2017-08-07 18:35:00

മഴയാണേലും വെയിലാണേലും വയോജനങ്ങളെ മറക്കരുത്


മഴയിലും വെയിലിലും വയോജനങ്ങളെ മറക്കരുതെന്ന് വിശുദ്ധ എജീഡിയൂസിന്‍റെ നാമത്തിലുള്ള റോമിലെ ഉപവി പ്രസ്ഥാനം അനുസ്മരിപ്പിച്ചു.

യൂറോപ്പില്‍ വേനലും വേനല്‍ അവധിയും ആരംഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഉപവിപ്രസ്ഥാനം സാമൂഹിക അവബോധമുണര്‍ത്തുന്ന ഈ താക്കീതു നല്കിയത്. വേനലിന്‍റെ പൊള്ളലേറ്റും ചൂടുപൊങ്ങിയും, മുറികളില്‍  വ്യസനിച്ചും വിഷമിച്ചും ഏകാന്തതയില്‍ കഴിയുന്ന വയോജനങ്ങള്‍ റോംപോലുള്ള നഗരങ്ങളില്‍ നിരവധിയാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ രീതികളില്‍ വേലനലിന് കുടുംബങ്ങള്‍ മലയോരത്തെയും സമുദ്രതീരത്തെയും വിശ്രമകേന്ദ്രങ്ങളിലേയ്ക്ക് ചേക്കേറുമ്പോള്‍ വീടുകളില്‍ വൃദ്ധജനങ്ങളും രോഗികളായവരും ഒറ്റപ്പെടലിന്‍റെ വേദന അനുഭവിക്കേണ്ടിവരുന്ന കേസുകള്‍ ധാരാളമാണെന്ന് സാന്‍ എജീഡിയോ ഉപവിപ്രസ്ഥാനത്തിന്‍റെ പ്രസ്താവന ഓര്‍പ്പിച്ചു.

വയോജനങ്ങള്‍ അനുഭവിക്കുന്ന ഏകാന്തതയുടെ പൊള്ളലില്‍ സാന്ത്വന സാമീപ്യമാകാന്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും, പ്രത്യേകിച്ച് കുടുംബത്തിലെ യുവജനങ്ങള്‍ക്കു കടപ്പാടുണ്ട്. റോമാ നാഗരം വേനലിന്‍റെ മൂര്‍ദ്ധന്യത്തിലെത്തിയ ആഗസ്റ്റ് 2-Ɔ൦ തിയതി ഇറക്കിയ പ്രസ്താവനയിലാണ് സാന്‍ ഏജീഡിയോ സന്നദ്ധ സംഘടന ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്. യൂറോപ്പിലെ വേനല്‍ ഉയര്‍ന്ന് നഗരത്തിലെ ചൂട് മദ്ധ്യാഹ്നത്തില്‍ 40 ഡിഗ്രി സെന്‍റിഗ്രേ‍ഡും അധികവും എത്തി നില്ക്കുകയാണ്.  

“കാരണവാന്മാര്‍ കുടുംബങ്ങളില്‍ അനിവാര്യമാണ്,” എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ  കഴിഞ്ഞ ആഴ്ചയിലെ ‘ട്വിറ്റര്‍’ സന്ദേശമാണ് 
ഈ അഭ്യര്‍ത്ഥന ഇറക്കാന്‍ തങ്ങള്‍ക്ക് ഉടനെ പ്രചോദനമായതെന്ന് സാന്‍ എജീഡിയോയുടെ റോമില്‍ ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.    www.santegidio.org  http://www.vivaglianziani.it








All the contents on this site are copyrighted ©.