സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

ക്രൈസ്തവികതയുടെ ഏഷ്യന്‍ ചെറുമയില്‍ പ്രതിഫലിക്കുന്ന ഐക്യദാര്‍ഢ്യം

84 പേരുടെ യുവജനക്കൂട്ടമായി ഇന്ത്യ ഏഷ്യന്‍ വേദിയില്‍ - RV

04/08/2017 20:31

ചെറുമയും, ഒപ്പം ഐക്യദാര്‍ഢ്യവും വിളിച്ചോതിക്കൊണ്ട് ഉറുമ്പിന്‍റെ ചിഹ്നവുമായി 7-Ɔമത് ഏഷ്യന്‍ കത്തോലിക്കാ യുവജനസംഗമം ആഗസ്റ്റ് 4-Ɔ൦ തിയതി വെള്ളിയാഴ്ച അയല്‍പക്കങ്ങളിലേയ്ക്കിറങ്ങി. വത്തിക്കാന്‍ റേഡിയോ വക്താവ്, സ്റ്റീഫന്‍ ലെസെന്‍സ്ക്കിയുടെ റിപ്പോര്‍ട്ട്.

ജൂലൈ 30-Ɔ൦ തിയതി ഇന്തൊനീഷ്യയിലെ യോഗ്യാകാര്‍ത്തയില്‍ കുടുംബങ്ങളിലെ മൂന്നു ദിവസത്തെ ജീവിതാനുഭവത്തിന്‍റെ ആദ്യഘട്ടവുമായി 21 ഏഷ്യന്‍ രാജ്യങ്ങളിലെ 2000-ല്‍ അധികം യുവജനങ്ങള്‍ 7-Ɔമത്തെ സംഗമത്തില്‍ പങ്കെടുക്കുന്നത്. ആഗസ്റ്റ് 2-Ɔ൦ തിയതി ചൊവ്വാഴ്ച യോഗ്യാകാര്‍ത്തയിലെ വേദിയില്‍ ആരംഭിച്ച യുവജനസമ്മേളനത്തിന്‍റെ മൂന്നാംദിവസമായ വെള്ളിയാഴ്ചത്തെ  പരിപാടികള്‍ യുവജനങ്ങളെ ജീവിതപരിസരങ്ങളിലേയ്ക്ക് നയിക്കുന്നതാണ്.

രാവിലെതന്നെ സാമൂഹിക സാംസ്ക്കാരിക മതബോധന ദൃശ്യ-ശ്രാവ്യ പരിപാടികളുമായി യുവജനങ്ങള്‍ തെരുവുകളിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും ഇടവകകളിലേയ്ക്കും സ്കൂളുകളിലേയ്ക്കും, കലാകേന്ദ്രങ്ങളിലേയ്ക്കും മൈതാനങ്ങളിലേയ്ക്കും, മറ്റ് പൊതുവേദികളിലേയ്ക്കും ഇറങ്ങിച്ചെന്നു. മത-സാംസ്ക്കാരിക വൈവിധ്യങ്ങളുള്ള ഏഷ്യന്‍ മണ്ണില്‍ സമാധാനത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തുവെന്ന് യോഗ്യാകാര്‍ത്തയില്‍നിന്നും ലെസെന്‍സ്ക്കി അറിയിച്ചു.

സാംസ്ക്കാരിക വൈവിധ്യങ്ങള്‍ക്കിടയിലും സമാധാനവും ഐക്യവും വളര്‍ത്താനുള്ള പ്രചോദനം സമ്മേളനം നല്‍കുന്നുണ്ട്. പങ്കെടുക്കുന്ന 21 ഏഷ്യന്‍ രാജ്യങ്ങളില്‍ എല്ലാംതന്നെ ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും ഏഷ്യന്‍ സംഗമം ഐക്യദാര്‍ഢ്യത്തിന്‍റെയും, വൈവിധ്യങ്ങളിലും മെനഞ്ഞെടുക്കാവുന്ന കൂട്ടായ്മയും ഐക്യദാര്‍ഢവും പ്രകടമാക്കുന്ന അനുഭവമാണ് സമ്മേളന നഗരമായ യോഗ്യകാര്‍ത്തയില്‍ ലഭിക്കുന്നത്. ലെവിന്‍സ്ക്കി വിവരിച്ചു.

രണ്ടും ദിവസത്തെ സമ്മേളനവേദികളില്‍ ഉരുത്തിരിഞ്ഞ ചര്‍ച്ചയുടെ വിഷയങ്ങള്‍ മതാന്തര സംവാദവും മതസഹിഷ്ണുതയുമായിരുന്നു. ഏഷ്യ ഭൂഖണ്ഡത്തില്‍ തീവാദത്തിന്‍റെയും മതമൗലികവാദത്തിന്‍റെയും പ്രവണതകള്‍ കടന്നുകൂടാതിരിക്കാനും കീഴ്പ്പെടുത്താതിരിക്കാനും ശ്രദ്ധിക്കേണ്ടൊരു അവബോധം എല്ലാവരിലും ഉണരുന്നുണ്ട്. ഇന്നിന്‍റെ വെല്ലുവിളിയായ മതമൗലികവാദത്തെ നേരിടാന്‍ ഇന്തൊനീഷ്യയുടെ സാംസ്ക്കാരിക പശ്ചാത്തലത്തില്‍ നാട്ടിലെ ബഹുഭൂരിപക്ഷം ഇസ്ലാമിക യുവതയ്ക്കൊപ്പം, ന്യൂനപക്ഷമായ ക്രൈസ്തവരും ഹിന്ദുക്കളും കൈകോര്‍ക്കുന്ന തുറവിന്‍റെ അനുഭവം ഏഷ്യന്‍ യുവജനവേദിയില്‍ പ്രകടമാകുന്നത് ലെസെന്‍സ്ക്കി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 


(William Nellikkal)

04/08/2017 20:31