2017-08-17 12:11:00

DOCAT ​XXXII: ''ഒരു വ്യക്തിയെയും നശിപ്പിക്കാന്‍ അവകാശമില്ല''


ഡുക്യാറ്റ് പഠനപരമ്പരയിലെ കഴിഞ്ഞ ഭാഗങ്ങളില്‍ മൂന്നാമധ്യായത്തിന്‍റെ അവസാനം നല്‍കിയിരിക്കുന്ന ചില സുപ്രധാന സാമൂഹികപ്രബോധന രേഖകളില്‍നിന്നുള്ള പ്രസക്തഭാഗങ്ങളായിരുന്നു നാം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്.  ഇന്നു നമ്മുടെ പരിചിന്തനത്തില്‍ വരുന്നത് എവാഞ്ചേലിയും വീത്തേ (‘ജീവന്‍റെ സുവിശേഷം’) എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ 1995-ലെ ചാക്രികലേഖനത്തില്‍ ജീവന്‍റെ മഹത്വത്തെക്കുറിച്ച് നല്‍കുന്ന വിലപ്പെട്ട പ്രബോധനങ്ങളാണ്.

ജീവനുള്ള ഒരു മനുഷ്യവ്യക്തിയെ അത് ഏതു സാഹചര്യത്തിലായാലും ഏതു ഘട്ടത്തിലായാലും വിലമതിക്കുക, എന്നത് ജീവദാതാവായ ദൈവത്തോടുള്ള നന്ദിയും ആദരവുമാണ് വെളിവാക്കുന്നത്.  ദുര്‍ബലഘട്ടത്തിലായിരിക്കുന്ന മനുഷ്യവ്യക്തിയെ നശിപ്പിക്കുക എന്നതിനെ ജീവനെതിരെയുള്ള ഗൂഢാലോചനയെന്ന്, ദുര്‍ബലര്‍ക്കെതിരെ നടത്തുന്ന യുദ്ധമെന്ന് പാപ്പാ വിളിക്കുന്നു. അങ്ങനെ ദയാവധത്തിനും ഒപ്പം ആത്മഹത്യക്കുമെതിരെ പാപ്പായുടെ ശബ്ദം ഉയരുന്നു. പന്ത്രണ്ടാം ഖണ്ഡികയില്‍ നിന്ന് പാപ്പായുടെ വാക്കുകളില്‍ നമുക്കതു കേള്‍ക്കാം.

 14. എവാഞ്ചെലിയൂം വീത്തേ (1995) 12 : ജീവനെതിരെയുള്ള ഗൂഢാലോചന

ഈ സാഹചര്യത്തെ ഈ വീക്ഷണകോണിലൂടെ കാണുമ്പോള്‍, ശക്തന്മാര്‍ ദുര്‍ബലര്‍ക്കെതിരേ നട ത്തുന്ന യുദ്ധമെന്ന്, ഒരര്‍ഥത്തില്‍ പറയാം. കൂടുതല്‍ സ്വീകരണവും സ്നേഹവും പരിപാലനയും ആ വശ്യമായിരിക്കുന്ന ഒരു ജീവനെ ഉപയോഗശൂന്യമായി കരുതുന്നു. അല്ലെങ്കില്‍ ദുര്‍വഹമായ ഭാരമായിക്കരുതുന്നു.  അതുകൊണ്ട് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അതിനെ ഉപേക്ഷിക്കുന്നു.  ഒരു വ്യക്തി, രോഗം കൊണ്ടോ, അംഗവൈകല്യംകൊണ്ടോ അഥവാ അസ്തിത്വത്തില്‍ തുടരുന്നതു കൊണ്ടു മാത്രമോ, കൂടുതല്‍ സൗഭാഗ്യമനുഭവിക്കുന്നവരുടെ ക്ഷേമത്തെയോ ജീവിതശൈലിയെയോ തടസ്സപ്പെടുത്തുന്നുവെങ്കില്‍, ആ വ്യക്തി നിരോധിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യേണ്ട ഒരു ശത്രുവായി കരുതപ്പെടുന്നു.  ഇങ്ങനെ ''ജീവനെതിരേയുള്ള ഒരു തരം ഗൂഢാലോചന'' നടക്കുന്നു.

തുടര്‍ന്ന് രോഗാവസ്ഥയും സഹനവും ഒഴിവാക്കാനായി വ്യക്തിതന്നെ സ്വന്തം തീരുമാനമനുസരിച്ചു മരിക്കാനുള്ള അവകാശം പറഞ്ഞുകൊണ്ട് ആത്മഹത്യയെ ആശ്രയിക്കാനുള്ള പ്രലോഭനത്തെ ജയി ക്കാനും ആഹ്വാനം ചെയ്യുകയാണ് രേഖയുടെ പതിനഞ്ചാംഖണ്ഡിക.  

15. എവാഞ്ചെലിയൂം വീത്തേ (1995) 15: സ്വന്തം തീരുമാനമനുസരിച്ചു മരിക്കാനുള്ള അവകാശം

ഇതുപോലെതന്നെ ഗൗരവമുള്ള ഭീഷണികള്‍ക്കു വിധേയരാണ് മാറാരോഗങ്ങളുള്ളവരും മരണാസന്ന രും.  സഹനത്തെ നേരിടുന്നതും സ്വീകരിക്കുന്നതും കൂടുതല്‍ പ്രയാസകരമാക്കുന്ന സാമൂഹികവും സാംസ്ക്കാരികവുമായ സാഹചര്യത്തില്‍ ഒരു പ്രലോഭനം പ്രബലതരമായിക്കൊണ്ടിരിക്കുന്നു. മരണം വേഗം സംഭവിക്കാന്‍ ഏറ്റവും ഉചിതമെന്നു തോന്നുന്ന നിമിഷത്തില്‍ അതു സംഭവിപ്പിക്കാന്‍, സഹനമെന്ന പ്രശ്നത്തെ അതിന്‍റെ വേരില്‍വച്ചുതന്നെ ഇല്ലായ്മചെയ്യുക എന്നതാണാ പ്രലോഭനം.

ഇങ്ങനെ ജീവന്‍ ദുര്‍ബലമായിരിക്കുന്ന അവസ്ഥയില്‍, അതുപോലെതന്നെ വ്യക്തികള്‍ അറിവോ ശ ക്തിയോ ഉള്ളവരല്ലാതിരിക്കുമ്പോള്‍ അവരുടെ ജീവനെയും ജീവിതത്തെയും അവഗണിക്കുന്നത്, അവരുടെ അവയവങ്ങള്‍ പോലും കച്ചവടത്തിനിരയാകുന്നത് അപലപനീയമാണ്. ഇതേ ഖണ്ഡികയില്‍ത്തന്നെ അത് ശക്തമായ ഒരു പ്രബോധനമാണ്

16. എവാഞ്ചെലിയൂം വീത്തേ (1995) 15 : മനുഷ്യരെ നശിപ്പിക്കുന്നതിനെക്കുറിച്ച്

വഞ്ചനാത്മകവും രഹസ്യവുമായിട്ടോ, പരസ്യമായിട്ടോ നിയമസാധുതയോടുകൂടിപ്പോലുമോ നടത്തു ന്ന കാരുണ്യവധത്തിന്‍റെ വ്യാപനത്തില്‍ ഇതിന്‍റെയെല്ലാം ദുരന്തപരമായ പ്രകടനം നാം കാണുന്നു.  രോഗിയുടെ വേദന കണ്ടിട്ടു തോന്നുന്നതും നേര്‍വഴിയെ നയിക്കപ്പെടാത്തതുമായ കാരുണ്യത്തിന്‍റെ പേരിലും ഭാരപ്പെടുത്തുന്ന ചെലവുകളെ ഒഴിവാക്കുക എന്ന പ്രായോഗികതാ ലക്ഷ്യ ത്തിന്‍റെ പേരിലും കാരുണ്യവധത്തെ നീതിമത്ക്കരിക്കാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ, വികൃതരായ ശിശുക്കളെയും ഗൗരവമായ തോതില്‍ അംഗവൈകല്യമുള്ളവരെയും പ്രവര്‍ത്തനശേഷിയില്ലാത്തവരെയും വാര്‍ധക്യത്തിലെത്തിയവരെയും - പ്രത്യേകിച്ച് അവര്‍ സ്വയം പര്യാപ്തതയുള്ളവരല്ലെങ്കില്‍ - രോഗംമൂലം ജീവിതാന്ത്യത്തിലെത്തിയവരെയും ഉന്മൂലനം ചെയ്യണമെന്ന നിര്‍ദേശവും ഉണ്ടാകുന്നുണ്ട്. കാരുണ്യവധത്തിന്‍റെ കൂടുതല്‍ വഞ്ചനനിറഞ്ഞതും എന്നാല്‍ ഗൗരവപൂര്‍ണവും യഥാര്‍ഥവുമായ മറ്റു രൂപങ്ങളുടെ മുമ്പിലും നിശ്ശബ്ദത പാലിക്കാന്‍ നമുക്കു സാധ്യമല്ല. മറ്റുള്ളവര്‍ക്കു വച്ചുപിടിപ്പിക്കാനുള്ള അവയവ ലഭ്യത വര്‍ധമാനമാകുന്നതിനു വേണ്ടി ഉടമസ്ഥനറിയാതെ അവയവങ്ങള്‍ ഏടുക്കുന്നതും ഇതിനൊരുദാഹരണമാണ്.  ദാനം ചെയ്യുന്നയാളുടെ മരണത്തെ സ്ഥിരീകരിക്കുന്ന വസ്തുനിഷ്ഠവും പര്യാപ്തവുമായ മാനദണ്ഡങ്ങളെ മാനിക്കാതെയാണ് അങ്ങനെ ചെയ്യുന്നത്.  

‘‘ജീവനെതിരെയുള്ള വസ്തുനിഷ്ഠമായ ഒരു ഗൂഢാലോചന’’ എന്നുതന്നെയാണ് ഗര്‍ഭനിരോധനം, വന്ധ്യംകരണം, ഗര്‍ഭഛിദ്രം എന്നിവ വ്യാപകമായ തോതില്‍ നടത്തുന്ന പദ്ധതികളെയും പാപ്പാ വീക്ഷിക്കുന്നത്.  ഇതില്‍ മാധ്യമങ്ങളും ഗവണ്‍മെന്‍റുകളുമെല്ലാം ഉള്‍പ്പെടുന്നുവെന്നു നമുക്കറിയാം.  പതിനേഴാം ഖണ്ഡികയിലെ പാപ്പായുടെ വാക്കുകളിതാണ്:

17. എവാഞ്ചെലിയൂം വീത്തേ (1995) 17 : ജീവനുവേണ്ടിയുള്ള പോരാട്ടം

വ്യത്യസ്തങ്ങളും ഒരു പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ച് ദൃഢൈക്യത്തിന്‍റെ പേരില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ബോധ്യം വരുത്തുന്നവയെന്നു തോന്നിക്കുന്നവയുമായ ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കാമെങ്കിലും യഥാര്‍ഥത്തില്‍ നാമിന്നു നേരിടുന്നത് ''ജീവനെതിരെയുള്ള വസ്തുനിഷ്ഠമായ ഒരു ഗൂഢാലോചന'' ആണ്. ആ ഗൂഢാലോചനയില്‍ അന്താരാഷ്ട്രസ്ഥാപനങ്ങള്‍ പോലും ഉള്‍പ്പെട്ടിരിക്കുന്നു.  ഗര്‍ഭനിരോധനം, വന്ധ്യംകരണം, ഗര്‍ഭഛിദ്രം എന്നിവ വ്യാപകമായ തോതില്‍ നടത്തുന്നതിനുള്ള യഥാര്‍ഥ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും അവ ഏര്‍പ്പെട്ടിരിക്കുന്നു. പൊതുജന സമ്പര്‍ക്കമാധ്യമങ്ങള്‍ പലപ്പോഴും ഈ ഗൂഢാലോചനയില്‍ പങ്കുപറ്റുന്നുവെന്ന വസ്തുതയും നിഷേധിക്കാനാവാത്തതാണ്. ഗര്‍ഭനിരോധനം, വന്ധ്യംകരണം, ഗര്‍ഭഛിദ്രം എന്നിവയെ, മാത്രമല്ല, കാരുണ്യ വധത്തെപ്പോലും അംഗീകരിക്കുന്ന ഒരു സംസ്ക്കാരത്തെ അവ പ്രശംസിക്കുന്നു. ആ അംഗീകാരം പു രോഗതിയും സ്വാതന്ത്ര്യത്തിന്‍റെ വിജയവുമായി ചിത്രീകരിക്കുന്നു. ജീവനുവേണ്ടി കലവറയില്ലാതെ നിലകൊള്ളുന്ന തീരുമാനങ്ങളെ സ്വാതന്ത്ര്യത്തിന്‍റെയും പുരോഗതിയുടെയും ശത്രുക്കളായി ചിത്രീകരിക്കുകയും ചെയ്യുന്നു.  അങ്ങനെയാണ് മാധ്യമങ്ങള്‍ ഈ ഗൂഢാലോചനയില്‍ പങ്കുചേരുന്നത്.

മേല്‍പ്പറഞ്ഞവയെല്ലാം, ''കൊല്ലരുത്'' അഞ്ചാം പ്രമാണത്തിനെതിരാണ്, ആയതിനാല്‍ ദൈവനീതിയ്ക്കും സ്നേഹത്തിനും എതിരായ ദൈവനിന്ദയാണ്.  പാപ്പാ ഇതേ രേഖയില്‍ തുടരുന്നു:

18. എവാഞ്ചെലിയൂം വീത്തേ (1995) 20: കൊല്ലാന്‍ അവകാശമില്ല

ഗര്‍ഭഛിദ്രം, ശിശുഹത്യ, കാരുണ്യവധം എന്നിവ നടത്തുന്നതിനുള്ള അവകാശമുണ്ടെന്നു വാദിക്കുക യും ആ അവകാശത്തെ നിയമത്താല്‍ അംഗീകരിക്കുകയും ചെയ്യുക എന്നതിന്‍റെയര്‍ഥം മാനുഷിക സ്വാതന്ത്ര്യത്തിനു വികടവും തിന്മനിറഞ്ഞതുമായ ഒരു പ്രാധാന്യംനല്‍കുക എന്നതാണ്.  മറ്റുള്ള വരുടെ മേലും മറ്റുള്ളവര്‍ക്കെതിരായും തികഞ്ഞ അധികാരം അതിനു നല്‍കുക എന്നതാണ്.  ഇതു യഥാര്‍ഥ സ്വാതന്ത്ര്യത്തിന്‍റെ മരണമാണ്.

ഇക്കാര്യങ്ങളിലുള്ള വിലയിരുത്തല്‍ മനുഷ്യഭ്രൂണത്തെ വിവിധകാര്യങ്ങള്‍ക്കായി, ശാസ്ത്രീയപരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലെ അധാര്‍മികതയെക്കുറിച്ചു പറയുന്നതിനും പാപ്പായെ പ്രേരിപ്പിക്കുന്നു. അറുപത്തിമൂന്നാം ഖണ്ഡികയില്‍ പാപ്പാ കുറിക്കുന്നതിങ്ങനെയാണ്:

19. എവാഞ്ചെലിയൂം വീത്തേ (1995) 63 : ഭ്രൂണഗവേഷണം

ഗര്‍ഭഛിദ്രത്തിന്‍റെ ധാര്‍മികതയെപ്പറ്റിയുള്ള ഈ വിലയിരുത്തല്‍, മനുഷ്യഭ്രൂണത്തിലുള്ള ഇടപെടലിന്‍റെ ആധുനിക രൂപങ്ങളെ സംബന്ധിച്ചും പ്രയോഗിക്കേണ്ടതാണ്. അത്തരം ഇടപെടലുകള്‍, പ്രകൃത്യാ നിയമാനുസൃതമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണു നടത്തുന്നതെങ്കിലും ഭ്രൂണങ്ങളുടെ വധത്തില്‍ അവ അനിവാര്യമായി എത്തിച്ചേരുന്നു.  ഭ്രൂണങ്ങളില്‍ നടത്തുന്ന പരീക്ഷണങ്ങളില്‍ ഇതാണു സംഭവിക്കുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ ജീവ-വൈദ്യശാസ്ത്ര (biomedical) ഗവേഷണത്തിന്‍റെ മണ്ഡലത്തില്‍ വര്‍ധ മാനമായതോതില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ചില രാജ്യങ്ങളില്‍ നിയമപരമായി അനുവദിക്കപ്പെട്ടുമിരിക്കുന്നു.  ''മനുഷ്യഭ്രൂണത്തിന്മേല്‍, ഭ്രൂണത്തിന്‍റെ ജീവനോടും സമഗ്രതയോടുമുള്ള ആദരവോടെ, ആനുപാതികമല്ലാത്ത ബാധ്യതകളേകാത്ത അതിന്‍റെ സുഖപ്പെടുത്തലിനോ ആരോഗ്യാവസ്ഥയുടെ മെച്ചപ്പെടുത്തലിനോ വ്യക്തിപരമായ അതിന്‍റെ നിലനില്‍പ്പിനോവേണ്ടി നടത്തുന്ന പരീക്ഷണ പ്രക്രിയകളെ നിയമാനുസൃതമായി കരുതണം''. എന്നാല്‍ മനുഷ്യഭ്രൂണങ്ങളെ പരീക്ഷണത്തിനുള്ള വസ്തുക്കളാ യി ഉപയോഗിക്കുന്നത്, മനുഷ്യജീവികളെന്ന നിലയിലുള്ള അവയുടെ മഹത്വത്തിനെതിരെയുള്ള കുറ്റമാണ്.  ഓരോ വ്യക്തിക്കും, പിറന്നുകഴിഞ്ഞ ഓരോ ശിശുവിനും ലഭിക്കേണ്ട അതേ ബഹുമാനത്തി നുളള അവകാശം അവയ്ക്കുമുണ്ട്.

പരീക്ഷണവസ്തുവായി മാറുന്ന ഭ്രൂണങ്ങള്‍, ജീവനെതിരെയുള്ള കടന്നു കയറ്റമാണെങ്കില്‍, ജനിക്കുന്നതിനുമുമ്പുതന്നെ, കുഞ്ഞിന്‍റെ രോഗവും വൈകല്യവും സാധ്യതകളും തിരിച്ചറിഞ്ഞ് വേണ്ടെങ്കില്‍ നശിപ്പിക്കുന്നതിനു പോലും മടിക്കാത്ത പ്രവൃത്തി സാക്ഷാല്‍ കൊലപാതകമല്ലാതെ മറ്റെന്താണ്? പാപ്പാ പറയുന്നതുപോലെ, ഇതു മനുഷ്യകുലത്തിനു ലജ്ജാവഹമാണ്.

20. എവാഞ്ചെലിയൂം വീത്തേ (1995) 63: ഗര്‍ഭസ്ഥശിശുപരിശോധന

ശിശു ജനിക്കുന്നതിനുമുമ്പ് രോഗനിര്‍ണയംനടത്തുവാനുള്ള സാങ്കേതികവിദ്യകളുടെ (prenatal diagnostic techniques) ധാര്‍മികതയെ വിലയിരുത്തുന്നതില്‍ പ്രത്യേകം ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു. പലപ്പോഴും ഈ സാങ്കേതികവിദ്യകള്‍ വംശോന്നതിവാദപരമായ (eugenic) ലക്ഷ്യത്തോടെ പ്രയോഗിക്കുന്നുണ്ട്.  പലതരത്തിലുള്ള വൈകല്യങ്ങളോടെ ജനിക്കാവുന്ന കുട്ടികളുടെ ജനനത്തെ തടയുന്നതിന്, വേണ്ടി വന്നാല്‍ ഗര്‍ഭഛിദ്രംനടത്തുവാന്‍ അതു സമ്മതിക്കുന്നു.  ഇത്തരം ഒരു മനോഭാവം ലജ്ജാവഹമാണ്.  തീര്‍ത്തും ഗര്‍ഹണീയവുമാണ്. കാരണം, അതു വൈകല്യരാഹിത്യത്തിന്‍റെയും ശാരീരിക ക്ഷേമത്തി ന്‍റെയുംമാത്രം അളവുകോലുകള്‍കൊണ്ട് മനുഷ്യജീവന്‍റെ മൂല്യത്തെ അളക്കാമെന്നു കരുതുന്നു. അങ്ങനെ, ശിശുഹത്യയും കാരുണ്യവധവും നിയമാനുസൃതമാക്കാനുള്ള വഴിതുറക്കുന്നു.

ജീവന്‍റെ ദാതാവു ദൈവമാണ്. നാം എങ്ങനെയായിരിക്കണമെന്നു നിശ്ചയിക്കേണ്ടതും ദൈവമാണ്. നമ്മുടെ സ്വാതന്ത്ര്യം ദൈവത്തിന്‍റെ ഹിതത്തിനെതിരായി നീങ്ങുവാനുള്ളതല്ല.  ആ സ്വാതന്ത്ര്യം ദൈവം നല്കിയ ജീവനെ, ജീവിതത്തെ, കാമ്യമായി കരുതാനും സംരക്ഷിക്കാനുമുള്ളതാണ്. എന്നു പറഞ്ഞാല്‍,  നിത്യജീവിതം നേടേണ്ട ജീവിതങ്ങളെ, ഈലോകത്തില്‍ മനുഷ്യന്‍റെ താല്പര്യങ്ങള്‍ക്കനുസരിച്ച് അനുവദിക്കാനുള്ളതല്ല, ദൈവം അനുവദിക്കുന്നിടത്തോളം തുടരാനായി സംരക്ഷിക്കാനുള്ളതാണ്.  








All the contents on this site are copyrighted ©.