2017-08-22 16:20:00

രമ്യതപ്പെട്ടാല്‍ ജീവിതം സമാധാനപൂര്‍ണ്ണമാക്കാം


സങ്കീര്‍ത്തനം 51-ന്‍റെ പഠനം തുടര്‍ച്ച. ആത്മീയവിചിന്തനം (1)

പദങ്ങളുടെ വ്യാഖ്യാനപഠനം കഴിഞ്ഞപ്രക്ഷേപണത്തില്‍ പൂര്‍ത്തിയാക്കി. ഇന്ന് 51-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ആത്മീയ വിചിന്തനത്തിലേയ്ക്ക് കടക്കുകയാണ്. ദൈവത്തിന്‍റെ കൃപാസ്പര്‍ശം പകര്‍ന്നുനല്കുന്ന വാക്കാണ് ‘കാരുണ്യം’  സഭ ആഘോഷിക്കുന്ന വിശുദ്ധ വത്സരത്തിന്‍റെ പശ്ചാത്തലത്തിലാണ് നാം പ്രത്യേകമായി 51-Ɔ൦ സങ്കീര്‍ത്തനം പഠനവിഷയമാക്കിയത്. ദൈവിക കാരുണ്യത്തിന്‍റെ സദ്ഫലങ്ങള്‍ വിശുദ്ധവത്സരത്തില്‍ പഠിക്കുവാനും ധ്യാനിക്കുവാനും ഈ ഗീതം നമ്മെ സഹായിക്കും. സുവിശേഷ കാരുണ്യം അനുദിന ജീവിതത്തില്‍ മനുഷ്യരുമായി പങ്കുവയ്ക്കപ്പെടണം എന്ന ഉദ്ദേശത്തോടെയാണ് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധവത്സരം പ്രഖ്യാപിച്ചത്. മനുഷ്യര്‍ക്ക് ദൈവവുമായും സഹോദരങ്ങളുമായും രമ്യതപ്പെടാന്‍ സാധിച്ചാല്‍ ലോകത്ത് സമാധാനം വളര്‍ത്താമെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ തനിമയാര്‍ന്ന ചിന്തയും, അദ്ദേഹത്തിന്‍റെ സഭാഭരണത്തിലെ പ്രതിജ്ഞാബദ്ധമായ ആത്മീയ നയവുമാണ്. ഈ സങ്കീര്‍ത്തന പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ നമുക്ക് അത് പറയാനാകും.

കാരുണ്യം കൃപയുടെ അടയാളമാണ്. ദൈവം കാരുണ്യവാനാണ്. അവിടുന്ന് മനുഷ്യരോട് കരുണ കാണിക്കുന്നു. മനുഷ്യജീവിതത്തില്‍ ദൈവത്തിനുള്ള അന്യൂനവും പരമവും പ്രഥമവുമായ സ്ഥാനം അംഗീകരിച്ചുകൊണ്ടും പ്രഖ്യാപിച്ചുകൊണ്ടുമാണ് സങ്കീര്‍ത്തകന്‍ പാടുന്നത്, കാരുണീകനാം പ്രഭോ, നീ ദായാലുവാണല്ലോ! ഈ വികാരത്തോടെ നമുക്ക് സങ്കീര്‍ത്തന പഠനത്തിന്‍റെ ആത്മീയ വിചിന്തനത്തിലേയ്ക്ക് ഈ പ്രക്ഷേപണത്തില്‍ പ്രവേശിക്കാം.

51-Ɔ൦ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവുമാണ്. ആലാപനം, രാജലക്ഷ്മിയും സംഘവും...

           Musical Version of Ps. 51 
       
    കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
          നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ!  - കാരുണ്യ...

1-2 ഓരോ വ്യക്തിയിലുമുള്ള പ്രവാചക ചൈതന്യം, ദൗത്യം നമ്മിലും നമുക്കു ചുറ്റുമുള്ള പാപത്തിനെതിരായി, തിന്മയ്ക്കെതിരായി പോരാടാനുള്ളതാണ്. പ്രാവചക ശബ്ദമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാണോ? മറ്റുള്ളവരുടെ പാപത്തെപ്പറ്റിയുള്ള അറിവ് അവരെ അവജ്ഞയോടെ വീക്ഷിക്കുന്നതിന് ഇടയാക്കരുത്. മറിച്ച് നാം പാപികളോടു സഹാനുഭാവവും കരുണയുമുള്ളവരായിരിക്കണം. ഏത് ഉന്നതനായ വ്യക്തിയുടെയും പാപത്തിനും അധര്‍മ്മങ്ങള്‍ക്കും ഒഴിവുകഴിവില്ല. അതിനാല്‍ കരുണാര്‍ദ്രനായ പിതാവായ ദൈവത്തെ അനുതാപ പാരവശ്യത്തില്‍ കണ്ടുമുട്ടുകയാണ് കരണീയം. ജീവിതലക്ഷ്യത്തില്‍ വരുന്ന പാളിച്ചയും ഉന്നംതെറ്റലുമാണ് പാപം. ദൈവത്തോടും സഹോദരങ്ങളോടും മറുതലിക്കുന്ന അധര്‍മ്മവുമാണത്. നമ്മില്‍ കുറ്റബോധവും ലജ്ജയും അത് വരുത്തുന്നു. പിന്നെ മനുഷ്യനെയും ദൈവത്തെയും വേര്‍തിരിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു. അതു ഭീതിദവും, ഭീതിജനകവും നിന്ദ്യവുമാണ്. അതു മാനസികവും ശാരീരികവുമായ അനര്‍ത്ഥങ്ങള്‍ക്ക് ഇടവരുത്തുന്നു. എന്നാല്‍ അനുതപിക്കുന്ന പാപിയോടുള്ള ദൈവത്തിന്‍റെ കൃപയും ദാക്ഷിണ്യവും ദീനാനുകമ്പയും പഠനവിഷയമാക്കിയിരിക്കുന്ന 51-Ɔ൦ ഗീതം പ്രതിപാദിക്കുന്ന ചിന്ത ശ്രദ്ധേയമാണ്. ദൈവമാണ് അപരാധങ്ങള്‍ പൊറുക്കുന്നവന്‍, അവിടുന്ന് പാപിയുടെ തെറ്റുകള്‍ തുടച്ചുമാറ്റാന്‍ കരുത്തുള്ളവനാണ്, പാപങ്ങള്‍ അവിടുന്നു കഴുകിക്കളയുന്നു, “മായിച്ചു കളയുന്നു,” എന്ന് സങ്കീര്‍ത്തനപദങ്ങള്‍ പഠിപ്പിക്കുന്നു. ദൈവം ക്ഷമാനിധിയും പൊറുക്കുവാന്‍ സന്നദ്ധനും കോപിക്കുന്നതില്‍ വിമുഖനുമാണ്. അവിടുത്തെ കാരുണ്യം അതിരില്ലാത്തതും എന്നും നിലനില്ക്കുന്നതുമാണ്. പാപമോചനത്തിനായി സങ്കീര്‍ത്തകന്‍ ആവര്‍ത്തിച്ച് അപേക്ഷിക്കുന്നതായിട്ടാണ് നാം 51-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ആദ്യത്തെ (1-2)  പദങ്ങളില്‍ കാണുന്നത്. പദങ്ങള്‍ പ്രകടമാക്കുന്ന അനുതാപത്തിന്‍റെ ആര്‍ദ്രത ഹൃദയസ്പര്‍ശിയാണ്. എന്തുകൊണ്ടാണ് നമുക്ക് ദൈവത്തിലേയ്ക്ക് സങ്കീര്‍ത്തകനെപ്പോലെ തിരിയാനാവാത്തത് എന്നു ചിന്തിച്ചുപോകും? ക്രൈസ്തവ ജീവിതപദവിയും, കൂദാശകളുടെ ബലവും ഉപയോഗപ്പെടുത്തിക്കൊണ്ട് വീഴ്ചകളില്‍ നാം ദൈവത്തിങ്കലേയ്ക്കു തിരിയണമെന്ന് സങ്കീര്‍ത്തകന്‍ പ്രബോധിപ്പിക്കുകയും, വരികളിലൂടെ മാനസാന്തരത്തിന്‍റെ പാത സ്പഷ്ടമായി വരച്ചുകാട്ടുകയും ചെയ്യുന്നു.

            Musical Version Ps. 51 
            
കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
           നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ...
           ദ്രോഹിയാണു ഞാന്‍ വിഭോ ദ്രോഹമോചനം തരൂ
           എന്നസീമ പാപങ്ങള്‍ മായ്ച്ചീടണേ വിഭോ – കാരുണ്യ...

3-6 പാപബോധവും പശ്ചാത്താപവും ജീവിതകാലം മുഴുവന്‍ മനുഷ്യന് ഉണ്ടായിരിക്കേണ്ട മൂല്യമാണ്, ധ്യാനത്തിന്‍റെ അവസരങ്ങളില്‍ മാത്രമല്ല. നാം എന്നും നിലനിര്‍ത്തേണ്ട വികാരവും മനഃസ്ഥിതിയുമാണത്. കാരണം നാം പാപികളും ബലഹീനരുമാണ്. മാനുഷികമായ അപരാധങ്ങളും പാപങ്ങളും ദൈവത്തിന് എതിരായിട്ടുള്ളതാണെന്നു മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. സഹോദരങ്ങളോടു തിന്മചെയ്ത് അവരെ വേദനിപ്പിക്കുന്നതോടൊപ്പം, നമ്മെ സൃഷ്ടിക്കുകയും നന്മയ്ക്കായി നമ്മെ ലോകത്ത് നിയോഗിക്കുകയുംചെയ്ത, നമുക്ക് അസ്തിത്വം നല്കിയ, നമ്മില്‍ നന്മകള്‍ വര്‍ഷിച്ച ദൈവിക നന്മയ്ക്കും, ദൈവസ്നേഹത്തിനും വിഘ്നമാണ്,  തടസ്സമാണ് നമ്മുടെ പാപങ്ങള്‍. അതുകൊണ്ടാണ് തന്‍റെ ഭൃത്യനായിരുന്ന ഊറിയയ്ക്ക് എതിരായി ചെയ്ത പാതകത്തെപ്രതി ദാവീദു രാജാവ് ദൈവത്തോടു മാപ്പിരക്കുന്നത്. ഇത്രയേറെ വിലപിക്കുന്നത്.

“ഹന്ത! നിന്‍ക്ഷമാവരം... ഏകിടൂ മഹേശ്വരാ…!”
ജന്മനാ പാപത്തിലേയ്ക്കു ചാഞ്ഞിരിക്കുന്ന മനുഷ്യന്‍റെ സ്വഭാവത്തില്‍ തിന്മ ഇടചേര്‍ന്നിരിക്കുന്നു. എന്നാല്‍ ദൈവം സമ്പൂര്‍ണ്ണ നന്മയും സമ്പൂര്‍ണ്ണ സ്നേഹവുമാണ്. യഥാര്‍ത്ഥ വിജ്ഞാനവും നന്മയും ഉന്നതങ്ങളിലാണെന്ന് വരികള്‍ വ്യക്തമാക്കുന്നു. അത് ദൈവമാണ്. ദൈവം മാത്രമാണ് പരിശുദ്ധന്‍ സമ്പൂര്‍ണ്ണന്‍, കാരുണ്യവാന്‍! അതിനാല്‍ ദൈവത്തിങ്കലേയ്ക്കു തിരിയാതെ ബലഹീനനും പാപിയുമായ മനുഷ്യന് രക്ഷയില്ലെന്നാണ് പദങ്ങള്‍ അവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത്.  ഉല്പത്തിപ്പുസ്തകത്തില്‍ യാക്കോബിന്‍റെ പുത്രനായ ജോസഫ് ഈജിപ്തിലെ ജീവിതത്തില്‍ വരച്ചുകാട്ടുന്ന വിശ്വസ്തതയുടെ പാഠം ശ്രദ്ധേയമാണ്. പാപജീവിതത്തോടുള്ള പൂര്‍വ്വജോസഫിന്‍റെ നിഷേധത്തിന്‍റെയും വെറുപ്പിന്‍റെയും നിലപാട് അനുകരണീയവും അനുസ്മരണീയവുമാണ്.

“ഇത്ര നീചമായി പ്രവര്‍ത്തിച്ചുകൊണ്ട് ഞാന്‍ എങ്ങനെ എന്‍റെ ദൈവത്തിനെതിരെ പാപംചെയ്യും, എന്‍റെ ദൈവത്തെ വേദനിപ്പിക്കും?” (ഉല്പത്തി 39, 9-10) യജമാനന്‍റെ ഭാര്യ നീട്ടിയ ശക്തമായ പ്രലോഭനത്തിനു മുന്നില്‍ ജോസഫ് ഉച്ചരിക്കുന്ന വാക്കുകള്‍ സങ്കീര്‍ത്തകനോട് ചേര്‍ന്ന് ദൈവത്തിന്‍റെ കരുണ പ്രഘോഷിക്കുകയും, പാപത്തിന്‍റെ സാമൂഹ്യസ്വഭാവം മാത്രമല്ല, പാപം ഹേതുവാക്കുന്ന ദൈവ-മനുഷ്യബന്ധത്തിന്‍റെ വിള്ളലും ലോകത്തിന് വെളിപ്പെടുത്തിതരുന്നു.

        Musical Version Ps. 51 
       കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
       നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ...
       ദോഷമാകെയാര്‍ന്നു ഞാന്‍ ഘോരപാപി ഞാനിതാ  
       പാപമേതുമെന്‍ മുന്നില്‍ കാണുന്നൂ സദാ വിഭോ – കാരുണ്യ

(7-9) എല്ലാ ക്ഷാളന പ്രക്രിയകള്‍ക്കും കര്‍മ്മാദികള്‍ക്കും സാധിക്കാത്തത് ദിവ്യകുഞ്ഞാടിന്‍റ    രക്തംകൊണ്ടു സാധിച്ചു. ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണം നേടിത്തരുന്നു. അവിടുത്തെ പരമയാഗം പാപപങ്കിലമായ മനുഷ്യനെ മഞ്ഞിനെക്കാള്‍ വെണ്മയുള്ളവനാക്കുന്നു. അതുകൊണ്ടാണ് സങ്കീര്‍ത്തകന്‍ പാടുന്നത് :

       ഹിസ്സോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണേ,
       ദൈവമേ ഞാന്‍ നിര്‍മ്മലകനാകും, എന്നെ കഴുകണമേ.
       ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്‍മയുള്ളവനാകും.

അനുഷ്ഠാനപരമായ, അല്ലെങ്കില്‍ വിധിപ്രകാരമുള്ള ക്ഷാളനത്തെക്കുറിച്ചാണ് സങ്കീര്‍ത്തകള്‍ വാക്കുകളില്‍ ഇങ്ങനെ വികാരം പ്രകടമാക്കിയത്. ഹിസോപ്പിലെ വിശുദ്ധജലംകൊണ്ട്, പൂജാജലംകൊണ്ട് എന്നെ കഴുകണമേ! എന്നാല്‍ അടിസ്ഥാനപരമായി മനുഷ്യന്‍ ലക്ഷ്യംവയ്ക്കേണ്ടത് ആന്തരിക വിശുദ്ധിയാണ്. അതാണ് നിര്‍മ്മലനാക്കണേ...! ഈ പ്രാര്‍ത്ഥനകൊണ്ട് ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥമായ ജീവിതനൈര്‍മ്മല്യം  തരണമേ! ഇതാണ് സങ്കീര്‍ത്തകന്‍റെ യാചന! അല്ലാതെ, ബാഹ്യമായൊരു ദേഹശുദ്ധി മാത്രമല്ല. പലപ്പോഴും നമുക്കു സംഭവിക്കുന്നത് നമ്മുടെ ജീവിതവിശുദ്ധിയെ നാം കുറെ ആചാരാനുഷ്ഠാനങ്ങളില്‍ അല്ലെങ്കില്‍ കര്‍മ്മനിഷ്ഠകളില്‍ കെട്ടിയിടുന്നു. അവയില്‍  ഒതുക്കിനിര്‍ത്തുന്നു. എന്നാല്‍ അതു നല്കുന്ന പുറംപുകഴ്ചയുള്ള പവിത്രത, അല്ലെങ്കില്‍ താല്കാലിക നൈര്‍മ്മല്യം മാഞ്ഞുപോകുന്നു,  ഉടന്‍ കെട്ടുപോകുന്നു. ഇല്ലാതാകുന്നു. വീണ്ടും നാം ജീവിതത്തിന്‍റെ ഇരുളിലേയ്ക്കും തിന്മയുടെ പ്രലോഭനങ്ങളിലേയ്ക്കും തിരികെപോകും. ജീവിതം കലുഷിതമാകും.

     Musical Version Ps. 51 
    കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
    നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ..
    ദ്രോഹിയാണു ഞാന്‍ വിഭോ ദ്രോഹമോചനം തരൂ
    എന്നസീമ പാപങ്ങള്‍ മായ്ച്ചീടണേ വിഭോ – കാരുണ്യ...
    ദോഷമാകെയാര്‍ന്നു ഞാന്‍ ഘോരപാപി ഞാനിതാ
    പാപമേതുമെന്‍ മുന്നില്‍ കാണുന്നൂ സദാ വിഭോ – കാരുണ്യ
    കേവലം നിന്നോടു ഞാന്‍ ചെയ്തുപോയി പാപങ്ങള്‍
    നീതി നീ തന്നീടുന്നു നിഷ്പക്ഷം അഹോ വിധി – കാരുണ്യ








All the contents on this site are copyrighted ©.