2017-08-18 12:41:00

ബര്‍സെല്ലോണ ഭീകാരാക്രമണം-പാപ്പായുടെ അനുശോചനവും പ്രാര്‍ത്ഥനയും


സ്പെയിനിലെ ബര്‍സെല്ലോണയില്‍ വ്യാ‌ഴാഴ്ച (17/08/2017) വൈകുന്നേരമുണ്ടായ ഭീകരാക്രമണത്തില്‍ മാര്‍പ്പാപ്പാ അതീവ ആശങ്ക രേഖപ്പെടുത്തുന്നു.

ബര്‍സെല്ലോണയിലെ ഏറ്റവും തിരക്കേറിയ തെരുവുകളില്‍ ഒന്നായ ലാസ് റംബ്ലാസില്‍ വാന്‍ ഇടിച്ചുകയറ്റി 13 പേരെ വധിക്കുകയും നൂറോളം പേരെ പരിക്കേല്പിക്കുകയും ചെയ്ത ദുരന്തം ഉണ്ടായതറിഞ്ഞയുടനെ വത്തിക്കാന്‍റെ വക്താവ് ഗ്രെഗ് ബര്‍ക്ക് ഒരു പ്രസ്താവനയിലൂടെയാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആശങ്ക അറിയിച്ചത്.

ഈ ആക്രമണത്തിന് ഇരകളായവര്‍ക്കുവേണ്ടി പാപ്പാ പ്രാര്‍ത്ഥിക്കുന്നുവെന്നും സ്പയിനിലെ സകലരുടെയും, വിശിഷ്യ, മുറിവേറ്റവരുടെയും മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ചാരെ  പാപ്പാ ഉണ്ടെന്നും അദ്ദഹം വെളിപ്പെടുത്തി.

ഈ ആക്രമണവുമായി ബന്ധപ്പെട്ട് കത്തലോണിയ പ്രവിശ്യയിലെ തീരനഗരമായ കാംബ്രിലില്‍ പോലീസ് നടത്തിയ മിന്നലാക്രമണത്തില്‍ 4 ഭീകരര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ട്. ഈ ആക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്ന ഒരാളെ അറസ്റ്റുചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 








All the contents on this site are copyrighted ©.