2017-08-15 17:07:00

‘‘വചനത്തില്‍ ശരണപ്പെട്ട മറിയം’’: പാപ്പായുടെ ത്രികാലജപസന്ദേശം


ഓഗസ്റ്റ് പതിനഞ്ചാം തീയതി, കന്യകാമറിയത്തിന്‍റെ സ്വര്‍ഗാരോപണത്തിരുനാളിലെ മധ്യാഹത്തില്‍ പാപ്പാ ത്രികാലജപം ചൊല്ലുകയും അതോടനുബന്ധിച്ച് സന്ദേശം നല്‍കുകയും ചെയ്തു. ദിവ്യബലിയിലെ വായനയെ വ്യാഖ്യാനിച്ചുകൊണ്ട്, നമ്മുടെ വിശ്വാസത്തിന്‍റെയും പുണ്യജീവിതത്തിന്‍റെയും മാതൃകയായി മറിയത്തെ അവതരിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: 

മാലാഖയുടെ മംഗളവാര്‍ത്ത സ്വീകരിച്ച യുവതിയായ മറിയം, തിടുക്കത്തില്‍ എലിസബത്തിന്‍റെ പക്കല്‍ താമസിക്കുന്നതിന് എത്തുകയായിരുന്നു. ''നന്മനിറഞ്ഞ മറിയമേ'' എന്ന ജപത്തിലെ, ‘സ്ത്രീകളില്‍ നീ അനുഗൃഹീതയാകുന്നു, നിന്‍റെ ഉദരത്തിന്‍റെ ഫലവും അനുഗൃഹീതം’ (ലൂക്ക 1,42) എന്ന വാക്കുകള്‍ എലിസബത്തിന്‍റെ അധരം മൊഴിഞ്ഞതാണ്. വാസ്തവത്തില്‍ മറിയം എലിസബത്തിന്‍റെ പക്കലേക്കു സംവഹിച്ച ഏറ്റവുംവലിയ സമ്മാനം, ലോകംമുഴുവനുംവേണ്ടി കൊണ്ടുവന്ന സമ്മാനമായ യേശു, അവളുടെ ഉള്ളില്‍ വസിക്കുന്നുണ്ടായിരുന്നു.  അത് പഴയനിയമത്തിലെ അനേകം സ്ത്രീകള്‍ക്കുണ്ടായിരുന്നതുപോലെ, വിശ്വാസത്തില്‍ മാത്രമോ, പ്രതീക്ഷയില്‍ മാത്രമോ അല്ല, രക്ഷാകരദൗത്യവുമായി വന്ന യേശു അവളില്‍ മാംസം ധരിച്ചുകൊണ്ടായിരുന്നു...

സക്കറിയായുടെയും എലിസബത്തിന്‍റെയും ഭവനത്തില്‍ അനപത്യദുഃഖം തളംകെട്ടിയിരുന്നിടത്ത്, മിശിഹായുടെ മുന്നോടിയായ ശിശുവിന്‍റെ ആഗമനം സന്തോഷമേകുകയാണ്. മറിയത്തിന്‍റെ ആഗമനത്തില്‍ ആ സന്തോഷം വളര്‍ന്ന് ഹൃദയം കവിഞ്ഞൊഴുകുകയാണ്. എന്തെന്നാല്‍, യേശുവിന്‍റെ യഥാര്‍ഥസാന്നിധ്യം ജീവിതത്തിലും, കുടുംബത്തിലും, മാനവരക്ഷയിലും എല്ലായിടത്തും എല്ലാപ്രകാരത്തിലും നിറയുന്നു. ഈ സമ്പൂര്‍ണസന്തോഷമാണ് ലൂക്കായുടെ സുവിശേഷത്തില്‍ മറിയത്തിന്‍റെ സ്വരത്തിലൂടെ, അതിശയപ്രാര്‍ഥനയിലൂടെ പ്രകാശിതമാകുന്നത്. ലത്തീന്‍ഭാഷയില്‍ മാഞ്ഞിഫിക്കാത്ത് എന്ന് അതു വിളിക്കപ്പെടുന്നു...  മാഞ്ഞിഫിക്കാത്ത് - സ്തോത്രഗീതം - കരുണാമയനും വിശ്വസ്തനുമായ ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയെ, മറിയത്തെപ്പോലെ അവിടുത്തെ വചനത്തില്‍ ശരണപ്പെടുന്ന, ചെറിയവരി ലൂടെയും ദരിദ്രരിലൂടെയും, അവനില്‍ വിശ്വസിക്കുന്നവരിലൂടെയും ദൈവം പൂര്‍ത്തിയാക്കുന്ന രക്ഷാകരപദ്ധതിയെ വാഴ്ത്തുന്നു...

മറിയത്തെ നമ്മുടെ വിശ്വാസത്തിന്‍റെയും പുണ്യജീവിതത്തിന്‍റെയും മാതൃകയായി അവതരിപ്പിച്ചു കൊണ്ട്, മറിയത്തോടുകൂടി ഒരു ദിവസം, പറുദീസായില്‍ കാണപ്പെടുന്നതിനായി അവളുടെ സംരക്ഷണം ലഭിക്കുന്നതിനു നമുക്കു യാചിക്കാം എന്ന വാക്കുകളോടെ പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്ന ജപം ലത്തീന്‍ ഭാഷയില്‍ ചൊല്ലുകയും തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.








All the contents on this site are copyrighted ©.