2017-08-17 19:27:00

നവീകരണം ഒരു നവോത്ഥാരണം അത് ‘വെള്ളപൂശലല്ല’


മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോയുടെ ബ്രസീലിലെ (MUTIRAO) പ്രഭാഷണത്തില്‍നിന്ന്…

സഭാനവീകരണം നവോത്ഥാരണമാണെന്ന് വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ പ്രസ്താവിച്ചു. പാപ്പാ ഫ്രാന്‍സിസ് സംവിധാനം ചെയ്തിരിക്കുന്ന സഭാ നവീകരണം ഒരു വെള്ളപൂശലല്ല, മറിച്ച് അടിസ്ഥാന രൂപത്തില്‍ വരുത്തുന്ന മെച്ചപ്പെടുത്തലും മാറ്റവുമാണ്. അത്  re-form മറ്റൊരു രൂപം നല്കലാണ്.

പാപ്പാ വിഭാവനംചെയ്തിരിക്കുന്ന മൊത്തമായ സഭാനവീകരണ പദ്ധതിയുടെ ഭാഗമാണ് വത്തിക്കാന്‍ മാധ്യമവിഭാഗങ്ങളുടെ നവീകരണം. അതിനാല്‍ എല്ലാവിഭാഗങ്ങളുടെയും ഏകോപനം മാത്രമല്ല ഈ നവീകരണം. ഇത് ഏറെ ശ്രമകരമായ ആസൂത്രണവും, ക്രിയാത്മകമായ നവോത്ഥാരണ പദ്ധതിയുമാണ്. ഏറെ ചിന്തയും പദ്ധതിയൊരുക്കലും പരിശ്രമവും ഇതിന് ആവശ്യമാണ്. മോണ്‍സീഞ്ഞോര്‍ വിഗനോ വ്യക്തമാക്കി.  

ബ്രസീലിലെ ദേശീയ മെത്രാന്‍സമിതി സംഘടിപ്പിച്ചിരിക്കുന്ന മാധ്യമ സമ്മേളത്തിന്‍റെ (Mutirao / Assembly  of Communications) പ്രഥമദിനമായ ആഗസ്റ്റ് 16-നു നല്കിയ ആമുഖപ്രഭാഷണത്തിലാണ് മൊത്തം സഭാനവീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ യാഥാര്‍ത്ഥ്യമാകുന്ന മാധ്യമ വിഭാഗങ്ങളുടെയും നവീകരണത്തെക്കുറിച്ച് മോണ്‍സീഞ്ഞോര്‍ വിഗനോ ഇങ്ങനെ വിവരിച്ചത്. ബ്രസീലിലെ സാന്താ കാതറീനയിലാണ് സംഗമം നടന്നത്.

സഭാ നവീകരണം 2000-Ɔമാണ്ട് ക്രിസ്തുജയന്തി ജൂബിലി വര്‍ഷത്തില്‍ ഉയര്‍ന്നുവന്നതാണ്. കാലതാമസം വന്നെങ്കിലും ഇന്നിന്‍റെ സമ്പന്നമായ ഡിജിറ്റല്‍ മാധ്യമ ലോകം ഈ നവീകരണം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സഭയുടെ മാധ്യമവിഭാഗങ്ങളെ നവീകരിക്കുന്നത് ശ്രമകരമായ ഒരു നവോത്ഥാരണ പ്രക്രിയയാണ്. കാരണം ഇന്നിന്‍റെ ഡിജിറ്റല്‍ ലോകം നമ്മുടെ സാമൂഹികവും രാഷ്ട്രീയവും മതാത്മകവുമായ മേഖലകളെ സ്വാധീനിക്കുന്നുണ്ട്. മോണ്‍സീഞ്ഞോര്‍ വിഗനോ ആമുഖപ്രഭാഷണത്തില്‍ വ്യക്തമാക്കി.

Cf.  www.multicom.com.br








All the contents on this site are copyrighted ©.