2017-08-09 14:59:00

''പ്രത്യാശയുടെ പ്രേരകശക്തി - ദൈവത്തിന്‍റെ കരുണ'': ഫ്രാന്‍സീസ് പാപ്പാ


വി. ലൂക്കായുടെ സുവിശേഷത്തിലെ ഏഴാമധ്യായത്തില്‍ നിന്ന് 44, 47-50 വാക്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഓഗസ്റ്റ് 9, ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയില്‍ മാര്‍പ്പാപ്പ നല്‍കിയ വിശ്വാസപ്രബോധനം. 'ക്രിസ്തീയ പ്രത്യാശയുടെ പ്രേരകശക്തി ദൈവത്തിന്‍റെ കരുണയാണ്' എന്നു വിശദീകരിച്ചുകൊണ്ടു പ്രത്യാശ എന്ന വിഷയത്തില്‍ നല്കിയ തുടര്‍പ്രബോധനത്തിന്‍റെ പരിഭാഷ താഴെക്കൊടുക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം!

ശിമയോനോടൊത്തു വിരുന്നിനിരുന്ന ഫരിസേയരുടെ പ്രതികരണം നാം കേട്ടു. ''പാപങ്ങള്‍പോലും ക്ഷമിക്കുന്നതിന് ഇവന്‍ ആരാണ്?'' (ലൂക്കാ 7:49). യേശു അവര്‍ക്ക് ഉതപ്പു നല്‍കുന്ന ഒരു പ്രവൃത്തിയായിരുന്നു ചെയ്തത്.  പാപിനിയെന്ന് എല്ലാവരാലും അറിയപ്പെടുന്ന ആ നഗരത്തിലെ ഒരു സ്ത്രീ, ശിമയോന്‍റെ വീട്ടിലെത്തി, കുനിഞ്ഞ് യേശുവിന്‍റെ പാദത്തില്‍ സുഗന്ധതൈലം പൂശി. എ ല്ലാവരും മുറുമുറുത്തു: യേശു ഒരു പ്രവാചകനെങ്കില്‍ ഇതുപോലെ പാപിയായ ഒരു സ്ത്രീയുടെ ഇത്തരം പ്രവൃത്തികള്‍ സ്വാഗതം ചെയ്യുകയില്ലായിരുന്നു. അന്നത്തെ കാലഘട്ടത്തിന്‍റെ മനോഭാവമനുസരിച്ച്, വിശുദ്ധനും പാപിയും, ശുദ്ധവും അശുദ്ധവും തമ്മിലുള്ള വിഭജനം യേശു വ്യക്തമാക്കേണ്ടിയിരുന്നു.

എന്നാല്‍ യേശുവിന്‍റെ മനോഭാവം വ്യത്യസ്തമാണ്.  ഗലീലിയിലെ ശുശ്രൂഷയുടെ തുടക്കംമുതല്‍ അവിടുന്ന് കുഷ്ഠരോഗികളെയും പിശാചുബാധിതരെയും രോഗികളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയുമെല്ലാം സമീപിച്ചു. അത്തരം പെരുമാറ്റം ഒരുതരത്തിലും സാധാരണമായിരുന്നില്ല. പുറന്തള്ളപ്പെട്ടവരോടുള്ള, തൊട്ടുകൂടാത്തവരോടുള്ള യേശുവിന്‍റെ അനുകമ്പയായിരുന്നു, യേശുവിന്‍റെ സമകാലീനരെ ഏറ്റവുമധികം ശല്യപ്പെടുത്തിയ ഒരു കാര്യം. സഹിക്കുന്ന വ്യക്തി എവിടെയുണ്ടോ, അയാളുടെ സഹനം യേശു ശ്രദ്ധിക്കും, ആ സഹനം യേശുവിന്‍റെ സ്വന്തമാവുകയും ചെയ്യും.  ഒരിക്കലും ശിക്ഷയായി വരുന്ന കഷ്ടത വീരോചിതമായി സഹിക്കാന്‍, അന്നത്തെ സ്റ്റോയിക് താത്വികരെപ്പോലെ  പ്രസംഗിക്കുന്നില്ല. യേശു മനുഷ്യസഹനങ്ങളില്‍ പങ്കാളിയാവുകയാണ്.  ആ സഹനങ്ങളെ കടന്നുപോകേണ്ടിവരുമ്പോള്‍ യേശുവിന്‍റെ ആന്തരികതയില്‍ ഇഴചേരുകയാണ് ക്രിസ്തീയതയുടെ ആ പ്രത്യേകമനോഭാവം, അതായത് കരുണ.  യേശു അനുകമ്പ കാണിക്കുന്നു, അക്ഷരാര്‍ഥത്തില്‍, ശരീരാന്തര്‍ഭാഗത്ത് ഒരു തള്ളലായി യേശു അനുഭവിക്കുകയാണത്. അതേ തരത്തിലുള്ള പ്രതികരണങ്ങളെ സുവിശേഷത്തില്‍ നാം എത്രയോ പ്രാവശ്യം നാം കണ്ടുമുട്ടുന്നുണ്ട്. ദൈവത്തി ന്‍റെ ഹൃദയത്തെ വെളിപ്പെടുത്തുകയും മാംസംധരിക്കുകയും ചെയ്ത യേശുവിന്‍റെ ഹൃദയം, എവിടെ ഒരു സ്ത്രീയേയോ പുരുഷനെയോ സഹിക്കുന്നതായി കാണുന്നുവോ, അവിടെ അയാളുടെ സൗഖ്യം, മോചനം, ജീവന്‍റെ പൂര്‍ണത ആഗ്രഹിക്കുകയാണ്.

അതുകൊണ്ടാണ് യേശു പാപികളുടെ നേരെ വിരിച്ച കൈകളുമായി നില്‍ക്കുന്നത്.  തെറ്റായ ജീ വിതത്തില്‍, എത്രയോ ആള്‍ക്കാര്‍ ഇന്നും നഷ്ടപ്പെടുന്നു, എന്തെന്നാല്‍, കൂടുതല്‍ നല്ല കണ്ണുകള്‍ കൊണ്ട്, പ്രത്യാശയോടെ ദൈവത്തിന്‍റെ ഹൃദയംകൊണ്ട് അവരെ വ്യത്യസ്തമായൊന്നു നോക്കാന്‍ സംലഭ്യരായവരെ അവര്‍ കണ്ടെത്തുന്നില്ല, യേശു, നേരെ മറിച്ച്, തെറ്റായ തെരഞ്ഞെടുപ്പുകള്‍ കു ന്നുകൂട്ടിയവരിലും നവജനനത്തിന്‍റെ ഒരു സാധ്യത കാണുകയാണ്.

ചിലയവസരങ്ങളില്‍ നാം ഓര്‍ക്കാറില്ല, യേശുവിന് എല്ലാം എളുപ്പമാണെന്ന്. യേശുവിനോടുള്ള നിഷേധാത്മകമനോഭാവം സുവിശേഷം ആദ്യം രേഖപ്പെടുത്തുന്നത് യേശു ഒരു മനുഷ്യന്‍റെ പാപം ക്ഷമിക്കുമ്പോഴുള്ളതാണ് (മര്‍ക്കോ 2:12).  രണ്ടുതരത്തില്‍ വേദനയെ നേരിടുന്ന ഒരു മനുഷ്യനായിരുന്നു അയാള്‍. എന്തെന്നാല്‍, അയാള്‍ക്ക് നടക്കാനാവുകയില്ലായിരുന്നു, ഒപ്പം പാപിയെന്ന വിചാരവും. യേശു അയാളുടെ രണ്ടാമത്തെ വേദന ആദ്യത്തേതിനെക്കാള്‍ അധികമാണെന്നു മനസ്സിലാക്കി, ആ മനുഷ്യന്‍ എത്രയും വേഗം ആ വേദനയില്‍ നിന്നു മോചനം സ്വീകരിക്കുന്നതി നുള്ള ഉദ്ഘോഷണം നല്‍കുകയാണ്: ‘‘മകനേ, നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു’’. അപ്പോഴാണ് ചില നിയമജ്ഞര്‍ക്ക്, ‘അത് ഉതപ്പാണ്; ദൈവത്തിനുമാത്രമേ പാപം ക്ഷമിക്കാന്‍ കഴിയൂ എന്നതിനാല്‍ അത് ദൈവദൂഷണമാണ്’ എന്നു തോന്നിയത്.

പാപമോചനത്തെ നാമനുഭവിക്കുന്നത് ഒരുപക്ഷേ വിലകുറവുള്ള ഒരനുഭവമായിട്ടായിരിക്കാം. ദൈവികസ്നേഹത്തിലേക്കു നമ്മെ  എത്രമാത്രം അടുപ്പിക്കുന്നതാണത് എന്നു നാം ചിന്തിക്കേണ്ടതാണ്.  ദൈവപുത്രന്‍ എല്ലാറ്റിനുമുപരി പാപങ്ങള്‍ ക്ഷമിക്കുന്നവനായിരുന്നു, അവിടുന്നാഗ്രഹിച്ചത്, മാനവഹൃദയത്തിന്‍റെ സമ്പൂര്‍ണമായ, നിശ്ചിതമായ മോചനമായിരുന്നു.  എന്തെന്നാല്‍, മനുഷ്യജീവിതം മുഴുവന്‍ ഈ പാപത്തിന്‍റെ മുദ്രയേറ്റുവാങ്ങി തീരുന്നത് അവിടുത്തേയ്ക്കു സ്വീകാര്യമായില്ല.  അതൊരിക്കലും ദൈവത്തിന്‍റെ കാരുണ്യഹൃദയത്തിന് അംഗീകരിക്കാന്‍ കഴിയി ല്ല എന്ന് യേശുവിനറിയാമായിരുന്നു.

അതുകൊണ്ട് പാപികള്‍ ക്ഷമിക്കപ്പെട്ടവരായിത്തീരുകയാണ്.  മാനസികമായ ഒരു വിടുതല്‍ മാത്രമല്ല, അത്, പുതുജീവിതത്തിന്‍റെ പ്രത്യാശ നല്‍കുന്ന ഒരു മോചനമാണത്.  സ്നേഹത്താല്‍ മുദ്രിതമായ ഒരു ജീവിതം.  മത്തായി, പരസ്യപാപി, യേശുവിന്‍റെ ശിഷ്യനായിത്തീരുന്നു. ജെറീക്കോയിലെ ചൂഷകനായ ധനവാന്‍, പാവങ്ങളുടെ സംരക്ഷകനായിത്തീരുന്നു.  അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്ന, ഇപ്പോള്‍ മറ്റൊരുവനുമൊത്തു ജീവിക്കുന്ന സമറിയായിലെ സ്ത്രീ, ഒരിക്കലും വറ്റാത്ത ജീവജലത്തിന്‍റെ  വാഗ്ദാനം പ്രാപിക്കുന്നു.

ഒരിക്കലും തെറ്റു പറ്റുകയില്ലാത്ത വ്യക്തികളുള്ള ഒരു സഭയെ രൂപപ്പെടുത്തുന്നതിനുവേണ്ടി ആദ്യമായി കുഴച്ച മാവ് ദൈവം തെരഞ്ഞെടുത്തില്ല എന്നു വിചാരിക്കുന്നത് നമുക്കൊത്തിരി ഗുണം ചെയ്യും. ദൈവത്തിന്‍റെ കരുണയും ക്ഷമയും അനുഭവിക്കുന്ന പാപികളുടെ ഒരു ജനമാണ് സഭ. പത്രോസ്ശ്ലീഹാ തന്‍റെ ഔദാര്യത്തിലെന്നതിനെക്കാള്‍, താന്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനാണ് എന്നു തോന്നിച്ചപ്പോഴെന്നതിനെക്കാള്‍, തന്നെക്കുറിച്ചുള്ള കൂടുതല്‍ സത്യങ്ങള്‍ ഗ്രഹിച്ചത് കോഴി കൂവിയപ്പോഴാണ്. നാമെല്ലാവരും അനുദിനവും പ്രത്യാശയോടുകൂടി ജീവിക്കുന്നതിനു തക്കവിധം നമ്മെ രൂപാന്തരപ്പെടുത്തുന്നതിന് ശക്തിയുള്ള, ദൈവത്തിന്‍റെ കാരുണ്യം ആവശ്യമുള്ള പാവപ്പെട്ട പാപികളാണ്. ഇത് അടിസ്ഥാനപരമായ സത്യമാണ് എന്നു ഗ്രഹിക്കുന്ന ജനത്തിന് ദൈവം സമ്മാ നമായി നല്‍കുന്ന ദൗത്യമാണ്, ഈ ലോകത്തിലെ ഏറ്റവും സുന്ദരമായത്.  അതിവയാണ്: സഹോദരീസഹോദരന്മാരെ സ്നേഹിക്കാനും, ആരെയും തള്ളിപ്പറയാത്ത ദൈവത്തിന്‍റെ കരുണയെ പ്രഘോഷിക്കാനും ഉള്ള ദൗത്യം.

പൊതുദര്‍ശനപരിപാടിയുടെ സമാപനത്തില്‍, ലത്തീന്‍ഭാഷയില്‍ കര്‍തൃപ്രാര്‍ഥന ആലപിക്കപ്പെട്ടു.  തുടര്‍ന്ന് പാപ്പാ അപ്പസ്തോലിക ആശീര്‍വാദം നല്കി.








All the contents on this site are copyrighted ©.