സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

സങ്കീര്‍ത്തനത്തില്‍ ഒളിഞ്ഞിരിക്കുന്ന ക്രിസ്തുവിന്‍റെ കരുണാര്‍ദ്രരൂപം

നസ്രായനായ യേശു (റോബര്‍ട് പവ്വല്‍) - RV

29/08/2017 13:31

സങ്കീര്‍ത്തനം 51-ന്‍റെ ആത്മീയവിചന്തനം - ഭാഗം 2.

സങ്കീര്‍ത്തനം 51-ന്‍റെ  1-മുതല്‍ 9-വരെയുള്ള പദങ്ങളുടെ വിചിന്തനമാണ് നാം കണ്ടത്. ഇന്നു ബാക്കിയുള്ള പദങ്ങളിലെ കാരുണ്യത്തെക്കുറിച്ചുള്ള ആത്മീയവീക്ഷണം മനസ്സിലാക്കാന്‍ ശ്രമിക്കാം. ദൈവം കാരുണ്യരൂപമാണ്, കാരുണ്യവാനാണ്. ഇതാണ് ഗീതത്തിന്‍റെ ആദ്യഭാഗം നല്കുന്ന ഹൃദയസ്പര്‍ശിയായ ചിന്ത. ദൈവമാണ് അപരാധങ്ങള്‍ പൊറുക്കുന്നവന്‍, അവിടുന്ന് പാപിയുടെ തെറ്റുകള്‍ തുടച്ചുമാറ്റാന്‍ കരുത്തുള്ളവനാണ്, അവിടുന്നു നമ്മുടെ പാപങ്ങള്‍ കഴുകിക്കളയുന്നു, “മായിച്ചു കളയുന്നു” എന്നാണ് സങ്കീര്‍ത്തകന്‍ പ്രയോഗിച്ചിരിക്കുന്നത്. അതായത്. ദൈവം അത്രമാത്രം ക്ഷമാനിധിയും പാപങ്ങള്‍ പൊറുക്കുവാന്‍ സന്നദ്ധതയുള്ളവനും, കോപിക്കുന്നതില്‍ വിമുഖനുമാണ്. അവിടുത്തെ കാരുണ്യം അതിരില്ലാത്തതും എന്നും നിലനില്ക്കുന്നതുമാണ്. അതിനാല്‍ വീഴ്ച പറ്റിയ മനുഷ്യന്‍ പാപമോചനത്തിനായി ദൈവത്തിലേയ്ക്ക് തിരിയുന്നു.

51-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ആത്മീയമായ ഉള്‍പ്പൊരുള്‍ ദൈവത്തിങ്കലേയ്ക്കുള്ള ഈ തിരിച്ചുപോക്കും, അവിടുന്നിലുള്ള ആശ്രയബോധവുമാണ്. പദങ്ങള്‍ പ്രകടമാക്കുന്ന അനുതാപത്തിന്‍റെ ആര്‍ദ്രത ഹൃദയസ്പര്‍ശിയാണ്. ആദ്യപദങ്ങളില്‍ നാം അതു കണ്ടതാണ്. അതിനാല്‍ ബലഹീനരും പാപികളുമായ നമുക്ക് ദൈവത്തിലേയ്ക്ക് സങ്കീര്‍ത്തകനെപ്പോലെ തിരിയാനുള്ള ആത്മീയവീക്ഷണമാണ് 51-Ɔ൦ സങ്കീര്‍ത്തനം തരുന്നത്. ഇനിയും ഗീതത്തിന്‍റെ പദങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ കാരുണ്യാതിരേകത്തെക്കുറിച്ചുള്ള ആത്മീയചിന്തകള്‍ കണ്ടെത്താം. 

51-Ɔ൦ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും  ജെറി അമല്‍ദേവുമാണ്.
ആലാപനം, രാജലക്ഷ്മിയും സംഘവും... 

Musical Version of Ps. 51 
കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ!  - കാരുണ്യ..

10-12 മഴയും വെയിലുംപോലെ സുഖദുഃഖങ്ങളുടെ, നന്മതിന്മകളുടെ സമ്മിശ്രണമാണ് മനുഷ്യജീവിതം. അനുദിന ജീവിതത്തിന്‍റെ മഴയിലും മൂടലിലും, അതിന്‍റെ കാര്‍മേഘാവരണത്തില്‍, കാര്‍മേഘപടലത്തില്‍ ദൈവത്തിന്‍റെ കരുണയും അനുഗ്രഹവുമായി വെയില്‍ തെളിയുന്നു.  മനുഷ്യന്‍റെ ആത്മീയമാന്ദ്യത്തില്‍ ക്രിസ്തുവും അവിടുത്തെ അരൂപിയുമാണ് ജീവിതത്തില്‍ വെളിച്ചമേകുന്നത്, സന്തോഷംപകരുന്നത്, പ്രത്യാശപകരുന്നത്. പാപത്തെപ്പറ്റിയുള്ള ബോധ്യം, അല്ലെങ്കില്‍ പാപബോധം, അനുതാപത്തിലേയ്ക്കു നമ്മെ നയിക്കുന്നു. പാപത്തില്‍നിന്നുള്ള പൂര്‍ണ്ണമോചനം ദൈവം നല്കുന്ന നവമായൊരു സൃഷ്ടികര്‍മ്മത്തിലൂടെയാണ് സാധിക്കുക. കാരണം, സൃഷ്ടികര്‍മ്മം ദൈവത്തിലാണ്. മനുഷ്യജീവിതത്തില്‍ അനുതാപത്തിന്‍റെ കണ്ണീരുണ്ടെങ്കില്‍ ദൈവിക രക്ഷയുടെ സന്തോഷം, നവജീവന്‍ നമുക്കു ലഭിക്കും, ദൈവം തരും.

13-17 ദൈവത്തിങ്കലേയ്ക്കു തിരിച്ചുവരുന്നവര്‍ കൃപാവരത്തിന്‍റെ നിറവില്‍ മറ്റുള്ളവരെയും  ആ സന്തോഷത്തിലേയ്ക്ക് നയിക്കും. ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ഇടയാകും. ദൈവസ്തുതിക്കായി മനസ്സിനെയും ഹൃദയത്തെയും അധരങ്ങളെയും ഒരുക്കണമേ, എന്ന് പ്രാര്‍ത്ഥിക്കേണ്ടതാണ്. ദൈവത്തിന് ഏറ്റവും സ്വീകാര്യമായത് പശ്ചാത്താപ വിവശമായ ഹൃദയവും മനസ്സുമാണ്. എങ്കിലും ദൈവത്തിനു കാഴ്ചകള്‍ സമര്‍പ്പിക്കുക, അയോഗ്യതയിലും നമുക്കുള്ളതും നമ്മെത്തന്നെയും ദൈവത്തിന് സമര്‍പ്പിക്കുന്നത് ഏറെ അഭികാമ്യമാണ്. കാരണം ദൈവം അപരിമേയനാണ്. അവിടുത്തെ കാരുണ്യം അനന്തമാണ്. അവിടുത്തെ മഹത്വവും ശക്തി വൈഭവവും മനുഷ്യന്‍റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതാണ്.
     Musical Version Ps. 51 
    കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
   നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ..
   കേവലം നിന്നോടു ഞാന്‍ ചെയ്തുപോയി പാപങ്ങള്‍
 നീതി നീ തന്നീടുന്നു നിഷ്പക്ഷം അഹോ വിധി – കാരുണ്യ

 ഇസ്രായേലിന്‍റെ ചരിത്രഘട്ടത്തില്‍ ദാവീദു രാജാവിനു പറ്റിയ വീഴ്ചയില്‍ പ്രകടമാക്കപ്പെടുന്ന അനുതാപത്തിന്‍റെ വികാരവും വിലാപവുമാണ് 51-Ɔ൦ സങ്കീര്‍ത്തനം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പഠനത്തിലൂടെ നാം മനസ്സിലാക്കിയതാണ്. ഗീതത്തിന്‍റെ ഉള്ളടക്കത്തിന്‍റെ മനോഹാരിതയും, വിഷയത്തിന്‍റെ ആത്മീയതയും, സാര്‍വ്വലൗകികതയും കൊണ്ട് കാലക്രമത്തില്‍ അത് ലോകമെമ്പാടും ഭാഷാ-സംസ്ക്കാര ഭേദമെന്യേ ദൈവജനത്തിന്‍റെ ആരാധനക്രമത്തിന്‍റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. പഴയനിയമ കാലത്ത് ഇസ്രായേലില്‍ എന്നപോലെ, പിന്നീട് സഭയുടെ പ്രാര്‍ത്ഥനയിലും ആരാധനക്രമത്തിലും ഏറെ പ്രസക്തമായ ഭാഗങ്ങളില്‍ വിശ്വാസികള്‍ ഈ ഗീതം ഉപയോഗിച്ചു പോരുന്നു. ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ : അവിടുത്തെ ദൈവരാജ്യസന്ദേശവും, ഉപമകളും അത്ഭുതങ്ങളും ദൈവികകാരുണ്യത്തിന്‍റെ വികാരം ഉള്‍ക്കൊള്ളുന്നതാണ്.

സുവിശേഷത്തിന്‍റെ ഹൃദയസ്പര്‍ശിയായ സന്ദേശവും സത്തയും അവിടുന്ന് പാപികളോടു കാണിച്ച ക്ഷമയുടെയും ഔദാര്യത്തിന്‍റെയും പ്രകടനങ്ങളാണ്. “സ്നേഹിക്കുക, ശത്രുവിനെപ്പോലും ...” (മത്തായി 5, 44) എന്ന കാതലായ, എന്നാല്‍ കാലാതീതമായ അവിടുത്തെ പ്രബോധനം സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്നു. ദൈവിക കാരുണ്യത്തിന്‍റെയും ദൈവരാജ്യത്തിന്‍റെയും സന്ദേശമായി അവ ഇന്നും നിലനില്‍ക്കുന്നു. ദൈവം കാരുണ്യവാനാണ്, കരുണയുള്ളവനാണ്...
ഇതാണ് ക്രിസ്തു നല്കിയ സദ്വാര്‍ത്ത. അതിനാല്‍ “നിങ്ങളും കരുണയുള്ള പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കുവിന്‍....!”  
(ലൂക്കാ 6, 36).   പാപിയായ മനുഷ്യന്‍ ദൈവത്തിന്‍റെ കാരുണ്യാതിരേകത്തിലേയ്ക്ക് തിരിയുന്നതാണ് 51-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ പഠനത്തില്‍ ശ്രദ്ധേയമാകുന്ന കാര്യം. ദാവീദ് ദൈവത്തിലേയ്ക്കാണ് നേരെ തിരിയുന്നത്. അവിടുത്തെ കാരുണ്യത്തിനായി വിലപിക്കുന്നു. അയാള്‍ സ്വയം ദൈവികകാരുണ്യത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു, കാരുണ്യത്തിനായി യാചിക്കുന്നു. കാരണം ദൈവം നമ്മോടു കാണിക്കുന്ന സ്നേഹവും ഔദാര്യവും സീമാതീതമാണ്. കാരുണ്യം യാചിച്ച മനുഷ്യന് ദൈവത്തിന്‍റെ മാപ്പു ലഭിച്ച് നവജീവന്‍ പ്രാപിക്കുമ്പോള്‍ അത് സന്തോഷമായും സ്നേഹമായും ക്ഷമയായും സഹോദരങ്ങളില്യേക്ക് തിരിച്ചുവിടാനും പങ്കുവയ്ക്കുവാനും സാധിക്കും എന്നതാണ് ഈ സങ്കീര്‍ത്തനത്തിന്‍റെ പ്രായോഗിക ദര്‍ശനം, കാഴ്ചപ്പാട്.

Recitation : 
ദൈവമേ, നിര്‍മ്മലമായൊരു മാനസം എനിക്കു തന്നീടണേ...
ദൈവമേ, വിശുദ്ധമായ ഹൃത്തടം എന്നില്‍ അങ്ങ് പുനര്‍സ്ഥാപിക്കണേ!  
Musical Version Ps. 51 
കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ..
ദോഷമാകെയാര്‍ന്നു ഞാന്‍ ഘോരപാപി ഞാനിതാ
പാപമേതുമെന്‍ മുന്നില്‍ കാണുന്നൂ സദാ വിഭോ – കാരുണ്യ

രാജാവിന്‍റെ കാമക്രോധത്തിന് ഇരയായ സൈന്ന്യത്തിലെ അംഗമായ ഊറിയ എന്ന മനുഷ്യനെക്കുറിച്ചോ, നിസ്സഹായയായ സ്ത്രീ, ബാത്ഷെബായെക്കുറിച്ചോ ഗീതത്തില്‍ പ്രതിപാദിക്കുന്നില്ല. അവര്‍ ഇനിയും ദൈവജനത്തിന്‍റെ ഭാഗവും ദൈവസ്നേഹത്തിന്‍റെ ഭാഗധേയവുമാണ്. താന്‍ ദൈവത്തിനെതിരെ അപരാധം ചെയ്തു അവിടുത്തെ ഉടമ്പടി ലംഘിച്ചു എന്നു മാത്രമേ, സങ്കീര്‍ത്തകന്‍ പദങ്ങളില്‍ പ്രസ്താവിക്കുന്നുള്ളൂ.

അവസാനമായി ദാവീദ് നവമായൊരു വ്യക്തിത്വത്തിനുവേണ്ടിയാണ് ദൈവത്തോട് യാചിക്കുന്നത്. ദൈവത്തോടുള്ള ബന്ധത്തിലും, മറ്റു ജനങ്ങളുമായുള്ള ഉടമ്പടിയിലും നവമായൊരു മാനസവും ജീവിതവും തരണമേ, എന്ന് രാജാവ് യാചിക്കുന്നു. കാരണം, ദൈവമാണ് എല്ലാം നവമായി സൃഷ്ടിക്കുന്നത്. ഉല്പത്തിയിലേതുപോലെ സകലതും നവമായി സൃഷ്ടിക്കുന്നവന്‍ അവിടുന്നാണ്. അതിനാല്‍ ദൈവമേ, അങ്ങ് പുനര്‍സൃഷ്ടചെയ്യണമേ, നവജീവന്‍ നല്കണമേ, എന്ന് പാപിയായ മനുഷ്യന്‍ ഗീതത്തില്‍ പ്രാര്‍ത്ഥിക്കുന്നു. നവീകരണത്തിനുള്ള തുറവ് അനുദിനജീവിതത്തില്‍ അനിവാര്യമാണ്, എങ്കിലേ നാം വളരുകയും ഉയരുകയും ചെയ്യുകയുള്ളൂ.

രാജാവിന്‍റെ വ്യക്തിപരമായ വീഴ്ചയും ബന്ധനവും, ഇസ്രായേല്‍ ജനത്തിന്‍റെ ബാബിലോണ്‍ വിപ്രവാസവും ബന്ധനവുമായി അവസാന പദങ്ങളില്‍ സങ്കീര്‍ത്തകന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കര്‍ത്താവിന്‍റെ ആലയമായ ജരൂസലത്ത് ബലികള്‍ അര്‍പ്പിക്കുവാനും, ദൈവവുമായുള്ള ആത്മീയൈക്യം പുനര്‍പ്രതിഷ്ഠിക്കാനെന്നോണം, കൂട്ടിയണക്കാനെന്നോണം കാഴ്ചകളുമായ് കര്‍ത്തൃസന്നിധിയില്‍ എത്തുന്ന ജനത്തിന്‍റെ ചിത്രത്തോടെയാണ്  സങ്കീര്‍ത്തനപദങ്ങള്‍ ഉപസംഹരിക്കപ്പെടുന്നത്. ജനത്തിന്‍റെ ദൈവത്തിലുള്ള പുനര്‍പ്രതിഷ്ഠയോടെ സങ്കീര്‍ത്തനം അവസാനിക്കുന്നുവെന്ന് നമുക്കു സ്ഥാപിക്കാം. അതിനാല്‍ ഇതൊരു വ്യക്തിഗത അനുതാപഗീതമാണെങ്കിലും, വ്യക്തി സമൂഹത്തിന്‍റെ ഭാഗമാണെന്നും, വ്യക്തിയുടെ അനുതാപ പ്രാര്‍ത്ഥന സമൂഹത്തിന്‍റെ അനുതാപ  പ്രാര്‍ത്ഥനയായി പരണമിക്കുന്നെന്നും 51-Ɔ൦ സങ്കീര്‍ത്തനം കാണിച്ചുതരുന്നു. ജനം ഒന്നായിട്ടാണ് ദൈവത്തിന്‍റെ കാരുണ്യത്തിനായി അവസാനം യാചിക്കുന്നത്, എന്ന വളരുനന കൂട്ടായ്മയുടെ ചിത്രം മനസ്സിലേറ്റിക്കൊണ്ട് ഈ ഗീതത്തിന്‍റെ ആത്മീയവിചിന്തനം നമുക്ക് ഉപസംഹരിക്കാം.   
Musical Version Ps. 51 
കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ..
ദ്രോഹിയാണു ഞാന്‍ വിഭോ ദ്രോഹമോചനം തരൂ
എന്നസീമ പാപങ്ങള്‍ മായ്ച്ചീടണേ വിഭോ – കാരുണ്യ...


(William Nellikkal)

29/08/2017 13:31