2017-08-21 16:18:00

മെത്തോഡിസ്റ്റ്-വാല്‍ദെന്‍സിയന്‍ സിനഡിനു പാപ്പായുടെ സന്ദേശം


ഇറ്റലിയിലെ തോറെ പെല്ലിച്ചെയില്‍ ഓഗസ്റ്റ് 20-25 തീയതികളിലായു നടന്നു കൊണ്ടിരിക്കുന്ന മെത്തോഡിസ്റ്റ്-വാല്‍ദെന്‍സിയന്‍ സഭകളുടെ വാര്‍ഷികസിനഡിനു അയച്ച സന്ദേശത്തിലാണ് പാപ്പാ ഈ സഭൈക്യധ്വനി ഉയര്‍ത്തുന്നത്.

പ്രിയ സഹോദരീസഹോദരന്മാരെ, എന്ന അഭിസംബോധനയോടെയുള്ള സന്ദേശത്തില്‍, പാപ്പാ ഇങ്ങനെ കുറിച്ചു: ''നിങ്ങളുടെ വാര്‍ഷികസിനഡിന് തുടക്കം കുറിച്ചിരിക്കുന്ന ഈ വേളയില്‍ കത്തോലിക്കാസഭയും ഞാന്‍ വ്യക്തിപരമായും നിങ്ങളോടുള്ള അടുപ്പവും സ്നേഹവും അറിയിക്കുന്നു... തൊറീനോ (Turin), റോം  എന്നിവിടങ്ങളിലായി ഈയടുത്ത കാലങ്ങളില്‍ നാം തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ ഞാനോര്‍മിക്കുന്നു.  നിങ്ങളില്‍ നിന്ന് എനിക്കു ലഭിച്ച നല്ല സാക്ഷ്യങ്ങളെപ്രതി ഞാന്‍ നന്ദി പറയുന്നു.  അവയൊന്നും എനിക്കു മറക്കാന്‍ കഴിയുന്നതല്ല...  നിങ്ങളുടെ ഈ ദിവസങ്ങളിലെ വിചിന്തനങ്ങളും പങ്കുവയ്ക്കലുകളും ക്രിസ്തുവിന്‍റെ വദനത്തിനുമുമ്പില്‍, അവിടുത്തെ നോട്ടത്തിനുമുമ്പില്‍ നില്ക്കുന്നതിലുള്ള ആനന്ദത്താല്‍ സജീവമാകട്ടെ... ''

ക്രിസ്തു നമ്മെ വീക്ഷിക്കുന്നു എന്ന സത്യം നമ്മുടെ ബന്ധങ്ങളെ പ്രകാശിപ്പിക്കട്ടെ എന്നും, ആ ബന്ധങ്ങള്‍ ഔദ്യോഗികവും ശരിയായതും മാത്രമാകാതെ, സാഹോദര്യത്തിലൂന്നിയ സജീവബന്ധങ്ങളാകട്ടെ എന്നും പാപ്പാ ആശംസിക്കുന്നു.

പ്രോട്ടസ്റ്റന്‍റ് നവീകരണത്തിന്‍റെ അഞ്ഞൂറാമത് വാര്‍ഷികസ്മരണയില്‍ നടക്കുന്ന ഈ സിനഡ്, കുടിയേറ്റം, ജീവന്‍റെ മൂല്യം, കുടുംബം, സാമ്പത്തികമേഖല എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങള്‍ പരിഗണനയക്ക് എടുത്തിട്ടുണ്ട്.

 








All the contents on this site are copyrighted ©.