സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പായുടെ ‘സ്കോളാസി’ന് ആഫ്രിക്കന്‍ മണ്ണില്‍ തുടക്കമായി

പാവങ്ങളുടെ പക്ഷംചേരുന്ന 'സ്കോളാസ്' രാജ്യാന്തര കൂട്ടായ്മ - OSS_ROM

10/08/2017 19:38

കുട്ടികള്‍ കുട്ടികളെ തുണയ്ക്കുന്ന ‘സ്കോളാസ് ഒക്കുരേന്തസ്’ പ്രസ്ഥാനം!

പാപ്പാ ഫ്രാന്‍സിസിന്‍റെ “സ്കോളാസ് ഒക്കുരേന്തസി”ന് Scholas Occurentes ആഫ്രിക്കന്‍ രാജ്യമായ മൊസാമ്പിക്കില്‍ തുടക്കംകുറിച്ചു. ഇത് പാവപ്പെട്ടവരുടെ അതിരുകള്‍ തേടിയുള്ള നീക്കവും തുടക്കവുമാണ്!  180 കുട്ടികള്‍ ഒരാഴ്ച കൂടിതാമസിച്ചുകൊണ്ടുള്ള അനുഭവവുമായിട്ടാണ് ആഫ്രിക്കന്‍ രാജ്യമായ മൊസാമ്പിക്കില്‍ ആഗസ്റ്റ് 6-Ɔ൦ തിയതി, കുട്ടികള്‍ കുട്ടികളെ തുണയ്ക്കുന്ന പ്രസ്ഥാനം “സ്കോളാസ് ഒക്കുരേന്തസ്” ആഫ്രിക്കന്‍ മണ്ണില്‍ ആരംഭംകുറിച്ചത്. സ്കൂളുകളുടെ ഒത്തുചേരല്‍ അല്ലെങ്കില്‍ കൂട്ടായ്മ എന്നാണ് പ്രസ്ഥാനത്തിന്‍റെ ലത്തീന്‍ പേരിന് അര്‍ത്ഥം.

നല്ല വിദ്യാഭ്യാസത്തിലൂടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ നന്മയ്ക്കായി മാറ്റിമറിക്കാം എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വീഡിയോ സന്ദേശവുമായിട്ടാണ് സ്കോളസിന്‍റെ ഒരാഴ്ചത്തെ പരിപാടികള്‍ക്ക് ആരംഭംകുറിച്ചത്. സ്ഥലത്തെ ഗവര്‍ണര്‍ ആല്‍ബേര്‍ത്തോ സേക്കാ, ജില്ലാ കളക്ടര്‍ കാര്‍ലോ ബുചീലി, രൂപതയുടെ വിദ്യാഭ്യാസ ഡയറക്ടര്‍ ഫാദര്‍ ഗബ്രിയേല്‍ ആരിയസും, പിന്നെ ‘സ്കോളാസി’ന്‍റെ രാജ്യാന്തരപ്രവര്‍ത്തകരും കുട്ടികളുടെ ക്യാമ്പില്‍ സന്നിഹിതരായിരുന്നു.

തങ്ങള്‍ക്ക് മറികടക്കാനുള്ള വലിയ തടസ്സങ്ങളെക്കുറിച്ചാണ് കുട്ടികള്‍ ക്യാമ്പില്‍ പങ്കുവച്ചത്. ഓരോ ദിവസവും ഒരുവശം മാത്രം സ്കൂളിലേയ്ക്ക് നടക്കാനുള്ള 5-മുതല്‍ 10-വരെ കി.മീറ്റര്‍ ദൈര്‍ഘ്യം,  പിന്നെ യാത്രാസൗകര്യങ്ങളുടെ അഭാവം, അദ്ധ്യാപകരുടെ അലംഭാവം, പഠനചുറ്റുപാടുകളുടെ പരിമിതികള്‍, സ്കൂളിലെ മയക്കുമരുന്നു കച്ചവടം എന്നിവ അവര്‍ ഒന്നൊന്നായി ചര്‍ച്ചകളില്‍ നിരത്തിവച്ചു. ‘സ്കോളാസ്’ തങ്ങളുടെ ജീവിതരീതിയെ മെച്ചപ്പെടുത്താനും ദിശാബോധം നല്കാനും പോരുന്ന നല്ല പ്രസ്ഥാനമാണെന്ന് കുട്ടികള്‍തന്നെ ചര്‍ച്ചകളില്‍ നിരീക്ഷിച്ചു. അവരുടെ ഇടയില്‍ കൂട്ടായ്മ വളര്‍ത്തുകയും, കുട്ടികളും അദ്ധ്യാപകരുമായി ആശയങ്ങള്‍ കൈമാറാനുമുള്ള സാദ്ധ്യതകള്‍ വളര്‍ത്തുകയും, തങ്ങളുടെ കഴിവുകളുടെ മേഖലയില്‍ ഊന്നി വളരാനും ‘സ്കോളാസ്’ നല്കുന്ന സാദ്ധ്യതകളെ അവര്‍ മനസ്സിലാക്കി. അങ്ങനെ വിദ്യാഭ്യാസത്തിലൂടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ മാറ്റി മറികടക്കാനാവുമെന്ന് കുട്ടികള്‍ അംഗീകരിച്ചു.

ഇപ്പോള്‍ പൊന്തിഫിക്കല്‍ സ്ഥാനമുള്ള രാജ്യാന്തര പ്രസ്ഥാനമാണ് ‘സ്കോളാസ് ഒക്കുരേന്തസ്’ –  Scholas Occurentes! വിദ്യാഭ്യാസം, കല, കളികള്‍, കായികവിനോദം, സംസ്ക്കാരം എന്നീ മാധ്യമങ്ങളിലൂടെ യുവജനങ്ങളെയും കുട്ടികളെയും ഒന്നിപ്പിക്കാനും, അവരുടെ വളര്‍ച്ചയില്‍ പരസ്പരം സഹായിക്കാനും കഴിയുകയാണ് പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം. സംവാദത്തിലൂടെ ലോകത്ത് സമാധാനം വളര്‍ത്താമെന്നും പ്രസ്ഥാനം വിശ്വസിക്കുന്നു. ലോകത്ത് 190 രാജ്യങ്ങളിലായി ഇപ്പോള്‍ നാലര ലക്ഷത്തോളം അംഗങ്ങളുണ്ട് സ്കോളാസിന്! കുട്ടികളെ തുണയ്ക്കാനും അവരെ പ്രചോദിപ്പിക്കാനുമായി പ്രസ്ഥാനത്തില്‍ രാജ്യാന്തരതലത്തില്‍ പ്രശസ്തരും പ്രഗത്ഭരുമായ കളിക്കാരും, കായിക താരങ്ങളും, കലാകാരന്‍മാരും ഇന്ന് സ്കോളാസിന്‍റെ പ്രയോക്താക്കളാണ്.


(William Nellikkal)

10/08/2017 19:38