2017-07-31 18:55:00

ചാര്‍ളി ഗാര്‍ഡിന്‍റെ സ്നേഹസ്മരണ വിരിയിക്കുന്ന ധാര്‍മ്മികചിന്തകള്‍


പതിനൊന്നുമാസം  മാത്രം പ്രായമുള്ള ചാര്‍ളി ഗാര്‍ഡ് എന്ന കുഞ്ഞിന്‍റെ വേര്‍പാടില്‍ ലോകം ദുഃഖിക്കുമ്പോഴും – കുഞ്ഞു നല്കുന്ന ജീവന്‍റെ ചിന്തകള്‍,  പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ പാല്‍മാ സ്ക്രേചിയ പങ്കുവയ്ക്കുന്നു.

പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ ജൈവധാര്‍മ്മികത, ധാര്‍മ്മിക തത്ത്വശാസ്ത്രം വിഭാഗങ്ങളുടെ തലവനാണ് പ്രഫസര്‍ സ്ക്രേചിയ. ജൂലൈ 31-Ɔ൦ തിയതി തിങ്കളാഴ്ച റോമില്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ജീവനെക്കുറിച്ചുള്ള ചിന്തകള്‍ തുറന്നു പങ്കുവച്ചത്.   അത്യപൂര്‍വ്വ രോഗവുമായി മല്ലടിച്ച് ഇംഗ്ലണ്ടിലെ ആശുപത്രിയുടെ അഭയകേന്ദ്രം അല്ലെങ്കില്‍ ഹോസ്പിസിലാണ് കുഴലുകള്‍ മാറ്റപ്പെട്ട കുഞ്ഞ് മരണത്തെ നേരിട്ടത്. അമേരിക്കയിലെ കുട്ടികളുടെ ആശുപത്രിയും, കുട്ടികളുടെ ചികിത്സയ്ക്കായുള്ള വത്തിക്കാന്‍റെ ഗവേഷണ സ്ഥാപനവും സഹായഹസ്തം നീട്ടിയിരുന്നു. പാപ്പാ ഫ്രാന്‍സിസ് ടെലിഫോണിലൂടെ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പലവട്ടം പ്രാര്‍ത്ഥനയും സമാശ്വാസവും നേരുകയുണ്ടായി.

ചാര്‍ളി  ഗാര്‍ഡിന്‍റെ സ്നേഹസ്മരണ വിരിയിക്കുന്ന ധാര്‍മ്മികചിന്തകള്‍:    

1. മനുഷ്യയാതയെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്രം എളിമയോടെ ജീവനെ മരണംവരെ  പരിചരിക്കണം.

2. ജീവന്‍റെ പരിചരണത്തിലും ചികിത്സാക്രമത്തിലും ലാഘവത്തോടെയുള്ള നിലപാടുകളല്ല ആവശ്യം. ലഭ്യമായ രോഗലക്ഷണങ്ങളും വിവരങ്ങളും ഗവേഷണഫലങ്ങളും കൂട്ടിയിണക്കി നല്ല ചികിത്സ, ശുശ്രൂഷ, സാമീപ്യം, പരമാവധി സൗകര്യം എന്നിവ നല്കിക്കൊണ്ട് രോഗിയിലും അയാളുടെ ഉറ്റവരിലും ഉടയവരിലും പ്രത്യാശയും ആത്മവിശ്വാസവും വളര്‍ത്തണം.

3. രോഗിയെയും രോഗത്തെയും ചികിത്സാക്രമത്തെയുംകുറിച്ചുള്ള ഒരു സുതാര്യത സാധിക്കുമെങ്കില്‍ രോഗിക്കും, രോഗിയുടെ കുടുംബത്തിനും, സമൂഹത്തിനും നല്കേണ്ടത് അനിവാര്യമാണ്. രോഗത്തെക്കുറിച്ചുള്ള സംവേദന രീതിയിലെ മറച്ചുവയ്ക്കലും, മൂടുപടവും ജീവന്‍റെ പരിചരണത്തിലും ശുശ്രൂഷയിലും അസ്ഥാനത്താണ്.

4. ആശുപത്രിയും രോഗിയും കുടുംബവും തമ്മിലുള്ള ബന്ധം ചികിത്സയുടെ പേരില്‍ വിച്ഛേദിക്കുന്നത് തെറ്റാണ്. ചാര്‍ളിയെന്ന രോഗിയായ കുഞ്ഞിനെയും അവന്‍റെ മാതാപിതാക്കളെയും നിയമത്തിന്‍റെ നൂലാമാലയില്‍ കുടുക്കി ഇടരുതായിരുന്നു.

5. ചികിത്സ തേടിയെത്തിയ കുഞ്ഞിനെ ചുറ്റിപ്പറ്റി കേസുകളോ? മരണംവരെ ശുശ്രൂഷിക്കപ്പെടുകയും, മാതാപിതാക്കളുടെ സാമീപ്യത്തോടെയും പരിചരണത്തോടെയും കടന്നുപോകേണ്ടതാണ് ജീവന്‍ - അതെത്ര ചെറുതും വലുതുമായാലും.

6. യുക്തമായതും മെച്ചപ്പെട്ടതുമായ ശുശ്രൂഷയുടെ പ്രത്യാശ തള്ളിക്കളയാതെ അന്ധവും ധാര്‍ഷ്ഠ്യപൂര്‍ണ്ണവുമായ നിഗമനങ്ങളില്‍ വൈദ്യശാസ്ത്രം കടിച്ചുതൂങ്ങി കിടക്കരുത്.  പ്രാഗത്ഭ്യമുള്ള മറ്റു സമാന്തര ചികിത്സാ സാദ്ധ്യതകള്‍ക്ക് സമയബദ്ധമായി തുറവുകാണിക്കണം. പ്രത്യേകിച്ച് രാജ്യാന്തര അംഗീകാരവും, ഈ മേഖലയില്‍ ആധികാരികതയുമുള്ളവര്‍ മുന്നോട്ടു വരുമ്പോള്‍...

7. രോഗി ആശുപത്രിയിലായിരിക്കെ ചികിത്സ നിറുത്തിവയ്ക്കുന്നതും മരണത്തിനു വിട്ടുകൊടുക്കുന്നതും, മരണത്തിനു വിധിക്കുന്നതും വൈദ്യശാസ്ത്രത്തിന്‍റെ രീതിയല്ല. അത് ധാര്‍മ്മികവുമല്ല. വൈകല്യമുള്ളവരും, ചികിത്സാസാദ്ധ്യതകളും കണ്ടുപിടുത്തങ്ങളും മുട്ടിപ്പോകുന്ന രോഗികളും ബലഹീനമായ ജീവനെയോ, വൈകല്യമുള്ളതോ, മരണവുമായി മല്ലടിക്കുന്നവരെപ്പോലും കൈവെടിയുന്ന ‘വലിച്ചെറിയല്‍ സംസ്ക്കാര’വും Culture of Waste ‘കാരുണ്യവധവും’ അധാര്‍മ്മികമാണ്. മനുഷ്യാന്തസ്സിന് ഇണങ്ങിയതല്ല.








All the contents on this site are copyrighted ©.