2017-08-03 20:31:00

പൊതുകൂടിക്കാഴ്ചയ്ക്കൊരു ഉച്ചസ്ഥായി - അന്ത്രയാ ബൊചേലിയുടെ മാന്ത്രികനാദം


ഇറ്റലിയുടെ അന്ധഗായകന്‍, ബൊചേലി തന്‍റെ സുവര്‍ണ്ണനാദവുമായി കൂടിക്കാഴ്ചാ വേദിയിലെത്തി.

പാപ്പാ ഫ്രാന്‍സിസിന്‍റെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന് ഉത്സവമായി ഇറ്റലിയുടെ സുവര്‍ണ്ണനാദം അന്ത്രയാ ബൊച്ചേലിയും സംഘവുമെത്തി. ഒരു മാസത്തെ അവധിക്കുശേഷമാണ് ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടി ആഗസ്റ്റ് 2-Ɔ൦ തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് പുനരാരംഭിച്ചത്. അവധി കഴിഞ്ഞുള്ള ആദ്യ പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ ബൊചേലിയെന്ന‍ വിഖ്യാതനായ ഗായകനും അദ്ദേഹം സഹായിക്കുന്ന ഹായ്ത്തിയിലെ ഗായകരും ജപ്പാനിലെ സംഗീതവിദഗ്ദ്ധരും എത്തിയത് എല്ലാവരെയും ആശ്ചര്യപ്പെടുത്തുകയും, സകലര്‍ക്കും ആവേശംപകരുകയും ചെയ്തു.

വേനലിന്‍റെ ആധിക്യത്തില്‍ ഇക്കുറി വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലായിരുന്നു പാപ്പായുടെ പൊതുകൂടിക്കാഴ്ച നടത്തപ്പെട്ടത്. 10,000 പേര്‍ക്കു മാത്രം സൗകര്യമുള്ള ഹാള്‍ തിങ്ങി നിറഞ്ഞപ്പോള്‍, പിന്നെയും നൂറുകണക്കിനു വിശ്വാസികളും തീര്‍ത്ഥാടകരും പാപ്പാ ഫ്രാന്‍സിസുമായുള്ള നേര്‍ക്കാഴ്ചയ്ക്കുള്ള അവസരം നഷ്ടപ്പെട്ട ദുഃഖത്തില്‍ മടങ്ങുന്നത് കാണാമായിരുന്നു.

ക്രൈസ്തവ ജീവിതത്തെയും ജ്ഞാനസ്നാനത്തെയും കൂട്ടിയിണക്കിയ പാപ്പായുടെ പ്രഭാഷണം ആത്മീയ ഊഷ്മളതയുള്ളതായിരുന്നു. അതിന് ഉച്ചസ്ഥായിയായിരുന്നു, അവസാന ഭാഗത്ത് ഇറ്റലിയുടെയും ലോകത്തിന്‍റെയും വിഖ്യാതനായ അന്ധഗായകന്‍ അന്ത്രയാ ബൊച്ചേലി നയിച്ച ഗാനാലാപനം. ബൊചേലി പിന്‍തുണയ്ക്കുന്ന ഹായ്ത്തി ഫൗണ്ടേഷനും  (Haiti Foundation) ടോക്കിയോ ഓപെരാ അസ്സോസിയേഷനും ചേര്‍ന്നാണ് (Tokyo Opera Association) ജനമദ്ധ്യത്തില്‍നിന്നുകൊണ്ട് ഷൂബര്‍ടിന്‍റെ ‘ആവേ മരിയയും’ മറ്റേതാനും ഗീതങ്ങളും ആലപിച്ചത്. യൂറോപ്പിലെ വേനലില്‍ ബൊചേലിയുടെയും സംഘത്തിന്‍റെ ഗാനാലാപനം കുളിര്‍മ്മയാര്‍ന്ന ഒരു ഗാനനിര്‍ഝരിയായി.

പാപ്പാ ഫ്രാന്‍സിസ് ഇറങ്ങിവന്ന് സ്നേഹത്തോടെ ബൊചേലിക്കും യുവഗായകര്‍ക്കും നന്ദിപറഞ്ഞ് ആശ്ലേഷിച്ച് വേദിവിട്ടുപോയപ്പോള്‍ ആനന്ദത്താല്‍ ജനം ഹസ്താരവം മുഴക്കി. 








All the contents on this site are copyrighted ©.