2017-07-29 16:25:00

ക്രിസ്തുപറഞ്ഞ ഉപമകളും അവയിലെ ദൈവരാജ്യസന്ദേശവും


ആണ്ടുവട്ടം പതിനേഴാം വാരം - ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍   വിശുദ്ധ മത്തായിയുടെ സുവിശേഷം 13, 44-52.

1. ക്രിസ്തു പറഞ്ഞ മൂന്നു ഉപമകള്‍   മൂന്നു ചെറിയ ഉപമകളാണ് ഇന്നത്തെ സുവിശേഷഭാഗത്തെ ധ്യാനവിഷയം  - നിധിയുടെയും രത്നത്തിന്‍റെയും വലയുടെയും ഉപമകള്‍.   വയലിലെ നിധി വാങ്ങാന്‍ ഒരു മനുഷ്യന്‍ തനിക്കുള്ളത് എല്ലാം വില്ക്കുന്ന കഥയാണ് ആദ്യത്തേത്. രണ്ടാമത്തേത്, നല്ല രത്നം വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യാപാരി ഉള്ളതെല്ലാം വിറ്റ് അത് വാങ്ങുന്നു. മൂന്നാമത്തേത്, വലയുടെ ഉപമയാണ്. എല്ലാത്തരം മത്സ്യങ്ങളും ശേഖരിക്കുന്ന വല. അതില്‍ നല്ലതും മോശവും ഉണ്ട്. എന്നാല്‍ മീന്‍പിടുത്തക്കാരന്‍ അതെല്ലാം മെല്ലെ തിരിയുന്നു. അവസാനം നല്ലതും ചീത്തയും വേര്‍തിരിച്ചെടുക്കുന്നു.

2.  വെളിപാടുലഭിച്ചവര്‍   നന്മ, നല്ലത് എവിടെയെങ്കിലും ഉണ്ടെന്നു മനസ്സിലാക്കുന്നത് ഒരു വെളിപാടാണ്. ഒരു തിരിച്ചറിവാണ് revelation!  ഉദാഹരണത്തിന്, ഒരാള്‍ തന്‍റെ കഴിവു കണ്ടെത്തുന്നു, അതു മനസ്സിലാക്കുന്നു. പിന്നെ അതു വികസിപ്പിച്ചെടുക്കാനും വളര്‍ത്തിയെടുക്കാനുംവേണ്ടി എന്തു ത്യാഗം ചെയ്യാനും സന്നദ്ധനാകുന്നു. എല്ലാ മഹത്തുക്കളും അങ്ങനെയുള്ള വെളിപാടു ലഭിച്ചവരാണ്. ആ വെളിപാടില്‍ കണ്ടെത്തിയ നിധിയാകുന്ന കഴിവും കരുത്തും വികസിപ്പിച്ചെടുക്കാന്‍വേണ്ടി മറ്റെല്ലാം ഉപേക്ഷിക്കുന്നു. എല്ലാ വിറ്റുപെറുക്കി അതിനായി ഇറങ്ങിപ്പുറപ്പെടുന്നു. അതൊരു വിപ്ലവാത്മകമായ നീക്കമാണ്. Revelation  to revolution!  വെളിപാടു വിപ്ലവാത്മകമായ നീക്കമായി മാറുന്ന ജീവിതസമര്‍പ്പണത്തിന്‍റെ കഥകളാണ് ഈശോ പറയുന്നത്. ഈശോ പറയുന്ന വലയുടെ മൂന്നാമത്തെ ഉപമ ദൈവികവിധിയെക്കുറിച്ചാണ്. അന്ത്യവിധിയെക്കുറിച്ച് അത് അനുസ്മരിപ്പിക്കുന്നു. ഭൂമിയില്‍ നീതി എപ്പോഴും നടപ്പാക്കപ്പെടുന്നില്ലെങ്കിലും, അവസാനം ദൈവികനീതി നടപ്പാക്കപ്പെടും. ദൈവം നന്മതിന്മകള്‍ വേര്‍തിരിക്കുകതന്നെ ചെയ്യും എന്ന താക്കീതാണ് സുവിശേഷം നല്കുന്നത്.  

3.  വ്യക്തി കണ്ടെത്തുന്ന അമൂല്യ നിധിയും രത്നവും   ഒരു ചെറിയ പുസ്തകത്തിന്‍റെ പണിപ്പുരയില്‍ ഓര്‍മ്മകള്‍ പായുന്നത് “അല്ലിയാമ്പല്‍ക്കടവില്‍...”  എന്ന ഗന്ധര്‍വ്വഗാനത്തിന്‍റെ സംഗീതസംവിധാകന്‍ കെ. വി. ജോബിനെക്കുറിച്ചാണ്. ജോബുമാസ്റ്റര്‍, അങ്ങനെയാണല്ലോ അധികംപേരും വിളിച്ചിരുന്നത്. നൈസര്‍ഗ്ഗികമായി കിട്ടയ സംഗീതം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം കഷ്ടപ്പെടുമായിരുന്നു. എന്തുകിട്ടുമെന്നു നോക്കാതെ സംഗീതത്തിനുവേണ്ടി എല്ലാം ഉഴിഞ്ഞുവച്ചു. എന്നും എറണാകുളം നോര്‍ത്തില്‍നിന്നും നടന്ന് തൃപ്പൂണിത്തുറയില്‍ പോയിട്ടാണ് സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്. പിന്നെ ജോലിചെയ്ത് അല്പം പണം സമ്പാദിച്ചപ്പോള്‍ ആ പണവുമായി സിംലയിലേയ്ക്കുപോയി. അവിടെ രണ്ടു വര്‍ഷത്തില്‍ അധികം തങ്ങി, ഹിന്ദുസ്ഥാനിയും സിത്താറും പഠിച്ചെടുത്തു. തുടര്‍ന്നുള്ള പ്രയാണത്തിലും തന്‍റെ ഉള്ളിലെരിഞ്ഞ സംഗീതചേതന വളര്‍ത്തിയെടുക്കാന്‍ ക്ലേശകരമായ നീക്കങ്ങളായിരുന്നു  മരണംവരെ മാസ്റ്ററുടേത്!

കമ്യൂണിസ്റ്റുകാരുടെ നാടകത്തിന് പാട്ടുകള്‍ ട്യൂണ്‍ചെയ്തു എന്ന പേരില്‍ ക്രിസ്ത്യന്‍ സ്ഥാപനത്തിലെ ജോലി നഷ്ടപ്പെട്ടു. ജോലിയില്‍നിന്നും പിരിച്ചുവിട്ടു.   ജോലി ഇല്ലാതായപ്പോള്‍ വീട്ടുകാര്‍ കോപിച്ചു, കുടുംബത്തില്‍നിന്നും പുറത്തായി.  പിന്നെ കഥാനായകന്‍ നാടുവിട്ടു പോകുന്നു. മാസ്റ്റര്‍ ചെന്നു പെട്ടത് മദ്രാസ് സിനിമ നഗരത്തിലാണ്. വെളിപ്പെട്ടു കിട്ടിയ നിധി സ്വായത്തമാക്കാനുമായിരുന്നു ജീവിതത്തിലെ വിപ്ലവാത്മകമായ നീക്കങ്ങള്‍. ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും നീക്കളിലൂടെ കിട്ടിയ നിധി സ്വന്തമാക്കുകയും, ജീവിതവിജയം കൈവരിക്കുന്നവരുടെ കഥകള്‍ നമുക്കു ചുറ്റുമുണ്ട്. അതു മനസ്സിലാക്കാനും സ്വാംശീകരിക്കാനും വേണ്ടിയാണ് ഒരു സുവിശേഷദര്‍ശനം ക്രിസ്തു ഇന്നു നമുക്കു പറഞ്ഞുതരുന്നത്. ഈ ദര്‍ശനം അനുദിനജീവിതത്തില്‍ നമുക്ക് ആവശ്യവുമാണ്. നിധി കണ്ടെത്തുന്നവര്‍ പലതും നഷ്ടപ്പെടുത്തിയാണ്  അത് കൈക്കലാക്കുന്നത്. അതില്‍ സാഹസമായ ഒരു തീരുമാനം അടങ്ങിയിരിപ്പുണ്ട്. അതില്‍ സമ്പൂര്‍ണ്ണമായ സമര്‍പ്പണവും ഒളിഞ്ഞിരിപ്പുണ്ട്.

4. ദൈവരാജ്യത്തിലെ സമര്‍പ്പണം   ഈ ഉപമയിലൂടെ ദൈവരാജ്യത്തിന്‍റെ മൗലികമായ സമര്‍പ്പണത്തിലേയ്ക്കാണ് ക്രിസ്തു നമ്മെ നയിക്കുന്നത്. ദൈവം വെളിപ്പെടുത്തിത്തരുന്ന നിധി സ്വായത്തമാക്കാന്‍ അവിടുന്നു നമ്മെ ക്ഷണിക്കുന്നു. ദൈവസ്നേഹത്തിന്‍റെ നിധിയും രത്നവും കണ്ടെത്താനുള്ള സമര്‍പ്പണവഴിയാണ് ക്രിസ്തു ഉപമയില്‍ ചൂണ്ടിക്കാട്ടുന്നത്.  ജീവിതത്തില്‍ നന്മയുടെ നിധി നേടിയെടുക്കാന്‍, അല്ലെങ്കില്‍ ദൈവരാജ്യത്തിന്‍റെ നിധിയും രത്നവും സ്വായത്തമാക്കാന്‍ നാം ത്യാഗത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കണം. ദൈവരാജ്യത്തിന്‍റെ ഉപമകള്‍ നല്കുന്ന പാഠമാണിത്.

5.  കലയെ വേളിചെയ്ത കലാകാരന്‍    ഇന്ത്യയുടെ ശ്രദ്ധേയനായ മൊസൈക്ക് ആര്‍ട്ടിസ്റ്റായിരുന്നു (Mosaic Art)  വി. ബാലന്‍! അദ്ദേഹം കലാകാരനും, ശില്പിയും വാസ്തുശില്പിയുമായിരുന്നു.  കലാപീഠങ്ങള്‍ തേടി  ഈ പെരുമ്പാവൂര്‍ സ്വദേശി മദ്രാസിലെത്തി. പരീക്ഷണങ്ങളായി കടലാസിലും ക്യാന്‍വാസിലും, ലോഹത്തിലും മരത്തിലുമെല്ലാം കലാസൃഷ്ടികള്‍ നടത്തി. അവസാനം അദ്ദേഹം മൊസൈക്ക് ചിത്രണങ്ങളില്‍ തനിമ തെളിയിച്ചു. ഇന്ത്യയുടെ വടക്കെ അറ്റത്ത് ഋഷികേശ് മുതല്‍, എറണാകുളത്തെ മേനക തിയേറ്ററും, തിരുവനന്തപുരത്തെ പത്മനാഭ തിയറ്റര്‍വരെയും എത്തി ആ കലാസമര്‍പ്പണം. ഇന്ത്യയ്ക്കു പുറത്തും വി. ബാലന്‍ ദേവാലയങ്ങള്‍ക്കുവേണ്ടി അതിമനോഹരമായ ഭീമന്‍ മൊസൈക്കുകള്‍ സമ്മാനിച്ചു. ബാലന്‍റെ ഇന്തോ-സെമിറ്റിക് ശൈലിയിലും (Indo-semitic) അത്യപൂര്‍വ്വ നിറക്കൂട്ടിലും അകൃഷ്ടമായിട്ട് അദ്ദേഹത്തിന്‍റെ മൊസൈക്കുകള്‍ പ്രദര്‍ശനത്തിനു നല്‍കണമെന്ന് വത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ട്ടിസ്റ്റ് ബാലന്‍ ബാംഗളൂരില്‍ ഒരു കലാക്ഷേത്രം തുറന്നു. മൂന്നേക്കര്‍ സ്ഥലത്ത് സസ്യലതാദികള്‍ക്കും പക്ഷിമൃഗാതികള്‍ക്കും ഇടയില്‍ ജീവിച്ച ബാലന്‍റെ വലിയ കെട്ടിടങ്ങള്‍ കലാകേന്ദ്രമായിരുന്നു. അതില്‍ 16 യുവകലാകാരന്മാര്‍ക്കും ഇടംനല്കിയിരുന്നു. എന്നാല്‍ ബാലന്‍ രാവിളച്ചത് ഷെഡിലായിരുന്നു. വളരെ ലളിതമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതശൈലി.

സുഹൃത്തുക്കള്‍ പറഞ്ഞു, ബാലന്‍ വിവാഹം കഴിക്കണം. ഇത്രയും സൗകര്യങ്ങളൊക്കെ ആയല്ലോ! അദ്ദേഹം പറഞ്ഞത്, എന്‍റെ വിവാഹം നന്നേചെറുപ്പത്തിലെ കഴിഞ്ഞില്ലോ! ഞാന്‍ കലയെ വിവാഹം കഴിച്ചു. ഇനി കലയ്ക്കുവേണ്ടി ജീവിക്കും. മൈക്കിളാഞ്ചലോയുടെ വാക്കുകളില്‍ ദൈവികപൂര്‍ണ്ണിമയുടെ പ്രതിഫലനമായ കലയ്ക്കുവേണ്ടി, ഈ അത്യപൂര്‍വ്വ രത്നത്തിനും നിധിക്കുവേണ്ടി എല്ലാം വിറ്റുപെറുക്കി ജീവിച്ച മനുഷ്യന്‍ 59-Ɔ൦ വയസ്സില്‍ കടന്നുപോകുമ്പോള്‍ ഒരാള്‍ക്ക് ഒരു പുരുഷായുസ്സില്‍ നേടാവുന്നതിലുമധികം അത്യപൂര്‍വ്വ കലാസൃഷ്ടികള്‍ - അധികവും ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നല്കിക്കൊണ്ടാണ് കലയുടെ ശ്രേഷ്ഠാചാര്യന്‍‍, ആര്‍ടിസ്റ്റ് വി. ബാലന്‍ കടന്നുപോയത്.

6.  എല്ലാം നന്മയായി നല്കുന്നവന്‍   ഇന്നത്തെ ആദ്യവായന രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍നിന്നാണ്
(1 രാജാക്കന്മാര്‍, 3, 5...7-12). തന്‍റെ പിതാവിന്‍റെ മഹത്വം കണ്ടിട്ട് സോളമന്‍ രാജാവ് ദൈവത്തോടു ചോദിക്കുന്ന വരം, ശത്രുസംഹാരമോ, സമ്പത്തോ, ദീര്‍ഘായുസ്സോ, പ്രതാപമോ ഒന്നുമല്ല. ജ്ഞാനം, വിവേകം തരണമേ!   നന്മ-തിന്മ തിരിച്ചറിയാനുള്ള വിവേകം തരണേ, എന്നായിരുന്നു. ജീവിതത്തില്‍ ഒരാള്‍ക്കു നേടാവുന്ന വലിയ നിധിയും രത്നവുമല്ലേ അത്. സോളമന്‍ രാജാവിന്‍റെ അഭ്യര്‍ത്ഥനയില്‍ സംപ്രീതനായി അദ്ദേഹത്തിന് അത്യപാരമായ വിജ്ഞാനം ദൈവം നല്കിയെന്നു നാം വായിക്കുന്നു. പൗലോസ് അപ്പസ്തോലന്‍ പറയുന്നത്, വിളിച്ചവര്‍ക്ക് ദൈവം സകലതും നന്മയായി നല്കുന്നു. വിളിച്ചവരെ പുത്രനായ ക്രിസ്തുവിനോടു അവിടുന്നു സാരൂപ്യപ്പെടുത്തുന്നു. വിളിച്ചവരെ അവിടുന്നു നീതീകരിച്ചു. നീതീകരിച്ചവരെ അവിടുന്നു മഹത്വപ്പെടുത്തി. (റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നാം വായിക്കുന്നു 8, 28-30).

7. വളര്‍ച്ചയുടെ വഴികളില്‍ ഇടര്‍ച്ചയും    വയലിലെ നിധിയും, വ്യാപാരി തേടുന്ന മുത്തും തമ്മിലുള്ള വ്യത്യാസമെന്താണെന്നു ചിന്തിച്ചാല്‍. നിധി ആകസ്മികമായി ലഭിക്കുന്നതാണ്. എന്നാല്‍ രത്നമോ? അന്വേഷണഫലമായി ലഭിക്കുന്നതാണ്. അങ്ങനെ മനുഷ്യന് ദൈവത്തെ വെളിപ്പെട്ടുകിട്ടുന്ന രണ്ട് വ്യത്യസ്ത വഴികളാണിവ. ഒന്ന് ആകസ്മികമായി കണ്ടെത്തുന്നത്. മറ്റേത്, അദ്ധ്വാനഫലമായി ലഭിക്കുന്നത്. ആദ്യത്തേത് ദൈവം പെട്ടന്ന് അവിചാരിതമായി വെളിപ്പെടുത്തി തരുന്നതാണ്. രണ്ടാമത്തെ ആള്‍ക്ക് ലഭിക്കുന്നത് നിരന്തരമായ സാധനയിലൂടെയും അലച്ചിലിലൂടെയുമാണെന്നു മാത്രം. വളര്‍ച്ചയുടെ വഴികളില്‍ എത്രയെത്ര ഇടര്‍ച്ചകള്‍, അശാന്തികള്‍, എത്രയെത്ര കണ്ണീര്‍ക്കയങ്ങള്‍! എന്നാല്‍ ഈ രണ്ടു കൂട്ടരുടെയും വ്യക്തിത്വത്തിലെ സമാനതകളായി ശ്രദ്ധിക്കേണ്ടത്, എന്തു വിലകൊടുത്തും ഈ നിധിയും രത്നവും വാങ്ങാനുള്ള അവരുടെ ഉറച്ച നിലപാടാണ്, വിപ്ലവാത്മകമായ നിലപാടാണ്. വെളിപാടു യാഥാര്‍ത്ഥ്യമാക്കാന്‍ എടുക്കുന്ന വിപ്ലവകരമായ തീരുമാനങ്ങളും വഴികളുമാണവ.   അതിനായി അവര്‍ ഏറ്റെടുക്കുന്ന ത്യാഗങ്ങളും വിപ്ലവാത്മകം തന്നെ!

8. ദൈവസന്നിധിയിലെ ജീവിതബലി    അമൂല്യമായ ദൈവിക ദര്‍ശനത്തിനുവേണ്ടി നാം ജീവിതത്തില്‍ നല്കേണ്ട ഒരു വിലയുണ്ട്. നന്മയുടെ ജീവിതയാത്രയില്‍ വ്യക്തിസമര്‍പ്പണം യാഥാര്‍ത്ഥ്യമാക്കുനുള്ള ബലിയാണത്. വേദനാപൂര്‍വ്വം നല്കുന്നതാണ് ബലി. ആയിരം ആട്ടിന്‍ പറ്റങ്ങളില്‍നിന്ന് ഒന്നിനെ നല്കുന്നതല്ല, പുത്രനെ നല്കുവോളം ലോകത്തെ സ്നേഹിച്ച ദൈവപിതാവിന്‍റെ ബലിപോലെയാണത്. വലിയ കൃപകള്‍ക്ക് വലിയ നന്മകള്‍ നല്കേണ്ടിയിരിക്കുന്നു. ദൈവികദര്‍ശനമെന്ന അമൂല്യമായ അനുഭവത്തിന് എന്തു വിലകൊടുക്കാനാവും. എന്തുകൊടുത്താല്‍ മതിയാകും? ദൈവമേ, ആകസ്മികമെന്ന് കരുതുന്ന അനുഭവങ്ങളിലൂടെ എന്നെ തേടിയെത്തുന്ന നിധിയാണങ്ങ്. ഒത്തിരി അന്വേഷണങ്ങളിലൂടെയും അലച്ചിലുകളിലൂടെയും ഞാന്‍ കണ്ടെത്തിയ മുത്താണങ്ങ്. വഴികളും നിമിത്തങ്ങളും ഏതുമായിക്കൊള്ളട്ടെ, അങ്ങാണ് എനിക്ക് വിലപ്പെട്ടത്, അങ്ങാണെന്‍റെ അമൂല്യമായ നിധി, അങ്ങുമാത്രം, ദൈവമേ, അങ്ങുമാത്രം! 








All the contents on this site are copyrighted ©.