2017-08-11 10:51:00

ആണവഭീഷണി ഒഴിവാക്കുന്നതിന് സമ്പൂര്‍ണ്ണ ആയുധ നിര്‍മ്മാര്‍ജ്ജനം


ആണവഭീഷണിക്കെതിരായ ഏക പരിച സമ്പൂര്‍ണ്ണ ആയുധ നിര്‍മ്മാര്‍ജ്ജനം ആണെന്ന് ആര്‍ച്ച്ബിഷപ്പ് സില്‍വാനൊ തൊമോസി.

സ്വിറ്റ്സര്‍ലണ്ടിലെ ജനീവ പട്ടണത്തില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായിരുന്ന അദ്ദേഹം, ഉത്തരകൊറിയയുടെയും അമേരിക്കന്‍ ഐക്യനാടുകളുടെയും തലവന്മാര്‍ തമ്മിലുള്ള പ്രകോപനപരമായ വാഗ്വാദങ്ങള്‍ ഒരു ആണവയുദ്ധത്തിലേക്കു നയിക്കുന്ന അപകടസാധ്യതയുളവാക്കിയിരിക്കുന്ന പശ്ചത്താലത്തില്‍ അതിനെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഈ പ്രസ്താവന നടത്തിയത്.

അണുവായുധം വിനാശകരവും ഫലശൂന്യവുമാണെന്ന അവബോധം പുലര്‍ത്തുമ്പോഴും, അതിനെ പ്രതിരോധത്തിനുള്ള ഉപാധിയായി ചില വ്യക്തികളും നാടുകളും ഇപ്പോഴും കരുതുന്നതില്‍ ആര്‍ച്ച്ബിഷപ്പ് തൊമാസി ആശങ്കപ്രകടിപ്പിച്ചു.

അണുവായുധം സമൂലനാശംവിതയ്ക്കുന്ന ഒന്നാണെന്ന് രണ്ടാം ലോകമഹായുദ്ധം കാട്ടിത്തന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഒരിക്കലും അംഗീകരിക്കാനാവാത്ത ഒന്നാണ് അണുവായുധമെന്നും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരായും മനുഷ്യാവകാശ സംരക്ഷണത്തിനായും പരിശ്രമിക്കാന്‍ അന്താരാഷ്ട്രസമൂഹങ്ങള്‍ക്ക് കടമയുണ്ടെന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് 123 നാടുകള്‍ അണുവായുധ നിരോധനക്കരാറില്‍ ഒപ്പുവച്ചത് ആര്‍ച്ചുബിഷപ്പ് തൊമാസി സന്തോഷപൂര്‍വ്വം അനുസ്മരിച്ചു. എന്നാല്‍ അണുവായുധങ്ങള്‍ കൈവവശമുള്ള രാജ്യങ്ങള്‍ അതു സൂക്ഷിക്കുകയും മറ്റു ചിലനാടുകള്‍ അണുവായുധങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ക്രൈസ്തവരായ നാം സമാധാനത്തിന്‍റെ പാതയില്‍ ചരിക്കണമെന്നും സമാധനവിദ്യഭ്യാസവും സമാധാനസംസ്കൃതിയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.