2017-08-26 10:00:00

വിശ്വാസപ്രഖ്യാപനം : ദൈവമനുഷ്യ ബന്ധത്തിന്‍റെ ഉള്‍ക്കാമ്പ്


ആണ്ടുവട്ടം 21-Ɔ൦ വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം  
വിശുദ്ധ മത്തായി 16, 13-20.

1. ബദ്സൈദായിലെ വലിയ മുക്കുവന്‍    പുതിയ നിയമത്തില്‍ ക്രിസ്തുവിനോടു തോളുരുമ്മി നില്ക്കുന്ന വലിയ വ്യക്തിത്വമാണ് പത്രോസ്ലീഹാ! ഗലീലിയ തീരത്ത്, ബദ്സൈദാ ഗ്രാമത്തില്‍ ജോനായുടെ പുത്രനായിട്ടാണ് ശീമോന്‍ ജനിച്ചത്. ഗലീലിയാ തടാകത്തില്‍ മീന്‍പിടിച്ചുകൊണ്ടിരിക്കവെയാണ് ഒരിക്കല്‍ ക്രിസ്തു അയാളെ വിളിച്ചത്. തന്‍റെ സഹോദരനായ അന്ത്രയോസിനോടൊപ്പം ശിമയോന്‍ ക്രിസ്തുവിന്‍റെ പക്കലെത്തി. ‘നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കാം’ (മത്തായി 4, 19) ഇതായിരുന്നു ക്രിസ്തുവിന്‍റെ വിളി. കടലുപോലെ കരുത്തനും പൊതുവെ ശാന്തനും, എന്നാല്‍ ചിലപ്പോള്‍ കോപിഷ്ഠനുമായി കലങ്ങിമറിയുന്ന ശിമയോന്‍ വിളി സ്വീകരിച്ചതില്‍പ്പിന്നെ നിഴലുപോലെ ക്രിസ്തുവിന്‍റെ പിന്‍പേ നടന്നു.

2. ശീമോന്‍റെ വിശ്വാസപ്രഖ്യാപനം     ഗലീലിയാ തീരത്തുള്ള കേസറിയാ ഫിലിപ്പിയില്‍വച്ചാണ് ശീമോന്‍ തന്‍റെ ഗുരുവിനോടു ഇങ്ങനെ ഏറ്റുപറഞ്ഞത്, “കര്‍ത്താവേ, അങ്ങ് സജീവദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്, ലോകരക്ഷകനായ മിശിഹായാണ്”  (മത്തായി 16, 16). അവിടെവച്ചാണ് യേശു പത്രോസിനെ ‘പാറ’യെന്നു വിശേഷിച്ചത്. “പത്രോസേ, നീ പാറയാകുന്നു. ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭ പണിതുയര്‍ത്തും,” (മത്തായി 16, 18)  ക്രിസ്തു അന്നിങ്ങനെ പ്രവചിച്ചു. തന്‍റെ വ്യക്തിത്വത്തിന്‍റെ ജയാപജയങ്ങളിലും പത്രോസ് ക്രിസ്തുവിന്‍റെ ശിഷ്യന്മാരില്‍ പ്രഥമനായിത്തീര്‍ന്നു, പ്രധാനിയായിത്തീര്‍ന്നു. ചിലപ്പോഴെല്ലാം പതറിയെങ്കിലും ഇടറിയെങ്കിലും, അയാള്‍ ക്രിസ്തുവിനോടു ചേര്‍ന്നുനിന്നു. അവിടുത്തെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞെങ്കിലും പത്രോസ് അനുതപിച്ചു. അനുതാപിയായ പത്രോസ് വിശ്വാസജീവിതത്തില്‍ ഇന്നും ആര്‍ക്കും അനുകരണീയനാണ്.

ഉത്ഥാനാനന്തരം ക്രിസ്തു പത്രോസിന് പ്രത്യക്ഷപ്പെട്ടു (ലൂക്ക 24, 34). “നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍!” (മത്തായി 28, 19). ഗുരുവിന്‍റെ അന്തിമാഹ്വാനം ഉള്‍ക്കൊണ്ട് ശിഷ്യന്മാര്‍ ഇറങ്ങിപ്പുറപ്പെട്ടു. പത്രോസ് ആദ്യം ജരൂസലേമില്‍ സുവിശേഷം പ്രസംഗിച്ചു. അവിടെ സഭ സ്ഥാപിച്ചു. ക്രിസ്താബ്ദം 42-ല്‍ ഹെറോദ് അഗ്രിപ്പ പത്രോസിനെ ജരൂസലേമില്‍ ബന്ധിയാക്കി. എന്നാല്‍ കാരാഗൃഹത്തില്‍നിന്നും പത്രോസ് അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നെയും കിഴക്കോട്ടു സഞ്ചരിച്ച പത്രോസ് അന്ത്യോക്യായിലും ഗ്രീസിലെ കോറിന്തിലും സുവിശേഷം പ്രസംഗിച്ചു. അവിടെല്ലാം ക്രിസ്തുവിന്‍റെ കൂട്ടായ്മ വളര്‍ത്തി.

3. റോമിലെ വിശ്വസസമൂഹവും പത്രോശ്ലീഹായും    ക്രിസ്തുവര്‍ഷം 60-Ɔമാണ്ടില്‍ പത്രോസ് റോമില്‍ എത്തിയതിന് ചരിത്രം രേഖകളുണ്ട്. റോമിലെ ദേവന്മാരുടെയും സാമ്രാജ്യ പ്രമത്തതയുടെയുംമദ്ധ്യേ പത്രോസ് ക്രിസ്തുവിനെ പ്രഘോഷിച്ചു. സുവിശേഷം സമൂഹത്തില്‍ പങ്കുവച്ചു. റോമാനഗരത്തെ കേന്ദ്രീകരിച്ച് പത്രോസ് സഭ സ്ഥാപിച്ചു. അവസാനം, നീറോ ചക്രവര്‍ത്തിയുടെ പീഡനകാലത്താണ് പത്രോശ്ലീഹ രക്തസാക്ഷിത്വം വരിച്ചത്. ക്രിസ്തുവര്‍ഷം 64-Ɔമാണ്ടില്‍ വത്തിക്കാന്‍ കുന്നില്‍ കുരിശില്‍ തലകീഴായി കൊല്ലപ്പെട്ട പത്രോസ്ലീഹായെ അവിടെത്തന്നെ അടക്കംചെയ്തു.  റോമിലെ സഭയെ അക്കാലത്ത് നയിച്ച വിശുദ്ധ ക്ലെമെന്‍റും, സമകാലീന ചരിത്രകാരന്മാരായ താച്ചിത്തൂസും യൂസേബിയൂസും ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്. (Writings of st. Clement and  historian Tacitus and Eusesbius). അങ്ങനെ ഗവേഷണങ്ങളും ചരിത്രപഠനങ്ങളും സ്ഥിരപ്പെടുത്തിയിട്ടുള്ള വത്തിക്കാന്‍ കുന്നിലായിരുന്ന പത്രോസ്ലീഹായുടെ സ്മൃതിമണ്ഡത്തിന്‍റെ സ്ഥാനത്ത് ഭൗതികശേഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് പലതലമുറകളായി വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക വിശ്വവിഖ്യാതരായ ബര്‍ണ്ണീനിയും മൈക്കളാഞ്ചലോയുമൊക്കെ പണിതീര്‍ത്തത്, ഇന്നു കാണുന്ന നിത്യനഗരത്തിലെ മഹാദേവാലയം!

4.  ശ്ലീഹായുടെ പ്രഥമസ്ഥാനവും പരമാധികാരവും     പത്രോസിന്‍റെ പരമാധികാരം പ്രകടമാക്കുന്ന സംഭവങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്‍റെ ഉള്ളടക്കം. വിശ്വാസത്തിന്‍റെ ആകാശം തൊടാന്‍ പത്രോസിനു സാധിച്ചത് പിതാവു നല്കിയ വെളിപാടിന്‍റെ ചിറകുകള്‍കൊണ്ടാണ്. ഇന്നത്തെ സുവിശേഷഭാഗം അതു വ്യക്തമാക്കുന്നു. വെളിപാടിന്‍റെ ചിറകിലേറി ക്രിസ്തു ദൈവപുത്രനായ ലോകരക്ഷകനാണെന്ന് പ്രഖ്യാപിച്ച, പത്രോശ്ലീഹായുടെ വിശ്വാസത്തിന്‍റെ വ്യക്തിത്വമാണ് ഇന്നത്തെ വചനധ്യാനം. ‘മാംസരക്തങ്ങളല്ല ഇതു വെളിപ്പെടുത്തിയത്’ (മത്തായി 16, 1-7) സ്വര്‍ഗ്ഗീയ പിതാവാണ്. ക്രിസ്തുവിന്‍റെ ഈ വാക്കുകളില്‍നിന്നും, പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനത്തിന്‍റെ സ്രോതസ്സ് മനസ്സിലാക്കാവുന്നതാണ്.

5.  ദൈവ-മനുഷ്യബന്ധത്തിന്‍റെ കണ്ണിയായി  മനുഷ്യപുത്രന്‍’    ഹെര്‍മോണ്‍ മലയുടെ അടിവാരത്തുള്ള പട്ടണമാണ് ‘കേസറിയ ഫിലിപ്പി’. പേരു സുചിപ്പിക്കുന്നതുപോലെ സീസറിന്‍റെ സ്മരണാര്‍ത്ഥം യൂദയായുടെ അക്കാലത്തെ ഗവര്‍ണ്ണറായിരുന്ന ഹേറോദ് ഫിലിപ്പ് പണികഴിപ്പിച്ചതാണതീ പട്ടണം. കേസറിയ ഫിലിപ്പിയില്‍വച്ചാണ് ക്രിസ്തു ശിഷ്യന്മാരോടു ചോദിച്ചത്. “മനുഷ്യപുത്രന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?” പത്രോസ് പറഞ്ഞു, “കര്‍ത്താവേ, അങ്ങ് ക്രിസ്തുവാണ്. ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ മിശിഹായാണ്.”  ക്രിസ്തു തന്നെത്തന്നെ ആവിഷ്ക്കരിക്കാന്‍ ഉപയോഗിച്ച ശീര്‍ഷകമാണ് ‘മനുഷ്യപുത്രന്‍’. അതിന്‍റെ അര്‍ത്ഥം ഈ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്‍ എന്നു തന്നെയാണ്. ഭൂമിയിലെ ഓരോ വ്യക്തിയും സജീവ ദൈവത്തിന്‍റെ പുത്രരാകാന്‍ അഭിഷേകംചെയ്യപ്പെട്ടവരാണ് എന്ന ആശയം ഇവിടെ വെളിപ്പെട്ടുകിട്ടുന്നു. ‘മിശിഹാ’ അഥവാ ‘ക്രിസ്തു’ എന്ന ശീര്‍ഷകത്തിന് ‘അഭിഷേകംചെയ്യപ്പെട്ടവന്‍’ എന്നാണര്‍ത്ഥം. നാം മനുഷ്യമക്കളാണെന്നും, ഒപ്പം ദൈവത്തിന്‍റെ പ്രതിച്ഛായ ഉള്ളവരാണെന്നുമുള്ള അവബോധം അനുദിനജീവിതത്തില്‍ അനിവാര്യമാണ്. ഈ ബോധത്തില്‍ ജീവിക്കുവാനും വളരുവാനും, അങ്ങനെതന്നെ സഹോദരങ്ങളെയും ദൈവമക്കളായി കാണുവാന്‍ നമുക്കു സാധിക്കണം.

മൂന്നു പ്രസ്താവങ്ങളിലൂടെയാണ് ദൈവ-മനുഷ്യ ബന്ധത്തിന്‍റെ ഉള്‍ക്കാമ്പ് ക്രിസ്തു വെളിപ്പെടുത്തുന്നത്. ആദ്യം... “ശിമയോനേ, നീ ഭാഗ്യവാന്‍, കാരണം, പിതാവാണ് ഇതു നിനക്ക് വെളിപ്പെടുത്തി തന്നത്.” രണ്ടാമതായി... “ഞാന്‍ പറയുന്നു, നിന്നിലൂടെ ഞാന്‍ സഭയെ പണിതുയര്‍ത്തും.” മൂന്നാമതായി... “ദൈവരാജ്യത്തിന്‍റെ താക്കോല്‍ നിനക്കു ഞാന്‍ തരുന്നു.” പത്രോസിന്‍റെ വിശ്വസപ്രഖ്യാപനത്തെ ബലപ്പെടുത്തുന്ന മൂന്നു പ്രസ്താവങ്ങള്‍! ക്രിസ്തുവിന്‍റെ ദൈവികതയുടെ രഹസ്യവും അതിനെക്കുറിച്ചുള്ള അറിവും ദൈവംതരുന്ന വെളിവാണിത്. ഇത് മാനുഷികമല്ല. ഉന്നതത്തില്‍നിന്നും ആന്തരികമായി വെളിപ്പെട്ടുകിട്ടിയതാണ്. ആത്മീയമായി ദൈവത്തോട് ഉള്‍ച്ചേര്‍ന്നിരിക്കുന്നവര്‍ക്കാണ് അവിടുത്തെ മുദ്രകള്‍ ഭൂമിയില്‍ വെളിപ്പെട്ടുകിട്ടുന്നത്. ദൈവത്തിന്‍റെ വെളിപാടുകള്‍ക്കായി കാതോര്‍ക്കേണ്ടവരാണ് ദൈവമക്കള്‍, മനുഷ്യമക്കള്‍!

6. പാറമേല്‍ സ്ഥാപിതമായ കര്‍ത്താവിന്‍റെ ആലയം    “പത്രോസേ, നീ പറായാകുന്നു.” ജീവിതത്തിന്‍റെ അടിസ്ഥാനശില ദൈവമാണ് എന്നര്‍ത്ഥത്തിലാണ് ‘പാറ’ എന്ന വാക്ക് ഇന്നത്തെ സുവിശേഷഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത് (ഏശ. 17, 10). ക്രിസ്തുവിന്‍റെ വ്യക്തിത്വത്തിനും രക്ഷാകര രഹസ്യത്തിനും സാക്ഷൃംവഹിക്കുന്ന ഏവരെയും സംബന്ധിച്ചിടത്തോളം പത്രോസാണ് സഭയുടെ അടിസ്ഥാനം. ദൈവവചനം കേട്ട്, അത് പാലിക്കുന്നവര്‍ പാറമേല്‍ അടിസ്ഥാനമിട്ട വിവേകികളും ദൈവപുത്രരുമാണ്. “സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ നിനക്കു ഞാന്‍ തരും...”  ‘താക്കോല്‍’ ഉത്തരവാദിത്വത്തെ സൂചിപ്പിക്കുകയാണ് (ഏശ 22, 15-25). ഭവനത്തിന്‍റെ കാര്യസ്ഥനാണ് താക്കോല്‍ സൂക്ഷിക്കുന്നത്. അവന്‍ വിശ്വസ്തനും വിവേകിയുമാണ്. ‘ജീവനുള്ള ദൈവത്തിന്‍റെ പുത്രന്‍’ എന്നത് ഹോസിയ പ്രവാചകന്‍റെ വാക്കുകളില്‍ (1, 10) ദൈവത്തോടുള്ള വിശ്വസ്തത കൈവെടിയാത്ത തിരഞ്ഞെടുക്കപ്പെട്ടവന്‍ എന്നാണ്. ഓരോരുത്തരും സ്വയം നവീകരിക്കപ്പടുമ്പോഴാണ് സഭയുടെ വിശുദ്ധീകരണം സംഭവിക്കുന്നത്. നവസുവിശേഷവത്ക്കരണം എന്ന ഉദ്യമംകൊണ്ട് ഇന്ന് ആഗോള സഭ ലക്ഷൃംവയ്ക്കുന്നത് ഈ നവീകരണമാണ്. വ്യക്തിജീവിതത്തില്‍ നവീകരണം നടക്കുന്നത് ദൈവത്തോട് മനുഷ്യന്‍ വിശ്വസ്തത പുലര്‍ത്തുമ്പോഴാണ്. നവീകരണം,  നവോത്ഥാരണമാണ്. അത് വെറും വെള്ളപൂശലല്ലെ. അത് മനുഷ്യജീവിതത്തില്‍ അനുദിനം ആവശ്യമാണ്, അനിവാര്യമാണ്.

‌‌7.  ദൈവരാജ്യത്തിന്‍റെ വിമോചനം    ‘ഭൂമിയില്‍ കെട്ടുക, അഴിക്കുക,’ എന്നിങ്ങനെയുള്ള സുവിശേഷത്തിലെ പദസന്ധികള്‍ അര്‍ത്ഥമാക്കുന്നത്, ഏശയ്യ പ്രവാചകന്‍ സൂചിപ്പിച്ച അനീതിയുടെ നുകങ്ങള്‍ അഴിച്ചുകളയലാണ് (ഏശയ്യ 42, 7, 49, 9). ബന്ധിതര്‍ക്കു നല്കേണ്ട മോചനമാണത്. ക്രിസ്തുവിലുള്ള ആത്മീയ വിമോചനത്തിന്‍റെ ഉള്‍പ്പൊരുളാണത്. ആര്‍ജ്ജവത്തോടെ ദൈവരാജ്യവും അതിന്‍റെ നീതിയും അന്വേഷിക്കുന്നവര്‍ക്ക് അത് തുറന്നുകൊടുക്കുവാനും, നശിപ്പിക്കുവാന്‍ തുനിയുന്നവരില്‍നിന്ന് സംരക്ഷിക്കുവാനുമുള്ള ഉത്തരവാദിത്തം ഈ അധികാരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ദൈവത്തെ സത്യസന്ധമായി അന്വേഷിക്കുവാനുള്ള ഉത്തരവാദിത്വവും, തുറവും, സ്വാതന്ത്ര്യവും ജീവിതത്തില്‍ ആവശ്യമാണ്. ദൈവത്തിന്‍റെ ഹിതം മനുഷ്യരെ പഠിപ്പിക്കാനുള്ള വെളിപാടിന്‍റെ ‘താക്കോല്‍’ കളഞ്ഞുപോകരുത്. വിശ്വാസത്തിന്‍റെ ഹൃദയാകാശം മറ്റുള്ളവരെ സ്പര്‍ശിക്കുമാറ് എന്‍റെ അന്തരംഗത്തെ ക്രിസ്തുവില്‍,  ക്രിസ്തുവിനാല്‍ ബലപ്പെടുത്തി എടുക്കണം. ജീവിതത്തെ ചലിപ്പിക്കുന്നതും, ദൈവത്തിന്‍റെ വിശുദ്ധ പര്‍വ്വതത്തില്‍നിന്നും വീശുന്ന ദൈവാരൂപിയുടെ കുളിര്‍കാറ്റു സ്വീകരിച്ച്, പത്രോശ്ലീഹായ്ക്കൊപ്പം യേശുവില്‍ പ്രത്യാശയര്‍പ്പിച്ചും,  അവിടുന്നു സജീവനായ ദൈവത്തിന്‍റെ പുത്രനായ ലോകരക്ഷകനാണെന്ന് ഏറ്റുപറഞ്ഞും ജീവിക്കാം!








All the contents on this site are copyrighted ©.