2017-08-12 12:36:00

യുദ്ധത്തിന്‍റെ കാര്‍മ്മുകില്‍ മായുന്നതിനായി പ്രാര്‍ത്ഥന


ഉത്തരകൊറിയയുടെ മിസ്സൈല്‍-അണുവായുധ പരീക്ഷണപരിപാടികള്‍ ഉയര്‍ത്തിയിരിക്കുന്ന ആശങ്കകള്‍ അകന്നുപോകുന്നതിന് പ്രാര്‍ത്ഥനയില്‍ അഭയം തേടാന്‍ കൊറിയയിലെ കത്തോലിക്കാമെത്രാന്മാര്‍ വിശ്വാസികളെ ക്ഷണിക്കുന്നു.

1945 ല്‍ ജപ്പാന്‍റെ ആധിപത്യത്തില്‍ നിന്ന് കൊറിയ സ്വതന്ത്രമായ ദിനവും സ്വര്‍ഗ്ഗാരോപിതനാഥയുടെ തിരുന്നാള്‍ ദിനവുമായ ആഗസ്റ്റ് 15 നോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തിലാണ് മെത്രാന്മാരുടെ ഈ ക്ഷണം ഉള്ളത്.

വിശ്വശാന്തിക്കും പാപികളുടെ മാനസാന്തരത്തിനും വേണ്ടി കൊന്തനമസ്ക്കാരം ചൊല്ലാന്‍ നമ്മെ ആഹ്വാനം ചെയ്യുന്ന പരിശുദ്ധകന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം തേടാന്‍ മെത്രാന്മാര്‍ കത്തോലിക്കാവിശ്വാസികളെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

തിന്മയെ കീഴടക്കുന്നതിനുള്ള ആദ്ധ്യാത്മികോപാധിയാണ് ജപമാലയെന്നും വിശ്വാസം നേരിടുന്ന വെല്ലുവിളികളെ ജയിക്കാന്‍ അതു നമ്മെ സഹായിക്കുകയും വിശ്വശാന്തിയുടെ ശില്പികളാക്കി നമ്മെ മാറ്റുകയും ചെയ്യുമെന്നും മെത്രാന്മാര്‍ പറയുന്നു.

ഉത്തരകൊറിയയുടെ മിസ്സൈല്‍-ആണവ പരിപാടികള്‍ സൃഷ്ടിച്ചിരിക്കുന്ന പിരിമുറുക്കത്തില്‍ ദക്ഷിണകൊറിയയിലെ സോള്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആന്‍ഡ്രൂ യയോം സൂ യുങ് ആശങ്ക രേഖപ്പെടുത്തി.

കൊറിയക്കാരായ സകലരുടെയും സുരക്ഷയക്കും ഭാവിക്കുംവേണ്ടി ഉത്തര കൊറിയ ചര്‍ച്ചയ്ക്ക് സന്നദ്ധമാകുകയും അണുവായുധ പരിപാടികള്‍ ഉപേക്ഷിക്കുകയും വേണമെന്ന് അദ്ദേഹം പറയുന്നു.








All the contents on this site are copyrighted ©.