര്‍ശനം    തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ കസാഖ്സ്ഥാനന്‍റെ തലസ്ഥാനനഗരമായ അസ്താനയില്‍ നടക്കുന്ന രാജ്യാന്തര പ്രദര്‍ശനം (Expo 2017) എക്സ്പോ 2017-ല്‍ ആഗസ്റ്റ് 31-Ɔ൦ തിയതി വ്യാഴാഴ്ച നടന്ന “ഭൂമിയിലെ ഭാവി ഊര്‍ജ്ജ”ത്തെ സംബന്ധിച്ച സമ്മേളനത്തെ കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ അഭിസംബോധനചെയ്തു. ജൂണ്‍ 10-ന് ആരംഭിച്ച രാജ്യാന്തര പ്രദര്‍ശനം സെപ്തംബര്‍ 10-ന് സമാപിക്കും.

ഭൂമി നമ്മുടെ പൊതുഭവനം   ദൈവത്തിന്‍റെ സൃഷ്ടിയായ ഭൂമി മനുഷ്യരുടെ പൊതുഭവനമാണ്. അതു സംരക്ഷിക്കേണ്ടത്  അവിടെ പാര്‍ക്കുന്ന സകലരുടെയും ഉത്തരവാദിത്ത്വവുമാണ്. ലോകത്തുള്ള മതങ്ങളെല്ലാം സ്രഷ്ടാവായ ദൈവത്തെ അംഗീകരിക്കുന്നതിനാല്‍ അവിടുന്നു നല്കിയ ഭൂമിയെയും അതിലെ ഉപായസാദ്ധ്യതകളെയും നശിപ്പിക്കുകയല്ല, ഒത്തൊരുമിച്ച് സംരക്ഷിക്കുകയാണ് വേണ്ടത്.

ക്ഷയിക്കുന്ന ഭൂമി    വനനശീകരണം, മരുവത്ക്കരണം, ആഗോളതാപനം എന്നിവ കാരണമാക്കുന്ന കാലാവസ്ഥാ വ്യതിയാനവും, ഊര്‍ജ്ജനാശവും, ജന്തുക്കളുടെയും സസ്യങ്ങളുടെയും വംശനാശം എന്നിവ ഭൂമിയിലെ ജീവിതം ക്ലേശകരമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിലെ ബുഹുഭൂരിപക്ഷം പാവങ്ങളെയും സാധാരണക്കാരെയും അത് സാരമായി ബാധിച്ചിട്ടുമുണ്ട്. ആഗോളപ്രതിഭാസമായ കുടിയേറ്റം ഭൂമിയുടെ ദുരന്താവസ്ഥയുടെ പ്രത്യാഘാതംതന്നെയാണ്. കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വിശദീകരിച്ചു.

ഭൂമിയുടെ സംരക്ഷണം    പരിഹാരമാര്‍ഗ്ഗങ്ങള്‍ മനുഷ്യകേന്ദ്രീകൃതമാണ്. ഭൂമിയുടെ സംരക്ഷകരായ (Khalifa or Vice-Gerente) മനുഷ്യരുടെ ഉത്തരവാദിത്ത്വമാണ് ഭൂമിയുടെ സുരക്ഷ! ആദ്യമായി സ്രഷ്ടാവായ ദൈവത്തിലുള്ള വിശ്വാസത്താല്‍ പ്രേരിതരായി ഭൂമിയെക്കുറിച്ച് ഒരു സാകല്യവീക്ഷണം, സമഗ്രവീക്ഷണം വളര്‍ത്തേണ്ടത് അനിവാര്യമാണ് (Holistic view). രണ്ടാമതായി സന്മനസ്സും വിശ്വാസവുമുള്ളവര്‍ മൂല്യബോധത്തോടെ ജീവിക്കണം.

നമുക്കു ചെയ്യാവുന്നത്    ദൈവം നല്കിയ നന്മകള്‍ക്ക് നന്ദിയുള്ളവരായിരിക്കുക. വായു, വെള്ളം, കാറ്റ്, പരിസ്ഥിതി, ഭക്ഷണം... എല്ലാം നന്മയ്ക്കായി ഉപയോഗിക്കുക. ഭൂമിയുടെ ഉപായസാദ്ധതകളു‌ടെ ഉപയോഗത്തില്‍ ധൂര്‍ത്തല്ല, മതത്വം പാലിക്കുക. ഭൂമിയുടെ നന്മയായ ഉപായസാദ്ധ്യതകള്‍ അതില്‍ ജീവിക്കുന്ന സകലര്‍ക്കുമുള്ളതാണ്. അതിനാല്‍ അവ പങ്കുവയ്ക്കാന്‍ തയ്യാറാകുക. വ്യക്തിഗത താല്പര്യങ്ങള്‍ക്കും ജീവിതരീതിക്കും ഒരു സാമൂഹിക ഐക്യദാര്‍ഢ്യത്തിന്‍റെ വീക്ഷണം ഉണ്ടായിരിക്കുക (Inter-generational Solidarity). ഇന്നിന്‍റെ പ്രകൃതി വിനാശങ്ങളുടെ ചുറ്റുപാടില്‍ ഭൂമിയെ സംരക്ഷിക്കണമെന്ന അവബോധം വളരുന്ന തലമുറയില്‍ വളര്‍ത്തിയെടുക്കുക. അതിനാല്‍ ഏതു മതത്തില്‍പ്പെട്ടവരായാലും മൂല്യബോധത്തോടെ പൊതുഭവനമായ ഭൂമിയെ ഒത്തൊരുമിച്ച് സംരക്ഷിക്കാം! അതിലെ നന്മകള്‍, ഉപായസാദ്ധ്യതകള്‍ ശ്രദ്ധയോടെ പങ്കുവച്ചും പരിപോഷിപ്പിച്ചും നമുക്കു ജീവിക്കാം! 


(William Nellikkal)

31/08/2017 20:13