2017-07-29 16:56:00

‘‘പോപ്പുളോരും പ്രോഗ്രെസ്സിയോ’’ സ്മരണികയായി സ്റ്റാമ്പ്


അടുത്ത സെപ്തംബര്‍ ഏഴാംതീയതിയില്‍ പോപ്പുളോരും പ്രോഗെസ്സിയോയുടെ അമ്പതാം വര്‍ഷസ്മരണികയായി വത്തിക്കാന്‍ പുതിയ സ്റ്റാമ്പു പുറപ്പെടുവിക്കുന്നതാണ്.  1967-ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ  പുറപ്പെടുവിച്ച, ‘ആധുനികലോകത്തിലെ സഭയുടെ ദൗത്യത്തെ പ്രതിപാദിക്കുന്ന ഈ ചാക്രികലേഖനം’ സഭയുടെ സാമൂഹികപ്രബോധനരേഖകളില്‍ സുപ്രധാനമാണ്. ഇതോടൊപ്പം, വിശുദ്ധ ഫ്രഞ്ചേസ്ക്ക സവേരിയോ കബ്രീനിയുടെ മരണശതാബ്ദിയുടെയും ഫാ. ലൊരേന്‍സോ മിലാനിയുടെ അമ്പതാം ചരമത്തിന്‍റെ അര്‍ധശതാബ്ദിയുടെയും സ്മരണികകളായി രണ്ടു സ്റ്റാമ്പുകള്‍ കൂടി അന്നേദിവസം പുറപ്പെടുവിക്കുന്നതാണ്. വിശുദ്ധ ഫ്രഞ്ചേസ്ക്ക കബ്രീനി കുടിയേറ്റക്കാരുടെ മധ്യസ്ഥയാണ്. ഫാ. ലൊരേന്‍സോ മിലാനി ഇറ്റലിയിലെ കുട്ടികളുടെ വിദ്യാഭ്യാസരംഗത്ത് ശക്തമായ സാന്നിധ്യവും പ്രശസ്തനായ എഴുത്തുകാരനുമായിരുന്നു.

വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിശുദ്ധരുടെ ചിത്രങ്ങളോടു കൂടിയ പ്രത്യേക തപാല്‍ കവറും അന്നേദിനം പുറത്തിറങ്ങുന്ന താണ്.  കൂടാതെ ഫ്രാന്‍സീസ് പാപ്പായുടെ പേരില്‍, 2017 - പരമ്പരയില്‍ നാലു പുതിയ നാണയങ്ങള്‍ കൂടി പുറപ്പെടുവിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.








All the contents on this site are copyrighted ©.