2017-08-19 12:22:00

ഭീകരാക്രമ​ണം സ്രഷ്ടാവിനെതിരായ കൊടിയ ദ്രോഹം- പാപ്പാ


സ്പെയിനിലെ ബര്‍സെല്ലോണയില്‍ വ്യാ‌ഴാഴ്ച (17/08/17) വൈകുന്നേരമുണ്ടായ ഭീകരാക്രമണത്തെ മാര്‍പ്പാപ്പാ അപലപിച്ചു.

സ്പെയിനിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ച്ബിഷപ്പ് റെന്‍ത്സൊ ഫ്രത്തീനിക്ക് വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഒപ്പിട്ട് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ അപലപനം ഉള്ളത്.

അന്ധമായ ഈ ആക്രമ​ണ സ്രഷ്ടാവിനെതിരായ കൊടിയ ദ്രോഹമാണെന്ന് കുറ്റപ്പെടുത്തുന്ന പാപ്പാ ലോകത്തിന്‍റെ സമാധനത്തിനും ഐക്യത്തിനും വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനം തുടരുന്നതിനുള്ള സഹായം അത്യുന്നതനോടു പ്രാര്‍ത്ഥിക്കുക്കുകയും ചെയ്യുന്നു.

ബര്‍സെല്ലോണയിലെ തിരക്കേറിയ തെരുവുകളില്‍ ഒന്നായ ലാസ് റംബ്ലാസിലാണ് വാന്‍ ഇടിച്ചുകയറ്റി 13 പേരെ വധിക്കുകയും നൂറോളം പേരെ പരിക്കേല്പിക്കുകയും ചെയ്ത ഭീകരാക്രമണം ഉണ്ടായത്.

വെള്ളിയാഴ്ച കത്തലോണിയ പ്രവിശ്യയിലെ തീരനഗരമായ കാംബ്രിലില്‍ ഒരു കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റി ഏതാനും പേരെ പരിക്കേല്പിച്ച ഭീകരരെ പോലീസ് വെടിവെച്ചുവീഴ്ത്തി. 5 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പോലീസ്  വൃത്തങ്ങള്‍ വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.