സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സഭാദര്‍ശനം

DOCAT ​XXXI: ''ദൈവം എന്ന രഹസ്യം ഓരോ സംസ്ക്കാരത്തിന്‍റെയും അകക്കാമ്പ്''

DOCAT - സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള അനുരൂപണഗ്രന്ഥം

10/08/2017 11:29

ഡുക്യാറ്റ് പഠനപരമ്പരയിലെ കഴിഞ്ഞ രണ്ടുഭാഗങ്ങളില്‍ മൂന്നാമധ്യായത്തിന്‍റെ അവസാനം നല്‍കിയിരിക്കുന്ന ചില സുപ്രധാന സാമൂഹികപ്രബോധന രേഖകളില്‍നിന്നുള്ള ഭാഗങ്ങളായിരുന്നു നാം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്.  മനുഷ്യവ്യക്തികളുടെ സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശങ്ങളുടെ അടി സ്ഥാനം, തൊഴിലിനും ജീവിതമാര്‍ഗത്തിനും മതവിശ്വാസത്തിനും വളര്‍ച്ചയ്ക്കും ജീവിതസാക്ഷാത്ക്കാ രത്തിനും വേണ്ടിയുള്ള ഉള്ള അവകാശങ്ങള്‍, ലൈംഗികത, സ്ത്രീമഹത്വം എന്നിവയെക്കുറിച്ച് സഭാ പ്രബോധനങ്ങളിലൂടെ നടത്തുന്ന ഈ യാത്രയില്‍ ഇന്നു നാം കാണുക ഫമീലിയാരിസ് കൊണ്‍സോ ര്‍സ്യോ എന്ന രേഖയില്‍ നിന്ന് മനുഷ്യലൈംഗികത, സ്ത്രീമഹത്വം എന്നിവയെക്കുറിച്ചും ചെന്തേസ്സി മൂസ് ആന്നൂസ്, ലൗദാത്തോ സീ എന്നീ രേഖകളില്‍ നിന്ന് മനുഷ്യമഹത്വം, സ്വാതന്ത്ര്യം, സമൂഹം എന്നിവയെക്കുറിച്ചും ഉള്ള പ്രബോധനങ്ങളാണ്.

ഫമീലിയാരിസ് കൊണ്‍സോര്‍സ്യോ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ കുടുംബത്തെക്കുറിച്ചു 1981-ല്‍ നല്‍കിയ പ്രബോധനമാണ്. ഇതിലെ 11, 23 എന്നീ ഖണ്ഡികകള്‍ മാനുഷികലൈംഗികതയെക്കുറിച്ചും സ്ത്രീത്വത്തെക്കുറിച്ചുമുള്ള ദൈവിക പദ്ധതിയെ വിശകലനം ചെയ്യുന്നു.  

ഫമിലീയാരിസ് കൊണ്‍സോര്‍സ്യോ (1981) 11 : മാനുഷികലൈംഗികതയുടെ സ്വഭാവം

ദാമ്പത്യത്തില്‍ സ്ത്രീയും പുരുഷനും ലൈംഗികതയിലൂടെ തങ്ങളെ പരസ്പരം സമര്‍പ്പിക്കുന്നു.  ഈ സമര്‍പ്പണം ദമ്പതികള്‍ക്ക് അനുയോജ്യവും അവര്‍ക്കു മാത്രമുള്ളതുമായ പ്രവൃത്തിവഴിയാണ് ഉണ്ടാകുന്നത്. ഈ ലൈംഗികത ഒരു കാരണവശാലും കേവലം ജീവശാസ്ത്രപരമല്ല.  അതു മനുഷ്യവ്യക്തി യുടെ ആന്തരികസത്തയെ സംബന്ധിക്കുന്നതാണ്.  ഒരു സ്ത്രീയും പുരുഷനും മരണംവരെ തങ്ങളെ ത്തന്നെ പരിപൂര്‍ണമായി പരസ്പരം സമര്‍പ്പിക്കുന്ന സ്നേഹത്തിന്‍റെ അടിസ്ഥാനപരമായ ഭാഗമായിരിക്കുമ്പോള്‍ മാത്രമേ അതു യഥാര്‍ഥത്തില്‍ മാനുഷികമായ രീതിയില്‍ സാക്ഷാത്ക്കരിക്കപ്പെടുന്നുള്ളു.  തന്‍റെ ഭൗതികമാനമുള്‍പ്പെടെ മുഴുവന്‍ വ്യക്തിയും സന്നിഹിതമാകുന്ന വ്യക്തിപരമായ ആത്മദാനത്തിന്‍റെ അടയാളവും ഫലവും ആകുന്നില്ലെങ്കില്‍ പൂര്‍ണമായി ശാരീരിക ആത്മദാനം എന്നു പറയുന്നത് ഒരു നുണയായിരിക്കും.  ഒരു വ്യക്തി എന്തെങ്കിലുമൊന്നു പിടിച്ചുവയ്ക്കുകയോ ഭാവിയില്‍ മറ്റൊരുവിധം തീരുമാനമെടുക്കുവാനുള്ള സാധ്യത ഉള്ളില്‍ സൂക്ഷിക്കുകയോ ചെയ്താല്‍ അക്കാരണത്താല്‍ത്തന്നെ ആ ഒരു പ്രവൃത്തിയില്‍ ആ വ്യക്തിയുടെ സമര്‍പ്പണം പൂര്‍ണമായിരിക്കുകയില്ല.

             സ്ത്രീ മിക്കവാറും കുടുംബിനികളാണ്.  വെളിയില്‍ ജോലി നിര്‍വഹിക്കേണ്ടി വരുമ്പോഴും അവ ളുടെ ശ്രദ്ധയും ജോലിയും മിക്കവാറും കുടുംബത്തില്‍ തന്നെ എന്നത് ഒരു യാഥാര്‍ഥ്യമാണ്.  അങ്ങ നെയല്ലാതെ വരുന്നിടത്ത് കുടുംബജീവിതം തന്നെ ഇല്ലാതാകുന്നു എന്ന വസ്തുതയ്ക്കും നാം സാക്ഷി കളാണ്.  അതുകൊണ്ട് സ്ത്രീയുടെ കുടുംബത്തിലെ ജോലിക്കു വിഘ്നം വരാത്ത വിധത്തില്‍ സമൂ ഹം സ്ഥാപിക്കപ്പെടണമെന്നു തന്നെയാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പ്രബോ ധനത്തിലുള്ളത്. അത് സ്ത്രീയ്ക്കു പുരുഷന്മാര്‍ ജോലികളിലേര്‍പ്പെടുന്നതിനുള്ള കഴിവു കുറവുള്ളതു കൊണ്ടോ അവകാശമില്ലാത്തതുകൊണ്ടോ അല്ല, മറിച്ച്, കുടുംബത്തിലെ സ്ത്രീയുടെ സാന്നിധ്യം മാറ്റിവയ്ക്കാനാവാത്തതുകൊണ്ടാണ് എന്നു പാപ്പാ ഇതേ രേഖയുടെ ഖണ്ഡിക 23-ല്‍ പറയുന്നു. 

ഫമിലീയാരിസ് കൊണ്‍സോര്‍സ്യോ (1981) 23 : സ്ത്രീയുടെ മഹത്വം

വിവിധങ്ങളായ പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കൊപ്പം അവകാശമുണ്ടെന്ന് അംഗീകരിക്കപ്പെടണം. അതേസമയം പ്രയോഗത്തില്‍ ഭാര്യമാരും അമ്മമാരും കുടും ബത്തിനു വെളിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടാത്ത തരത്തില്‍ സമൂഹം സ്ഥാപിക്കപ്പെടണം.  അവര്‍ മുഴുവന്‍ സമയവും കുടുംബത്തിനുവേണ്ടി നീക്കിവയ്ക്കുമ്പോഴും അവരുടെ കുടുംബത്തില്‍ അന്തസ്സോടെ ജീവിക്കാനും അഭിവൃദ്ധിപ്പെടാനും കഴിയുന്ന വിധത്തിലായിരിക്കണം സമൂഹഘടന.  സ്ത്രീകള്‍ കുടുംബത്തിനുള്ളില്‍ ചെയ്യുന്ന ജോലിയെക്കാള്‍ കുടുംബത്തിനു വെളിയില്‍ നിര്‍വഹിക്കുന്ന ജോലിയുടെ പേരില്‍ അവര്‍ ബഹുമാനിക്കപ്പെടുന്ന മനഃസ്ഥിതി തിരുത്തപ്പെടേണ്ടതാണ്. സ്ത്രീകളുടെ വ്യക്തിപരമായ അന്തസ്സിന്‍റെ പേരില്‍ അവരോടുള്ള പരിപൂര്‍ണബഹുമാനത്തോടെ പുരുഷന്മാര്‍ സ്ത്രീകളെ ശരിയായി വിലമതിക്കുകയും സ്നേഹിക്കുകയും വേണമെന്നും സ്ത്രീക്കു കുടുംബത്തിനുള്ളില്‍ ജോലി ചെയ്യുവാനുതകുന്ന സാഹചര്യം സമൂഹം സൃഷ്ടിക്കുകയും വികസിപ്പിച്ചെടുക്കുകയും വേണമെന്നും ഇതാവശ്യപ്പെടുന്നു

             കുടുംബത്തെ സംരക്ഷിക്കാത്ത സമൂഹമോ, രാഷ്ട്രമോ സഭയോ ഒരിക്കലും നിലനില്‍ക്കുകയില്ലെന്നു സാമാന്യബോധമുള്ള ആര്‍ക്കും, പ്രത്യേകിച്ച് ഇന്നത്തെ കുടുംബാന്തരീക്ഷം ശ്രദ്ധിക്കുന്ന ആര്‍ക്കും മന സ്സിലാക്കാനാവുന്നതേയുള്ളു.  വിശുദ്ധ ജോണ്‍ പോള്‍ പാപ്പായുടെ മേല്‍പ്പറഞ്ഞ ഉദ്ബോധനം പ്രാവര്‍ത്തികമാക്കുന്നതില്‍ നമ്മുടെയും ഏവരുടെയും ശ്രദ്ധ പതിയേണ്ടതിന് നമുക്കു ആഗ്രഹിക്കാം, പ്രയത്നിക്കാം.  വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ മറ്റൊരുരേഖയാണ് ചെന്തേസ്സിമൂസ് ആന്നൂസ്. ലെയോ പതിമൂന്നാമന്‍ പാപ്പായുടെ റേരും നൊവാരും എന്ന രേഖയെ ആദരിച്ചുകൊണ്ട്, അതിലെ ഉല്‍കൃഷ്ട പ്രബോധനത്തെ വീണ്ടും ലോകശ്രദ്ധയ്ക്കു വിഷയീഭവിപ്പിച്ചുകൊണ്ട് അതിന്‍റെ നൂറാം വര്‍ഷത്തിലെഴുതിയ, അതായത് 1991-ല്‍ എഴുതിയ ചാക്രികലേഖനമാണിത്.  ജീവശാസ്ത്രപരമായോ, സാമ്പത്തികശാസ്ത്രപരമായോ ഉള്ള ഒരു വീക്ഷണം മാത്രം, മനുഷ്യനെ മനസ്സിലാക്കാന്‍ പര്യാപ്തമാവുകയില്ല എന്ന് ഈ രേഖ പ്രബോധിപ്പിക്കുന്നു.  

ചെന്തേസിമൂസ് ആന്നൂസ് (1991) 24 : മനുഷ്യനെ മനസ്സിലാക്കല്‍

സാമ്പത്തിക ശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം മനുഷ്യനെ മനസ്സിലാക്കാന്‍ സാധിക്കുകയില്ല.  ഒരു വിഭാഗത്തിലുള്ള അംഗത്വത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം അവനെ നിര്‍വചിക്കാനും സാധ്യമല്ല.  മനുഷ്യനെ പൂര്‍ണമായി മനസ്സിലാക്കണമെങ്കില്‍, അവനെ അവന്‍റെ ഭാഷ, ചരിത്രം എന്നിവ വഴിയു ള്ള അവന്‍റെ സാംസ്ക്കാരിക മ‍ണ്ഡലത്തിന്‍റെ ഉള്ളിലും, ജനനം, സ്നേഹം, തൊഴില്‍, മരണം മുതലാ യ മൗലിക ജീവിതസംഭവങ്ങളോട് അവനുള്ള മനോഭാവത്തിന്‍റെ മണ്ഡലത്തിനുള്ളിലും നിറുത്തി ക്കാണണം.  ഏറ്റവും വലിയ രഹസ്യത്തോട് ദൈവം എന്ന രഹസ്യത്തോട് - മനുഷ്യനുള്ള മനോഭാവം ഓരോ സംസ്ക്കാരത്തിന്‍റെയും ഉള്ളിന്‍റെയുള്ളില്‍ കുടികൊള്ളുന്നുണ്ട്.

ദൈവം എന്ന രഹസ്യത്തോടു മനുഷ്യനുള്ള ബന്ധം മനുഷ്യജീവിതവും അവന്‍റെ സമൂഹജീവിതവും വെളിവാക്കുന്നുണ്ട്. അത് ഓരോ സംസ്ക്കാരത്തിന്‍റെയും ഉള്ളിന്‍റെയുള്ളില്‍ കുടികൊള്ളുന്നു.  എങ്കിലും സ്വാതന്ത്ര്യമുള്ളവനായതുകൊണ്ട്, തിന്മ ചെയ്യാനും അവനു കഴിയുമെന്നതിനാല്‍, സമൂഹജീവിതത്തിലും അതു പ്രതിഫലിക്കും. അതുകൊണ്ട് സ്വാതന്ത്ര്യത്തെയും സമൂഹത്തെയും കുറിച്ചുള്ള വിചിന്തനവും പാപ്പായുടെ ഈ രേഖയില്‍ കാണാം.

ചെന്തേസിമൂസ് ആന്നൂസ് (1991) 25: സ്വാതന്ത്ര്യവും സമൂഹവും

സ്വാതന്ത്ര്യത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ തന്‍റെയുള്ളില്‍ ആദിമപാപത്തിന്‍റെ വ്രണം വ ഹിക്കുന്നുണ്ട്.  അത് അവനെ നിരന്തരം തിന്മയിലേക്കടുപ്പിക്കുകയും അവനു രക്ഷിക്കപ്പെടലിന്‍റെ ആവശ്യം സൃഷ്ടിക്കുകയും ചെയ്യുന്നു.  ഇതു ക്രൈസ്തവ വെളിപാടിന്‍റെ ഒരവശ്യഭാഗമാണ്.  മാത്ര മല്ല, അതു മനുഷ്യന്‍ എന്ന യാഥാര്‍ഥ്യത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്നതുകൊണ്ട് അര്‍ഥ പ്രകാശനപരമായി വലിയ മൂല്യമുള്ളതുമാണ്.  മനുഷ്യന്‍ നന്മയിലേക്കു ചായുന്നു.  എന്നാല്‍ തിന്മ ചെയ്യാനും അവനു കഴിയും.  പ്രത്യക്ഷതാല്‍പ്പര്യങ്ങള്‍ക്ക് അതീതനായി നില്‍ക്കാനും അതേസമയം അവയോടു ബന്ധിതനായി നില്‍ക്കാനും അവനു കഴിയും.  ഈ യാഥാര്‍ഥ്യത്തെ പരിഗണിക്കുകയും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ സമൂഹത്തിന്‍റെ പൊതുതാല്‍പ്പര്യങ്ങള്‍ക്ക് വിപരീതമായി സ്ഥാപിക്കാതെ അവയെ ഫലപ്രദമായ ഐക്യത്തിലെത്തിക്കുവാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയും ചെയ്യു വാന്‍ എത്രമാത്രം ശ്രമിക്കുന്നുവോ അത്രമാത്രം ഉറപ്പും സാമൂഹിക വ്യവസ്ഥിതിയുമുണ്ടാകും.

നന്മ ചെയ്തുകൊണ്ട് നമ്മുടെ തന്നെ രക്ഷയും സമൂഹവ്യവസ്ഥിതിയുടെ ഉറപ്പും സുസ്ഥിരമാക്കാമെന്നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറയുന്നത്.  ലവുദാത്തോ സീ എന്ന എന്ന ഇക്കാലഘട്ടത്തിലെ ഏറെ ശ്രദ്ധേയമായ രേഖയിലൂടെ ഫ്രാന്‍സീസ് പാപ്പായും ഇക്കാര്യത്തെക്കുറിച്ച് മറ്റൊരു രീതിയില്‍ പഠിപ്പിക്കുന്നു.  ദൈവസൃഷ്ടികളെല്ലാം ദൈവികമഹത്വത്തിന്‍റെ നിദര്‍ശനങ്ങളാണെങ്കിലും മനുഷ്യന്‍റെ മഹത്വം അതില്‍ നിന്നും ഉപരിയാണ്.  മനുഷ്യന്‍റെ മഹത്വത്തെ വിലമതിക്കാത്ത മനുഷ്യന്‍ മറ്റു സൃഷ്ടികളുടെ മഹത്വത്തിനുവേണ്ടി വാദിക്കുന്നത് നിരര്‍ഥകമാണെന്നു പാപ്പാ പറയുന്നു. 

ലവുദാത്തോ സീ (2015) 90 :  മനുഷ്യമഹത്വം

മനുഷ്യവ്യക്തിക്കുള്ള ഏതു ശ്രേഷ്ഠതയെയും നിഷേധിക്കുന്ന ഒരുതരം മനോഭ്രമം ചിലപ്പോള്‍ കണ്ടു വരുന്നു.  എല്ലാ മനുഷ്യരും തുല്യ അളവില്‍ പങ്കുചേരുന്ന മനുഷ്യമഹത്വത്തെ സംരക്ഷിക്കുന്നതിനു പകരം മറ്റു ഇനങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ തീക്ഷ്ണത കാണിക്കുന്നു. തീര്‍ച്ചയായും, മറ്റു ജീവ ജാലങ്ങളോട് ഉത്തരവാദിത്വമില്ലാതെ പെരുമാറാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. എന്നാല്‍ നമ്മുടെയിട യിലുള്ള വലിയ അസമത്വത്തില്‍ പ്രത്യേകമായി രോഷം കൊള്ളണം.  ഈ അസമത്വം വഴിയാണ ല്ലോ മറ്റുള്ളവരെക്കാള്‍ യോഗ്യതയുള്ളവരാണ് തങ്ങളെന്നു കരുതുന്നവരെ വച്ചുപൊറുപ്പിക്കേണ്ടി വരുന്നത്.  കൂടുതല്‍ അവകാശങ്ങളോടെ ജനിച്ചവരാണെന്ന മട്ടില്‍ പ്രയോഗത്തില്‍, മറ്റുള്ളവരെക്കാള്‍ കൂടിയ മനുഷ്യരാണു തങ്ങള്‍ എന്നു കരുതുന്ന ചിലരെ നാം വച്ചുപൊറുപ്പിക്കുന്നു.

സ്വാതന്ത്ര്യം നന്മയെ തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ്. തിന്മയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നു സമ്മതിക്കുമ്പോഴും തിന്മയ്ക്ക് ഒരിക്കലും സ്വാതന്ത്ര്യം തരാനാവില്ല എന്നു മനസ്സിലാക്കാനുള്ള വിവേകം മനുഷ്യനുണ്ടായിരിക്കണം. തിന്മ എപ്പോഴും മനുഷ്യനെ അടിമപ്പെടുത്തുകയേ ഉള്ളു.  അതുകൊണ്ടാണ് അതിനെ തിന്മയെന്നു വിളിക്കുന്നതു തന്നെ.  ദൈവം നല്‍കുന്ന സ്വാതന്ത്ര്യം മനുഷ്യമഹത്വത്തെ സൂചിപ്പിക്കുമ്പോഴും അതു ദൈവത്തെത്തന്നെ, പരമനന്മയെത്തന്നെ തിര ഞ്ഞെടുക്കുന്നെങ്കില്‍ അതാണ് മനുഷ്യന്‍റെ മഹത്വത്തെ നിലനിര്‍ത്തുന്നത് എന്ന സത്യം നമുക്കോര്‍ക്കാം.  

10/08/2017 11:29