സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

ക്രിസ്തുവില്‍ ദൃശ്യമായ സ്നേഹത്തിന്‍റെ രൂപാന്തരീകരണം

യെക്കന്‍സിന്‍റെ രൂപാന്തരീകരണം - ചെമ്പിലെ എണ്ണച്ഛായ ചിത്രീകരണം. - RV

05/08/2017 16:46

ആണ്ടുവട്ടം പതിനെട്ടാംവാരം – ക്രിസ്തുവിന്‍റെ രൂപാന്തരീകരണത്തിരുനാള്‍  - വിശുദ്ധ മത്തായിയുടെ സുവിശേഷം 17, 1-9.

1. മലകയറുന്നവര്‍   ക്രിസ്തുവിന്‍റെ മുഖകാന്തിയുടെ ദര്‍ശനത്തിരുനാളാണ് ആരാധനക്രമത്തിലെ സാധാരണ  കാലത്ത് ആചരിക്കപ്പെടുന്നത് – അവിടുത്തെ രൂപാന്തരീകരണ തിരുനാള്‍! താബോര്‍ മലയില്‍ ക്രിസ്തു തന്‍റെ ദൈവികകാന്തി, ദൈവികസാന്നിദ്ധ്യം വെളിപ്പെടുത്തിയ സംഭവമാണിത്.  മലകളി‍ല്‍ ദൈവികകാന്തി വെളിപ്പെടുത്തപ്പെട്ടിട്ടുള്ളത് ചരിത്രത്തിലുടനീളം കാണാം. പഴയനിയമത്തില്‍ മോശ ഹൊറേബു മലയില്‍ ദൈവത്തിന്‍റെ മുഖകാന്തി ദര്‍ശിച്ചു. അതോടെ മോശ മുഖപ്രസാദമുള്ളവനായി. ദൈവത്തിന്‍റെ ആജ്ഞപ്രകാരവും കല്പനപ്രകാരവും തന്‍റെ ജനത്തെ നയിക്കാന്‍ മോശ കെല്പുള്ളവനുമായി. ഇതാ, പുതിയ മോശ ക്രിസ്തു താബോറില്‍ രൂപാന്തരപ്പെട്ട്, തന്‍റെ ദൈവിക പ്രാഭവം വെളിപ്പെടുത്തുന്നു. അവിടുന്നു നവജനത്തിന്, നവഇസ്രായേലിന് ദൈവിക രക്ഷയും സ്വാതന്ത്ര്യവും നേടിത്തന്നു. മലമുകളിലെ ദൈവികകാന്തി തേടി ഇന്നും മനുഷ്യര്‍ ജീവിതത്തില്‍ മലകയറാറുണ്ട്. ശരണം വിളികളോടെ അവര്‍ മലകള്‍ കയറുന്നു. അത് വിശ്വസ്തതയോടും ഏകാഗ്രതയോടുംകൂടെ നിര്‍വ്വഹിക്കുന്നവര്‍ ദൈവത്തിന്‍റെ മുഖകാന്തി ദര്‍ശിക്കുന്നു. ആ ദൈവികപ്രഭ അവര്‍ സ്വായത്തമാക്കുന്നു.

2.  താബോറിലെ തേജസ്ക്കരണം   ക്രിസതുവിന്‍റെ പരസ്യജീവിതത്തിന്‍റെ ഉച്ചസ്ഥായിയാണ് സുവിശേഷം വിവരിക്കുന്ന രൂപാന്തരീകരണം. ദൈവദാസന്‍റെ പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിനും, തന്‍റെ രക്ഷാകരയാഗം അര്‍പ്പിക്കുന്നതിനുമായി അവിടുന്ന് ജരൂസലേമിലേയ്ക്കു പോകുംവഴിയാണ് താബോര്‍ മല കയറിയതും, രൂപാന്തരീകരണം പ്രാപിച്ചതും. ഇസ്രായേല്‍ നിരീക്ഷിച്ച മിശിഹാ മാനുഷികമായ വിജയത്തിന്‍റെയും നേട്ടത്തിന്‍റെയും പ്രതീക്ഷകള്‍ക്ക് ഘടകവരുദ്ധമാകയാല്‍ ജനം അവിടുത്തെ ഉപേക്ഷിച്ചു. റോമന്‍ മേല്കോയ്മയില്‍നിന്നും തങ്ങളെ സ്വതന്ത്രരാക്കുന്ന നാടിന്‍റെ വിമോചകനെയാണ് അവര്‍ പ്രതീക്ഷിച്ചത്. ക്രിസ്തു അവരുടെ പ്രതീക്ഷയ്ക്കൊത്തു വരായ്കയാല്‍ അവര്‍ അവിടുത്തെ ഉപേക്ഷിച്ചു. പീഡകളില്‍ പൊതിഞ്ഞ അവിടുത്തെ മഹത്വീകരണം മനസ്സാലാക്കാന്‍ ഏറ്റവും അടുത്തുണ്ടായിരുന്ന അപ്പസ്തോലന്മാര്‍ക്കുപോലും കഴിഞ്ഞില്ല. എന്നാല്‍ തന്‍റെ പുനരുത്ഥാനത്തിന്‍റെ മഹത്വമാര്‍ന്ന തേജസ് പത്രോസിനും യാക്കാബിനും യോഹന്നാനും – തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാര്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുവാന്‍ അവിടുന്നു തീരുമാനിച്ചതാണ് – താബോര്‍ അനുഭവം.

3. ക്രിസ്തുവോടൊപ്പം മലകയറുന്നവര്‍   തന്‍റെ കുരിശിന്‍റെവഴിയെ അവര്‍ പതറാതെ പിന്‍തുടരുന്നതിനും ശിഷ്യരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നതുമായിരുന്നു താബോര്‍ അനുഭവം. ഉയര്‍ന്ന മലയില്‍ അവര്‍ പ്രാര്‍ത്ഥന നിരതരായിരിക്കവെ അവിടുന്നു രൂപാന്തരപ്പെട്ടു. അവിടുത്തെ മുഖം തേജസ്സാര്‍ന്നു പ്രകാശിച്ചു. മൂന്നു ശിഷ്യന്മാരും ഭയവിഹ്വലരായി. അപ്പോള്‍ ഒരു മേഘം വന്ന് അവിടുത്തെ  മറച്ചു കളഞ്ഞു. യോര്‍ദ്ദാന്‍ നദിക്കരയിലെ ജ്ഞാനസ്നാന വേളയിലെന്നപോലെ  മേഘങ്ങളില്‍നിന്നും ഒരു സ്വരം അവര്‍ ശ്രവിച്ചു. അത് പിതാവിന്‍റെ സ്വരമായിരുന്നു. “ഇവനെന്‍റെ പ്രിയ പുത്രനാകുന്നു. നിങ്ങള്‍ ഇവനെ ശ്രവിക്കുവിന്‍!” (മത്തായി 17, 5). ദാസന്‍റെ രൂപമെടുത്ത   പുത്രനാണ് ക്രിസ്തു. അവിടുന്ന് അങ്ങനെ ചെയ്തത് കുരിശിലൂടെ രക്ഷയുടെ പദ്ധതി ഈ ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കുവാനും, ലോകത്തെ രക്ഷിക്കുവാനുമായിരുന്നു! പിതാവിനോടുള്ള സമ്പൂര്‍ണ്ണ വിധേയത്വംവഴി ക്രിസ്തുവിന്‍റെ മാനുഷികത സ്നേഹമായ ദൈവത്തിന്‍റെ മഹത്വമാര്‍ജ്ജിച്ച് രൂപാന്തരപ്പെടുന്നു.

4.  താബോറില്‍ ലോകം കണ്ട പിതൃമഹത്വം    പിതൃമഹത്വത്തിന്‍റെ സമ്പൂര്‍ണ്ണരൂപാമാണ് താബോറിലെ തേജസ്ക്കരണത്തില്‍ ക്രിസ്തു വെളിപ്പെടുത്തിയത്. വെളിപാടിന്‍റെ പൂര്‍ത്തീകരണമെന്നോണം നിയമവും പ്രവാചകന്മാരെയും വെളിപ്പെടുത്തുമാറ് തന്‍റെ രൂപാന്തരീകരണത്തില്‍ ക്രിസ്തുവിന്‍റെ ചാരത്ത് മോശയും ഏലിയായും സന്നിഹിതരായിരുന്നു. അതായത് എല്ലാം ക്രിസ്തുവിലും അവിടുത്തെ പീഡാനുഭവത്തിലും മഹത്വീകരണത്തിലും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നുവെന്നാണ്. എല്ലാം അവിടുന്നില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നാണ്. അവിടുന്ന് ആദിയും അന്ത്യവുമാണ്. താത്വികനായ തെയാദ് ദേ ഷര്‍ദേന്‍റെ വാക്കുകളില്‍ അവിടുന്ന് ‘ആല്‍ഫ’യും ‘ഒമേഗ’യുമാണ്! സകലത്തിന്‍റെയും ആരംഭവും അവസാനവുമാണ്. അന്നൊരു നാള്‍ പ്രഭാതം പൊട്ടിവരിഞ്ഞു. പ്രഭാത നക്ഷത്രം ഞങ്ങളുടെ ഹൃദയങ്ങളില്‍ ഉദയംചെയ്തിരിക്കുന്നു. ക്രിസ്തുവാകുന്നു പ്രഭാതനക്ഷത്രം...!! മനുഷ്യജീവിതത്തിന്‍റെ ഇരുളില്‍ പ്രകാശിക്കുന്ന ദീപമാണവിടുന്ന്. രക്ഷയുടെ ദീപമാണവിടുന്ന്. ലോകരക്ഷയുടെ പ്രദീപമാണത്. വഴിയും സത്യവും ജീവനുമാണ് അവിടുന്ന്!

5.  ദൈവിക പ്രാഭവം അറിഞ്ഞവര്‍    മനുഷ്യപുതന്‍റെ രക്ഷയുടെ തേജസ്സിനെക്കുറിച്ചുതന്നെ ഇന്നത്തെ ആദ്യവായന, ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകം വിവരിക്കുന്നത് ശ്രദ്ധേയമാണ് (ദാനി. 7, 9-10, 13-14). നോക്കി നില്ക്കെ സിംഹാസനങ്ങള്‍ നിരത്തപ്പെട്ടു. അതില്‍ പുരാതനായവന്‍ ഉപവിഷ്ടനായി. വസ്തം മഞ്ഞുപോലെയും, തലമുടി ആട്ടിന്‍ രോമംപോലെയും ധവളമായിരുന്നു. സിംഹാസനവും അതിന്‍റെ ചക്രങ്ങളും കത്തിക്കാളുന്നതായിരുന്നു, പ്രോജ്വലിക്കുന്നതായിരുന്നു! മനുഷ്യപുത്രനെപ്പോലൊരുവന്‍ ആനീതനായി... സകലജനതകളുടെയുംമേല്‍ ആധിപത്യവും മഹത്വവും രാജത്വവും അവിടുത്തേയ്ക്ക് നല്കപ്പെട്ടു. അവന്‍റെ ആധിപത്യം ശാശ്വതമാണ്! ദാനിയേല്‍ പ്രവാചകന്‍ അങ്ങനെ ദൈവിക തേജസ്സാര്‍ന്ന മനുഷ്യപുത്രന്‍റെ, ക്രിസ്തുവാകുന്ന ഉത്തമപുരുഷന്‍റെ രൂപമല്ലേ കാലേകൂട്ടി വരച്ചുകാട്ടുന്നത്.

ക്രിസ്തുവിന്‍റെ മുഖകാന്തി ദര്‍ശിച്ച് മാനസാന്തരപ്പെട്ട മനുഷ്യനാണ് അപ്പസ്തോല പ്രമുഖനായ പത്രോസ്. അങ്ങനെ ലഭിച്ച മഹത്വപൂര്‍ണ്ണിമയിലെ പങ്കാളിത്തത്തിന്‍റെ തേജോരൂപം ഇന്നത്തെ രണ്ടാം വായനയില്‍, പത്രോസ്ലീഹായുടെ രണ്ടാം ലേഖനത്തില്‍ സാക്ഷ്യപ്പെടുത്തുന്നു   (2 പത്രോസ് 1, 16-19). ക്രിസ്തുവിന്‍റെ ശക്തിയും പ്രത്യാഗമനവും കാല്പനികമല്ല. അവ ദൃക്സാക്ഷികളുടെ പ്രഖ്യാപനമാണ്. പിതാവായ ദൈവത്തിന്‍റെ മഹത്വവും ബഹുമാനവുമാണ് ക്രിസ്തുവില്‍ വെളിപ്പെട്ടതെന്ന ബോധ്യം തങ്ങള്‍ക്കുണ്ട്. പിതാവിനാല്‍ പ്രസാദിപ്പിക്കപ്പെട്ട പുത്രനില്‍ ദൃശ്യമാകുന്നത് പിതൃപ്രാഭവം അവിടുന്നില്‍ ഇറങ്ങിവന്നതാണ്. ഞങ്ങള്‍ ആ സ്വരം കേട്ടു. “ഇവനെന്‍റെ പ്രിയ പുത്രന്‍, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു.” ഞങ്ങള്‍ ആ വിശുദ്ധമലയില്‍ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ക്ക് അവിടുത്തെക്കുറിച്ച് കൂടുതല്‍ അറിവു ലഭിച്ചിരിക്കുന്നു.

6.  തേജസ്ക്കരണവും ക്രിസ്ത്വാനുകരണവും   ഇന്ന് ക്രിസ്തുശിഷ്യന്മാരായ നിങ്ങള്‍ക്കും എനിക്കുമുള്ള സുവിശേഷ സന്ദേശമിതാണ്:  നിങ്ങള്‍ അവിടുത്തെ ശ്രവിക്കുവിന്‍. നിങ്ങള്‍ ക്രിസ്തുവിനെ ശ്രവിക്കുക. അവിടുന്നാണ് രക്ഷകന്‍. അവിടുത്തെ അനുഗമിക്കാം. ക്രിസ്തുവിനെ ചെവിക്കൊള്ളാനും അനുഗമിക്കാനും അവിടുത്തെ പെസഹാരഹസ്യങ്ങളുടെ യുക്തി നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. അവിടുത്തെ ശൈലി സ്വീകരിക്കുമ്പോള്‍ ജീവിതങ്ങള്‍ മറ്റുള്ളവര്‍ക്കായുള്ള സ്നേഹസമ്മാനമായും സ്നേഹസമര്‍പ്പണമായും പരിവര്‍ത്തനംചെയ്യപ്പെടും. പിന്നെ ലൗകിക വസ്തുക്കളില്‍നിന്നും അകന്ന് ആന്തരീക സ്വാതന്ത്ര്യത്തോടെ ദൈവഹിതത്തിന് വിധേയപ്പെട്ടു ജീവിക്കുവാന്‍ നമുക്കു സാധിക്കണം. സ്വയം നഷ്ടപ്പെടുത്തിക്കൊണ്ട്, എല്ലാം മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ച സകലര്‍ക്കും രക്ഷപ്രദാനംചെയ്യുന്ന നിത്യമായ ആനന്ദത്തിന്‍റെ ജീവിതശൈലിയാണ് ക്രിസ്തു പകര്‍ന്നുനല്കുന്നത്. തീര്‍ച്ചായായും ക്രിസ്തു നിത്യമായ സന്തോഷം പകര്‍ന്നുനല്കുന്നു. നിത്യമായ ആനന്ദത്തിന്‍റേതാണ് അവിടുത്തെ വഴിയെന്നു മറക്കരുത്. അവിടുത്തെ പാതയില്‍ തീര്‍ച്ചയായും കുരിശുകളുണ്ടാകും, എന്നാല്‍ അന്ത്യത്തില്‍ ആനന്ദമായിരിക്കും. ക്രിസ്തു നമ്മെ കൈവിടില്ല. നാം അവിടുത്തോടു ചേര്‍ന്നു ചരിച്ചാല്‍, അവിടുന്നു വാഗ്ദാനംചെയ്ത സന്തോഷം നമുക്ക് ലഭിക്കുകതന്നെ ചെയ്യും. ജീവന്‍ പരിരക്ഷിക്കാന്‍ ശ്രമിക്കുന്നവന് അത് നഷ്ടമാകാം. എന്നാല്‍ അത് ക്രിസ്തുവിനെയോ സവിശേഷത്തെയോപ്രതി നഷ്ടപ്പെട്ടുത്തുന്നവര്‍ക്ക് അത് നേട്ടമായി ഭവിക്കും (മാര്‍ക്കോസ് 8, 35).  ഇത് സകല മനുഷ്യര്‍ക്കുമായുള്ള രക്ഷാകര പദ്ധതിയാണ്.

7.  ക്രിസ്തുസ്നേഹത്തില്‍ രൂപാന്തരപ്പെടാം   പത്രോസിനും യാക്കോബിനും യോഹന്നാനും താബോര്‍ മലയില്‍ ലഭിച്ച രൂപാന്തരീകരണത്തിന്‍റെ സന്ദേശം നമുക്കു സ്വായത്തമാക്കാം. അവിടുത്തെ സ്നേഹത്തില്‍ നമുക്കും രൂപാന്തരപ്പെടാം! എല്ലാറ്റിനെയും രൂപാന്തരപ്പെടുത്താന്‍ സ്നേഹത്തിന് കരുത്തുണ്ട്. അത് എല്ലാറ്റിനെയും മാറ്റി മറിക്കുന്നു. കാരണം സ്നേഹത്തിന് രൂപാന്തരീകരണ ശക്തിയുണ്ട്. എന്നാല്‍ സ്നേഹത്തിന്‍റെ രൂപാന്തരീകരണ ശക്തി ഒരു ചിന്തല്ല, അത്  വിശ്വസമാണ്. സ്നേഹം എല്ലാറ്റിനെയും രൂപാന്തരപ്പെടുത്തുന്നുവെന്നത് ക്രൈസ്തവ വിശ്വാസമാണ്. ക്രിസ്തു പഠിപ്പിച്ചത് സ്നേഹത്തിന്‍റെ ആനന്ദമാണ്. കാരണം ദൈവം സ്നേഹമാണ്. ദൈവിക കാരുണ്യവും സ്നേഹവും അവിടുന്ന് നമുക്ക് ദൃശ്യമാക്കിത്തന്നു. ആ സ്നേഹത്തില്‍ അനുദിനം ജീവിക്കാനും വളരാനും നിങ്ങള്‍ക്കും എനിക്കും സാധിക്കട്ടെ!!


(William Nellikkal)

05/08/2017 16:46