2017-08-19 12:34:00

ഭീകരാക്രമണത്തിനെതിരെ വിവിധ മെതാന്‍സംഘങ്ങള്‍


സ്പെയിനിലെ ബര്‍സെല്ലോണയിലും കാംബ്രിലിലും ഉണ്ടായ ഭീകരാക്രമണങ്ങളെ ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സംഘങ്ങളുടെ സംയുക്ത സമിതിയുടെ, എഫ് എ ബി സിയുടെ കീഴിലുള്ള, ക്രൈസ്തവൈക്യം, മതാന്തരസംവാദം എന്നിവയ്ക്കായുള്ള കാര്യാലയത്തിന്‍റെ പ്രസിഡന്‍റും, വസായി രൂപതയുടെ അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഫെലിക്സ് അന്തോണി മച്ചാദൊ അപലപിച്ചു.

ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താനും ജനങ്ങളെ സമാധനത്തില്‍ നിന്നകറ്റിനിറുത്താനും മാത്രമെ ഭീകരാക്രമണങ്ങള്‍ ഉപകരിക്കുകയുള്ളുവെന്ന് അദ്ദേഹം ഏഷ്യന്യൂസിനോടു പറഞ്ഞു.

സമാധാനം വാഴുന്ന ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതിക്കായി എല്ലാ മതനേതാക്കളും സാധ്യമായ അവസരങ്ങളിലെല്ലാം ഒത്തൊരുമിച്ചു നില്ക്കേണ്ടതിന്‍റെ അനിവാര്യത ചൂണ്ടിക്കാട്ടുന്ന ആര്‍ച്ച്ബിഷപ്പ് മച്ചാദൊ ആരും പ്രത്യാശവെടിയരുതെന്നും നഷ്ടധൈര്യരാകരുതെന്നും പ്രചോദനം പകരുന്നു.

സ്പെയിനിലെ ലാസ് റംബ്ലാസില്‍ നടന്നത് യൂറോപ്പിനും ലോകത്തിനുമെതിരായ ഒരാക്രമണമാണെന്നും കാരണം അവിടെ ആക്രമിക്കപ്പെട്ടത് സ്പെയിന്‍ സ്വദേശികള്‍ മാത്രമല്ല വിവിധരാജ്യക്കാരാണെന്നും ബര്‍സെല്ലോണ അതിരൂപതയുടെ മുന്നദ്ധ്യക്ഷന്‍, വിശ്രമജീവിതം നയിക്കുന്ന കര്‍ദ്ദിനാള്‍ ലൂയിസ് മര്‍ത്തീനെസ് സിസ്റ്റാക് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ പ്രതികരിച്ചു.

ഭീകരതയെ സമാധാനവും സാഹോദര്യവും സ്നേഹവുംകൊണ്ട് നാം ജയിക്കണമെന്ന് അദ്ദേഹം ധൈര്യം പകരുകയും ചെയ്തു.

ജര്‍മ്മനി, ഫ്രാന്‍സ്, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളിലെ കത്തോലിക്കാമെത്രാന്‍ സംഘങ്ങളും സഭകളുടെ ലോകസമിതി- WCCയും സ്പെയിനിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു.

ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവവര്‍ക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി ആദരവര്‍പ്പിച്ചുകൊണ്ട് ഒരു മിനിറ്റ് മൗനം ആചരിച്ചു. ഈ ആക്രമണങ്ങളെ സമിതി ശക്തമായി അപലപിക്കുകയും ചെയ്തു. 








All the contents on this site are copyrighted ©.