2017-08-13 20:09:00

ചിന്താമലരുകള്‍ : സത്യത്തില്‍ വിരിയുന്ന സ്വാതന്ത്ര്യം


സ്വര്‍ഗ്ഗാരോപണ മഹോത്സവവും  ഭാരത സ്വാതന്ത്ര്യലബ്ധിയുടെ എഴുപതാം വാര്‍ഷികവും :

1. വ്യക്തിയിലെ ദൈവികാംശം - സത്യം   വ്യക്തിയുടെ ഉള്ളില്‍ ദൈവത്തിന്‍റെ അംശമായിട്ടു നിലനില്ക്കുന്ന ഭാവമാണ് സത്യം.
ആ സത്യത്തില്‍നിന്നാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ഉയിര്‍ക്കൊള്ളുന്നത്. സത്യസന്ധമായി ജീവിക്കുന്ന ഒരു മനുഷ്യന്‍ അനുഭവിക്കുന്ന സന്തോഷവും സ്വാതന്ത്ര്യവും നമുക്ക് ഊഹിക്കാവുന്നതാണ്. സത്യസന്ധത പുലര്‍ത്താത്ത ഒരാള്‍ അസ്വാതന്ത്ര്യവും അസമാധാനവും അനുഭവിക്കേണ്ടിവരുന്നു. അയാളെ അത് അസന്തുഷ്ഠനാക്കും, അയാളുടെ സമാധാനം കെടുത്തും. സത്യസന്ധനല്ലാത്ത വ്യക്തിയുടെ മനസ്സ് അപരനെ വഞ്ചിക്കുന്ന കാര്യങ്ങളില്‍‍ വ്യഗ്രത പൂണ്ടിരിക്കും. അങ്ങനെ അപരന്‍റെ നെഞ്ചില്‍ കയറിനിന്നും, അപരനെ ചവുട്ടിയും വളരാനോ ഉയരാനോ ശ്രമിക്കുന്നവന്‍റെയോ, ശ്രമിക്കുന്നവളുടെയോ മനസ്സ് ഒരു കുരുതിക്കളമായി തീരുന്നു. ഉള്ളില്‍ സത്യമില്ലാത്തവരുടെ മനസ്സിലും സമൂഹത്തിലും എന്നും വര്‍ഗ്ഗീയതയുടെയും വംശീയതയുടെയും വിഷം ചീറ്റിക്കൊണ്ടിരിക്കും. പകയും വൈരാഗ്യവുംകൊണ്ട്  ആ മനസ്സ് കലുഷിതമാകും.

2. സത്യത്തെ ബലികൊടുക്കുന്ന രാഷ്ട്രീയം   രാജ്യത്തിന്‍റെ സുസ്ഥിതിക്കുവേണ്ടിയും ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയും തങ്ങളുടെ ജീവിതം സമര്‍പ്പിക്കുക എന്ന ലക്ഷൃത്തിലാണ് സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഭാരതത്തില്‍ രൂപമെടുത്തത്. വൈദേശിക ശക്തികളോട് സ്വാതന്ത്ര്യലബ്ധിക്കായി പോരാടിയ സമരസേനാനികളുടെ അന്തസ്സും ആഭിജാത്യവും അടങ്ങിയിരുന്നത് സമൂഹത്തിനുവേണ്ടി സ്വയം സമര്‍പ്പിതരാകാനുള്ള സത്യസന്ധതയിലാണ്. പക്ഷേ, സ്വതന്ത്ര ഭാരതത്തിലെ പാര്‍ട്ടികളും ജനകീയ പ്രസ്ഥാനങ്ങളും തങ്ങളുടെ പാര്‍ട്ടിയുടെയോ സമുദായത്തിന്‍റെയോ താല്പര്യങ്ങള്‍ക്കുവേണ്ടി സത്യത്തെ പലപ്പോഴും ബലികഴിച്ചു. അതിന്‍റെ ദുരന്ത പര്‍വങ്ങളാണ് ബാബറി മസ്ജിദും ഗുജറാത്തിലെ ഗോധ്രയും ഒറീസ്സയിലെ കാണ്ഡമാലും, പിന്നെയും പൊന്തിവരുന്ന ന്യൂനപക്ഷ പീ‍ഡനങ്ങളും!  രാഷ്ട്രത്തിന്‍റെ മതേതരത്വത്തെ  ധ്വംസിക്കുന്ന സംഭവങ്ങളാണവ!  തങ്ങളുടെ അധികാരം ഉറപ്പിക്കുവാന്‍വേണ്ടി സത്യത്തെ ബലികൊടുക്കുന്ന അധികാരവൃന്ദം മഹത്തായ ജനാധിപത്യത്തിനു ശാപമാണ്.

3.  ‘സത്യമേവ ജയതേ’   മഹത്തായ ഇന്ത്യാരാജ്യത്തിന്‍റെ സ്വാതന്ത്ര്യലബ്ധിയുടെ 70-Ɔ൦ വാര്‍ഷികമാണല്ലോ ഇത്. ഗാന്ധിജിയുടെ കാലംമുതല്‍ ഭാരത മണ്ണില്‍ മുഴങ്ങിയിട്ടുള്ള മന്ത്രധ്വനിയാണ് ‘സത്യമേവ ജയതേ’!  പക്ഷേ സത്യം ഇന്ന് ഈ രാജ്യത്തില്‍നിന്നും പടിയിറങ്ങിയോ അതോ, രാഷ്ട്രീയ മേലാളന്മാരുടെ അധികാരക്കൊതിയില്‍നിന്നും ധനമോഹത്തില്‍നിന്നും ഉയിര്‍ക്കൊണ്ട ആര്‍ത്തിയില്‍ ഭാരതീയര്‍ സത്യത്തെ കുടിയിറക്കിയോ? സത്യം ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ് ഇന്നിന്‍റേത്. സത്യം പറഞ്ഞാല്‍ ഇവിടെ ജീവിക്കാന്‍ സാധിക്കില്ല എന്ന മിഥ്യാധാരണയും ഇന്ത്യാക്കാരന്‍റെ മനസ്സില്‍ വളര്‍ന്നു വരുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ കോടാനുകോടി ദരിദ്രരെ കണ്ട് മനസ്സലിഞ്ഞ്, സ്വന്തം ഉടുവസ്ത്രംപോലും അവര്‍ക്കു വലിച്ചെറിഞ്ഞു കൊടുത്തുകൊണ്ട് ജീവിതകാലമൊക്കെയും അര്‍ദ്ധനഗ്നനായ സാധു ഗുരുവിനെപ്പോലെ ജീവിച്ച മഹാത്മഗാന്ധിയുടെ പൈതൃകമാണ് നമുക്കു മുന്നില്‍. ഏതൊരു വികസനത്തിന്‍റെയും ആദ്യപദം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അധികവും ദരിദ്രരുള്ള നമ്മുടെ ഗ്രാമങ്ങളില്‍ ആരംഭിക്കണം എന്നതായിരുന്നു ഗാന്ധിജിയുടെ വീക്ഷണം.

4.  അഴിമതിയും അസ്വാതന്ത്ര്യവും  21-Ɔ നൂറ്റാണ്ടിലെ ലോകശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു എന്ന് അവകാശപ്പെടുമ്പോള്‍ നമ്മുടെ ഗ്രാമങ്ങളിലെ സ്ഥിതിഗതികള്‍ ഇനിയും മെച്ചപ്പെടുത്താനായിട്ടില്ല. വോട്ടുചെയ്യാന്‍ പാവങ്ങളെ സമീപിക്കുന്ന രാഷ്ട്രീയക്കാര്‍ വികസന ഫണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വന്തം കാര്യത്തിനോ, പാര്‍ട്ടിയുടെ കാര്യത്തിനോ ആണ് മുന്‍തൂക്കം കൊടുക്കുന്നത്. നിരക്ഷരരും നിര്‍ദ്ധനരുമായ സമ്മതിദായകരെ അക്ഷരംപ്രതി വഞ്ചിച്ച് സുഖഭോഗങ്ങളില്‍ ജീവിക്കുന്ന ജനപ്രതിനിധികള്‍ അധികാരത്തിന്‍റെയും ധൂര്‍ത്തിന്‍റെയും ആരാധകരായി മാറുന്നു.  

ദരിദ്രരെ സഹായിക്കുന്നതിനായി ഗവണ്‍മെന്‍റ് ചെലവഴിക്കേണ്ട ഓരോ രൂപയുടെയും  15 പൈസ മാത്രമേ സാധാരണക്കാരില്‍ എത്തിച്ചേരുന്നുള്ളൂവെന്ന് രണ്ടര ദശകങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി പറഞ്ഞിട്ടുണ്ട്. ഉദ്ദേശിക്കുന്ന ഗുണഭോക്താക്കളിലേയ്ക്ക് ഒരു പൈസാപോലും എത്തിച്ചേരാത്ത വിധത്തില്‍ അത്രമാത്രം അഴിമതി വര്‍ദ്ധിച്ചിരിക്കുന്ന രാഷ്ട്രീയ ചുറ്റുപാടാണിത്. 67 കോടി രൂപാ കൈക്കൂലിത്തുകയുള്ള ബോഫേഴ്സ് ആയിരുന്നു ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി. എന്നാല്‍ ഇന്ന് ടുജിയിലും കല്‍ക്കരി ഇടപാടിലും തട്ടിയെടുക്കപ്പെട്ടതായി അനുമാനിക്കപെടുന്ന തുക മൂന്നുലക്ഷം കോടിക്കു മുകളിലാണ്. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍, ഗ്രാമീണ തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികളെക്കുറിച്ചും വിവാദങ്ങള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു.

5. ഒടുങ്ങാത്ത പട്ടിണിയും പാവങ്ങളും   ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗം പാവങ്ങളെയും ഇടത്തരക്കാരയും ലക്ഷൃംവച്ചുകൊണ്ടു വന്നിരിക്കുന്ന ഭക്ഷൃസുരക്ഷാനിയമവും നയവുമെല്ലാം സര്‍ക്കാര്‍ മാറിയതോടെ മാഞ്ഞുപോയി. മള്‍ട്ടി നാഷണല്‍ കമ്പനികളും, രാജ്യത്തിന്‍റെ വിഭവശേഷി ഊറ്റിയെടുക്കുന്നവരും, അഴിമതിയില്‍ കുളിച്ചു നില്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനത്തെ കഴുതയാക്കുകയാണ്. ജനാധിപത്യത്തിന്‍റെ കാവല്‍ഭടന്മാരാകേണ്ട മാധ്യമങ്ങളും ഇക്കാര്യത്തില്‍ പലപ്പോഴും ഇവര്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ടും അതിന്‍റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യരാണ് ഭാരതീയരായ നമ്മള്‍. അന്താരാഷ്ട്രതലത്തില്‍ forbs മാസിക ധനികരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ അതില്‍ ധാരാളം ഇന്ത്യന്‍ ബിസിനസ്സുകാരുണ്ട്, പക്ഷേ ജീവിത നിലവാരത്തിന്‍റെ സൂചികയില്‍ ഇന്ത്യയെ മൊത്തമായി വിലയിരുത്തുമ്പോള്‍ നമ്മുടെ രാജ്യം ചില ദരിദ്രരാജ്യങ്ങളെക്കാള്‍ താഴേയാണെന്നതാണ് സത്യം. ഈ അധോഗതി വര്‍ഷം ചെല്ലുന്തോറും കൂടുകയല്ലാതെ കുറയുന്നില്ല. രൂപയുടെ മൂല്യം കാത്തുപാലിക്കാന്‍ നടത്തിയ പണമാറ്റത്തിന്‍റെ കെടുതി ഇനിയും വിട്ടുമാറിയിട്ടില്ല.

6. സത്യത്തില്‍ വിരിയുന്ന സ്വാതന്ത്ര്യം   സ്വാതന്ത്ര്യം ശരിയായ ദിശയില്‍ എല്ലാവര്‍ക്കും ആസ്വദിക്കുവാനും അനുഭവിക്കുവാനും സാധിക്കണമെങ്കില്‍ ഇന്ത്യയിലെ ജനങ്ങളും ജനപ്രതിനിധികളും സത്യത്തിന്‍റെ പാതിയില്‍ മുന്നേറണം. നെഞ്ചത്തു കൈവച്ച് ‘ഭാരതം എന്‍റെ നാടാണെന്നും, ഭാരതീയരെല്ലാം സോഹദരീ സഹോദരന്മാരാണെ’ന്നുമുള്ള ചിന്തയുടെ അഗ്നിയില്‍ നാമെല്ലാവരും സ്വയം ശൂദ്ധികരിക്കപ്പെടണം. സത്യസന്ധതയും പൗരബോധവുമുള്ള ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് മാത്രമേ ഈ രാജ്യത്തിലെ അഴിമതിയുടെയും തിന്മയുടെയും അളവു കുറയുകയുള്ളൂ. ‘അഴിമതി വിമുക്തഭാരതം’ എന്ന സ്വപ്നം യഥാര്‍ത്ഥ്യാമാക്കാന്‍ നാമെല്ലാവരും സത്യസന്ധമായി പണിയെടുക്കുവാനും പെരുമാറുവാനും തയ്യാറാകേണ്ടിയിരിക്കുന്നു, കൈകോര്‍ത്ത് പരിശ്രമിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ഇച്ഛാശക്തിയില്‍നിന്നും, ആത്മാര്‍ത്ഥമായ പരിശ്രമത്തില്‍നിന്നും മാത്രമേ സ്വാതന്ത്ര്യത്തിന്‍റെ പൊന്‍പ്രഭ ഭാരതമണ്ണില്‍ വിരിയുകയുള്ളൂ.

7.  മാതൃസ്നേഹത്തിന്‍റെ ബലിഷ്ഠഗോപുരം    ഒരായിരം ചിത്രങ്ങളിലും കലാരൂപങ്ങളിലും കൊത്തിവയ്ക്കപ്പെട്ട മാതൃസ്നേഹമാണ് മറിയമെന്ന ബലിഷ്ഠഗോപുരത്തില്‍ ദൃശ്യമാകുന്നത്. മറിയം ഏറെ പ്രഘോഷിക്കപ്പെടുമ്പോഴും അവളുടെ ആന്തരികത ഇനിയും കാണാമറയത്തു കാത്തുനില്ക്കുന്നു. നസ്രത്തിലെ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു മറിയം. അസാധാരണമായ ഒന്നുംതന്നെ അവള്‍ക്കില്ലാത്തതിനാല്‍ ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവള്‍ പകച്ചുപോയി. അത്തരമൊരനുഭവം അവള്‍ക്കാദ്യമായിരുന്നു.   പൂപറിച്ചും, പാട്ടുപാടിയും, ആടി രസിച്ചും, ആടിനെ നോക്കിയും, കൂട്ടുകാരോടു സല്ലപിച്ചും കൂടണയുമ്പോള്‍ നമസ്ക്കാരം ചൊല്ലിയും നടന്നു നീങ്ങിയ ആ ഗ്രാമീണ പെണ്‍കുട്ടിയെ ദൈവം എല്ലാക്കാലത്തേയ്ക്കുമായി തന്‍റേതായി ചേര്‍ത്തുവച്ചു. കനം കുറഞ്ഞ ജീവിതങ്ങളെ ദൈവം ചേര്‍ത്തുപിടിക്കുന്നത് ചരിത്രത്തില്‍ എക്കാലത്തും കാണാം. അതിനാല്‍  ഏതൊരു സാഹചര്യത്തിലും ദൈവിക കനിവിന്‍റെ അടയാളമാണ് നസ്രത്തിലെ മറിയം.

8.  നസ്രത്തിലെ കൃപാപൂര്‍ണ്ണ     “മറിയമേ, ഭയപ്പെടേണ്ട. ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു” (ലൂക്കാ 1, 30). മാനുഷികമായി നോക്കിയാല്‍ ഭയപ്പെടാന്‍ തീര്‍ച്ചയായും, ഏറെക്കാര്യങ്ങള്‍ നസ്രത്തിലെ മറിയത്തിന് ഉണ്ടായിരുന്നു. ‘മൃഗമായോ സ്ത്രീയായോ എന്നെ സൃഷ്ടിക്കാത്തതിനു നന്ദി,’ എന്ന പ്രാര്‍ത്ഥന മൂന്നാവര്‍ത്തി ഉരുവിടുന്ന യഹൂദ-മത സംസ്ക്കാരത്തിലാണ് അവളുടെ ജനനം. ഗാര്‍ഹികസ്വപ്നങ്ങളൊക്കെ കീഴ്മേല്‍ മറിയുമോ എന്ന ഭയം, സംശയിക്കപ്പെട്ടേക്കാവുന്ന മാതൃത്വം. പിന്നെ നാളെയിലേയ്ക്കു നോക്കിയാല്‍ കരിമ്പടം പുതച്ച ആകാശംപോലെയാണ് അവളുടെ ജീവിതം. എന്നിട്ടും ദൈവിക കനിവിന്‍റെ മഴവില്ലു മറിയത്തിന്‍റെമേല്‍ വിരിഞ്ഞു. അതേ, അവള്‍ ഭാഗ്യപ്പെട്ടവള്‍ തന്നെ! പൊതുവേ ശക്തമായ സ്ത്രീ ബിംബങ്ങള്‍ രക്ഷാകര ചരിത്രത്തില്‍ കുറവാണെങ്കിലും, തകര്‍ന്നടിഞ്ഞതും തളര്‍ന്നുപോയതുമായ സകല സ്ത്രീകള്‍ക്കും പ്രത്യാശയുടെ അടയാളവും മാതൃകയുമാണ് നസ്രത്തിലെ മറിയം. ക്രിസ്തുവിലേയ്ക്കും പുതുയുഗത്തിലേയ്ക്കും വളരാന്‍ കൊതിക്കുന്ന മുഴുവന്‍ മാനവരാശിയുടെയും പ്രത്യാശയും മാതൃകയുമാണ് നസ്രത്തിലെ പരിശുദ്ധ കന്യകാമറിയം.

9. വൈരുദ്ധ്യങ്ങള്‍ക്കിടയിലെ വെളിപാട്    ദൈവം തിരഞ്ഞെടുക്കുന്ന ജീവിതങ്ങള്‍ പലപ്പോഴും മാനുഷികദൃഷ്ടിയില്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞവയാണ്. മറിയമാണതിന്‍റെ ശ്രേഷ്ഠമാര്‍ന്ന ഉടല്‍രൂപം. ദൈവകൃപനിറഞ്ഞവള്‍ രക്ഷകനായ ദൈവപുതന് ജന്മംനല്കി. എന്നിട്ടും അവള്‍ ദൈവസന്നിധിയിലെ കന്യകയായിരുന്നു. ഒരേ സമയം ഗുരുനാഥയും ക്രിസ്തുശിഷ്യയും അലിവിന്‍റെ അമ്മയും ധീരതയുള്ള കന്യകയുമായിരുന്നു.  വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ വെളിപാടു കാണാന്‍ നാം മറന്നുപോകരുത്. മഴയും വേനലും ഓരേ നാണയത്തിന്‍റെ ഇരുപുറങ്ങള്‍തന്നെയല്ലേ. ചിലപ്പോള്‍ ഏറെ പ്രാര്‍ത്ഥിക്കുകയും മറ്റുചിലപ്പോള്‍ ഏറെ തകര്‍ക്കപ്പെടുകയും ചെയ്യുന്ന നാം  തളര്‍ന്നുപോകരുത്. ജീവിതത്തിന്‍റെ  ഊഷരഭൂമിയില്‍ നടന്നെങ്കിലേ ആത്മീയതയുടെ പൊരുളറിയാന്‍ കഴിയൂ. മരുഭൂമി കടക്കാതെ കാനാന്‍ ദേശമില്ല. ഈറ്റുനോവിന്‍റെ വഴികളില്‍ മാതൃസ്നേഹത്തിന്‍റെ അടയാളങ്ങള്‍ ഉദിക്കുന്നു. ത്യാഗത്തിന്‍റെയും സത്യത്തിന്‍റെയും പാതയില്‍ സ്നേഹവും ആത്മീയസ്വാതന്ത്ര്യവും കണ്ടുമുട്ടാതിരിക്കില്ല.

10.  ദൈവം തുറക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ  വാതിലുകള്‍     മറിയത്തിന്‍റെ ജീവിതത്തിലേയക്ക് നമുക്ക് എത്തിനോക്കാം. ശിശുവിനു ജന്മംനല്കാന്‍ സത്രങ്ങളുടെ ഒരു വാതിലും അവള്‍ക്കായി തുറന്നില്ല. എന്നിട്ടും പ്രപഞ്ചത്തിന്‍റെ മുഴുവന്‍ അമ്മയായി തീര്‍ന്നു മറിയം. തിരസ്കരിച്ച ഭൂമിതന്നെ ആ അമ്മയെ ചേര്‍ത്തണയ്ക്കേണ്ടി വന്നു. എല്ലാവാതിലുകളും അടയ്ക്കപ്പെടുമ്പോഴും ദൈവം നമുക്കായൊരു വാതില്‍ തുറക്കുന്നു. പ്രപഞ്ചത്തിന്‍റെ മടിത്തട്ടില്‍ ഒരമ്മയും മകനും ഒരിക്കലും അനാഥമാകില്ല. അനാഥമാകാന്‍ പാടില്ല. കാല്‍വരിയില്‍ ക്രിസ്തു യോഹന്നാനെ വിളിച്ചതു ‘സെബദീപുത്രന്‍’ എന്നല്ല, മകനേ... എന്നാണ്. അങ്ങനെ മനുഷ്യകുലത്തിന്‍റെ മുഴുവന്‍ പ്രതിനിധിയാണ് യോഹന്നാന്‍ അന്നവിടെ.

മാംസ നിബദ്ധമായ മാതൃത്വങ്ങളെ മറികടക്കുന്നതാണ് ആത്മീയസ്വാതന്ത്ര്യമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. സ്വന്തം അമ്മ ആരെന്നറിയാതെ പിറന്നുവീണവര്‍ക്കും, അമ്മേ..!. എന്നു വിളിക്കാന്‍ തരപ്പെടുമ്പോള്‍ അതു കേള്‍ക്കാനാളില്ലാതെ വരുന്നവര്‍ക്കും, അമ്മയുണ്ടായിട്ടും അനാഥത്വത്തിന്‍റെ വഴിയില്‍ തനിയെ സഞ്ചരിക്കുന്നവര്‍ക്കും ഒരമ്മയ്ക്കായി കൊതിക്കുന്നവര്‍ക്കും, അമ്മയാകാന്‍ കൊതുക്കുന്നവര്‍ക്കും മറിയം തുണയായുണ്ടെന്ന് ഓര്‍ക്കുക. അമ്മയുടെ സ്നേഹമോ തലോടലോ ലഭിക്കാതെ ഒരു കുഞ്ഞും ഈ ഭൂമിയില്‍ ഉണ്ടാകരുതേ എന്ന ധ്യാനത്തിലാണു  കുരിശില്‍ കിടന്നുകൊണ്ട് ക്രിസ്തു മറിയത്തെ ലോകത്തിന് അമ്മയായി നല്കുന്നത്. കര്‍മ്മബന്ധങ്ങളിലാണു മാതൃത്വത്തിന്‍റെ വീര്യമാര്‍ന്ന രൂപമുള്ളത്. ജന്മബന്ധങ്ങള്‍ തകരുന്നിടത്തും കര്‍മ്മബന്ധത്തിന്‍റെ കണ്ണികള്‍ അകലാതെ ചേര്‍ന്നുനില്ക്കും. അമ്മയാകുന്നതു കര്‍മ്മത്തിലുമാണ്, ജന്മത്തില്‍ മാത്രമല്ല.

11.  സ്വര്‍ഗ്ഗാരോഹണം –  ക്രിസ്തുവില്‍ നേടേണ്ട സ്വാതന്ത്ര്യം    ക്രിസ്തുവില്‍ വളരാനും അവിടുത്തെ പ്രഘോഷിക്കുവാനും മറിയത്തിന്‍റെ ആഹ്വാനം  നമുക്ക് ഉള്‍ക്കൊള്ളാം. സ്നേഹത്തിന്‍റെ സത്യസന്ധമായൊരു ജീവിതം നയിക്കാന്‍ അതുനമ്മെ സഹായിക്കട്ടെ! മാനുഷികതയെയും മാനുഷികബന്ധങ്ങളുടെയും പരിമിതികളെ ത്യാഗത്തിന്‍റെ കാല്‍വരിയില്‍ മറികടന്ന മറിയത്തിന്‍റെ ജീവിതം  ഈ മണ്ണില്‍ അവസാനിക്കരുതെന്നത് ദൈവേഷ്ടമായിരുന്നിരിക്കണം. അതിന്‍റെ അടയാളമാണ് മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം. മറിയം ഈ ഭൂമിയില്‍ പങ്കുവച്ച ദൈനംദിന ജീവിതയാഗത്തെ ദൈവം അംഗീകരിച്ചതും ലോകത്തിന് പ്രത്യക്ഷീഭവിപ്പിച്ചതും സ്വര്‍ഗ്ഗാരോപണം എന്ന സംഭവത്തിലൂടെയും, വിശ്വാസസത്യത്തിലൂടെയുമാണ്.

നാം നെറ്റിയില്‍ കുരിശടയാളം വരയ്ക്കുമ്പോള്‍ അതു നമ്മെ പഠിപ്പിച്ച ഭൂമിയിലെ  അമ്മമാര്‍ ഓര്‍മ്മിക്കപ്പെടുകയും സ്വര്‍ഗ്ഗീയ അമ്മ വാഴ്ത്തപ്പെടുകയും ചെയ്യുന്നു.  അമ്മയെ വിസ്മരിക്കരുത്. രക്ഷകനെ ചേര്‍ത്തു പിടിക്കുന്നവരൊക്കെ ഇനിമേല്‍ മറിയത്തെയും ചേര്‍ത്തുപിടിക്കണം. കുഞ്ഞിനെ മാറില്‍ ചേര്‍ത്തുപിടിക്കുന്ന ഏതൊരമ്മയിലും പരിശുദ്ധ മറിയത്തിന്‍റെ വിദൂരഛായകള്‍ വീണുകിടക്കുന്നു. അമ്മയെ ചേര്‍ത്തുപിടിച്ചു നില്ക്കുന്ന ഏതൊരു മനുഷ്യനിലും, യോഹന്നാന്‍റേതുപോലെ ക്രിസ്തുവില്‍ നേടുന്ന സത്യത്തിന്‍റെയും ആത്മീയസ്വാതന്ത്ര്യത്തിന്‍റെയും പ്രഭ നിറഞ്ഞുനില്ക്കും. ഭൗമികജീവിതത്തെ ധീരമായി ഉള്‍ക്കൊണ്ട് സ്വര്‍ഗ്ഗാരോപിത ഇതാ, വീണ്ടും ഇനിയും നമുക്ക് ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ നവജീവന്‍ ഉറപ്പുതരുന്നു.

 








All the contents on this site are copyrighted ©.