സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

''ദൈവരാജ്യം എല്ലാവര്‍ക്കുമുള്ള സമ്മാനം'': ത്രികാലജപസന്ദേശം

2017 ജൂലൈ മുപ്പതാംതീയതി, ഞായറാഴ്ചയില്‍ പാപ്പാ ത്രികാലജപസന്ദേശം നല്കുന്നു

31/07/2017 12:10

ജൂലൈ മുപ്പതാംതീയതി ഞായറാഴ്ചയില്‍ മാര്‍പ്പാപ്പാ നയിച്ച ത്രികാലജപത്തില്‍ പങ്കുചേര്‍ന്ന് ആശീര്‍വാദം സ്വീകരിക്കുന്നതിനും അനുബന്ധസന്ദേശങ്ങള്‍ ശ്രവിക്കുന്നതിനുമായി ആയിരക്കണക്കിനു തീര്‍ഥാടകര്‍, കഠിനമായ വേനല്‍ച്ചൂ‌ട് കണക്കാക്കാതെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു.  പാപ്പാ ജാലകത്തിങ്കലണഞ്ഞപ്പോള്‍ ജനം ആഹ്ലാദാരവത്തോടെ കൈകളുയര്‍ത്തി വീശിയും കരഘോഷം മുഴക്കിയും പാപ്പായെ എതിരേറ്റു.

ത്രികാലജപത്തിനു മുമ്പ് നല്‍കിയ സന്ദേശം ലത്തീന്‍ ആരാധനക്രമമനുസരിച്ച് ഞായറാഴ്ചയിലെ വി. കുര്‍ബാനയിലെ വായനയായ വി. മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിലെ  44-48 വാക്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. ദൈവരാജ്യ ത്തെക്കുറിച്ചുള്ള ഉപമകള്‍ വിശദീകരിച്ചുകൊണ്ട്, യേശുവാകുന്ന ദൈവ രാജ്യത്തെ സ്വീകരിക്കാന്‍ പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു. വചനസന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു:

പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം!

വി. മത്തായിയുടെ സുവിശേഷത്തിലെ പതിമൂന്നാമധ്യായത്തില്‍ യേശു നല്‍കുന്ന പ്ര ഭാഷണം, ഏഴു ഉപമകള്‍ ഒരുമിച്ചുചേര്‍ത്തിരിക്കുന്നതാണ്.  ആ അധ്യായത്തിലെ അവസാനത്തെ മൂ ന്നു ഉപമകളാണ് ഇന്നത്തെ വായനയിലുള്ളത്: ഒളിച്ചുവച്ചിരിക്കുന്ന നിധി (വാ. 44), വിലയേറിയ രത്നം (വാ. 45-46), മത്സ്യബന്ധനവല (വാ. 47-48).  ആദ്യത്തെ രണ്ടു ഉപമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണു ഞാന്‍. അവ രണ്ടിലും അതിലെ കഥാനായകര്‍ തങ്ങള്‍ കണ്ടെത്തിയതു നേടുവാനായി ഉള്ളതെല്ലാം വില്‍ക്കുവാന്‍ തീരുമാനമെടുത്തിരിക്കുന്നതിനെ അടിവരയിടുന്നു.  അതില്‍ ആദ്യത്തെ ഉപമയില്‍ ഒരു കൃഷിക്കാരനാണുള്ളത്.   ആകസ്മികമായി അയാള്‍, താന്‍ പണിയെടുക്കുന്ന വയലില്‍ ഒളിച്ചുവയ്ക്കപ്പെട്ടിരിക്കുന്ന ഒരു നിധി കണ്ടെത്തുകയാണ്.  ആ വയല്‍ അയാളുടെ സ്വന്തമല്ലാത്തതിനാല്‍, ആ വയലിലുള്ള നിധി നേടിയെടുക്കുന്നതിനായി അയാള്‍ക്കുള്ളതു മുഴുവന്‍ വിറ്റ് അസാധാരണമായ നേട്ടത്തിനുള്ള ആ അവസരം നഷ്ടപ്പെടാതിരിക്കുവാന്‍ അയാള്‍ ബദ്ധപ്പെടുകയാണ്.  രണ്ടാമത്തെ ഉപമയിലാകട്ടെ, ഒരു രത്നവ്യാപാരിയാണ് കഥാനായകന്‍.  രത്നങ്ങളെ വേര്‍തിരിച്ചറിയുന്നതില്‍ വിദഗ്ധനായ ആ മനുഷ്യന്‍ അമൂല്യമായൊരു രത്നം കണ്ടെത്തുകയാണ്.  അയാളും ആ രത്നത്തില്‍ മാത്രം ശ്രദ്ധവച്ചുകൊണ്ട് തനിക്കുള്ള സര്‍വവും വില്‍ക്കുന്നതിനു തീരുമാനിക്കുകയാണ്.

ഈ താരതമ്യങ്ങള്‍ ദൈവരാജ്യം സ്വന്തമാക്കുന്നതിനെ സംബന്ധിച്ച  രണ്ടു സവിശേഷതകളെ എടുത്തു കാണിക്കുന്നു. പര്യാന്വേഷണവും പരിത്യാഗവും. സത്യത്തില്‍, ദൈവരാജ്യം എല്ലാവര്‍ക്കുമായി നല്‍കപ്പെട്ടതാണ്. അതൊരു ദാനമാണ്, സമ്മാനമാണ്, ഒരു കൃപയാണ്. എന്നിരുന്നാലും അത് ഒരിക്കലും ഒരു വെള്ളിപ്പാത്രത്തില്‍ വച്ച് സംലഭ്യമാക്കുന്നതല്ല. പര്യാന്വേഷണത്തിനുള്ള മനോഭാവം, അതു കണ്ടെത്തുന്നതിനുള്ള അടിസ്ഥാനപരമായ വ്യവസ്ഥയാണ്.  അമൂല്യമായ ആ നന്മ നേടുന്നതിനായുള്ള ആഗ്രഹത്താല്‍ കത്തുന്ന ഒരു ഹൃദയം അവശ്യമാണ്.  ദൈവരാജ്യം യേശുവാകുന്ന വ്യക്തിയിലാണ് സന്നിഹിതമായിരിക്കുന്നത്. യേശുവാണ് ഒളിഞ്ഞിരിക്കുന്ന ആ നിധി, അവിടുന്നാണ് അമൂല്യമായ ആ രത്നം. നമ്മുടെ ജീവിതത്തില്‍ നിര്‍ണായകമായ ചില വഴിത്തിരിവുകള്‍ ഉണ്ടാകാനിടയാക്കുന്ന, അതു അര്‍ഥപൂര്‍ണമാക്കുന്ന, യേശുവാണ് ആ അടിസ്ഥാനപരമായ കണ്ടെത്തല്‍.

അവിചാരിതമായ ഒരു കണ്ടെത്തല്‍ നേരിടേണ്ടിവന്ന കര്‍ഷകനും വ്യാപാരിയും തങ്ങള്‍ക്കുള്ളതു ത നതായ ഒരു അവസരമാണെന്നു തിരിച്ചറിയുകയും, ആ അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിന് അവര്‍ക്കുള്ളതെല്ലാം വില്‍ക്കുകയും ചെയ്യുന്നു.  നിധിയുടെ അമൂല്യതയെ വിലയിരുത്തുമ്പോള്‍, അത് ഒരു തീരുമാനത്തിലേക്കു, ത്യാഗവും ഉപേക്ഷയും ത്യജിക്കലും ഉള്‍ക്കൊള്ളുന്ന ഒരു തീരുമാനത്തിലേ ക്കു നയിക്കുകയാണ്. നിധിയും രത്നവും കണ്ടെത്തിക്കഴിയുമ്പോള്‍, അതായത്, കര്‍ത്താവിനെ നാം കണ്ടെത്തി ക്കഴിയുമ്പോള്‍, ആ കണ്ടെത്തല്‍ നിഷ്ഫലമാകുന്നതിന് അനുവദിക്കരുത്, മറ്റെല്ലാം യേശുവിനു താഴെ മാത്രം വിലമതിക്കപ്പെടണം. അവിടുന്ന് ആയിരിക്കണം പ്രഥമസ്ഥാനത്തു വരേണ്ടത്.  അവിടുത്തെ കൃപയായിരിക്കണം ആദ്യസ്ഥാനത്ത്.  ക്രിസ്തുശിഷ്യന്‍ സത്താപരമായ കാര്യങ്ങള്‍ ഇല്ലാത്തവനായി രിക്കരുത്.  കൂടുതല്‍ കണ്ടെത്തുന്നവനായിരിക്കണം അവന്‍. കര്‍ത്താവിനുമാത്രം നല്‍കാന്‍ കഴിയുന്ന സമ്പൂര്‍ണസന്തോഷം കണ്ടെത്തിയവനായിരിക്കണം അവന്‍. അതാണ് ജനത്തെ സുഖപ്പെടുത്തുന്ന സു വിശേഷസന്തോഷം, ക്ഷമിക്കപ്പെട്ട പാപികളുടെ സന്തോഷമാണത്! പറുദീസായുടെ വാതില്‍ തുറന്നു കിട്ടിയ കള്ളനു ലഭിച്ച സന്തോഷമാണത്!

സുവിശേഷാനന്ദം യേശുവിനെ കണ്ടുമുട്ടുന്ന എല്ലാവരുടെ ഹൃദയങ്ങളെയും, മുഴുവന്‍ ജീവിതത്തെയും നിറയ്ക്കുന്നതാണ്.  യേശുവിനാല്‍ രക്ഷിക്കപ്പെട്ടവര്‍, പാപത്തില്‍ നിന്ന്, ദുഃഖത്തില്‍ നിന്ന്, ആന്തരിക ശൂന്യതയില്‍ നിന്ന്, ഏകാന്തതയില്‍ നിന്ന് സ്വതന്ത്രരായവരാണ്.  യേശുക്രിസ്തുവിനോടു കൂടി, ആനന്ദം എല്ലായ്പോഴും ജനിക്കുകയും പുനര്‍ജ്ജനിക്കുകയും ചെയ്യുകയാണ് (സുവിശേഷാന ന്ദം, 1)  ഇന്ന് നാം, ഉപമകളിലെ കര്‍ഷകന്‍റെയും വ്യാപാരിയുടെയും സന്തോഷത്തെ ധ്യാനിക്കുന്നതിന് പ്രബോധിപ്പിക്കപ്പെടുകയാണ്.  യേശുവിന്‍റെ അടുപ്പവും സമാശ്വാസസാന്നിധ്യവും നമ്മുടെ ജീവിതങ്ങളില്‍ നാം കണ്ടെത്തുമ്പോള്‍ നമുക്കുണ്ടാകുന്ന ആനന്ദമാണത്.  ഹൃദയത്തെ രൂപാന്തരപ്പെടുത്തുകയും, സഹോദരരെ സ്വീകരിക്കുന്നതിന്‍റെ, സവിശേഷമായി, ബലഹീനരായവരെ സ്വീകരിക്കുന്നതിന്‍റെ ആവശ്യകതയിലേയ്ക്കു നമ്മെ തുറവിയുള്ളവരാക്കുകയും ചെയ്യുന്ന സാന്നിധ്യമാണത്.

ദൈവരാജ്യം എന്നത് യേശുവിലൂടെ നമുക്കു നല്‍കപ്പെട്ട ദൈവപിതാവിന്‍റെ സ്നേഹമാണ്. നാമോരുത്തരും അനുദിനമുള്ള നമ്മുടെ വാക്കുകളിലും ചേഷ്ടകളിലും, ആ ദൈവരാജ്യം കണ്ടെത്തിയതിന്‍റെ സന്തോഷത്തിനു സാക്ഷികളായിരിക്കുവാന്‍ വേണ്ടി പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥം നമുക്കു യാചിക്കാം.  

ഈ പ്രാര്‍ഥനാശംസയോടെ മാര്‍പ്പാപ്പ ത്രികാലജപം ചൊല്ലുകയും തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.  

31/07/2017 12:10