സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

കാനാന്‍കാരിയുടെ മാതൃകയാക്കാവുന്ന വിശ്വാസം

മകളെ സുഖപ്പെടുത്താന്‍ പ്രാര്‍ത്ഥിക്കുന്ന കാനാന്‍കാരി... (സ്പാനിഷ് ചിത്രീകരണം). - RV

19/08/2017 14:31

ആണ്ടുവട്ടം 20-‍Ɔ൦ വാരം ഞായറാഴ്ചത്തെ വചനവിചിന്തനം

1. ജീവിത പ്രതിസന്ധിയുടെ പെരുമഴക്കാലം     കേരളത്തില്‍ ഒരു പെരുമഴക്കാലം കഴിഞ്ഞെന്നു പറയാം. അതിന്‍റെ കെടുതികള്‍ തീരുന്നതേയുള്ളൂ. മഴ നല്ലതാണെങ്കിലും ആവശ്യമാണെങ്കിലും, ഈ വര്‍ഷം അത് ‘ടെങ്കി’യും മറ്റു പലവിധത്തിലുമുള്ള ‘വൈറല്‍’ പനികളുമായി കലര്‍ന്നെത്തിയപ്പോള്‍  പൊതുവെ സമൂഹത്തില്‍ നിഷേധാത്മകമായ ഭാവമാറ്റങ്ങള്‍ സൃഷ്ടിച്ചൊരു വര്‍ഷക്കാലമായി മാറി. ഒരു പെരുമഴക്കാലം!

മനുഷ്യജീവിതത്തിലേയ്ക്ക് പെയ്തിറങ്ങുന്ന പ്രതിസന്ധികളുടെ പെരുമഴയില്‍ നഷ്ടഭാരം പേറുന്നവരാണ് നമ്മില്‍ അധികംപേരും. നഷ്ടഭാരം ശ്രദ്ധിക്കേണ്ട മനുഷ്യഭാവമാണെന്നാണ് മഹത്തുക്കള്‍ കരുതുന്നത്. എനിക്കുള്ളില്‍ വേദനിക്കുന്ന മനസ്സുണ്ട്. അത് മനഃശ്ശാസ്ത്രപരവും ജീവശാസ്ത്രപരവുമായി എന്നോട് ഏറെ ബന്ധപ്പെട്ടതാണ്. കുട്ടിക്കാലത്തെ രോഗങ്ങളിലൂടെയും ദാരിദ്ര്യത്തിലൂടെയും ഒറ്റപ്പെടലിലൂടെയുമെല്ലാം രൂപപ്പെട്ടതാകാമത്. അതൊരു മാനസിക ദൗര്‍ബല്യമോ, വൈകല്യമോ ആകാം. അങ്ങനെ നഷ്ടഭാരം പേറുന്ന നമ്മുടെയൊക്കെ അടിസ്ഥാന വികാരം ദുഃഖമല്ലേ?  എന്നാല്‍ നമ്മുടെ വ്യക്തിജീവിതത്തിലെ നഷ്ടഭാരങ്ങള്‍ -  അതായത് മനുഷ്യന്‍റെ ജീവിതനഷ്ടവും ദുഃഖവുമൊക്കെ ദൈവകൃപയാല്‍ സൗഖ്യവും നന്മയും,  നേട്ടവും വിജയവുമാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നത്.

2.  മോചനം തേടുന്നവര്‍    ജീവിതത്തിന്‍റെ പെരുമഴക്കാലത്തെ നഷ്ടഭാരത്തില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കിയിരുന്ന ഒരമ്മയുടെയും മകളുടെയും സുവിശേഷക്കഥയാണിന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷഭാഗം വിവരിക്കുന്നത്. സൗഖ്യത്തിനായി ക്രിസ്തുവിനെ സമീപിച്ച കാനാന്‍കാരി സ്ത്രീയുടെയും രോഗിണിയായ മകളുടെയും കഥയാണിന്ന്. യഹൂദന്മാരും കാനാന്യരും തമ്മില്‍ നടന്നിട്ടുള്ള അനേകം യുദ്ധങ്ങളെപ്പറ്റി പഴയനിയമം സാക്ഷൃപ്പെടുത്തുന്നുണ്ട്. അങ്ങനെ ചരിത്രപരമായി ഇരുകൂട്ടരും ബദ്ധശത്രുക്കളായിരുന്നു. എന്നിട്ടും, മകളുടെ രോഗത്തിന്‍റെ മാത്രമല്ല,  മൊത്തം ആ കുടുംബത്തിന്‍റെ ജീവിത ദുഃഖത്തിന്‍റെ പെരുമഴയില്‍ ക്രിസ്തുവെന്ന വിമോചകനെ എളിമയോടും തുറവോടുംകൂടെ അവര്‍ - അമ്മയും മകളും അന്വേഷിച്ചിറങ്ങുന്നു.

മറുഭാഗത്ത് കാണുന്നത് ഒരു വിരോധാഭാസമാണ്. ഏറെ ഭക്തരും വിശ്വാസികളും ദൈവമക്കളുമായ യഹൂദരും,  നസ്രത്തിലെ സ്വന്തക്കാരും നാട്ടുകരുമെല്ലാം ക്രിസ്തുവിനെ തിരസ്ക്കരിക്കുന്നു. ഈ സംഭവത്തെ തുടര്‍ന്ന്, ക്രിസ്തുവും ശിഷ്യന്മാരും ഇന്നത്തെ സുവിശേഷത്തിന്‍റെ പശ്ചാത്തലത്തില്‍ നല്ക്കുന്നത് ടയര്‍ സീദോണ്‍ വിജാതിയ പട്ടണങ്ങളിലാണ്. അവിടെവച്ചാണ് കാനാന്‍കാരിയായ സ്ത്രീ വന്ന്, “യേശുവേ, എന്‍റെ മകളെ സുഖപ്പെടുത്തണമേ,” എന്ന് അപേക്ഷിക്കുന്നത്. സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള വ്യത്യാസംപോലെ....! അവിടുന്ന് ശത്രുഗോത്രത്തില്‍പ്പെട്ടവനാണെന്ന് ആ സ്ത്രീ ചിന്തിക്കുന്നേയില്ല. ജീവിത ദുരന്തങ്ങളും ദുഃഖഭാരങ്ങളും മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുമെന്നാണ് ഈ സുവിശേഷരംഗം പഠിപ്പിക്കുന്നത്.

3.  ദൈവികരക്ഷയുടെ വെളിച്ചം സകലര്‍ക്കും!     “താന്‍ അയക്കപ്പെട്ടിരിക്കുന്നത് ഇസ്രായേല്‍ ഗോത്രത്തിലെ നഷ്ടപ്പെട്ട ആടുകളുടെ പക്കലേയ്ക്കാണ്,”  ഈശോ പറഞ്ഞു. അവളെ ഒഴിവാക്കാനായിരിക്കില്ല പരീക്ഷിക്കാനായിരിക്കാം ഇങ്ങനെ പ്രത്യുത്തരിച്ചത്! എന്നാല്‍ സ്ത്രീ അവിടുത്തെ പ്രണമിച്ചിട്ട്, “കര്‍ത്താവേ, എന്നെ സഹായിക്കണേ, കൈവിടല്ലേ...” എന്ന് യാചിക്കുന്നു. “മക്കള്‍ക്കുള്ള അപ്പമെടുത്ത് എങ്ങനെ നായ്ക്കള്‍ക്കു കൊടുക്കും.?” ഈ വാദമുഖം ക്രിസ്തു മനഃപൂര്‍വ്വം ഉന്നയിച്ചതാവാം. ‘മക്കള്‍’ എന്ന വാക്കുകൊണ്ടിവിടെ ഉദ്ദേശിക്കുന്നത്  സ്വന്തം ജനമായ ഇസ്രായേലിനെയാണ് – ദൈവജനത്തെയാണ്. അവര്‍ക്കു മാത്രമാണ് താന്‍ പങ്കുവയ്ക്കുന്ന രക്ഷയുടെ അപ്പം നല്കപ്പെടുന്നത്. അതെടുത്ത് പുറംജാതിക്കാര്‍ക്ക് കൊടുക്കണമോ, കൊടുക്കണ്ടയോ എന്നതായിരുന്നു അവിടത്തെ വിവാദം.

പക്ഷേ, ആ സ്ത്രീ ധിഷണാശാലിയായിരുന്നു! അവള്‍ ഉടനെ പറഞ്ഞു, “ഞാന്‍ മക്കളുടെ   അപ്പം ചോദിച്ചില്ലല്ലോ. ഞാന്‍ ചോദിച്ചത് നായ്ക്കളുടെ അപ്പമാണ്. യജാമാനന്‍റെ മേശയില്‍നിന്നും തെറിച്ച് താഴെ വീഴുന്നത് നായ്ക്കള്‍ക്കുള്ളതല്ലേ.” ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം ഇതൊരു ഞെട്ടിപ്പിക്കുന്ന പ്രസ്താവമായിരുന്നു. അവളുടെ വിശ്വാസം അജയ്യമാണ്. കീഴടക്കാനാവാത്തതാണ്. അന്നുവരെയ്ക്കുമുള്ള തന്‍റെ വീക്ഷണം ചിലപ്പോള്‍ പരിവര്‍ത്തന വിധേയമായ നിമിഷമായിരിക്കാം ക്രിസ്തുവിന് അത്. കാനാന്‍കാരി സ്ത്രീയിലൂടെ ക്രിസ്തുവിന്‍റെ സാമൂഹ്യദര്‍ശനം മാറ്റിമറിക്കപ്പെടുകയാണെന്ന് വേണമെങ്കില്‍ നമുക്ക് വ്യാഖ്യാനിക്കാം. തന്‍റെ ജീവിതദൗത്യത്തിന്‍റെ ദര്‍ശനമാണ് മാറ്റിമറിക്കപ്പെട്ടത്. ക്രിസ്തു വന്നിരിക്കുന്നത് മക്കളായ യഹൂദന്മാര്‍ക്കുവേണ്ടി മാത്രമല്ല, സജാതിയരെന്നോ വിജാതിയരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരെയും രക്ഷയിലേയ്ക്കു നയിക്കാനാണ് അവിടുന്ന് ആഗതനായത്. അവിടുന്ന് ലോകരക്ഷകനാണ്. ഈ പുതിയ പ്രകാശത്തില്‍ ക്രിസ്തു അവളുടെ വിശ്വാസത്തെ വലുതെന്നും, ആഴമുള്ളതെന്നും അംഗീകരിക്കുന്നു. അതിനെ പ്രശംസിക്കാന്‍ അവിടുത്തേയ്ക്ക് മടിയില്ലായിരുന്നു. “സ്ത്രീയേ, നിന്‍റെ വിശ്വാസം വലുതാണ്, ആഴമുള്ളതാണ്!” അവിടുന്ന് എല്ലാവരും കേള്‍ക്കെ പ്രസ്താവിച്ചു. ആ നിമിഷത്തില്‍ തന്നെ അവളുടെ മകളെ അവിടുന്നു തൊട്ടുസുഖപ്പെടുത്തുകയും ചെയ്തു.

4. ജീവിക്കുന്ന സ്നേഹമാണ് വിശ്വാസം     ജീവിതത്തിന് വിശ്വാസം അലങ്കാരമോ ആടയാഭരണോ അല്ല. വലിയ കേക്കുണ്ടാക്കി അതിന്‍റെ പുറമേ ക്രീംകൊണ്ട് അലങ്കരിക്കുന്നതുപോലെ  മതാത്മകതകൊണ്ട്, അല്ലെങ്കില്‍ കുറെ അനുഷ്ഠാനങ്ങള്‍കൊണ്ട് നമ്മുടെ ജീവിതത്തെ അലങ്കരിക്കുന്നതാണ് വിശ്വാസമെന്നു ധരിക്കരുത്.  ദൈവത്തെ ജീവിതത്തില്‍ സകലത്തിനും മാനദണ്ഡമായി സ്വീകരിക്കുന്നതാണ് വിശ്വാസം. എന്നാല്‍ ദൈവം ശൂന്യതയോ, നിസ്സംഗതയോ അല്ല, അവിടുന്ന് നന്മയും സ്നേഹവുമാണ്. സ്നേഹം ക്രിയാത്മകമാണ്.

ദൈവപുത്രനായ ക്രിസ്തു ഈ ലോകത്ത് അവതരിച്ച് നമ്മൊടൊത്തു വസിച്ചതിനാല്‍, നമുക്ക് ദൈവത്തെ അറിയില്ല എന്നു പറയാനോ, ദൈവത്തെ അറിയാത്തതുപോലെ ജീവിക്കുവാനോ സാദ്ധ്യമല്ല. അവിടുന്ന് അമൂര്‍ത്തമോ, ശൂന്യമോ, നാമമാത്രമോ ആയ ഒരാളല്ല. ദൈവം സ്നേഹത്തിന്‍റെയും, കാരുണ്യത്തിന്‍റെയും മൂര്‍ത്തരൂപമാണ്. അവിടുന്ന് വിശ്വസ്തനാണ്. നമ്മുടെ ജീവന്‍ അവിടുത്തെ ദാനമാണ്. മനുഷ്യനെ പരസ്പരം ഖണ്ഡിക്കാന്‍ ക്രിസ്തു ആഗ്രഹിക്കുന്നില്ല, മറിച്ച് തമ്മില്‍ ബിന്ധിപ്പിക്കാനാണ്, ഒന്നിപ്പിക്കാനാണ്. ലോകത്ത് സമാധാനവും അനുരഞ്ജനവും വളര്‍ത്തനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ക്രിസ്തു വിഭാവനംചെയ്യുന്ന സമാധാനം സ്മശാനത്തിന്‍റെ മൂകതയോ, നിസ്സംഗതയുടെ നിര്‍വ്വികാരതയോ, നിഷ്പക്ഷതയുടെ സന്തുലിതാവസ്ഥയോ അല്ല. അത് സത്യത്തിനും നീതിക്കും നന്മയ്ക്കും വേണ്ടിയുള്ള നിലപാടാണ്. 

5.  സകലരെയും ഉള്‍ക്കൊള്ളുന്ന സാകല്യസംസ്കൃതി     വലിയ ത്യാഗം ആവശ്യപ്പെട്ടാലും, എന്‍റേതായ താല്പര്യങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നാലും ജീവിതത്തിലെ തിന്മയും സ്വാര്‍ത്ഥതയും അകറ്റി, നല്ലതും സത്യമായതും നീതിയുള്ളതും തിരഞ്ഞെടുക്കുന്നതാണ് ക്രിസ്തു പകര്‍ന്നുനല്കുന്ന സമാധനത്തിന്‍റെ പാത. അവിടുത്തെ അനുകരിക്കുന്നവര്‍ ദൃശ്യമാക്കുന്ന ദൈവികകാരുണ്യം സകല മനുഷ്യര്‍ക്കും അനുഭവവേദ്യമാകണമെന്നത് ക്രൈസ്തവ ജീവിതത്തിന്‍റെ  മൗലികമായ കാഴ്ചപ്പാടാണ്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു മുന്‍പുള്ള കാഴ്ചപ്പാടായിരുന്നു Extra ecclesiam nulla salus. അതായത് ക്രിസ്തുവിന്‍റെ സഭയില്‍ മാത്രമേ രക്ഷയുള്ളൂ, കാരണം ക്രിസ്തുവാണ് രക്ഷകന്‍,   സഭ അവിടുത്തെ സ്ഥാപനമാണ്. ഇതില്‍ സഭയ്ക്കു പുറത്തു രക്ഷയില്ലെന്ന ഒരു നിഷേധാത്മകമായ ധ്വനിയുമുണ്ട്. ആധുനിക കാലത്ത് വത്തിക്കാനില്‍ നടന്ന സൂനഹദോസിന്‍റെ കാഴ്ചപ്പാട് തുറവുള്ളതാണ്. തുറവുള്ളതും അജപാലനപരവുമാണ്. സൂര്യന്‍ എവിടെയും പ്രകാശിക്കുന്നപോലെ, ദൈവം എല്ലാവരുടെയും ആത്മരക്ഷ ആഗ്രഹിക്കുന്നു. അവിടുന്നു സകലരെയും സ്നേഹിക്കുന്നു. സകലരുടെയുംമേല്‍ നന്മപരത്തുന്നു. എല്ലാവരെയും മക്കളായി പാലിക്കുന്നു! തങ്ങളുടെ തന്നെ കുറ്റംകൊണ്ടല്ലാതെ, ജീവിതസാഹചര്യങ്ങള്‍കൊണ്ടും ചുറ്റുപാടുകള്‍കൊണ്ടും ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും ദൈവത്തെയും ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും അറിയാത്തവര്‍പോലും രക്ഷപ്പെടും. ദൈവത്തിന്‍റെ കൃപ അവരുടെമേല്‍ പ്രവര്‍ത്തിക്കും, വര്‍ഷിക്കപ്പെടും. അങ്ങനെ അവര്‍ രക്ഷയുടെ കൃപാസ്പര്‍ശം ആസ്വദിക്കും. അവര്‍ നന്മയിലും ദൈവസ്നേഹത്തിലും വളരും എന്നാണ് സഭ ഇന്നു പഠിപ്പിക്കുന്നത്. ഇത് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന An all inclusive culture and an all inclusive church - സഭയുടെ നവമായ സാകല്യസംസ്കൃതിയാണ് – എല്ലാവരെയും ക്രിസ്തുസ്നേഹത്തില്‍ ആശ്ലേഷിക്കുന്ന സാകല്യസംസ്കൃതിയാണിത്.

6.  കൃപയാലത്രെ  രക്ഷ!     കാനാന്‍കാരി സ്ത്രീ ക്രിസ്തുവിന്‍റെ പക്കലേയ്ക്ക് സഹായത്തിനായി വരുന്നതു കണ്ടപ്പോള്‍ ശിഷ്യന്മാര്‍ അവളെ പുറന്തള്ളാനാണ് ശ്രമിച്ചത്. അപരിചിതരെയും ആവശ്യക്കാരെയും, പാവങ്ങളെയും ഹൃദയംനുറുങ്ങിയവരെയും തള്ളിക്കളയുക, അവരെ മാറ്റിനിറുത്തുക   എന്നത് ഇന്നത്തെ ലോകത്ത് വളരെ സാധാരണമായ ഒരു മനോഭാവമാണ്. എന്തിന് അഭയം തേടിയെത്തുന്നവര്‍ക്കെതിരെ നാം വാതില്‍ കൊട്ടിയടയ്ക്കുന്നു. “കര്‍ത്താവേ, എന്ന സഹായിക്കണമേ!” കാനാനയക്കാരി സ്ത്രീയുടേതെന്നപോലുള്ള മുറവിളികള്‍... ഇന്നും ധാരാളം നമുക്കു ചുറ്റും മുഴങ്ങുന്നുണ്ട്. ചുറ്റുമുള്ള പാവങ്ങളുടെയും പരിത്യക്തരുടെയും, കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും വിളിയും രോദനവുമാണിത്. അതു ചിലപ്പോള്‍ നമ്മുടെയും ഹൃദയത്തില്‍നിന്നുയരുന്ന വിളിയാവാം. “കര്‍ത്താവേ, എന്നെ രക്ഷിക്കണേ,   ഞങ്ങളെ സഹായിക്കണേ!”

ക്രിസ്തുവിനെപ്പോലെ സ്നേഹത്തോടും അനുകമ്പയോടും കരുണയോടുംകൂടെ ആവശ്യത്തിലായിരിക്കുന്നവരെ തുണയ്ക്കാന്‍ ശ്രമിക്കാം! സഹോദരങ്ങളുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനോ, അലസമായിരുന്നു ഉറങ്ങാനോ, ഉന്മത്തരായിരിക്കാനോ സാദ്ധ്യമല്ല, പാടില്ല. ഫിനീഷ്യന്‍ സ്ത്രീയുടെ വിശ്വാസ ധീരത നമുക്ക് പ്രചോദനമാകട്ടെ! നമുക്കു കിട്ടിയ ദൈവികകാരുണ്യം, ദൈവസ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കാം, കിട്ടിയ സുവിശേഷ വെളിച്ചം പകര്‍ന്നു നല്കാം! ചുറ്റും നന്മയുടെ പ്രകാശം പരത്താം. ദൈവക്കരുണയാലാണ് നാം രക്ഷപ്രാപിച്ചിരിക്കുന്നത്. ദൈവകൃപയാണ് നമ്മുടെ – നിങ്ങളുടെയും എന്‍റെയും രക്ഷ!  (റോമ. 11, 31).

 


(William Nellikkal)

19/08/2017 14:31